തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനമൊരുങ്ങുന്നു. ലോക്ക്ഡൌണ്‍ കാലത്ത് ബിവറേജസിന് മുന്നിലെ ക്യൂ വലിയ വിവാദമാവുകയും, കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെവ്കോ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. പരീക്ഷണം വിജയിച്ചാല്‍ ഓണക്കാലത്ത് പുതിയ സംവിധാനം നിലവില്‍ വരും.
ബെവ്കോ വെബ് സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനാണ് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്ക്കോ ഔട്ട്ലെറ്റുകളിലും പ്രത്യേകം കൗണ്ടറുകളുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം. ബെവ്കോയുടെ വെബ്സൈററ് ഇതിനായി പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ 9 ഔട്ട്ലെറ്റുകളിലാണ് വില്പന നടത്തുക. ഇത് വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ മദ്യം വാങ്ങാന്‍ ഓൺലൈൻ പെയ്മെന്റ് സംവിധാനം നടപ്പിലാക്കും.