മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

കേരളത്തിലെ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മലയാള സിനിമ എങ്ങനെ നോക്കിക്കാണുന്നു എന്ന വിഷയത്തിൽ ഒരു ലേഖനം എഴുതിയത്, ഏറെക്കുറെ രണ്ടുവർഷം മുൻപാണ്. എഴുതിക്കഴിഞ്ഞും, ഒന്നുരണ്ട് തവണ അത് പലയിടത്തായി അവതരിപ്പിച്ചപ്പോഴും ലേഖനമെഴുതാൻ സ്വീകരിച്ച മെത്തഡോളജിയില്‍ എനിക്ക് ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. മലയാള സിനിമ പൊതുവില്‍ രാഷ്ട്രീയത്തിൽ ഇടപെടുന്ന മതത്തെ അവതരിപ്പിക്കുമ്പോൾ 'തികഞ്ഞ സെക്കുലർ ബോധ്യത്തോടെയാണ്' അവതരിപ്പിക്കാറ്. ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് സിനിമ പൊതുവേ കാണിക്കാറില്ല. പകരം  റിലീജിയൻ എന്ന, സാർവലൗകിക സംബോധനകൊണ്ട് മതങ്ങളെ ഒന്നിച്ചുകെട്ടുകയും വിമർശിക്കുകയുമാണ് മലയാള സിനിമ പൊതുവില്‍ ചെയ്തുവരാറുള്ളത്. ഒരു ഹിന്ദു സ്വാമിയും മുസ്ലിം മൗലവിയും ക്രിസ്ത്യൻ അച്ഛനും ഒരേപോലെ നായകനാൽ വിമർശിക്കപ്പെടുന്നത് മലയാളസിനിമയിലെ ആവർത്തിക്കുന്ന കാഴ്ചയാണ്. ഇത്തരം കൂട്ടമായ വിമർശനത്തിൽ നിന്ന് മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നേരേയുള്ള വിമർശനങ്ങളെ മാത്രമെടുത്ത് വിശകലനം ചെയ്യുന്നതിൽ രീതിശാസ്ത്രപരമായ ഒരു പിശകില്ലേ എന്നായിരുന്നു എൻറെ സംശയം. ആ സംശയം ഏതായാലും മാലിക് കണ്ടതോടെ മാറിക്കിട്ടി. മതങ്ങളെ റിലീജിയൻ എന്ന സാർവലൗകിക സംവർഗ്ഗത്തിനകത്താണ് മലയാള സിനിമ ഉൾപ്പെടുത്തുന്നത് എങ്കിലും ഓരോ മതത്തിനുനേരേയും ഉന്നയിക്കുന്ന വിമർശനങ്ങൾ, സവിശേഷമാണ്. അത്തരം ഒരു സവിശേഷതയാണ് മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മലയാള സിനിമ എത്തരത്തിൽ ചിത്രീകരിച്ചു എന്ന് അന്വേഷിക്കുന്നതിനെ, ഈ രീതിശാസ്ത്രപ്രശ്നത്തെ മറികടന്നുകൊണ്ട് മുന്നോട്ടുനയിക്കുന്നത്. 

സിനിമ നിർമ്മാതാക്കളുടെ രാഷ്ട്രീയ ലഖുലേഘയാണ്

സിനിമ അല്ലെങ്കിൽ ഏത് കലാസാഹിത്യരൂപവും ചെയ്യുന്നത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ആഖ്യാനത്തെ നിർമ്മിക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങൾ അനുസരിച്ചാണ് നിങ്ങൾ കലാരൂപങ്ങൾ സൃഷ്ടിക്കുന്നതും കലാരൂപങ്ങൾ വായിക്കുന്നതും. അവ മനുഷ്യജീവിതത്തെ സംബന്ധിച്ച ദാർശനിക പ്രശ്നങ്ങളെ അവതരിപ്പിക്കുകയും അവയെക്കുറിച്ചുള്ള വാദങ്ങൾ മുന്നോട്ടുവയ്ക്കുകയുമാണ് ആത്യന്തികമായി ചെയ്യുന്നത്. അഥവാ സിനിമ നിർമ്മാതാക്കളുടെ രാഷ്ട്രീയ ലഖുലേഘയാണ്. അതുകൊണ്ട്  യഥാർത്ഥ മുസ്ലിമിനെ, അല്ലെങ്കിൽ യഥാർത്ഥ ബ്രാഹ്മണനെ, അതുമല്ലെങ്കിൽ യഥാർത്ഥ ദളിതനെ സിനിമയിൽ തിരയുന്നത് വ്യര്‍ത്ഥമാണ്. പകരം ദളിത് രാഷ്ട്രീയത്തെ മുൻനിർത്തി, മുസ്ലിം രാഷ്ട്രീയത്തെ മുൻനിർത്തി ചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴുയുക.

ഘടനാപരമായിത്തന്നെ വളരെ ദുർബലമായ ഒരു ആഖ്യാന ശില്പമാണ് സിനിമക്കുള്ളത്.'റമദാപ്പള്ളി' എന്ന തുറയിലെ ജനങ്ങളുടെ ലോയൽറ്റി എന്തുകൊണ്ടാണ് അഹമ്മദ് സുലൈമാൻ അലിയ്ക്ക് വന്നുചേരുന്നത് എന്ന് കൃത്യമായി കാണിക്കുന്ന ഒന്നുംതന്നെ സിനിമക്ക് അവതരിപ്പിക്കാൻ കഴിയുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാലിന്യം നീക്കിയവരും സ്കൂൾ ഉണ്ടാക്കിയവരും ഡോണുമാരാവുമായിരുന്നെങ്കിൽ കേരളത്തിലെ മുസ്ലിംകൾക്കിടയിലെ ഡോണുമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുമായിരുന്നു. എന്നുമാത്രമല്ല എല്ലാകാലത്തും  സുലൈമാന് അനുകൂലമല്ല തുറയുടെ സെൻറിമെൻസ്. അയാളുടെ ഗോഡൗൺ കത്തിനശിക്കുമ്പോൾ പള്ളിമുറ്റത്ത് സത്യം ഇല്ലാത്ത കച്ചവടം ചെയ്യുന്നതിൻറെ ഫലമാണ് അത് എന്ന് വിശ്വസിക്കുന്നവരുണ്ട്. സുനാമി ഉണ്ടാകുമ്പോൾ (സിനിമയിലെ ഏറ്റവും ക്രൂരമായ വയലൻസ് ആണ് അത് എന്ന് ഞാൻ കരുതുമ്പോഴും) അന്യമതക്കാരെ പള്ളിയിൽ കയറ്റില്ല എന്നാണ് ജമാഅത്തിന്റെ തീരുമാനം. ആ തീരുമാനത്തെ വെടിയുണ്ടകൊണ്ടാണ് അയാൾ മറികടക്കുന്നത്.  ഈ തുറയിൽ നിന്ന് അയാൾ എങ്ങനെയാണ് ഒരു മുസ്ലിം രാഷ്ട്രീയ നേതാവിനെ വിജയിപ്പിച്ചെടുക്കുന്നത് എന്നത് കൃത്യമല്ല. ഇനി വിജയിച്ച രാഷ്ട്രീയ നേതാവ് എന്തൊക്കെ രാഷ്ട്രീയ പ്രശ്നങ്ങൾ ആയിരിക്കാം തുറയുടെതായി കേരളത്തിലെ മുഖ്യധാരയോട് അവതരിപ്പിക്കുക? അങ്ങനെ ഒന്നും അവതരിപ്പിക്കാതെ, തങ്ങളുടെ പ്രതിനിധികളെ വിജയിപ്പിക്കാൻ വോട്ടു ചെയ്യുന്നവരാണോ ആ തുറക്കാര്‍?  അഥവാ സിനിമ  റമദാപ്പള്ളിക്കാരെ കാണുന്നത്, രാഷ്ട്രീയപരമായി അവരുടെ സമ്മതിയെ കാണുന്നത്, ടേക്കണ്‍ ഫോര്‍  ഗ്രാന്റഡായാണ്. മതത്തോടും സമുദായത്തോടുമുള്ള ബന്ധത്തിൽനിന്ന് സ്വാഭാവികമായ രൂപപ്പെടുന്ന ഒന്നായാണ് അവരുടെ രാഷ്ട്രീയ തീരുമാനത്തെ സിനിമ പരിഗണിക്കുന്നത്. മുസ്ലിം രാഷ്ട്രീയ പ്രവർത്തകരുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍, അവരെല്ലാം പ്രചോദിതരാവുന്നത് അധികാരത്തിനോ കള്ളക്കടത്തിനോ അവരുടെ താല്പര്യങ്ങൾക്കോ വേണ്ടിയാണ് എന്നും സിനിമ പറഞ്ഞുവെക്കുന്നു. അഥവാ കേരളത്തിലെ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുസ്ലിംകൾ അനുഭവിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്നല്ല അവരുടെ വോട്ട് ബാങ്ക് രൂപീകരിക്കുന്നത് എന്നും, തിരഞ്ഞെടുക്കപ്പെട്ടാൽ തന്നെ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ നടപ്പിലാക്കിയാലും വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്നുറപ്പുള്ളവരും ആണ് എന്നാണ് സിനിമ പറയുന്നത്. മുസ്ലിം രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചോ അതുന്നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെകുറിച്ചോ അവർ ഉന്നയിക്കുന്ന ആരോപണങ്ങളെ/ആവശ്യങ്ങളെകുറിച്ചോ സംസാരിക്കാൻ മലയാളസിനിമ തയ്യാറല്ല. ഇത് കേവലം മാലിക്കില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. മലയാളസിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതിനിധാനമാണിത്.

മാലിക്കിന്റെ പ്രതിനിധാനം 

തൊണ്ണൂറുകളോടെ മുസ്ലിം പ്രത്യക്ഷരാഷ്ട്രീയം മലയാള സിനിമയില്‍ തെളിഞ്ഞുവരുന്നുണ്ട്. ബാബറി-അനന്തരം ഇറങ്ങിയ സിനിമകള്‍ മുസ്ലിമിനെ കൃത്യമായി പ്രതിസ്ഥാനത്ത് നിര്‍ത്തുവയായി. 'ധ്രുവം' ഇറങ്ങിയത് 1992 ഡിസംബറിലാണ് എന്നത് യാദൃശ്ചികതയല്ല. (ജി. പി. രാമചന്ദ്രന്‍ സൂചിപ്പിക്കുന്നത്. വിക്കീപീഡിയയില്‍ 1993 ജനുവരിയാണ് റിലീസ് കാണിച്ചിരിക്കുന്നത്.) എണ്‍പതുകളില്‍ പ്രത്യക്ഷപ്പെട്ട തീവ്രഹിന്ദുത്വ രാഷ്ട്രീയം രൗദ്രഭാവം പൂണ്ട പ്രത്യേക ചരിത്രസന്ധിയില്‍തന്നെയാണ് ഭീകര ബന്ധമുള്ള 'ഹൈദര്‍ മരക്കാര്‍' വില്ലനായും രാജവംശജാതനും ജന്മിയുമായ 'നരസിംഹ മന്നാടിയാര്‍' നായകനുമായ സിനിമ പുറത്ത് വരുന്നത്. ഈ ഘട്ടത്തില്‍ തന്നെ മുസിംലീഗ് നേതാക്കള്‍ എന്ന് തോന്നിക്കുന്ന അനേകം കഥാപാത്രങ്ങള്‍ പല സിനിമകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. 1994-ല്‍ പുറത്ത് വന്ന 'കമ്മീഷണര്‍' എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന 'കുഞ്ഞുമായിന്‍ സാഹിബ്' കള്ളക്കടത്തുകാരനായ സാമുദായിക നേതാവാണ്. 1995-ല്‍ പുറത്ത് വന്ന 'ദ കിംഗില്‍' ബിസിനസ്സുകാരനും അഴിമതിക്കാരനുമായ സാമുദായിക പാര്‍ട്ടി നേതാവിനോട് താങ്കള്‍ സമുദായ സേവനത്തിന് സമയംകണ്ടെത്തിയത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് നായകന്‍ പരിഹാസരൂപേണ പറയുന്നു. ഈ രണ്ട് സിനിമകളുടെയും തുടര്‍ച്ചയായി 2012-ല്‍ പുറത്ത് വന്ന 'കിംഗ് ആന്റ് കമ്മീഷണറില്‍' രാജ്യസഭാംഗമായ മുന്‍ ക്രിമിനലായാണ് മുസ്ലിം രാഷ്ട്രീയനേതാവ് ചിത്രീകരിക്കപ്പെടുന്നത്. പഴയ കുഞ്ഞുമായിന്‍ സാബിഹിന്റെ കഥ പറഞ്ഞ് തന്റെ വാദങ്ങളെ 'ചരിത്രവല്‍കരിക്കുക' കൂടി ചെയ്യുന്നുണ്ട് നായകന്‍.

മാലിക്കിലെ പോലെ മുസ്ലിംലീഗിന്റെ ചിഹ്നങ്ങള്‍ വ്യക്തമായി ചിത്രീകരിക്കുന്ന സിനിമയാണ് 'എഫ്ഐആര്‍'' (1999). താനൊരു ഇന്ത്യന്‍ മുസ്ലിമും ഹിന്ദുമുസ്ലിമുമാണ് എന്ന് പ്രഖ്യാപിക്കുന്ന മുസ്ലിം നായകന്റെ ഭാഷയിലോ വേഷത്തിലോ മുസ്ലിം ചിഹ്നങ്ങള്‍ കാണാനേയില്ല. എന്നാല്‍ മറുഭാഗത്ത് നില്‍ക്കുന്ന സമുദായ പാര്‍ട്ടി അംഗങ്ങളും നേതാക്കളും മുസ്ലിം ചിഹ്നങ്ങള്‍ ധരിക്കുന്നവരും പതിവ് മുസ്ലിം സ്റ്റീരിയോടൈപ്പുകള്‍ക്ക് കൃത്യമായി ഇണങ്ങുവരുമാണ്. ഇവര്‍ അഴിമതി, സ്വജനപക്ഷപാതം. വ്യഭിചാരം എന്നിവ ശീലമാക്കിയവരാണെന്ന് സിനിമ പറയുന്നു. മലപ്പുറം പാര്‍ട്ടിക്ക് പതിച്ച് കിട്ടിയതാണെും മുസ്ലിം പോലീസുകാരന്‍ കൂടി വന്നാല്‍ ഈ രാജ്യം നമുക്ക് ഇസ്ലാമിക രാജ്യമാക്കാമെന്നും ലീഗ് അണിയെകൊണ്ട് പറയിപ്പിക്കുന്നുണ്ട് ഈ സിനിമ. ഒപ്പം പലതവണ ഭരണത്തില്‍ വന്നിട്ടും ആഭ്യന്തര വകുപ്പ് കിട്ടിയില്ലെന്ന എം.എല്‍.എ. കുഞ്ഞലവിയുടെ ഖിന്നത ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള കൃത്യമായ സൂചനയാണ്. പരിഷ്‌കൃതരും അപരിഷ്‌കൃതരുമെന്ന ദ്വന്ദം സൃഷ്ടിച്ച് മുസ്ലിം രാഷ്ട്രീയ സംഘടനകളെ മുഴുവന്‍ അപരിഷ്‌കൃതരുടെ കോളത്തില്‍ നിര്‍ത്തുകയാണ് മലയാള സിനിമ ഈ ഘട്ടത്തില്‍ ചെയ്യുന്നത്.  എഫ്.ഐ.ആറിലെ നല്ലവനായ മുസ്ലിം ലീഗുകാരനായ ത്വാഹിര്‍ എന്ന നേതാവ് തനിക്കീ പാര്‍ട്ടിയുടെ പ്രത്യശാസ്ത്രവുമായി ഒരു മമതയുമില്ലെന്ന് പ്രഖ്യാപിക്കുന്നു. നല്ലവനും മുസ്ലിം ലീഗുകാരനും ആവുക ഒരേ സമയം സാദ്ധ്യമല്ല എന്ന സുചന. പ്രതിനിധാനപരമായി മലയാള സിനിമ തുടർന്നുവന്ന ശീലങ്ങളുടെ, ഈ ചരിത്രത്തിൻറെ തുടർച്ചയാണ് പി. എ. അബൂബക്കര്‍ എന്ന കഥാപാത്രം. നാട്ടിൽ വർഗീയ കലാപങ്ങൾക്ക് അരങ്ങൊരുക്കുന്ന, അതിൻറെ ഗുണം കൊയ്യാൻ ശ്രമിക്കുന്ന, സാമുദായിക പാർട്ടി വഴി അധികാരത്തിലിരിക്കുന്ന മുസ്ലിം നേതാവ് എന്ന ടൈപ്പും മുന്‍പ് പ്രത്യക്ഷപ്പെട്ടതാണ്, 'ദാദാസാഹിബില്‍'.  (പലരും ചൂണ്ടിക്കാണിച്ചതുപോലെ ഈ സിനിമയുടെ റഫറൻസ് ആയ ബീമാപള്ളി വെടിവെപ്പിന്റെ കാലത്തെ രാഷ്ട്രീയ അധികാരം ആർക്കായിരുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് പോവുന്നില്ല. പ്രസ്തുത വിഷയത്തിൽ എനിക്ക് ഒട്ടും അറിവില്ലാത്തതുകൊണ്ടാണ്).

ഇതര മതസ്ഥരെ പ്രണയിക്കുമ്പോഴാണ് ഒരു മുസ്ലീം മതേതരവാദിയാകുന്നത്! 

മതേതരനായ മാലിക്കിനെ സിനിമ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതും രസകരമായ ഒരു സംശയമാവും. മുസ്ലിം യുവാക്കളെ മതേതരരായി അടയാളപ്പെടുത്തുന്ന (അടയാളപ്പെടുത്തേണ്ടി വരുന്ന സിനിമ) സിനിമകൾ സ്ഥിരമായി ആവർത്തിക്കുന്ന ഒരു ടെക്നിക് മാലിക്കിലും ആവർത്തിക്കപ്പെടുന്നു. ഇതര മതസ്ഥരെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുക എന്നതാണത്. പൊതുവേ തീവ്രവാദ മുദ്ര ചാർത്തപ്പെട്ട മുസ്ലിം യുവാക്കളാണ് ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാറ്. 'ദാദാസാഹിബ്', 'ബോംബെ മാർച്ച് 12', 'ബിടെക്', 'വിശ്വാസപൂർവ്വം മൻസൂർ' തുടങ്ങിയ സിനിമകളിൽ എല്ലാത്തിലും അന്യമതസ്ഥയെ പ്രണയിക്കുന്ന, അതുവഴി മതേതരത്വം തെളിയിക്കപ്പെടുന്ന മുസ്ലിമിനെ കാണാം. മുസ്ലിം മതേതരനാവണമെങ്കില്‍ ഇത്തരം ഒരു മുന്നുപാധി അത്യാവശ്യമാണ്. നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തെ  മുസ്‌ലിമായി അവതരിപ്പിച്ചാലും കഥാഗതിക്ക് പ്രത്യേകിച്ചെന്തെങ്കിലും വ്യത്യാസം വരുമായിരുന്നോ? നിമിഷ അവതരിപ്പിക്കുന്ന 'റോസ്‌ലിൻ' എന്ന കഥാപാത്രം ഇല്ലാതിരിക്കുകയും വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന 'ഡേവിഡ്' എന്ന മുന്‍സുഹൃത്തിന്റെ കുടുംബവുമായി ചില പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നും സങ്കൽപ്പിച്ചാൽ കഥാഗതിക്ക് അത്യാവശ്യമുള്ള കഥാപാത്രമല്ല റോസ്‌ലിൻ എന്ന് മനസ്സിലാക്കാം. ആ കഥാപാത്രം മാലിക്കിന്റെ മതേതരമനസ്സിനുള്ള സര്‍ട്ടിഫിക്കറ്റാണ്.

എന്താണ് മാലിക് നിരന്തരം പരിഹരിക്കാൻ ശ്രമിക്കുന്ന  തുറകളിലെ പ്രശ്നം ? മറ്റുള്ളവർ മാലിന്യം അവിടെ നിക്ഷേപിക്കുന്നു എന്നതാണോ? അവരുടെ വീടുകൾ വികസന പ്രവർത്തനത്തിന്റെ പേരിൽ കവർന്നെടുക്കപ്പെടുന്നു എന്നതാണോ? ഞാൻ മനസ്സിലാക്കിയിടത്തോളം അത് കുറേകൂടി വിഭവ വിതരണവുമായി ബന്ധപ്പെട്ടതാവണം. രാഷ്ട്രീയ കേരളം നീതി വിതരണം ചെയ്യുമ്പോൾ, വിഭവങ്ങൾ വിതരണം ചെയ്യുമ്പോള്‍, അവരെ പരിഗണിക്കുന്നില്ല. ഈ അവഗണനയുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്നതില്‍ സിനിമ വലിയ രീതിയിൽ പരാജയപ്പെടുന്നു എന്ന് മാത്രമല്ല, അവർക്കുവേണ്ടി നിലനിൽക്കുന്നവരെ നിയമത്തിനു പുറത്തും നീതിക്ക് പുറത്തുമായിഅടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് എന്നതാണ് സങ്കടകരം.

Contact the author

Recent Posts

Web Desk 3 months ago
Reviews

ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും; കാതല്‍ റിവ്യു | ആസാദ് മലയാറ്റില്‍

More
More
Dr. Azad 11 months ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 1 year ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More