സുസ്മേഷ് ചന്ത്രോത്തിന്റെ 'പത്മിനി': സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയം - പി. എ. പ്രേംബാബു

ഇന്ത്യൻ ചിത്രകലാ ഭൂപടത്തിൽ അമൃതാ ഷെർഗളിന്റെ പേരിനോടൊപ്പം പറയാവുന്ന ചിത്രകാരിയാണ് ഒരു മിന്നൽപ്പിണർപോലെ ക്ഷണകാന്തി പകർന്നുമറഞ്ഞ ടി.കെ. പത്മിനി (1940 - 1969). കെ.സി.എസ് പണിക്കരുടെ ശിഷ്യയാണെങ്കിലും ഗുരുവിന്റെ നിറച്ചാർത്തിന്റെ താന്ത്രിക് കളത്തിൽ നിന്നും കുതറി മാറി പുതിയ വിഭാതങ്ങൾ വിരിയിച്ച ചിത്രകാരിയാണ് പത്മിനി.

അറുപതുകളിലെ വിഖ്യാത ചിത്രകാരിയായിരുന്ന ടി.കെ.പത്മിനിയെ കുറിച്ചുള്ള കഥാകാരനായ സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത 'പത്മിനി' എന്ന ജീവചരിത്ര സംബന്ധിയായ സിനിമ (Biopic) പത്മിനിയിലേക്കും, അവരുടെ രചനകളിലെ നിറങ്ങളുടേയും വരകളുടേയും ബിംബങ്ങളുടേയും  മൗലികത്വത്തിലേക്കും ഒരു ഗ്രാമീണ പാത വെട്ടിത്തുറക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. പത്മിനിയെ കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ അമ്മാവനോടുള്ള സംഭാഷണത്തിൽ നിന്നുതുടങ്ങി പിന്നീട് പത്മിനി തന്റെ കഥ സ്വയം പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അതികാല്പനികതയുടെ ഹരിത ബിംബങ്ങള്‍ 

അതികാല്പനികതയുടെ ഹരിത ബിംബങ്ങളാണ് സിനിമയിലുടനീളം അവലംബിച്ചിരിക്കുന്നത്. തോടും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യങ്ങൾ സന്ദർഭചിത്രീകരണത്തിനും സംഭവാഖ്യാനത്തിനും അനുയോജ്യമല്ലാത്ത ഐറണിയായിത്തീരുന്നു. ഭൂപ്രകൃതിയെ യഥാചാരം പത്മിനിയുടെ ജീവിതത്തോട് ചേർത്തുവെക്കുന്ന സംവിധായകന്, മനുഷ്യന്റെ ഇച്ഛകൾ ബൗദ്ധികയുക്തിയിലൂടെ എങ്ങിനെ പ്രകൃതിയിൽ നിന്ന് വ്യത്യസ്തമാകുന്നുവെന്ന് വരച്ചുകാണിക്കുന്ന പത്മിനിച്ചിത്രങ്ങളുടെ ഭാവുകത്വങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ചലച്ചിത്രകാരൻ അതിലളിതവും മസൃണവുമെന്ന് നമ്മെ ധരിപ്പിക്കുന്ന ഗ്രാമീണ ജീവിതം അത്യന്തം സങ്കീർണ്ണമാണെന്ന് വർണ്ണ വ്യാഖ്യാനങ്ങളിലൂടെ പത്മിനിച്ചിത്രങ്ങൾ നമ്മോട് പറയുമ്പോൾ ഈ സിനിമ കലാദർശനത്തിന്റെ ചിന്തയുടെ വൈരുദ്ധ്യങ്ങളിൽ തട്ടി തലകുത്തിവീഴുന്നു. പത്മിനിയുടെ പല പെയ്ന്റിങ്ങുകളും അപബോധ കേന്ദ്രീകൃതമായ ഗഹന റിയലിസത്തെ റിയലിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പ്രതിരോധത്തിന്റെ കലയെ അർത്ഥവീര്യമുള്ളതാക്കുന്നത്.

സുസ്മേഷ് അവതരിപ്പിക്കുന്നതുപോലെ ഗ്രാമീണ ശാലീനതയുടെ ഇറുകിയ പുറങ്കുപ്പായം അണിയുന്ന ഒരു നാടൻ ശകുന്തളയല്ല, പത്മിനി എന്ന വിമോചനാശയത്തിന് പുത്തനുണർവ്വ് പകർന്ന ചിത്രകാരി. ആധുനികപൂർവ്വ സാഹചര്യങ്ങളും സ്ഥലവിഭജനവും ഫ്യൂഡൽ ആചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തിൽ ഒരു ഗ്രാമീണ പെൺകുട്ടി മദ്രാസ് ആർട്സ് കോളജിൽ ചിത്രകല പഠിക്കാൻ പോകുന്നതുതന്നെ ശബരിമല സ്ത്രീപ്രവേശം പോലെ ഒരു വിപ്ലവപ്രവർത്തനമാണ്. എന്നാൽ ഒരു ചിത്രകാരിയെന്ന നിലയിൽ തുല്യതയുടെ ഇടം (Space of equality) സൃഷ്ടിക്കുകയും അതിൽ സധൈര്യം ജീവിക്കുകയും ചെയ്ത പത്മിനിയെ ചലച്ചിത്രത്തിലൂടെ അതിന്റെ ഭാവതീഷ്ണതയിൽ  അനുഭവിപ്പിക്കാൻ സംവിധായകന് കഴിയുന്നില്ല. മറിച്ച് സിനിമക്ക് പൊതുവിൽ ഒരു പുരാവൃത്ത പദവിയും പുരാണ പരിവേഷവും നൽകാനാണ് സുസ്മേഷ് ശ്രമിക്കുന്നത്. 

ചന്ദ്രോത്തിന്‍റേത് മിഥ്യാരൂപ സാംസ്കാരിക ജീവചരിത്രം

കാല്പനിക സമീപനങ്ങളേയും അതിൽ നിന്നുറവയെടുക്കുന്ന നിയത ചിന്തകളേയും പുരോഗമനവാദിയായ ഒരു ചിത്രകാരിയുടെ പ്രൗഢമായ ചിത്രയുക്തിയിൽ കോർത്തെടുത്ത ജീവിതകഥയോട് ചേർത്തുവെച്ച് നോക്കിക്കാണുമ്പോൾ പലപ്പോഴും തന്റെ ഉള്ളിലെ ഫ്യൂഡൽ അഭിരുചികളും വിധികല്പിത ചിന്തകളും സംവിധായകൻ മിത്തിഫൈ ചെയ്യുകയാണ്. സിനിമയിൽ പലയിടത്തും 'ഭാഗ്യം കൊണ്ട് കിട്ടി', 'ഇതൊക്കെ ഒരു ഭാഗ്യമാണ് ' തുടങ്ങി ആവർത്തിച്ചുപറയുന്ന വാക്കുകളും പത്മിനിയുടെ ജീവിതത്തിലെ അപ്രധാനമായ ക്ഷേത്രദർശനങ്ങളും അതിന്റെ ചില ഉദാഹരണങ്ങളാണ്. ചുരുക്കത്തിൽ കല്പനാ പ്രധാനമായ ഒരു മിഥ്യാരൂപ സാംസ്കാരിക ജീവചരിത്രമാണ് (Fake historiography) സുസ്മേഷ് വെള്ളിത്തിരയിൽ വരച്ചിടുന്നത്.

പത്മിനിയുടെ സ്വാതന്ത്ര്യബോധവും അവർ കടന്നുവന്ന സാമൂഹിക രാഷ്ട്രീയ ഫ്യൂഡൽ സങ്കീർണ്ണതകളും പ്രമേയമാക്കാതെ കാച്ചെണ്ണയുടേയും, പൂക്കളുടേയും, വാസന സോപ്പിന്റേയും നറുമണമുള്ള ഒരു സവിശേഷ നായികാ രൂപത്തേയാണ് 'പത്മിനി' യായി സുസ്മേഷ് അവതരിപ്പിക്കുന്നത്. നായികയുടെ വെളുത്ത ഉടലിനെ പട്ടുചേലയുടുപ്പിച്ച് രവിവർമ്മച്ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പരമാവധി പുരുഷക്കാഴ്ചക്കിണങ്ങുംവണ്ണം പരുവപ്പെടുത്താനും സംവിധായകൻ മറന്നിട്ടില്ല. ജീവാത്മകമായുള്ള ചിന്തകളും, കാലഘട്ടത്തിന്റെ വേദനകളും, സർഗ്ഗാത്മകതയും, ചരിത്രവും ദൃശ്യവാസ്തവങ്ങളും ആഢംബരമില്ലാതെ അവതരിപ്പിക്കുമ്പോഴാണ് ഒരു ജീവചരിത്ര സിനിമ ദൃശ്യാനുഭവമാകുന്നത്. പത്മിനിയെന്ന ചിത്രകാരിയെ നാം അന്വേഷിക്കേണ്ടത് നമ്മുടെ രാഷ്ടീയ രൂപീകരണത്തിന്റെ പരിസരത്തിലും അവർ അതിജീവിച്ച കേരളീയ സമൂഹത്തിന്റെ പരിണാമചരിത്രത്തിലുമാണ്. എന്നാൽ ഹൈന്ദവ ആവാസവ്യവസ്ഥക്കുള്ളിലാണ് സുസ്മേഷ് പത്മിനിയെ അന്വേഷിക്കുന്നത് എന്ന് ഖേദപൂർവ്വം പറയേണ്ടി വരുന്നുണ്ട്.

സ്ത്രൈണത എന്നത് കഠിനമായ ജനിതക ഭാരമല്ലെന്നും വേരൂന്നിക്കുതിക്കാന്‍ വെമ്പുന്ന ശക്തിയാണെന്നും പ്രഖ്യാപിക്കുന്ന ആവിഷ്കാരങ്ങളിലൂടെ തന്റെ തന്നെ ഭൂതകാലത്തിന് പുതിയ പാഠഭേദം നിർമ്മിച്ച പത്മിനിയുടെ അന്ത്യകാലങ്ങൾക്ക് ഭൂതപാഠം നിർമ്മിക്കുകയാണ് സുസ്മേഷ് ചെയ്തത്. പലപ്പോഴും അപകടകരമായ കാല്പനിക വിശുദ്ധിയുടെ ഫ്യൂഡൽ രൂപങ്ങളും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയമാണെന്ന് പറയേണ്ടി വരുന്നു.

Contact the author

P. A. Prem Babu

Recent Posts

Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Dr. Azad 4 months ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 9 months ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More
Shaju V V 9 months ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

More
More
Reviews

'സാറ'എപ്പോൾ ഗർഭം ധരിക്കണമെന്ന് സാറ തീരുമാനിച്ചോട്ടെ - മൃദുല ഹേമലത

More
More
Hilal Ahammed 1 year ago
Reviews

മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

More
More