രാമായണ മാസമാചരിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് - കെ. ടി. കുഞ്ഞിക്കണ്ണൻ

ഹിന്ദുഭവനങ്ങളിൽ എല്ലാ കർക്കിടക മാസങ്ങളിലും വായിച്ചുപോകേണ്ട ഒരു പുണ്യപുരാണേതിഹാസകൃതിയാണ് രാമായണമെന്നാണ് മാതൃഭൂമിപോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ മലയാളി മധ്യവർഗ്ഗ മനസ്സുകളെ ഉണർത്തിച്ചുകൊണ്ടിരിക്കുന്നത്. സംസ്കൃത പാരമ്പര്യത്തെ പിൻപറ്റുന്ന വരേണ്യമായൊരു സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ചെടുക്കുകയാവാം രാമായണ മാസാചരണങ്ങളുടെ പ്രത്യയശാസ്ത്ര ദൗത്യം.

രാമായണം പലതാണ് 

രാമായണമെന്നത് സംസ്കൃതപാരമ്പര്യത്തെയും കാവ്യരൂപങ്ങളേയും പിൻപറ്റുന്ന ഒന്നു മാത്രമല്ലെന്നും അത് പലതാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ബഹുവിധമായ രാമായണകഥകളുണ്ട്. അതായത് മാതൃഭൂമി തൊട്ടുള്ള മുഖ്യധാരാ മാധ്യമങ്ങൾ വർഷങ്ങളായി എല്ലാ കർക്കിടമാസങ്ങളിലും ഉറപ്പിച്ചെടുക്കുന്നത് പോലെ ഒരു ഹൈന്ദവമതാധിഷ്ഠിത ഇതിഹാസ കാവ്യവമൊന്നുമല്ല രാമായണം. വൈവിധ്യപൂർണമാണ് രാമകഥാപാരമ്പര്യം.

അത് യുദ്ധഗാഥയായും നൃത്തനാടകങ്ങളായും പ്രണയകഥയായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ബൃഹത്തായ സാഹിത്യമാണ്. രാമായണത്തെ മഹത്തായ പ്രണയകാവ്യമെന്നാണ് ഗാന്ധിജി ഒരിക്കൽ വിശേഷിപ്പിച്ചത്.നമ്മുടെ സംസ്കാരത്തിൻ്റെ ബഹുസ്വരതയും മാനവികതയും നിഷേധിക്കുന്ന ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ അധീശത്വ മൂല്യനിർമ്മിക്കാവശ്യമായ രീതിയിൽ രാമായണത്തെയും മഹാഭാരതത്തെയുമെല്ലാം വായിച്ചെടുക്കാനാണ് ഹിന്ദുത്വവാദികളും അവരുടെ പ്രത്യയശാസ്ത്രകേന്ദ്രങ്ങളും കാലാകാലങ്ങളിലായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമനെ ചരിത്രപുരുഷനാക്കുന്നതും അയോധ്യയെ രാഷ്ട്രീയകേന്ദ്രമാക്കുന്നതും കോർപ്പറേറ്റു മൂലധനവും ഹിന്ദുത്വവും ചേർന്നാണ്. 

ഇന്ത്യയിൽ ഫാസിസ്റ്റ് രാഷ്ട്രീയം വേരുകളുറപ്പിക്കുന്നത് എങ്ങിനെയാണ്? 

അനുഷ്ഠാനങ്ങളുടേയും വംശസ്മൃതികളുടേയും ഐതിഹ്യങ്ങളുടേയും ഒരു വിശ്വാസവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണല്ലോ ഹിന്ദുത്വം ആവിഷ്ക്കരിച്ചെടുത്തത്. ചരിത്രത്തെയും സംസ്കാരത്തെയും അതിൻ്റെ ഈടുവെപ്പുകളായ പുരാണേതിഹാസങ്ങളേയുമെല്ലാം ഹൈന്ദവവൽക്കരിക്കുന്ന ചരിത്രവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്ര നിർമ്മിതിയിലാണ് ഇന്ത്യയിൽ ഫാസിസ്റ്റ് രാഷ്ട്രീയം വേരുകളുറപ്പിച്ചിരിക്കുന്നത്. ചരിത്രത്തിനുമേൽ മിത്തുകളെയും ഇതിഹാസ കഥകളെയും സ്ഥാപിച്ചെടുക്കുന്ന യുക്തിരാഹിത്യത്തിലൂടെയാണത് സമ്മതി നിർമ്മിച്ചെടുക്കുന്നത്. ജനമനസുകളിൽ സ്വാധീനമുറപ്പിക്കുന്നത്. നമ്മുടെ ഭൗതിക ജീവിതത്തിൻ്റേയും സംസ്കാരത്തിൻ്റേയും വൈവിധ്യങ്ങളേയും ബഹുസ്വഭാവത്തേയും നിഷേധിച്ചുകൊണ്ടാണത് സംസ്കാരത്തിൻ്റെ ഏകാത്മകതയിലേക്ക് സമൂഹത്തെയാകെ ഉദ്ഗ്രഥിച്ചെടുക്കാൻ നോക്കുന്നത്. അത്തരമൊരു പ്രത്യയശാസ്ത്ര നിർമ്മിതിക്കാവശ്യമായ രീതിയിൽ ഇതിഹാസ വായനകളേയും രാമായണത്തിലേയും മഹാഭാരതത്തിലേയും ഇതിഹാസ സന്ദർഭങ്ങളേയും കഥാപാത്രങ്ങളേയുമെല്ലാമവർ ഉപയോഗിക്കുകയാണ്. 

ആരാണ് ഹിന്ദു

ഹിന്ദു എന്ന സംജ്ഞ പോലും ഇതിഹാസ രചനകളുടേയൊ അവക്ക് മുമ്പുള്ള രാമായണത്തിൻ്റെ നാടോടിവാമൊഴി രൂപപ്പെട്ട കാലത്തോ ഉണ്ടായിരുന്നില്ല. ഹിന്ദു എന്ന വാക്കുപോലും ഇന്ന് വ്യവഹരിക്കപ്പെടുന്ന അർത്ഥത്തിൽ പ്രത്യക്ഷപ്പെട്ടത് ഇതിഹാസ രചനകൾക്ക് ശേഷം എത്രയോ കാലം കഴിഞ്ഞിട്ടാണല്ലോ. അൽബുറൂണിയെപ്പോലുള്ള സഞ്ചാരികൾ സൈന്ധവ ജനതയെ സൂചിപ്പിക്കാനായി മാത്രമായിട്ടാണ് ഹിന്ദുവെന്ന വാക്ക് ഉപയോഗിക്കുന്നത്. ഓറിയൻറലിസ്റ്റുകളായ ജയിംസ് മില്യനെപ്പോലുള്ളവരാണ് ഇന്ന് വ്യവഹരിക്കുന്ന അർത്ഥത്തിൽ മതപരമായ വ്യവഹരാർത്ഥം ഹിന്ദുവിന് നൽകിയത്. 

വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസപുരാണങ്ങളുമെല്ലാം ഹിന്ദുവെന്ന കൊളോണിയൽ ബ്രാഹ്മണമതത്തിൻ്റെ വിശ്വാസ സംഹിതക്കാവശ്യമായ പ്രത്യയശാസ്ത്രമായി ഓറിയൻ്റലിസ്റ്റ് ബുദ്ധികേന്ദ്രങ്ങൾ പുനർനിർമ്മിച്ചെടുക്കുകയായിരുന്നു. ബഹുവിധവും അനന്തഭേദങ്ങളോടെയുള്ളതുമായ രാമായണ കഥകളേയും രാമായണപാരമ്പര്യത്തേയുമവർ നിഷേധിക്കുകയായിരുന്നു. രാമായണത്തേയും മഹാഭാരതത്തേയുമെല്ലാം ഏകാത്മകമായ വായനയിലൂടെ ബ്രാഹ്മണാധികാരത്തെ ശാശ്വതീകരിച്ചുനിർത്താനുള്ള ധർമ്മസംഹിതകളാക്കി മാറ്റുകയായിരുന്നു.

'300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും'

ഈയൊരു രാഷ്ട്രീയ സാംസ്കാരിക സന്ദർഭമാണ് രാമായണത്തിൻ്റെയും രാമകഥകളുടേയും വൈവിധ്യങ്ങളേയും നാടോടി വാമൊഴി പാരമ്പര്യത്തെയും സംബന്ധിച്ച വായനകൾ പ്രസക്തമാക്കുന്നത്. എ കെ രാമാനുജൻ്റെ "300 രാമായണങ്ങൾ 5 ഉദാഹരണങ്ങളും തർജ്ജമയെ സംബന്ധിച്ച 3 വിചാരങ്ങളും" എന്ന രാമായണപഠനം രാമായണത്തിൻ്റെ അനേകതയെ സംബന്ധിച്ച വിശകലനമാണ്. ലോകമെമ്പാടുമുള്ള രാമായണകഥകളെ പഠിച്ചെഴുതിയ കാമിൽ ബുൽ കെ '300 രാമായണങ്ങളെ' കണക്കാക്കി പറയുന്നുണ്ട്. ഇതിലും കൂടുതലുണ്ടാകാമെന്നാണ് പ്രൊഫ. എം ജി എസ് നിരീക്ഷിക്കുന്നത്. മലയാളിക്ക് അധ്യാത്മരാമായണം പോലെ 12-ാം നൂറ്റാണ്ടിലാണ് തമിഴിൽ കമ്പർ, കമ്പരാമായണം രചിക്കുന്നത്. കാശ്മീരിയിലും തെലുങ്കിലും ഒറിയയിലും ഗുജറാത്തിയിലും ബംഗാളിയിലുമെല്ലാം രാമായണമുണ്ട്. ശ്രീലങ്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും തായ്ലാൻ്റിലും മ്യാന്മറിലും ലാവോസിലും ഫിലിപ്പൈൻസിലുമെല്ലാം തദ്ദേശീയര്‍ക്ക് താന്താങ്ങളുടേതായ രാമായണങ്ങളുണ്ട്. കേരളത്തിൽ തന്നെ 'മാപ്പിള രാമായണ'വും 'വയനാടൻ രാമായണ'വുമുണ്ട്. അതായത് പല രാമായണങ്ങളുണ്ട്, പല വായനകളുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ രാമകഥകൾക്കെല്ലാം സംസ്കൃതത്തിൽ കൈവന്ന കാവ്യരൂപങ്ങൾ മാത്രമല്ല രാമായണമെന്നത്. വാത്മീകിയുടേയും വസിഷ്ഠൻ്റേയും അതിനെ പിൻപറ്റുന്ന ആവിഷ്ക്കാരങ്ങൾക്കുമപ്പുറം വൈവിധ്യപൂർണമാണ് രാമകഥകളും രാമായണപാരമ്പര്യവും. 

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 21 hours ago
Views

മൊസാദും പെഗാസസും ഹിന്ദുത്വവാദികളും - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
K M Ajir Kutty 1 week ago
Views

ബാങ്കുവിളിയും ലൗഡ് സ്പീക്കറും ശബ്ദമലിനീകരണവും - കെ. എം. അജീര്‍കുട്ടി

More
More
Views

രാജ്യദ്രോഹ കുറ്റം ഇനിയും നമുക്ക് ആവശ്യമുണ്ടോ? -ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P. K. Pokker 2 weeks ago
Views

കേരളം എല്ലാ യുഎപിഎ കേസുകളും പുന:പരിശോധിക്കണം - ഡോ. പി കെ പോക്കര്‍

More
More
K T Kunjikkannan 2 weeks ago
Views

പഴിചാരലുകളല്ല ഇടതുകക്ഷികളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് - കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
Views

മോദി സര്‍ക്കാറും രാജ്യദ്രോഹക്കുറ്റവും - ക്രിസ്റ്റിന കുരിശിങ്കല്‍

More
More