ബാങ്കുവിളിയും ലൗഡ് സ്പീക്കറും ശബ്ദമലിനീകരണവും - കെ. എം. അജീര്‍കുട്ടി

പത്രത്താളുകളില്‍ പ്രധാന വാര്‍ത്തകളും വിശകലനങ്ങളും പരസ്യങ്ങളും നിരത്തിക്കഴിഞ്ഞ് അവശേഷിക്കുന്ന ചെറിയ ഇടങ്ങളെ നിറക്കാന്‍ ഉപയോഗിക്കുന്ന ‘കൊച്ചുവിശേഷങ്ങള്‍’ക്ക് പത്രക്കാരുടെ ഭാഷയില്‍ ഫില്ലേഴ്‌സ് എന്നാണ് പറയുക. പത്രങ്ങള്‍  സ്വന്തം താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട്, ബാനര്‍ ഹെഡ്‌ലൈന്‍ വാര്‍ത്തകളായി വരേണ്ടവയെ ഫില്ലേഴ്‌സ് ആയും മറിച്ചും ചെയ്യാറുണ്ട്. അതുകൊണ്ടായിരിക്കണം യഥാര്‍ഥ വാര്‍ത്തകള്‍ അറിയേണ്ടവര്‍ അവ തിരയേണ്ടത് ഫില്ലേഴ്‌സില്‍ ആണ് എന്ന് ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. 2021 മാര്‍ച്ച് 18 ലെ ദ ഹിന്ദു പത്രത്തില്‍ വന്ന അത്തരമൊരു ഹ്രസ്വവാര്‍ത്ത ശ്രദ്ധേയമാകുന്നത് അങ്ങനെയുമാണ്.

പ്രയാഗ് രാജില്‍ (പഴയ അലഹാബാദില്‍) ഉച്ചത്തില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ഒരു വൈസ് ചാന്‍സലര്‍ ജില്ലാ ഭരണകൂടത്തോട് പരാതിപ്പെട്ടതിനെക്കുറിച്ചുള്ളതായിരുന്നു ആ വാര്‍ത്താ ശകലം. തന്റെ വസതിക്ക് സമീപമുള്ള ഒരു മസ്ജിദില്‍നിന്ന് പുലര്‍ച്ചെ ഉയരുന്ന  ഉച്ചത്തിലുള്ള ബാങ്കുവിളി തനിക്ക് വല്ലാതെ അലോസരമുണ്ടാക്കുന്നുവെന്ന് കാണിച്ചായിരുന്നു അലഹബാദ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സംഗീതാ ശ്രീവാസ്തവ പ്രയാഗ് രാജ് ജില്ലാഭരണകൂടത്തില്‍ പരാതി കൊടുത്തത്. വി സി യുടെ മാര്‍ച്ച് 3-ലെ പരാതിക്കത്തിന്റെ കോപ്പി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വിവാദമാകുകയായിരുന്നു. വീസിയുടേതല്ലേ പരാതി, പരിഹാരം ഉണ്ടാകാതിരുന്നില്ല. പ്രയാഗ് രാജ് ഐജി, ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് സീനിയര്‍ സൂപ്രണ്ടിനും ഉത്തരവ് നല്കി: രാത്രി 10-നും രാവിലെ 6-നും ഇടയില്‍ കോളാമ്പി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഇതിനെത്തുടര്‍ന്നാകണം, കര്‍ണാടകത്തിലും അധികാരികള്‍ രാത്രി 10-നും രാവിലെ 6-നും ഇടയില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ‘മിക്ക പള്ളികളിലും നിന്നുയരുന്ന ശബ്ദത്തിന്റെ അളവ് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ്’ ഇങ്ങനെയൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് എന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം, അതിരാവിലെ (സുബഹ്) പള്ളിയില്‍ നിന്ന് വിളിക്കുന്ന ബാങ്കിന് പ്രസ്തുത സര്‍ക്കുലര്‍ ബാധകമാവില്ലെന്ന് പറഞ്ഞുകൊണ്ട് കര്‍ണാടക വഖഫ് ബോര്‍ഡ് അപ്പോള്‍ തന്നെ നിലപാടെടുത്തുകൊണ്ട് മുന്നോട്ടു വരികയും ചെയ്തു.

ബാങ്കുവിളിയെ സെലിബ്രിറ്റികള്‍ വിവാദമാക്കുന്നത് ഇതാദ്യമല്ല. കേരളാ കോണ്‍ഗ്രസ് (ബി) സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ള (1934-2021) 2016-ല്‍ പത്തനാപുരം കമുകിന്‍ചേരിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരുയോഗത്തില്‍ സംസാരിക്കവെ ബാങ്കുവിളിയെ പട്ടി കുരയ്ക്കുന്നതിനോട് ഉപമിച്ചതിനെ തുടര്‍ന്ന്, വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയൂണ്ടായി. മുംബൈ ടിന്‍സല്‍ ടൗണ്‍ ഗായകന്‍ സോനു നിഗം ബാങ്കു വിളിയെ കക്കൊഫോണി (കാക്ക കരച്ചില്‍ എന്നു പറയാം) എന്ന് വിളിച്ചാക്ഷേപിച്ചുകൊണ്ട് മുസ്‌ലിം വിദ്വേഷ പരാമര്‍ശം നടത്തി വിവാദമുണ്ടാക്കിയത് 2017 ഏപ്രിലില്‍ ആയിരുന്നു. തന്റെ വീടിനടുത്തുള്ള പള്ളിയില്‍ നിന്ന് വെളുപ്പാന്‍ കാലത്തുയരുന്ന ശബ്ദം തനിക്ക് സുഖനിദ്ര തടയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആവലാതി. വൈസ് ചാന്‍സലര്‍ക്കും അതിരാവിലെയുള്ള ബാങ്കിനെക്കുറിച്ചായിരുന്നല്ലോ പരാതി. അത് അവരുടെ ഉറക്കം കെടുത്തുന്നുവെന്നും നീണ്ടുനില്ക്കുന്ന തലവേദനക്ക് കാരണമാകുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. 

ശബ്ദമലിനീകരണം മനുഷ്യരുടെ പൊതുജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ശരിക്കും ബാധിക്കുന്നുണ്ട് എന്നതു നേരുതന്നെ. പള്ളികളിലെ ബാങ്കുവിളികള്‍ കൊണ്ടുണ്ടാകുന്ന ശബ്ദമലിനീകരണം മറ്റ് ശബ്ദമലിനീകരണ സ്രോതസ്സുകളില്‍ നിന്നുണ്ടാകുന്ന ശല്യത്തെ അപേക്ഷിച്ച് തുലോം കുറവാണെന്ന് നമ്മുടെ കേരളീയ അനുഭവം വെച്ചുതന്നെ നമുക്ക് പറയാനാകുന്നു. കോളാമ്പികളിലൂടെ കാതടപ്പിക്കുമാറുച്ചത്തില്‍ ബാങ്കുകൊടുക്കുന്നതിനെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. മൈക്ക് ഉപയോഗിക്കുന്നതു മൂലം ക്രൈസ്തവ ദേവാലയങ്ങളിലും മുസ്‌ലിം പള്ളികളിലും നിന്നുണ്ടാകുന്ന ശബ്ദത്തെക്കാള്‍ ശബ്ദം അമ്പലങ്ങളില്‍ നിന്നുണ്ടാകുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ശബ്ദലേഖനം ചെയ്ത ഭക്തിഗാനങ്ങളും സംഗീതവും രാവിലെയും വൈകുന്നരവും കേള്‍പ്പിക്കുക എന്നതിന് പുറമെ യാഗങ്ങളും യജ്ഞങ്ങളും ഉത്സവങ്ങളൂം നടത്തുമ്പോള്‍ മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനില്ക്കുമാറ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അത്രയും ശബ്ദശല്യം പള്ളികളില്‍ നിന്നുണ്ടാകാനുള്ള സാധ്യതയില്ല. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ അവയില്‍ നിന്നുയരുന്ന ശബ്ദം 65 ഡസിബലുകള്‍ക്കുമേലെ ആവാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്കുവിളിക്കുന്നതിനെതിരെ, ആ വ്യവസ്ഥയുടെ പിന്‍ബലത്തില്‍, നല്കപ്പെട്ടിട്ടുള്ള കേസുകള്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്. അമ്പലങ്ങള്‍, പൊതുയോഗസ്ഥലങ്ങള്‍, വിവിധതരം ആഘോഷവേളകള്‍ എന്നിവിടങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനാലും പൊതുവാഹനങ്ങളില്‍ നിയമം ലംഘിച്ച് മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതുകൊണ്ടും വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ പ്രത്യേകിച്ചും, സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തിയും ഹോണടിച്ചും മറ്റും ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ മൂലവും ഉണ്ടാകുന്ന ശബ്ദശല്യങ്ങള്‍ക്കെതിരെ ഏതെങ്കിലും കോടതികളില്‍ കേസ് നിലവിലുണ്ടോ എന്തോ? പൊതുവാഹനങ്ങളിലെ സംഗീതം മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 53 വകുപ്പ് 289 പ്രകാരം അനുവദിക്കപ്പെട്ടിട്ടില്ലെന്നും അതൊക്കെ ഉടനെ നീക്കം ചെയ്യേണ്ടതാണെന്നും കാണിച്ച് മോട്ടോര്‍ വാഹന വകുപ്പിന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവു നല്കി നാളുകളേറെയായിട്ടും യാതൊരു ഫലവും കാണാത്ത സംസ്ഥാനമാണ് നമ്മുടേത്. (പൊതുവാഹനങ്ങളിലെ സംഗീതത്തിന്റെ പ്രശ്‌നം ശബ്ദശല്യത്തിന്റേതു മാത്രമല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല). പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്ന ഉത്തരവുകള്‍ ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ പുറപ്പെടുവിച്ചിട്ടുണ്ട്; ഈ ലേഖനത്തിലെ വിഷയവുമായി, പ്രത്യക്ഷമായിട്ടല്ലെങ്കിലും, ബന്ധമുണ്ട് ആ ഉത്തരവുകള്‍ക്ക്. എന്നാല്‍ അവയും ഇപ്പോഴും കടലാസില്‍ തന്നെ. ഇതൊക്കെ ഇങ്ങനെ കിടക്കുമ്പോള്‍ ബാങ്കുവിളി മാത്രം പലപ്പോഴും പലര്‍ക്കും അലോസരമുണ്ടാക്കുന്നു എന്നതില്‍ അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്? 

എന്താണ് ബാങ്കുവിളി? 

വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബ്ബന്ധമാണ്. നമസ്‌കാരത്തിനുള്ള സമയമായി എന്ന് പള്ളിയില്‍ നിന്ന് വിശ്വാസികള്‍ക്ക്  നല്കുന്ന ഒരു അറിയിപ്പാണ് ബാങ്കുവിളി. മുഹമ്മദ് നബി തന്നെയാണ് ഇസ്‌ലാമില്‍ ബാങ്കുവിളി ഏര്‍പ്പെടുത്തിയത്. ‘വിളി’ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ബാങ്ക് അറബിപ്പദമല്ല; പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുള്ള ഈ വാക്ക് ഉര്‍ദു വഴി ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകെ പ്രചരിക്കുകയായിരുന്നു. മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ഒരു പ്രമുഖ കാവ്യഗ്രന്ഥത്തിന് ബാങ്കേ ദറാ എന്നാണ് പേര്: ‘പാതയുടെ വിളി’, ‘പടമണിയുടെ വിളി’ എന്നെല്ലാമാണ് ഈ വചനത്തിന് അര്‍ഥം നല്കി കണ്ടിട്ടുള്ളത്. ബാങ്കിന് അറബിയില്‍ അദാന്‍ എന്നാണ് പറയുക. അദാന്‍ വിളിക്കുന്ന ആളെ മുഅദ്ദിന്‍ (ഇത് മലയാളീകരിച്ച് ‘മോതീന്‍’ എന്ന് കേരളത്തില്‍ ചിലേടങ്ങളില്‍ പറയുന്നുണ്ട്) എന്നും പറഞ്ഞു വരുന്നു.  ഈ പദങ്ങളെ യഥാക്രമം Azaan, Muezzin എന്നിങ്ങനെ ഇംഗ്‌ളീഷിലും പ്രയോഗിച്ച് വരുന്നു.

അറബിഭാഷയിലുള്ള ബാങ്കിലെ പദങ്ങളുടെ സാമാന്യ അര്‍ഥം ഇങ്ങനെയാണ്: അല്ലാഹ് ആകുന്നു ഏറ്റുവും വലിയവന്‍/ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ ദൈവമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു/ മുഹമ്മദ് അവന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു/ നമസ്‌കാരത്തിലേക്ക് വരുവിന്‍/ വിജയത്തിലേക്ക് വരുവിന്‍/ അല്ലാഹ് ആകുന്നു ഏറ്റുവും വലിയവന്‍/ അല്ലാഹ് അല്ലാതെ ആരാധ്യനില്ല. ഇതു കൂടാതെ സുബഹി (പുലര്‍ച്ചെ) നമസ്‌ക്കാരത്തിനുള്ള ബാങ്കില്‍ 'നമസ്‌കാരം ഉറക്കത്തെക്കാള്‍ ശ്രേഷ്ഠം' എന്നു കൂടി, അവസാനത്തെ രണ്ട് വാക്യങ്ങള്‍ക്ക് മുമ്പേ വിളിക്കാറുണ്ട്. ഈ അര്‍ഥത്തിലുള്ള അറബി വാക്യങ്ങള്‍ ആവര്‍ത്തിച്ചു വിളിക്കുന്നതാണ് ബാങ്ക്. നേരത്തെ പറഞ്ഞതുപോലെ, നമസ്‌കാരത്തിന് സമയമായി എന്ന് വിശ്വാസികള്‍ക്ക് പള്ളിയില്‍ നിന്ന് നല്കുന്ന ഒരു അറിയിപ്പാണിത്. അതുകൊണ്ട് ഉച്ചത്തിലുള്ള ബാങ്കുവിളി കേട്ടിട്ട് മുസ്‌ലിംകളുടെ ദൈവം ബധിരനാണോ എന്നു ചോദിക്കുന്നതില്‍ കഴമ്പില്ല. ദൈവത്തെ കേള്‍പ്പിക്കുക/വിളിക്കുക എന്നതല്ലല്ലോ ബാങ്കുവിളികൊണ്ടുദ്ദേശിക്കുന്നത്.

‘എന്റെ ദൈവം ഏതു തരക്കാരനെന്ന് എനിക്കറിയില്ല/ മുല്ലാ അവന്റെ നേര്‍ക്ക് ഉച്ചത്തില്‍ വിളിക്കുന്നു, എന്തിന്? നിന്റെ നാഥന്‍ ബധിരനോ? ഒരു ശലഭത്തിന്റെ കാലില്‍ കിലുങ്ങുന്ന ലോലമായ പാദസരത്തിന്റെ പതിഞ്ഞ ശബ്ദം പോലും കേള്‍ക്കുന്നവനാണ് അവന്‍/ ജപമാല മറിച്ചോളൂ/ നെറ്റിയില്‍ ഇഷ്ടദൈവത്തിന്റെ കുറി വരച്ചോളൂ/ നീണ്ട ജട കാണിച്ച് നടന്നോളൂ/ എന്നാല്‍, നിന്റെ ഹൃദയത്തിലുണ്ടല്ലോ മാരകമായ ഒരായുധം, എങ്കില്‍ നീ എങ്ങനെ ദൈവത്തെ പ്രാപിക്കും?’ വിഗ്രഹഭഞ്ജകനായ ഭക്തി പ്രസ്ഥാന കവി കബീറിന്റെ ഒരു കവിത പരിഭാഷ ചെയ്ത് ഉദ്ധരിച്ചതാണിത്. (പ്രസ്തുത കവിതയ്ക്ക് കവിവര്യനായ രവീന്ദ്രനാഥ ടാഗോര്‍ ഇംഗ്‌ളീഷില്‍ നല്കിയ തര്‍ജ്ജമയെ ആധാരമാക്കി തയ്യാറാക്കിയത്) കബീറിന്റെ കവിതയുടെ ആകെയുള്ള ആശയതലവും അന്തരീക്ഷവും വച്ച് നോക്കുമ്പോള്‍ ബാങ്കുവിളിയെക്കുറിച്ച് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണെന്ന് പറയാമെങ്കിലും ബാങ്കുവിളിയുടെ ലക്ഷ്യം അതല്ല എന്ന സത്യം അതിന്റെ താര്‍ക്കിക പരിസരത്തിന്റെ ഭദ്രതയ്ക്ക് ഭംഗം വരുത്താന്‍ പോന്നതാണ് എന്ന് പറയാതെ വയ്യ. കവിതയിലും കഥയിലുമൊന്നും ചോദ്യം പാടില്ലല്ലോ?! അതിനാല്‍ അക്കാര്യം അവിടെ നില്ക്കട്ടെ!

ബിലാല്‍ ഇബ്‌നു റബാഹ് - ബാങ്കുവിളിയുടെ മധുരം 

ഇസ്‌ലാമില്‍ ആദ്യമായി ബാങ്കുവിളിക്കാന്‍ നിയുക്തനായത് മുഹമ്മദ് നബിയുടെ പ്രമുഖരായ അനുചരന്മാരില്‍പ്പെട്ട ബിലാല്‍ ഇബ്‌നു റബാഹ് ആയിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ വിവരാണാതീതമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കറുത്തവര്‍ഗക്കാരനായ ബിലാല്‍ മധുരമായ ശബ്ദത്തില്‍ ഗാനാലാപനം ചെയ്യാന്‍ കഴിയുന്ന ആളുമായിരുന്നു. ബാങ്കുവിളി മധുരമായ ശബ്ദത്തില്‍ വേണമെന്ന് നബിയ്ക്കു നിഷ്‌ക്കര്‍ഷയുണ്ടായിരുന്നുവെന്നത് ബിലാലിനെ ആ ദൗത്യത്തിന് നിയോഗിച്ചതില്‍ നിന്നുതന്നെ മനസ്സിലാക്കാം. മക്കാവിജയത്തെത്തുടര്‍ന്ന്, ഖുറൈശി പ്രമാണിമാരും പ്രമുഖരുമൊക്കെ സന്നിഹിതരായിരിക്കുമ്പോള്‍, കറുത്തവനും ഉമയ്യത്തിന്റെ മുന്‍ അടിമയുമായ ബിലാലിനെ കഅബ മന്ദിരത്തിനു മുകളില്‍ കയറ്റി നബി ബാങ്കുവിളിപ്പിച്ചത് ഇസ്‌ലാം ചരിത്രത്തിലെ രോമാഞ്ചജനകമായ സംഭവങ്ങളില്‍ ഒന്നാണ്. ഇസ്‌ലാമിക കലകളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചക്കും വികാസത്തിനും ഖുര്‍ആന്‍ നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലങ്ങളത്രെ.  ഈ കലകളില്‍ ഒന്നാം സ്ഥാനത്തു വരുന്നത് പാരായണ/ആലാപന രീതികളാണ്. വിഭിന്ന ശൈലികളിലുള്ള ഖുര്‍ആന്‍ പാരായണം ബാങ്കുവിളി (അദാന്‍) താളാത്മകവും സംഗീതാത്മകവും ആക്കുന്നതില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കിയിട്ടുള്ളതായി ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ഡോ. ഇസ്മാഈല്‍ റാജി അല്‍ഫാറൂഖി (1921-1986) നിരീക്ഷിച്ചിട്ടുണ്ട്.  

ബാങ്ക് മൈക്കിലൂടെ വേണോ?

ബാങ്കുവിളിയെപ്പറ്റി (അദാനെ പറ്റി) ഇത്രയൊക്കെ പറഞ്ഞതില്‍ നിന്ന് അത് വിശ്വാസികള്‍ക്ക് നമസ്‌കാരത്തിനുള്ള സമയമായി എന്നുള്ള അറിയിപ്പാണെന്നും അതിനാല്‍ അത് ഉറക്കെ നല്‌കേണ്ടതുണ്ടെന്നും മനസ്സിലായി. എന്നാല്‍ അത് എത്ര ഉറക്കെ വിളിക്കണം; അതു ഉച്ചഭാഷിണിയിലൂടെ തന്നെ വേണമോ എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ബാങ്ക് ഉറക്കെ വിളിക്കേണ്ടതു തന്നെ; എന്നാല്‍, ഉച്ചഭാഷിണിയിലൂടെ വേണ്ടതില്ല. ഉച്ചഭാഷിണിയിലൂടെ വേണം ബാങ്കു വിളിക്കേണ്ടത് എന്നത് മതത്തില്‍ നിയമമോ നിബന്ധനയോ ഒന്നുമല്ലല്ലോ. ബാങ്കുവിളി മൈക്കിലൂടെ തന്നെ വേണമെന്ന് മുസ്ലിംകള്‍ക്കെല്ലാം ഒരുപോലെ ശാഠ്യമുണ്ടാകുമെന്നും തോന്നുന്നില്ല. സാങ്കേതികമായും വ്യാഖ്യാനം കൊണ്ടും ബാങ്കും ഒരു പ്രാര്‍ഥന തന്നെ. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കേണ്ടത് ‘വിനയത്തോടും സ്വകാര്യമായിട്ടും ആയിരിക്കണം. എന്തെന്നാല്‍, അതിരുകടക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’ (7:55) എന്ന് പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്ന് ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. ശലഭപാദങ്ങളിലെ പാദസരത്തിന്റെ രൂപകത്തിലൂടെ കബീര്‍ സൂചിപ്പിക്കുന്ന ദൈവീകമായ സൂക്ഷ്മജ്ഞാനത്തെക്കുറിച്ച് അതിനേക്കാള്‍ ശക്തവും സംവദിക്കുന്നതുമായ രൂപകങ്ങളില്‍ ഖുര്‍ആന്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ‘അവന്റെ അറിവില്‍പ്പെടാതെ ഒരു ഇല പോലും വീഴുന്നില്ല’ (6:59) എന്നും ‘നാം അവന് അവന്റെ കണ്ഠഞരമ്പിനേക്കാള്‍ അടുത്താണ്’  (50:16) എന്നുമൊക്കെ ഖുര്‍ആന്‍ ഉണര്‍ത്തുന്നതിന്റെ പൊരുള്‍ മറ്റൊന്നല്ലല്ലോ. പക്ഷേ, ബാങ്ക് പതിയെ പറയേണ്ടുന്ന ഒരു പ്രാര്‍ഥന അല്ലാത്തതിനാല്‍ അത് ഉറക്കെ തന്നെ വിളിക്കേണ്ടിയിരിക്കുന്നു. 

ബാങ്കുവിളി അരോചകമായി തീര്‍ന്നേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നുണ്ടാകാം. ഉദാഹരണത്തിന്, അടുത്തടുത്ത പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കറിലൂടെ ഒരേസമയം ബാങ്കുവിളിക്കുമ്പോള്‍; ശബ്ദമാധുരിയോ ഉച്ചാരണശുദ്ധിയോ ഇല്ലാത്തവര്‍ ബാങ്കുവിളിക്കുമ്പോള്‍ ഒക്കെ. യഥാര്‍ഥത്തില്‍ ഇതിനൊക്കെയുള്ള പരിഹാരം മുസ്‌ലിം സമുദായത്തിനുള്ളില്‍ നിന്നു തന്നെയാണുണ്ടാകേണ്ടത്. ആരുംതന്നെ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. അപ്പോള്‍ അടുത്തടുത്ത് പള്ളികളുള്ളപ്പോള്‍ ഒരു പ്രധാനപള്ളിയില്‍ മാത്രമായി അനുവദനീയമായ നിലയില്‍ സ്പീക്കര്‍ സംവിധാനം ഉപയോഗിക്കുകയും മറ്റു പള്ളികളില്‍, വേണമെന്നുണ്ടെങ്കില്‍, താഴ്ന്ന നിലയിലുള്ള ശബ്ദസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യാമല്ലോ. ബാങ്കുവിളിക്ക് പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് മാതൃകാപരമായ ചിലനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കോഴിക്കോട്ടു വച്ച് ഏതാനും ഇസ്‌ലാമിക സംഘടനകള്‍ ചേര്‍ന്നു ഒരു തീരുമാനം എടുത്തതായി കുറച്ചു നാള്‍ മുന്‍പു വാര്‍ത്തകള്‍ കണ്ടിരുന്നു. അതെന്തായി എന്ന് അറിവില്ല. ഏതായാലും കുറെ മുസ്‌ലിം പള്ളികളില്‍ മൈക്കും സ്പീക്കറും ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയാണ്. ബാങ്കുവിളിക്ക് പുറമെ ശബ്ദത്തിന്റെ ആംപ്‌ളിഫിക്കേഷന്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. വെള്ളിയാഴ്ചകളിലെ ജുംആ നമസ്‌കാരത്തിനു മുന്‍പ് ഖത്വീബിന്റെ ലഘുവായ ഒരു പ്രസംഗമുണ്ട്. (ഖുതുബ) തുടര്‍ന്നു നമസ്‌കരിക്കുമ്പോള്‍ ഇമാം ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുകയും വേണം. ഇതിന് പുറമെ സന്ധ്യക്കും രാത്രിയിലും പുലര്‍ച്ചെയുമുള്ള നമസ്‌കാരങ്ങളിലും ഇമാം (നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്ന ആള്‍) ഖുര്‍ആന്‍ ഉറക്കെ ഓതുന്ന സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴൊക്കെ മൈക്കിന്റെ ആവശ്യമുണ്ടെങ്കില്‍ പള്ളിയുടെ വലിപ്പവും പ്രാര്‍ഥനക്ക് എത്തുന്നവരുടെ എണ്ണവും കണക്കിലെടുത്ത് വേണ്ടത് ചെയ്യുന്നതായിരിക്കും ഭംഗി. കൂടാതെ പ്രവാചകചര്യയിലില്ലാത്ത ചില ‘പരിപാടികളും’ ചില പള്ളികളില്‍ മൈക്ക് ഉപയോഗിച്ച് നടത്താറുണ്ട്. വിഭാഗീയതയുടെയും അനുഷ്ഠാനപരമായ ഭിന്നതകളുടെയും പേരില്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍. ഇതൊക്കെ പൊതുശല്യമായി തീരാതെ നടത്താനുള്ള വിവേകമെങ്കിലും ഇവര്‍ കാണിക്കണം. ഏതായാലും മാറ്റങ്ങള്‍ സമുദായത്തിനുള്ളില്‍ നിന്നു തന്നെയുണ്ടാകാതെ രക്ഷയില്ല. ഒരു പറച്ചിലുണ്ട്: അമ്പലത്തിലും മറ്റും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നില്ലേ; പിന്നെ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? തീരെ കഴമ്പില്ലാത്ത ഒരു ചോദ്യമാണിത്. മതം തനിക്കും മറ്റുള്ളവനും സാന്ത്വനവും ശാന്തിയുമരുളുന്നതാകണം. അല്ലെങ്കില്‍ പിന്നെന്തു മതം, എന്തിനു മതം? അതിനാല്‍ സ്വയം ശാന്തിയുടെയും സാന്ത്വനത്തിന്റെയും മാതൃകകളാകുക.             

Contact the author

K M Ajir Kutty

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More