ഡല്‍ഹി: ഇസ്രായേല്‍ ചാര സോറ്റ്വേറായ പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ ന്യൂസ് വെബ്സൈറ്റായ ദി വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന. ഡല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റ് ഏരിയയിലെ ഓഫീസിലാണ് ഡല്‍ഹി പൊലീസ് പരിശോധന നടത്തിയത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പതിവു പരിശോധനയാണ് നടന്നതെന്ന് ന്യൂഡല്‍ഹി ജില്ലാ പൊലീസ് മേധാവി ദീപക് യാദവ് അറിയിച്ചു.
'ദി വയറിന്റെ ഓഫിസിലെ സാധാരണ ഒരു ദിവസം മാത്രമല്ല ഇന്ന്. പെഗാസസ് പ്രൊജക്ടിന് ശേഷം ആരാണ് വിനോദ് ദുവാ? ആരാണ് സ്വരാ ബാസ്കര്‍? നിങ്ങളുടെ കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ സാധിക്കുമോ ? അര്‍ഫയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയത്. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് പതിവുപരിശോധനയുടെ ഭാഗമായാണ് വന്നതെന്ന് ഉത്തരം. വിചിത്രമായിരിക്കുന്നു' എന്നാണ് ദി വയറിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് പൊലീസ് പരിശോധനയ്ക്കുശേഷം ട്വീറ്റ് ചെയ്തത്.
സ്വാതന്ത്ര്യദിനത്തിനുമുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.