അമേരിക്കയുടെ പേടിസ്വപ്നമായിരുന്ന 'ഡേറ്റിംഗ് ഗെയിം കില്ലർ' മരണപ്പെട്ടു

അമേരിക്കയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്ന സീരിയല്‍ കില്ലര്‍ മരണപ്പെട്ടു. കാലിഫോർണിയയിലെ തടവറയില്‍ വധശിക്ഷ കാത്തു കിടക്കവേയാണ് റോഡ്‌നി അൽകാല എന്ന 77-കാരനായ സീരിയല്‍ കില്ലര്‍ ചരമമടഞ്ഞത്.

'ഡേറ്റിംഗ് ഗെയിം കില്ലർ' എന്നായിരുന്നു അൽകാല അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് അമേരിക്കയിലെ ടിവി പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു ഇയാള്‍. 12 വയസുകാരിയടക്കം അഞ്ചു സ്ത്രീകളെ കൊലക്കത്തിക്ക് ഇരയാക്കിയതിനു മാത്രമാണ് തെളിവു ലഭിച്ചത്. 1977 നും 1979 നും ഇടയിലായിരുന്നു ഇയാള്‍ എല്ലാ കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 

1978 സെപ്റ്റംബറിൽ, അമേരിക്കൻ ടിവി ഷോയായ ഡേറ്റിംഗ് ഗെയിമിൽ അൽകാല പങ്കെടുത്തിരുന്നു. അദൃശ്യയായ ഒരു യുവതി മൂന്നു പുരുഷന്മാരുമായി പലവിധത്തില്‍ സംവദിക്കും. അതില്‍ മികച്ച ഉത്തരങ്ങള്‍ നല്‍കുന്ന, നന്നായി പെരുമാറുന്ന ആളുടെകൂടെ ജീവിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഇതായിരുന്നു പരിപാടി. എല്ലാ ചോദ്യങ്ങള്‍ക്കും മികച്ച ഉത്തരങ്ങള്‍ നല്‍കുന്ന, സ്മാര്‍ട്ടായി മത്സരിക്കുന്ന, ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായ, കാണികളെപ്പോലും അമ്പരപ്പിച്ച റോഡ്‌നി അൽകാലയായിരുന്നു അന്നത്തെ മത്സരത്തിലെ വിജയി. എന്നാല്‍ അയാളുടെ കൂടെപോകാന്‍ യുവതി വിസമ്മതിച്ചു.

ഷോ-യുടെ ആരവങ്ങള്‍ ഒഴിഞ്ഞ നേരത്ത് അൽകാലയുമായി നേരിട്ട് സംസാരിച്ചപ്പോഴാണ് അയാളുടെ തനി സ്വഭാവം വ്യക്തമായതെന്നും, വളരെ വിചിത്രമായ പെരുമാറ്റമാണ് അയാളുടേത് എന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ജനപ്രിയ ഡേറ്റിംഗ് ഷോയിൽ എത്തുന്നതിന് മുൻപ് ആ സുന്ദരൻ ഒരു എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് മൂന്ന് വർഷം തടവ് അനുഭവിച്ചിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. ഒരു 13 വയസുകാരിയെയും ഇതുപോലെ ക്രൂരമായി പീഡിപ്പിച്ച അയാൾ അതിനോടകം എഫ്ബിഐയുടെ ഒളിച്ചോടിയ പത്ത് 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം സമർത്ഥമായി മറച്ച് വച്ചാണ് അയാൾ ഈ പരിപാടിയിൽ പങ്കെടുത്തതും വിജയിച്ചതും.

130 കൊലപാതകങ്ങളിൽ അൽകാലയ്ക്ക് പങ്കുണ്ടെന്നാണ് കാലിഫോർണിയയിലെ ജയിൽ അധികൃതർ വിശ്വസിക്കുന്നത്. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാല്‍ തെളിവുകളുടെ കണികപോലും ലഭിച്ചിട്ടില്ലെന്നുമാത്രം. എല്ലാ സീരിയൽ കില്ലർമാർക്കും കൊലപ്പെടുത്തുന്നതിൽ അവരുടേതായ ഒരു രീതി ഉണ്ടാകും. താൻ തേടിപ്പിടിച്ച് കൊണ്ട് വരുന്ന പെൺകുട്ടികളെ അടിക്കുകയും, ബലാത്സംഗം ചെയ്യുകയും ഒടുവിൽ പിച്ചിച്ചീന്തിയ ആ ശരീരങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു അയാളുടെ രീതി. ഓരോ അടിയിലും അവരുടെ ശരീരത്തിൽ നിന്ന് ചോര പൊടിയുന്നത് അയാൾ ആനന്ദത്തോടെ കണ്ട് നിന്നു. അയാളുടെ ക്രൂരത അവിടം കൊണ്ട് തീർന്നില്ല, കൊന്നശേഷം ആ ശവശരീരത്തിന്റെ വിവിധ രീതിയിലുള്ള ചിത്രങ്ങൾ അയാൾ എടുക്കുമായിരുന്നു.

ഒടുവില്‍ അയാളുടെ പീഡനങ്ങളില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട താലി ഷാപ്പിറോ എന്ന പെൺകുട്ടിയാണ് അയാളളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും വധശിക്ഷ ഉറപ്പാക്കാനും സഹായിച്ചത്. 

Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More