മൊസാദും പെഗാസസും ഹിന്ദുത്വവാദികളും - കെ. ടി. കുഞ്ഞിക്കണ്ണന്‍

മൊസാദ് കുപ്രസിദ്ധമായ ഇസ്രായേൽ ചാരസംഘടനയാണ്. പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറും. 2016ൽ എൻ എസ് ഒ എന്ന സയണിസ്റ്റ് കമ്പനി വികസിപ്പിച്ചെടുത്ത ഈ സ്പൈവെയർ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയാണ്.മോദിയും അമിത് ഷായും അജിത് ഡോവലും നയിക്കുന്ന ഹിന്ദുത്വവാദികളുടെ സർക്കാർ തങ്ങൾക്കനഭിമതരായവരേയും സംശയിക്കുന്നവരേയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷണവലയത്തിലാക്കുകയും വിമർശകരേയും എതിർക്കുന്നവരേയും ഭീകരവാദികളാക്കി തടവറയിലിട്ടു പീഡീപ്പിക്കാനായി വ്യാജതെളിവുകൾ നിർമ്മിക്കുകയും ചെയ്ത വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഗെസ്റ്റപ്പോയും മൊസാദും

ഹിറ്റ്ലറേയും നാസികളുടെ ചാരസംഘടനയായ ഗെസ്റ്റപ്പോവിനേയും കടത്തിവെട്ടുന്ന ചരിത്രമാണ് മൊസാദിനുള്ളത്. പലസ്തീനികളെ തുരത്തി അവരുടെ ജന്മഭൂമി കയ്യടക്കാൻ സയണിസ്റ്റുകളെ സഹായിച്ചത് മൊസാദിൻ്റെ രഹസ്യാന്വേഷണ ഇടപെടലുകളാണ്. ലോകനേതാക്കളെ സ്വാധീനിക്കുന്നതിലും അവരെ ജൂതരാഷ്ട്രത്തിനനുകൂലമാക്കുന്നതിലും മൊസാദിൻ്റെ ചാരപ്രവർത്തനങ്ങൾക്ക് പ്രധാന പങ്കാണുള്ളത്. ഇന്ത്യയിലെ ഭീകരപ്രവർത്തനത്തെ നേരിടാൻ തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തുകൊണ്ടാണ് നരസിംഹറാവു സർക്കാറിൻ്റെ കാലത്ത് സയണിസ്റ്റ് നേതാക്കൾ ഇന്ത്യയുമായി അടുക്കുന്നത്. ഗാന്ധിജിയും നെഹ്റുവും നയതന്ത്രം ബന്ധം പോലും പാടില്ലെന്ന് കല്പിച്ച് അകറ്റിനിർത്തിയ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതും റാവു സർക്കാറാണല്ലാ. 

1993-ലാണ് ആദ്യമായി ഒരു ഇസ്രായേലി രാഷ്ട്രപ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത്. അതു മറ്റാരുമായിരുന്നില്ല ലെബനൻ, പലസ്തീൻ ജനതയെ അരിഞ്ഞുവീഴ്ത്തുന്നതിനു നേതൃത്വം കൊടുത്ത അന്നത്തെ ഇസ്രായേലി വിദേശകാര്യമന്ത്രി കൂടിയായിരുന്ന ഷിമോൺ പെരസ് ആയിരുന്നു. സയണിസ്റ്റുകൾ പലസ്തീനികളോട് ചെയ്ത ക്രൂരതകൾക്ക് നേതൃത്വം നൽകിയ സയണിസ്റ്റ് ഭീകരരിൽ പ്രമുഖനായിരുന്നു ഷിമോൺ പെരസ്. മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.

ഇന്ത്യാ സന്ദർശനവേളയിൽ കാശ്മീർ പ്രശ്നപരിഹാരത്തിനും ഭീകരവാദത്തെ നേരിടാനും ഇന്ത്യക്ക് മൊസാദിൻ്റെ സഹായം വാഗ്ദാനം ചെയ്തയാളാണ് ഷിമോൺ പെരസ്. മൊസാദിൻ്റെ സഹായം സ്വീകരിക്കാനും ഇസ്രായേൽ നയതന്ത്രകാര്യാലയത്തിൽ മൊസാദിന് ഔട്ട്പോസ്റ്റ് അനുവദിച്ചതുമെല്ലാം ഇന്ത്യയുടെ പിൽക്കാല ഇസ്രായേൽ ബാന്ധവത്തിലെ നാഴികക്കല്ലുകളാണ്. ഇതിന്റെ തുടര്‍ക്കഥയാണ് യുപിഎ, എൻഡിഎ സർക്കാറുകളിലൂടെ പെഗാസിലെത്തി നില്ക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ ജീവിതത്തെയും രാഷ്ട്ര സംവിധാനങ്ങളേയും അസ്ഥിരീകരിക്കാനുള്ള ആസൂത്രിതമായൊരു ആഗോളപദ്ധതിയുടെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാമെന്ന് വേണം കണക്കാക്കാൻ. 

ഇന്ത്യയുടെ മതനിരപേക്ഷഘടനയെ തകർത്ത് ഹിന്ദുരാഷ്ട്രമാക്കുക എന്ന കോർപ്പറേറ്റ് ഹിന്ദുത്വരാഷ്ട്രീയവും സയണിസവുമായുള്ള ബാന്ധവമാണിത്. അമേരിക്കൻ സിഐഎയുടെ ഭാഗവും അവർ ചെയ്യാനറക്കുന്ന ചാര ഭീകരപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ചാരസംഘവുമാണ് മൊസാദ്. ഇസ്രായേൽ എന്ന മിലിറ്ററി ഇൻഡസ്ടിയൻ വംശീയ രാഷ്ട്രത്തിൻ്റെ ചാരസംഘടന. ഇന്നിപ്പോൾ ഇന്ത്യയാണ് ഇസ്രായേലിൽനിന്ന് ഏറ്റവും കൂടുതൻ യുദ്ധോപകരണങ്ങൾ വാങ്ങിക്കുന്ന രാജ്യം. മൊൺസാൻ്റോപോലുള്ള ജനിതക വിത്തുകമ്പനികളുമായി മത്സരിക്കുന്ന അന്തകവിത്ത് കാർഷികവ്യാപാര കമ്പനികളും ഇസ്രായേലിനുണ്ട്. ഇന്ത്യയാണ് ഇസ്രായേലിൻ്റെ ഒന്നാമത്തെ ആയുധ - അഗ്രിവ്യാപാര പങ്കാളിയായ രാജ്യം. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൂടി വേണം പെഗാസസിൻ്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ പരിശോധിക്കേണ്ടത്.

ഹിന്ദുത്വവാദികളും സയണിസ്റ്റുകളും തമ്മിലുള്ള ആപൽക്കരമായ ബാന്ധവം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയേയും ജനാധിപത്യ വിമോചനശക്തികൾക്കിടയിലെ വിശ്വാസ്യതയേയും തകർത്തിരിക്കുകയാണ്.1993-ൽ ഷിമോൺ പെരസിൻ്റെ സന്ദർശനസമയത്ത് കോൺഗ്രസ് നേതാക്കളെക്കാൾ കൂടുതൽ സമയം അയാൾ ചെലവഴിച്ചത് ബിജെപി നേതാക്കളുമായി കാണാനും സംസാരിക്കാനുമാണ്. ഇന്ത്യയുടെ പ്രസിഡൻ്റിനേയും പ്രധാനമന്ത്രിയേയും സന്ദർശിച്ചതിനെക്കാൾ താല്പര്യത്തോടെ പോയിക്കണ്ടത് ബിജെപി നേതാവ് അദ്വാനിയെയായിരുന്നു. തങ്ങൾ പലസ്തീൻ ഭൂരിപക്ഷ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിലും ഗാസയിലും വിജയകരമായി പരീക്ഷിച്ചത് പോലെ, കാശ്മീരിൽ ഹിന്ദുക്കളെ കൊണ്ടുപോയി കുടിയിരുത്തിക്കൂടെയെന്നാണ് പെരസ് അന്ന് ബിജെപി നേതാക്കളോട് ആരാഞ്ഞത്.

അക്കാലത്തെ മാധ്യമങ്ങളിൽ ഇതെല്ലാം വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണ്. ആഗോള ഫൈനാൻസ് മൂലധനവും വിവര സാങ്കേതികയും വംശീയതയും ചേർന്ന അധീശത്വാധികാര വ്യവസ്ഥയാണ് നവലിബറലിസമെന്നത്. പെൻ്റഗണും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റും ചേർന്ന മിലിട്ടറി ഇൻ്റസ്ട്രിയൽ കോംപ്ലക്സും ചാരശൃംഖലകളും അതിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ട കോർപ്പറേറ്റ് മതവംശീയ രാഷ്ട്രങ്ങളും ചേർന്ന കരാളമായൊരു ലോകക്രമമാണത്. സ്വതന്ത്ര വിദേശനയവും പരമാധികാരവും സ്വാശ്രയത്വവും നഷ്ടപ്പെടുത്തി റാവുവിൻ്റെ കാലം മുതൽ ഇന്ത്യയും ആഗോള മൂലധനത്തിൻ്റെ ഭ്രമണപഥങ്ങളിലേയ്ക്ക് ഉദ്ഗ്രഥിക്കപ്പെടുകയായിരുന്നു. ഹിന്ദുത്വവാദികൾ ദേശീയാധികാരം കയ്യടക്കിയതോടെ അതിന്‌ ഗതിവേഗം കൂടുകയും രാജ്യത്തെ തന്നെയവർ യുഎസ് - സയണിസ്റ്റ് ശക്തികളുടെ സ്വൈരവിഹാരത്തിന് വിട്ടുനൽകുകയാണ്. അവരുടെ ചാരക്കുതിരകൾക്ക് പൗരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യതകളിലേക്ക് പറന്നുകയറാൻ അനുവാദം നൽകിയിരിക്കുകയാണ്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 5 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 5 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More