പാലക്കാട്: രമ്യ ഹരിദാസ് എംപി ഉള്‍പ്പെട്ട വിവാദത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വി. ടി ബല്‍റാം ഉള്‍പ്പെടെ 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്ത യുവാവിനെ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പാര്‍സല്‍ വാങ്ങാന്‍ വന്നതാണെന്നും, മഴ ആയതിനാല്‍ ഹോട്ടലില്‍ കയറി ഇരുന്നതുമാണെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.