കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

Sufad Subaida 6 months ago

കൊടകര കള്ളപ്പണക്കേസന്വേഷണം പുരോഗതിയുടെ പാതയിലാണ്. കഴിഞ്ഞ ദിവസം മുഖമന്ത്രി നിയമസഭയില്‍ പറഞ്ഞതനുസരിച്ച് 21 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 206 പേരെ സാക്ഷിപ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ഉള്‍പ്പെടും. കൊടകര ഫണ്ട്, ബിജെപി തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണ് എന്ന് മുഖ്യമന്ത്രി അസന്നിഗ്ദമായി പറയുകയും ചെയ്തിട്ടുണ്ട്. പറഞ്ഞത് നിയമസഭയിലാണ് എന്നതുകൊണ്ട്‌ തന്നെ അത് ഏറ്റവും ഗൌരവത്തില്‍ എടുക്കണം. 

ഇതിനിടെ പൊലിസിന്റെതായി മാധ്യമങ്ങളില്‍ വന്ന ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ബിജെപി നേതാക്കളാരും പ്രതികളാകില്ല എന്നായിരുന്നു. ഇത് കൊടകരയില്‍ ഞങ്ങളെക്കുടുക്കിയാല്‍ നിങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങില്ല എന്നും മക്കളെ ജയിലില്‍വന്നു കാണേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയ നാക്കിനെല്ലില്ലാത്ത ചില ബിജെപി നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി എന്ന പ്രതീതി സൃഷ്ടിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രി ഗഡ്ഗരിയുമായും തൊട്ടുമുന്‍പ് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയെ ഈ വാര്‍ത്തയുമായി കൂട്ടിച്ചേര്‍ത്തു വായിക്കാനും ശ്രമമുണ്ടായി.സിപിഎം-ബിജെപി ഒത്തുകളിയാണ് കൊടകരക്കേസില്‍ സംഭവിക്കുന്നത് എന്ന ആരോപണം പ്രതിപക്ഷത്തുനിന്നും ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരികയും ചെയ്തു.

ഇതിന്റെ തുടര്‍ച്ചയിലാണ് കോണ്‍ഗ്രസിലെ യുവ എം എല്‍ എ റോജി എം ജോണ്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയതും മുഖ്യമന്ത്രി മേല്പ്പറഞ്ഞ വിധം മറുപടി പറഞ്ഞതും. കേസ് മുന്നോട്ടുപോകുമ്പോള്‍ സാക്ഷികളില്‍ ചിലര്‍ പ്രതികളായേക്കാം എന്ന പരാമര്‍ശമാണ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിലെ ഹൈലൈറ്റ്‌. കൊടകര ഫണ്ട് ബിജെപി കൊണ്ടുവന്നതാണ് എന്ന പ്രസംഗത്തിലെ ആദ്യഭാഗവുമായി കൂട്ടിവായിക്കുമ്പോള്‍ ഇതിനുവലിയ പ്രസക്തിയുണ്ട്. നഗ്നമായ കള്ളപ്പണ ഇടപാടുകളും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തുന്ന അഴിമതികളും പിടിക്കപ്പെടണമെന്നും ഭരണസംവിധാനം അഴിമതി രഹിതവും മൂല്യാധിഷ്ടിതവുമാകണമെന്നും ആഗ്രഹിക്കുന്ന പൌരരില്‍ ഈ പ്രസ്താവന പ്രതീക്ഷയുളവാക്കും.

എന്നാല്‍ തൊട്ടുപിറകെ മുഖ്യമന്ത്രി പറഞ്ഞതും പ്രതിപക്ഷം ആവശ്യപ്പെട്ടതും ഇഡിയുടെ ഇടപെടലിനെക്കുറിച്ചാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രിയും കേസ് സംസ്ഥാനത്ത് വെച്ചൊതുക്കാതെ ഇഡിക്ക് കൈമാറണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുകയാണ്. അടിയന്തര പ്രമേയത്തിന്റെ സത്ത തന്നെയതാണ്. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നത്തിലെ സാങ്കേതികത ഏതൊരാള്‍ക്കും മനസ്സിലാകും. എന്നാല്‍ വളരെ നിഷ്കളങ്കമായി കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമര്‍പ്പിക്കുന്ന കോണ്‍ഗ്രസ്സ്‌ എന്ത് സന്ദേശമാണ് നല്‍കുന്നത്. ബിജെപിക്ക് ഒത്താശ ചെയ്യുമെന്ന് അവര്‍ തന്നെ ആരോപിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള പോലീസില്‍ നിന്ന് കേസ് മാറ്റി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ എല്പ്പിച്ചാല്‍ പരമമായ സത്യങ്ങള്‍ പുറത്തുവരുമെന്നാണോ? കര്‍ണ്ണാടകത്തിലെ പിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍ മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെകുറിച്ചുന്നയിച്ച ആരോപണങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണോ? കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പണത്തിന്റെ സ്രോതസ്സന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം ആവശ്യമാണ്‌ എന്ന് ഇപ്പോഴത്തെ അന്വേഷണ സംഘം  കോടതിയില്‍ ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍ ആദ്യമേ തന്നെ ബിജെപി നേതാക്കള്‍ പ്രതികളാകില്ല എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും ആ വാര്‍ത്ത നിഷേധിക്കാതിരിക്കാനും കേരള പോലിസ് കാണിക്കുന്ന തിടുക്കം എന്തിനുവേണ്ടിയാണ്? പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തോടെ കേസ് കേന്ദ്രത്തിന്റെ കളത്തിലേക്ക് തള്ളാനും അതുവഴി ബിജെപി നേതാക്കളെ രക്ഷിക്കാനുമാണോ?

ഒരു കാര്യം നിസ്സംശയം പറയാം. കേരള രാഷ്ട്രീയം ഇതുവരെ കണ്ട ഏറ്റവും വലിയ തെരെഞ്ഞെടുപ്പഴിമതിയിലേക്കാണ് കൊടകരയും, ആര്‍ ജെ പി നേതാവ് സി കെ ജാനുവുമായി ബന്ധപ്പെട്ട പണമിടപാടും സുരേന്ദ്രനുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ അപരന്റെ വെളിപ്പെടുത്തലും വെളിച്ചം വീശുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ആ കേസന്വേഷണത്തെ ഗൌരവത്തിലെടുക്കണം. അതിനെ നിസ്സാരമായി കാണാനോ ഒത്തുകളിക്കാനോ ഭരണപക്ഷമോ പ്രതിപക്ഷമോ ശ്രമിച്ചാല്‍ അത് കേരള രാഷ്ട്രീയത്തെ തീര്‍ത്തും മലീമസമാക്കാന്‍ കൂട്ട് നില്‍ക്കലായിരിക്കും 

Contact the author

Sufad Subaida

Recent Posts

Dileep Raj 4 days ago
Views

മൈത്രേയനറിയാൻ.. ജനാധിപത്യത്തിന്റെ എതിർപദമല്ല അറിവ്- ദിലീപ് രാജ്

More
More
K K Kochu 6 days ago
Views

കെ റെയിൽ പദ്ധതിയുടെ വിശേഷങ്ങൾ- കെ കെ കൊച്ച്

More
More
Views

നേതാജിയെ ആദരിക്കാനുള്ള തീരുമാനം ഉചിതമായി- പ്രൊഫ ജി ബാലചന്ദ്രൻ

More
More
Views

ലെനിൻറെ മരണത്തെക്കുറിച്ച് 'ബ്രെഹ്ത്'; ഇന്ന് ലെനിൻറെ ചരമദിനം -മൃദുല ഹേമലത

More
More
P P Shanavas 1 week ago
Views

ഋതുഭേദങ്ങളിലെ ക്രിസ്തു ജിബ്രാന്‍റെ കല്പനയല്ല- പി പി ഷാനവാസ്

More
More
K T Kunjikkannan 2 weeks ago
Views

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

More
More