വയനാട്: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആദിവാസി നേതാവ് സി. കെ. ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനന്തവാടിയിലുളള സി. കെ. ജാനുവിന്റെ വീട്ടിലെത്തിയത്. ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോഴ കൈമാറിയതില്‍ ബിജെപി നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ ബിജെപി ജാനുവിന് മുപ്പത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജാനുവിന് പണം കൈമാറിയിട്ടുണ്ടെന്ന് ജെആര്‍പി മുന്‍ നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ. സുരേന്ദ്രനുമായുളള ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തിരിരുന്നു. കൈക്കൂലി വാങ്ങിയ കുറ്റത്തിന് സി. കെ. ജാനുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിന്മേല് കല്‍പ്പറ്റ കോടതിയുടെ നിര്ദേശപ്രകരമായിരുന്നു പൊലീസ് കേസെടുത്തത്.