ചെന്നൈ: ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്. പെട്രോള്‍ ലിറ്ററിന് മൂന്നുരൂപയാണ് കുറച്ചത്. ധനമന്ത്രി പി. ടി. പളനിവേല്‍ ത്യാഗരാജന് അവതരിപ്പിച്ച ബജറ്റിലാണ് പെട്രോള്‍ വില കുറച്ചുകൊണ്ടുളള പ്രഖ്യാപനം. പെട്രോള്‍ ഡീസല്‍ വില ആഴ്ച്ചകളായി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. എക്സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നുരൂപയാണ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. ഈ തീരുമാനത്തോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുക.
ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളിലൊന്നുകൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കുറയ്ക്കുമെന്നായിരുന്നു ഡിഎംകെ വാഗ്ദാനം ചെയ്തത്. ഡീസല്‍ സബ്സിഡിയില്‍ നിന്ന് 750 കോടി പൊതുഗതാഗതസംവിധാനത്തിനായി മാറ്റിവയ്ക്കാനും തീരുമാനമായി. സംസ്ഥാനത്തെ മുസ്ലീം ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം എംകെ സ്റ്റാലിന് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വലിയ സ്വീകാര്യതയാണ് നേടിയത്. കഴിഞ്ഞ ദിവസം രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ചുമത്തിയ മാനനഷ്ടക്കേസുകളെല്ലാം എം. കെ. സ്റ്റാലിന് പിന്‍വലിച്ചിരുന്നു. 2012-നും-2021-നും ഇടയില്‍ എ.ഐ.എ.ടി.എം.കെ. അധികാരത്തിലിരുന്ന കാലത്ത് രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ചുമത്തിയ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനാണ് സ്റ്റാലിന് ഉത്തരവിട്ടത്. 130 രാഷ്ട്രീയനേതാക്കള്‍ക്കെതിരായ കേസുകളാണ് ഇതോടെ ഒഴിവായത്.