ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സുല്‍ത്താന്‍പൂര്‍ ജില്ലയുടെ പേര് കുഷ്ഭവന്‍പൂര്‍ എന്നാക്കി മാറ്റാനാണ് നീക്കം. ലംബുവ മണ്ഡലത്തില്‍ നിന്നുളള ബിജെപി എംഎല്‍എ ദേവ്മണി ദ്വിവേദിയാണ് സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഐതീഹ്യമനുസരിച്ച് ശ്രീരാമന്റെ പുത്രന്റെ പേരാണ് കുശന്.
കാബിനെറ്റ് അംഗീകരിച്ചാല്‍ ഔദ്യോഗികമായി ജില്ലയുടെ പേര് കുഷ്ഭവന്‍പൂര്‍ എന്നായി മാറും. അതോടെ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു ശേഷം പേര് മാറ്റുന്ന മൂന്നാമത്തെ ജില്ലയായി സുല്‍ത്താന്‍പൂര്‍ മാറും. നേരത്തെ ഫൈസാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം, മിര്സാപ്പൂരിന്റെയും മിയാഗഞ്ചിന്റെയും പേര് മാറ്റത്തിന് നിര്ദ്ദേശിക്കപ്പെട്ടിരിരുന്നു. മിര്സാപ്പൂരിന് വിന്ധ്യാ ധാം എന്നും മിയാഗഞ്ചിന് മായാഗഞ്ച് എന്നും പേരുനല്കാനാണ് ആലോചിക്കുന്നത്. മുഗള്‍, മുസ്ലിം, പേര്‍ഷ്യന്‍ സ്വാധീനമുള്ള സംസ്ഥാനത്തെ പുരാതനമായ പട്ടണങ്ങളുടേയും റെയില്‍വേ സ്റ്റേഷനുകളുടെയും പ്രദേശങ്ങളുടേയും ജില്ലകളുടെയും പേരുകളാണ് നിലവില്‍ യോഗി സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനും അയോധ്യാ റെയില്‍വേ സ്റ്റേഷനും ഇത്തരത്തില്‍ പേരുമാറ്റപ്പെട്ടവയാണ്. യഥാക്രമം മുഗള്‍ സരായ്, ഫൈസാബാദ് എന്നിവയായിരുന്നു നേരത്തെയുള്ള പേരുകള്‍.