അയ്യങ്കാളി: ജാതിമലയാളിയെ പൊതുമലയാളിയാക്കാന്‍ യത്നിച്ച പ്രക്ഷോഭകാരി - ഡോ: കെ എസ് മാധവൻ

മലയാളികളെ ആധുനിക മനുഷ്യരായി മാറ്റിത്തീർത്ത നവോത്ഥാന പ്രക്രിയയിൽ പ്രക്ഷോഭകരമായി ഇടപെട്ടുകൊണ്ട് ആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത  നേതൃത്വമാണ് അയ്യൻകാളിയുടേത്. ഒരു ആധുനിക ജനാധിപത്യ പൗരസമൂഹമായി കേരളീയർ വികസിച്ചുവന്ന ചരിത്രപ്രകൃയയുടെ ഗതിയെ സ്വാധീനിക്കുന്ന തരത്തിലാണ് അത് നടന്നത്. അതുകൊണ്ടുതന്നെയാണ് അയ്യൻകാളി പ്രസ്ഥാനം നവോത്ഥാന പ്രകൃയയുടെ ചാലകശക്‌തിയായി മാറിയത്. നവോത്ഥാനത്തെ ഏറ്റവും ക്രിയാത്മകമായ പ്രകൃയയായി മാറ്റിത്തീർത്തത് അടിത്തട്ട് സമൂഹങ്ങൾ ആധുനിക കേരളത്തേയും ആധുനിക മലയാളിയേയും സൃഷ്ടിക്കുന്ന സമരസാമൂഹിക ശക്തിയായി മാറിത്തീർന്നതുമൂലമായിരുന്നു. അയ്യൻകാളി ഉൾപ്പടെയുള്ള കീഴോർ സമൂഹങ്ങളിൽ നിന്നുയർന്നുവന്ന നേതൃത്വങ്ങളാണ് ആധുനികതയെ പരിവർത്തന പ്രകൃയയായി മാറ്റിത്തീർക്കുന്നതിനാവശ്യമായ സാമൂഹിക സാംസ്ക്കാരിക സംരംഭങ്ങളും വിമോചന ഭാവനകളും നിർമ്മിച്ചത്. ഈ പ്രക്രിയയിൽ അയ്യൻകാളി പ്രസ്ഥാനം  നിർവ്വഹിച്ച പങ്കിനെ മുൻനിർത്തി ആധുനികതയെയും നവോത്ഥാന മുന്നേറ്റങ്ങളെയും സ്ഥാനപ്പെടുത്തുമ്പോള്‍ ആധുനിക മലയാളിസമൂഹത്തെ നിർമ്മിച്ചെടുക്കുന്നതിൽ സാമൂഹികമായ ആശയങ്ങളും വിപ്ലവകരമായ ഇടപെടലുകളും നവോത്ഥാന പ്രകൃയയ്ക്കുള്ളിൽ നിർമ്മിച്ചെടുക്കുകയും നേതൃത്വം കൊടുക്കുകയുമാണ് അയ്യൻകാളി ചെയ്തത്. കേരളം എന്ന ഭൂപ്രദേശത്ത് വിവിധ സ്ഥാനമാനനിലകളിൽ സാമൂഹിക വേർതിരിവുകളോടെ അധിവസിച്ചിരുന്ന ജാതി ജീവിത ജനസഞ്ചയങ്ങളെ അവരുടെ മേൽ -കീഴ് ബന്ധങ്ങളും വേറ് കൂറ് രീതികളും അതിവർത്തിപ്പിക്കാൻ ആവശ്യമായ പ്രക്ഷോഭകരമായ മാനവിക ഭാവനകളെയും പരിവർത്തനപരമായ നീതി ബോധ്യങ്ങളെയും സാമൂഹിക തുല്യതാവിചാരങ്ങളെയും  പ്രക്ഷോഭങ്ങളിലൂടെ സൃഷ്ടിക്കുകയായിരുന്നു അയ്യൻ കാളിയുടെ നേതൃത്വത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങൾ. ഇതുവഴി ആധുനിക മലയാളിയുടെ രൂപപ്പെടലിന്  ഉൾകൊള്ളൽ മൂല്യങ്ങളെ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യൻകാളി. ജാതിഭേദങ്ങളിലും സാമൂഹിക പുറം തള്ളലുകൾ നിർമ്മിച്ച മേൽ -കീഴ് ബോധ്യങ്ങളിലും നിലനിന്ന ജാതിമലയാളരെ മലയാളി സമൂഹമാക്കിമാറ്റി, ആധുനിക പൗരസമൂഹമാക്കി പരിവർത്തി പ്പിക്കുന്നതിന് അയ്യങ്കാളിയുടെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു. മലയാളികളുടെ സമസ്ത സാമൂഹിക വിചാരങ്ങളെയും സാമൂഹിക നീതിബോധത്തെയും നിർമ്മിച്ചെടുത്ത പ്രക്രിയയായിട്ടാണ് അയ്യൻകാളിയുടെ ഇടപെടലുകളെ സ്ഥാനപ്പെടുത്തേണ്ടത്. 

കൊളോണിയൽ ആധുനികതയുടെ ചരിത്രപരിവർത്തത്തിൻ്റെ ഭാഗമായി രൂപപ്പെട്ട മാറ്റമായിരുന്നു കേരളം ഒരു ഭാഷ സാംസ്കാരിക ഭൂപ്രദേശമായി ആധുനികവൽക്കരിക്കപ്പെട്ടത്.  ഈ പ്രക്രിയയ്ക്ക്, ഭേദരൂപങ്ങൾക്കും വേർതിരിവ് രീതികൾക്കും അതീതമായി കേരളീയ സാമൂഹികതയും മലയാളിസമൂഹവും നിർമ്മിക്കപ്പെടണമായിരുന്നു. ആധുനികതയുടെ ചരിത്രപ്രകൃയ നവോത്ഥാന പരിവർത്തനത്തെ നിർമ്മിച്ചെടുത്തത്, ഇങ്ങനെ ഒരു പൊതുമലയാളിയെ രൂപപ്പെടുത്തുന്ന  ഇടപെടലുകളായിട്ടായിരുന്നു. ഈ പരിവർത്തനത്തിൽ പ്രക്ഷോഭകരമായ സാമൂഹികനിർമ്മിതിക്ക് ആവശ്യമായ സമരസാമൂഹികത നിർമ്മിക്കുകയും വിമോചന ഇടപെലുകൾക്ക്  നേതൃത്വം കൊടുക്കുകയുമായിരുന്നു അയ്യൻകാളി പ്രസ്ഥാനം. അടിത്തട്ട് സാമൂഹിക വിഭാഗങ്ങളെയും അധ്വാനിക്കുന്ന സാമൂഹിക ശരീരങ്ങളെയും നവോത്ഥാന പ്രക്രിയയിൽ ചരിത്രത്തിലെ സജീവ സാമൂഹിക കർതൃത്വങ്ങളായി മാറ്റിത്തീർത്തുകൊണ്ട് മലയാളിയുടെ സാമൂഹികമായ പൊതുവിനെ നിർമ്മിക്കുന്ന പ്രകൃ യയെ നിർമ്മിക്കുകയായിരുന്നു അയ്യൻകാളി പ്രസ്ഥാനം. മലയാളികളുടെ പങ്കാളിത്ത സാമൂഹികതയും സാമൂഹിക നീതിവിചാരങ്ങളും നിർമ്മിക്കുന്ന ഇടപെടലുകൾക്കാണ് അയ്യൻകാളി ഇതുവഴി നേതൃത്വം കൊടുത്തത്. മലയാളി സാമൂഹികതയുടെ നിർമ്മിതിക്കാവശ്യമായ ചരിത്ര സാംസ്കാരിക വിഭവങ്ങളെ പ്രക്ഷോഭകരമായ പരിവർത്തന ഇടപെടലുകളിലൂടെ സൃഷ്ടിപരമായ തുല്യതാ സങ്കല്പങ്ങളായി നിർമ്മിച്ചെടുത്തതിൽ  അയ്യൻകാളിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.  ആധുനിക മലയാളിയുടെ  നിർമ്മിതിക്കാവശ്യമായ തുല്യതാ സങ്കല്പവും സാമൂഹിക നീതിവിചാരങ്ങളും പ്രക്ഷോഭ പ്രയോഗങ്ങളിലൂടെ രൂപപ്പെടുത്താൻ അയ്യങ്കാളിക്കു കഴിഞ്ഞത് ഈ ചരിത്ര പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. ഈ പ്രക്ഷോഭ ഇടപെടലുകൾ മലയാളി സാമൂഹികതയുടെ ചരിത്രപരിവർത്തനത്തിൻ്റെയും നവോത്ഥാന കേരളത്തിൻ്റെ പുതുസാമൂഹികതയുടെ  ജീവിത അനുശീലങ്ങളുടെയും ദൈനംദിന ബോധവിചാര പെരുമാറ്റസ്ഥിതികളുടെയും അടിത്തറയായി രൂപപ്പെട്ടു. ഇതിനാവശ്യമായ സാമൂഹിക പ്രയോഗവും സാമൂഹികമായ ജൈവരാഷ്ട്രീയത്തിൻ്റെ ശരീരരൂപവുമായി അയ്യൻകാളി മാറി. ആധുനിക മലയാളി സമൂഹത്തെയും അവരുടെ ഉൾകൊള്ളൽ സാമൂഹികതയെയും നിർമ്മിച്ചെടുത്ത വിമോചന രാഷ്ട്രീയ രൂപകമായി അയ്യൻകാളി സമകാലീന മലയാളി പൊതുബോധത്തിൽ നിലനിൽക്കുന്നത് ഈ പ്രകൃയയ്ക്ക് നേതൃത്വം കൊടുത്തതു കൊണ്ടാണ്.

കേരളീയ സമൂഹത്തിന് പരിവർത്തനത്തിൻ്റെ സ്വാഭാവവും മാറ്റത്തിനായുള്ള പ്രക്ഷോഭരൂപങ്ങളും നിർമ്മിച്ചെടുത്തുകൊണ്ടാണ് ആധുനിക മലയാളിയെ നിർമ്മിച്ച നവോത്ഥാന കേരളത്തിൻ്റെ പ്രക്ഷോഭ രാഷ്ടിയ പ്രക്രിയയിൽ അയ്യൻകാളി സ്ഥാനപ്പെട്ടത്. സമൂഹത്തെ നീതിപൂർവമായി പുനസംഘടിപ്പിക്കുന്ന സാമൂഹിക നീതിസങ്കല്പവും സമതയും ജനതയും നിർമ്മിക്കപ്പെടുന്നതിന് ആവശ്യമായ സാമൂഹിക ബന്ധങ്ങളിലെ നീതിപൂർവ്വമായ പരിവർത്തനവും തുല്യതയിൽ സ്ഥാനപ്പെടുന്ന സാമൂഹിക മനസ്ഥിതിയും നിർമ്മിക്കപ്പെടണമായിരുന്നു. തുല്യതയും നീതിയും ഉൾവഹിക്കുന്ന സാമൂഹിക ഭാവനകൾ നവോത്ഥാന ആശയങ്ങളായി അയ്യൻകാളി പ്രസ്ഥാനത്തിന് മുന്നോട്ടുവെയ്ക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ അടിത്തട്ട് സമൂഹത്തിൻ്റെ സാമൂഹിക ഭാവനകളെ പ്രക്ഷോഭകരമായ സാമൂഹിക ഇടപെടലുകളിലൂടെ പരിവർത്തനാത്മകമായ സാമൂഹിക നവോത്ഥാന പ്രക്രിയയായി വികസിപ്പിക്കാൻ ഇതു മൂലം സാധ്യമായി. അയ്യൻകാളി രൂപപ്പെടുത്തിയ തുല്യതാ വിചാരങ്ങളും വിഭവങ്ങളിലെ പങ്കാളിത്തത്തിനായുള്ള ഇടപെടലുകളും ശ്രീ മൂലം പ്രജാസഭ പ്രവർത്തനങ്ങളിലൂടെ പ്രാതിനിത്യ പങ്കാളിത്ത ആവശ്യങ്ങളായി ഉന്നയിച്ചു. ഈ പ്രവർത്തനങ്ങൾ അടിത്തട്ട് സമൂഹങ്ങളെ മുൻനിർത്തിയാണ് ആവിഷ്ക്കരിക്കപ്പെട്ടതെങ്കിലും  കേരളത്തിൻ്റെ സാമൂഹിക ബന്ധങ്ങളെ പുതുക്കിപ്പണിയുന്നതിനും  പുതുകേരളീയ സമൂഹനിർമ്മിതിക്കും വേണ്ടിയായിരുന്നു പൊതുവായി ഉന്നയിക്കപെട്ടതും വികസിച്ചുവന്നതും. ഈ പുതു സാമൂഹികതയുടെ നിർമ്മിതിക്ക് ആവശ്യമായ പ്രക്ഷോഭങ്ങളും സിവിൽ സമൂഹനിർമ്മിതിക്കാവശ്യമായ ഇടപെടലുകളും സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ നിർമ്മിക്കുകയായിരുന്നു അയ്യൻകാളിയുടെ നേതൃത്വം. തുല്യത സങ്കല്പവും പ്രക്ഷോഭപരമായ സാമൂഹിക അനുശീലനങ്ങളും വിമോചന ഭാവനകളും അയ്യൻകാളി  പ്രസ്ഥാനത്തിന് നിർമ്മിക്കാൻ കഴിഞ്ഞതുമൂലമാണ് ആധുനിക കേരളത്തിൻ്റെ സൃഷ്ടിപ്പിനെ സാധ്യമാക്കുന്ന പ്രക്ഷോഭങ്ങളായി അയ്യൻകാളി നയിച്ച മുന്നേറ്റങ്ങൾ മലയാളി പൊതുമണ്ഡലത്തെ നിർമ്മിച്ച പ്രകൃയയായി വികസിച്ചുവന്നത്.

കേരളീയതയും സാമൂഹികതയും: 

നവോത്ഥാനത്തെ തുടർന്ന് രൂപംകൊണ്ട സാംസ്കാരിക രാഷ്ട്രിയ പ്രകൃയകൾ വരേണ്യ ജാതി - മധ്യവർഗ്ഗ സാമൂഹികതയും സംഘടിത മതസാമൂഹിതയ്ക്കും കീഴ്‌പ്പെടുത്തി നിലനിർത്തുകയാണുണ്ടായത്. മലയാളികളുടെ പൊതു സാമൂഹിക ജീവിതത്തെ വരേണ്യ ചരിത്ര സാംസ്കാരിക പാരമ്പര്യങ്ങളിലും കോയ്മാ സാംസ്കാരിക ആവിഷ്കാരങ്ങളിലും കണ്ടെടുത്ത് അവതരിപ്പിക്കുന്ന രീതിയായിട്ടാണ് നവോത്ഥാനാനന്തര കേരളീയ സമൂഹത്തിൻ്റെ സാംസ്കാരിക ആവിഷ്കാരങ്ങൾ നിർമ്മിക്കപ്പെട്ടത്. വരേണ്യ ജാതി സാമൂഹികതയ്ക്കും മധ്യവർഗ്ഗ അഭിരുചിക്കും ജാതിവരേണ്യ മൂല്യ മണ്ഡലത്തിനും സമൂഹത്തിൽ അധീശത്വം സ്ഥാപിച്ചുറപ്പിക്കുന്ന തരത്തിലാണ്  നവോത്ഥാനത്തെ തുടർന്നുണ്ടായ കേരളത്തിലെ ചരിത്ര, സാംസ്കാരിക, സാഹിത്യ, എഴുത്തു സംസ്കാരം പ്രവർത്തിച്ചത്. കേരളീയതയുടെ സാംസ്കാരിക ബോധവും ജീവിത കാഴ്ച്ചപ്പാടുകളൂം മധ്യ വർഗ്ഗത്തിൻ്റെയും വരേണ്യ ജാതികളുടെയും സംഘടിത മത സാമൂദായിക മൂല്യങ്ങളുടെയും പിടിയിൽപ്പെട്ടു. സാമൂഹിക ഭേദങ്ങളെയും അസമത്വങ്ങളെയും പ്രശ്നവൽക്കരിക്കാൻ കഴിയാത്ത വിധം സമ്മർദ്ദ ശക്തികളുടെ നിയന്ത്രണം സമൂഹത്തിലും രാഷ്ട്രിയ രംഗത്തും സാംസ്കാരിക ആവിഷ്കാര രംഗത്തും കോയ്മ സ്ഥാപിച്ചു. എന്നാൽ ഈ പ്രക്രിയയും അധികാര ക്രമവുമായിരുന്നില്ല നവോത്ഥാന സാമൂഹിക ശക്തികൾ രൂപപ്പെടുത്തിയത്. നവോത്ഥാന സാമൂഹിക സാംസ്ക്കാരിക ഭാവനകളെ ആധുനിക മലയാളിക്ക് വേണ്ടി നീതിപൂർവ്വവും ഉൾകൊള്ളൽ സങ്കല്പവുമുള്ള ജനതാ സങ്കല്പത്തിൽ ഊന്നുന്ന  പൊതു ജനായത്ത ഭാവനയായി രൂപപ്പെടുത്താനും സാമൂഹിക ഇടപെടലിലൂടെ നിർമ്മിച്ചെടുക്കാനും അയ്യൻകാളി പ്രസ്ഥാനം ഉൾപ്പടെയുള്ള നവോത്ഥാന സംരംഭങ്ങൾക്ക് കഴിഞ്ഞിരുന്നു. 

പ്രക്ഷോഭകരമായ സാമൂഹിക പ്രയോഗവും പ്രയോഗത്തിലൂടെ നിർമ്മിക്കുന്ന സാമൂഹിക ഭാവനകളും മലയാളികൾക്കാവശ്യമായ പലമകളെ ഉൾകൊള്ളുന്ന ഒരു സാമൂഹിക പൊതുവിനെ നിർമ്മിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ അയ്യങ്കാളി പ്രസ്ഥാനത്തിന് ചരിത്രപരമായി കഴിഞ്ഞു. അടിത്തട്ട് സമൂഹങ്ങളുടെ സാമൂഹിക കൂടിവരവുകളെ പ്രക്ഷോഭകരമായ കൂട്ടായ്മകളായി, രാഷ്ട്രിയപ്രയോഗങ്ങളെ നിർമ്മിക്കുകയും സമതയും സാമൂഹികതയുമായി നീതിയെ ഭാവനപ്പെടുത്തുന്ന സാമൂഹിക ഇടപെടലുകൾ  സാമൂഹിക വിലക്കുകളുടെ പ്രത്യക്ഷമായ ലംഘനങ്ങളിലൂടെ നിർമ്മിച്ചുകൊണ്ടാണ് അയ്യൻകാളി പ്രസ്ഥാനം നവോത്ഥാനത്തെ നിർവ്വചിച്ചത്. ഇത്തരം സാമൂഹിക ഇടപെടലുകൾ വേർതിരിവുകൾക്കും അസമത്വപൂര്‍ണ്ണമായ ബന്ധങ്ങൾക്കും എതിരായ സാമൂഹിക പ്രയോഗങ്ങളായി മാറി. നീതിയിൽ നിലനിൽക്കുന്ന പുതു സാമൂഹികതയെ നിർമ്മിക്കുന്ന പ്രക്ഷോഭ ശരീരങ്ങളായി അടിത്തട്ടു മനുഷ്യരെ ചരിത്ര കർതൃത്വങ്ങളായി മാറ്റിത്തീർത്ത പ്രകൃയയ്ക്കാണ് അയ്യൻകാളി നേതൃത്വം കൊടുത്തത്. ഇത്തരത്തിൽ പ്രക്രീയാപരമായ  സാമൂഹിക ഇടപെടലുകളുടെ സൃഷ്ടിപ്പുകളിലൂടെയാണ് ഭേദവ്യവസ്ഥിതിയുടെയും അതിൻ്റെ പുറം തള്ളൽ മനസ്ഥിതിയുടെയും ക്രമങ്ങളെ വിധ്വംസകമായി പ്രഹരിക്കുന്ന വില്ലുവണ്ടി സമരവും ജാതി ഴികളിലൂടെയുള്ള വഴിനടപ്പും വ്യവസ്ഥിതിയുടെ സാമൂഹിക ഇടപാടുകളുടെ വിലക്കുകളെ ലംഘിക്കുന്ന പ്രയോഗങ്ങളായി വളർന്നുവന്നത്. വേർതിരിവുവ്യവസ്ഥയും പുറന്തള്ളൽ മനോഭാവങ്ങളും സാമൂഹിക മര്യാദകളായി, ജാതി മര്യാദകളായി നിലനില്ക്കുകയും ദൈനംദിന ഇടപാടുകളായി പ്രവർത്തിക്കുകയും ചെയ്തിരുന്ന സാമൂഹിക ബന്ധങ്ങളിൽ  ജാതിവിലക്കുകളെ ലംഘിക്കുന്ന സാമൂഹിക പ്രയോഗങ്ങളെയാണ് അയ്യൻകാളി സൃഷ്ടിച്ചത്. വില്ലുവണ്ടി സഞ്ചാരവും സഞ്ചാര പ്രസംഗങ്ങളും, സഞ്ചാരവും വേഗവും മാറ്റത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ചരിത്ര സാംസ്കാരിക രൂപകമായി മാറി. ജാതി മര്യാദകളുടെ ലംഘനങ്ങൾ സാമൂഹിക നിയമ ലംഘനത്തിൻ്റെ പ്രയോഗങ്ങളായി മാറുകയും കീഴോർ ശരീരങ്ങൾ നീതി ഉൾവഹിക്കുന്ന സാമൂഹികതയെ നിർമ്മിക്കുന്ന ജൈവ രാഷ്ട്രിയത്തിൻ്റെ പ്രയോഗവും രാഷ്ട്രിയ ഇടവുമായി തീർന്നു. സാമൂഹിക പുറംതള്ളലിൻ്റെയും അടിച്ചമർത്തലിൻ്റെയും അസമത്ത ഇടപാടുകളെയും വേലികെട്ടിനിർത്തിയ ജാതി സാമൂഹിക ബന്ധങ്ങളെയും വിധ്വംസകമായി പൊട്ടിക്കുന്ന പ്രയോഗവും പൊതുവിനെ നിർമ്മിക്കുന്ന ചരിത്ര പ്രക്രിയയുമായി ഈ മുന്നേറ്റങ്ങൾ മാറി. ഈ സാമൂഹിക (Social Praxisപ്രയോഗങ്ങളിൽനിന്ന് അയ്യൻകാളി സാമൂഹിക പ്രയോഗവും പ്രയോഗത്തെ നയിക്കുന്ന സിദ്ധാന്തത്തെയും നീതിയും സമതയും പ്രാതിനിത്യവുമായി രൂപപ്പെടുത്തി. സാമൂഹിക നീതിയും തുല്യ മനുഷ്യസങ്കല്പവും ഉൾക്കൊള്ളൽ സമൂഹവും ആധുനിക കേരളത്തെയും പൊതുമലയാളിയെയും നിർമ്മിച്ച ആശയങ്ങളും ചരിത്ര പ്രയോഗവുവുമായി, ഈ സാമൂഹിക പ്രയോഗത്തിൻ്റെ ചരിത്രനിർമ്മിതിയെ മുന്നോട്ടെടുത്ത ആധുനിക കേരളത്തിൻ്റെ രാഷ്ട്രിയരൂപകവുമായി അയ്യൻകാളി മാറി. 

കീഴോർ സമൂഹങ്ങൾ മലയാളിപൊതുവിനെ നിർമ്മിച്ച രാഷ്ട്രിയ ശരീരങ്ങൾ

ജാതി സാമൂഹികതയുടെയും പുറംതള്ളൽ വ്യവസ്ഥയുടെയും കീഴായ്മയുടെയും ചൂഷണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും സമ്പദ് രൂപവും മേൽകീഴ് ബന്ധങ്ങളുടെ പ്രത്യയബോധവുമായിരുന്നു കേരളത്തിൻ്റെ ജാതി ബ്രാഹ്മണ്യ വരേണ്യത. വരേണ്യ സാംസ്ക്കാരിക രൂപങ്ങളായും ഭാഷയും സാഹിത്യ ആവിഷ്കാരങ്ങളും സാമൂഹിക വേർതിരിവുകളും ദേഭരൂപങ്ങളും സാമൂഹിക വ്യവസ്ഥിതിയുടെ സഹജസ്വഭാവമായ പുറംതള്ളൽ രീതികളും  മാടമ്പി രാജവാഴ്ച്ചയും ഭരണവ്യവസ്ഥയും കൂടിച്ചേർന്ന രാഷ്ട്രിയ സമ്പദ് രൂപം നവോത്ഥാനത്തിൻ്റെ ഘട്ടത്തിലാണ് പരിവർത്തിക്കപ്പെടുന്നത്. കൊളോണിയൽ അധികാരവും പാശ്ചാത്യമായ ഭരണ നവീകരണരീതികളും മിഷണറി ഇടപെടലും വാണിജ്യവൽക്കരിക്കപ്പെട്ട കൃഷിരൂപങ്ങളും അടിത്തട്ടുസമൂഹങ്ങളെ ആളടിമത്തത്തിൽനിന്നും ഗുണപരമായി പരിവർത്തിപ്പിക്കുന്ന പ്രകൃയയെ സാധ്യമാക്കിയിരുന്നില്ല. ജാതിയും ജന്മിത്തവും ജന്മ കാണരൂപങ്ങളും മാടമ്പി കോയ്മയും അടിച്ചമർത്തി നിലനിർത്തിയ അടിത്തട്ടു സമൂഹങ്ങളുടെ പ്രക്ഷോഭങ്ങൾ സാമൂഹിക സംഘർഷങ്ങളായി അയ്യൻകാളിക്കു മുന്നെ പലരൂപങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിരുന്നു. തെക്കൻപാട്ടിലും ചെങ്ങന്നൂരാതി പാട്ടുകഥയിലും പാച്ചല്ലൂർ പതികത്തിലും ഈ മറുവാക്ക് പാരമ്പര്യം എതിർസ്വരങ്ങളായി ദൃശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക വ്യവസ്ഥിതിയെയും ജാതിമനസ്ഥിതിയെയും അടയാളപ്പെടുത്തുന്ന ആവിഷ്ക്കാരങ്ങളായി, സാമൂഹിക സംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന സാംസ്കാരിക ആവിഷ്കാരങ്ങളായി അവ രൂപപ്പെട്ടു. വേർതിരിവുകളുടെ മനോഭാവവും വിധേയത്തത്തിൻ്റെ കീഴായ്മബോധവും ജാതി മേലാളത്തത്തിൻ്റെ ദൈനംദിന ഹിംസയും ജാതി മര്യാദകളുടെ പുറം തള്ളൽ പെരുമാറ്റവഴക്കവും കീഴായ്മയുടെ സാമൂഹിക ദുരിതവുമായി സാമൂഹിക ജീവിതം അടിച്ചമർത്തലിലും കീഴ്മപ്പെടലിലും നിലനിന്നു. ജാതി മനസ്ഥിതിയിലും മേൽകീഴ് ബന്ധങ്ങളിലും നിലനിന്ന മനുഷ്യർ ആധുനിക മലയാളിയായി പരിവർത്തിക്കപ്പെടണമെങ്കിൽ വ്യവസ്ഥിതിയിലും മനസ്ഥിതിയിലും  മാറ്റം വരുന്ന പരിവർത്തന പ്രക്രിയകൾ പ്രക്ഷോഭങ്ങളിലൂടെ സൃഷ്ടിക്കണമായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത അക്ഷര സമരവും പൊതുവിദ്യാഭ്യാസ പ്രക്ഷോഭങ്ങളും പഞ്ചമിയുടെ പള്ളിക്കൂട പ്രവേശനത്തെ തുടർന്ന്  ജാതി മാടമ്പികൾ തീവച്ച സ്കൂളും ഈ മാറ്റപ്രകൃയയിലെ പ്രക്ഷോഭ പ്രയോഗങ്ങളുടെ പ്രതീകങ്ങളും പ്രതീകവൽക്കരിക്കപ്പെട്ട പ്രതിരോധ അടയാളങ്ങളുമാണ്. ആധുനിക മലയാളിയെ സൃഷ്ടിച്ച നവോത്ഥാന പ്രക്രിയയിൽ  മലയാളിയെ പൊതുമനുഷ്യരാക്കുന്ന ചരിത്ര പ്രകൃയയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഈ ചരിത്രസന്ദർഭത്തിൽ കീഴോരായി മാറ്റിനിർത്തപ്പെട്ടവരെ  മാത്രം മനുഷ്യരാക്കാനായിരുന്നില്ല അയ്യൻകാളി ശ്രമിച്ചത്,  ജാതിഭേദങ്ങളുടെ വ്യവസ്ഥയിൽ അടഞ്ഞ ജാതി ജീവിതവൃത്തങ്ങളിൽ ഉറച്ചുപോയ മനുഷ്യരായ ജാതി മലയാളികളെ പൊതുമനുഷ്യരാക്കി തീർക്കുന്ന പ്രക്ഷോഭങ്ങളാണ് അയ്യൻകാളി നയിച്ചത്. അടിമജാതികളാക്കി മാറ്റിനിർത്തപ്പെട്ടവർ അറിവും അധ്വാനവും വികാരവും വിചാരവും ഭാവനയും ചിന്തയും ഉള്ള മനുഷ്യർ തന്നെയാണ് എന്ന് ജാതികേരളത്തെ ബോധ്യപ്പെടുത്തി പൊതുമലയാളിയെ നിർമ്മിച്ചെടുക്കുന്ന ജൈവ രാഷ്ട്രിയത്തിൻ്റെ സാമൂഹിക പ്രയോഗത്തെ സൃഷ്ടിക്കുകയായിരുന്നു അയ്യൻകാളി. ഇതിൻ്റെ രാഷ്ട്രിയവും  ധാർമ്മികവുമായ കൂടിവരവ് സങ്കല്പമാണ് അയ്യൻകാളി രൂപപ്പെടുത്തിയ കൊടുത്ത സാധുജനം എന്ന ജനസഞ്ചയസങ്കല്പം.മേൽജാതിക്കാരും ജാതിഹിന്ദുക്കളും ഹീന ജാതികളായും അപരമനുഷ്യരായും നിലനിർത്തിയ അടിത്തട്ട് മനുഷ്യരെ നീതിയുടെയും സമതയുടെയും തലത്തിൽ സ്ഥാനപ്പെടുത്തി സാമൂഹിക പ്രയോഗങ്ങൾ സൃഷ്ടിക്കുന്ന ധാർമ്മിക ജനസഞ്ചയ സങ്കല്പമാണ് സാധുജനത. ഹീനരാക്കപ്പെട്ട മനുഷ്യ ശരീരങ്ങളെ സാമൂഹിക പ്രക്ഷോഭത്തിൻ്റെ ജൈവരാഷ്ട്രീയ സ്ഥലരാശികളാക്കി മാറ്റുന്ന പ്രയോഗങ്ങളാണ് സാധുജനത സങ്കല്പം ഉൾവഹിക്കുന്നത്.

വേർതിരിവ് അസമത്തത്തിൻ്റെയും വേറ് കൂറ് ബോധ്യങ്ങളെയും ഹീനസങ്കല്പങ്ങളെയും ജാതി ജീവിത ഹിംസാരീതികളെയും മാറ്റം വരുത്തുന്നതിനായിട്ടാണ് ഈ ജനത സങ്കല്പം അയ്യൻകാളി രൂപപ്പെടുത്തുന്നത്.  സാധുക്കളാകാൻ സാധ്യതയുള്ള എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു ധാർമ്മിക സങ്കല്പമായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. പുലയ ലഹളകളായി സ്ഥാനപ്പെടുത്തപ്പെട്ട അടിമലഹളകളും സാമൂഹിക വിലക്കു ലംഘനപ്രക്ഷോഭങ്ങളും ഉൾകൊള്ളൽ പൊതു ( inclusive public )സമൂഹത്തിൻ്റെ സൃഷ്ടിക്കുവേണ്ടിയായിട്ടാണ് ഈ ജനതാസങ്കല്പത്തിൻ്റെ പ്രക്ഷോഭ പ്രയോഗങ്ങളായി വികസിച്ചുവന്നത്. ഇതിലൂടെ ജനതയും സമതയും എന്ന സങ്കല്പങ്ങൾ ജാതിമര്യാദകളെയും അടിമ ജാതി ശരീര വിലക്കുകളെയും ലംഘിക്കുന്ന സാമൂഹിക സങ്കല്പമായി മാറി. ഈ രീതിയിലുള്ള ജാതി നിയമലംഘന പ്രക്ഷോഭങ്ങൾ പൊതുമലയാളിയെ സൃഷ്ടിക്കുന്ന സമര പ്രയോഗങ്ങളായി മാറി. ജാതികളുടെ കേരളത്തെ മലയാളി മനുഷ്യരുടെ പുതുസാമൂഹികതയ്ക്കും നീതിവിനിമയത്തിനും അനുസരിച്ചുള്ള സാമൂഹിക ഇടങ്ങളാക്കാൻ അടിത്തട്ട് ജനസഞ്ചയങ്ങളുടെ സാധുജനത പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രിയമായി പ്രയോഗവൽക്കരിക്കുകയാണ് അയ്യൻകാളി ചെയ്തത്.

 വിഭവാധികാരവും സാമൂഹിക മൂലധനവും

ഭരണകൂടാധികാരത്തിലും സിവിൽ സമൂഹത്തിലും പങ്കാളിത്തം ലഭിക്കുന്ന സാംസ്കാരിക വിഭവമായി സാക്ഷരതയെയും സ്ഥാപനവൽകൃത ആധുനിക വിദ്യാഭ്യാസത്തെയും സ്ഥാനപ്പെടുത്തുകയായിരുന്നു  അയ്യൻകാളി. വിഭവങ്ങളും മൂലധനങ്ങളും സിവിൽ സമൂഹ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടവുമായി ഇടപെട്ടുകൊണ്ട് നേടിയെടുക്കുന്ന പ്രക്രിയയായിട്ടാണ് വികസിച്ചുവന്നത്. സിവിൽ സമൂഹവും ഭരണകൂടവും ജാതി-മതബദ്ധ പാരമ്പര്യസമൂഹത്തെയും മേൽകീഴ് സാമൂഹിക ബന്ധങ്ങളെയും പുനക്രമീകരിക്കുന്ന നീതി വിനിമയ സ്ഥാപനങ്ങളായി മാറണമെന്ന ധാരണയാണ് കീഴോർ സമൂഹ നേതൃത്വങ്ങൾ ഇടപെട്ട നവോത്ഥാന പ്രക്രിയയ്ക്കുണ്ടായിരുന്നത്. ഭരണകൂടവും സമൂഹവും തമ്മിലുള്ള ഇടപാടുബന്ധങ്ങളിൽ ഇവ രണ്ടും നീതിയുടെയും തുല്യതയുടെയും മൂല്യങ്ങൾ ഉൾവഹിച്ചുകൊണ്ട് ആധുനിക ഭരണപ്രകൃയയും  ഉൾകൊള്ളൽ സ്ഥാപനങ്ങളുമായി മാറണമെന്ന ആവശ്യങ്ങളാണ് നവോത്ഥാനകാലത്തെ പൗരാവകാശ സമരങ്ങളും പൊതുസമൂഹ സൃഷ്ടിക്കായുള്ള പ്രക്ഷോഭങ്ങളും ഉന്നയിക്കുന്നത്. പ്രക്ഷോഭകരമായ ഇടപെടലുകൾ സാമൂഹിക ബന്ധങ്ങളുടെ മാറ്റത്തിനായും പ്രാതിനിത്യ ഭരണപ്രകൃയയായി ഭരണകൂടാധികാരം മാറുന്നതിനുമായി സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന സിവിൽ സമൂഹ ഇടപെടലുകളെയാണ് നിർമ്മിക്കുന്നത്. സാമൂഹികാധികാര ബന്ധങ്ങളിലും ഭരണപ്രകൃയയിലും കീഴോർ സമൂഹങ്ങളെ ഉൾകൊള്ളുന്ന തുറവുകൾ നിർമ്മിക്കണമെന്ന ആവശ്യങ്ങൾ ശക്തമായി ഉണ്ടായിവരുന്നുണ്ട്.

ഈ പരിവർത്തനങ്ങളെ നിർമ്മിച്ചെടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങൾ സമരങ്ങളും പ്രക്ഷോഭങ്ങളുമായി സൃഷ്ടിച്ചു കൊണ്ടാണ് അയ്യൻകാളി നേതൃത്വം കൊടുത്ത പണിമുടക്ക് സമരവും വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളും വികസിച്ചുവന്നത്. പാരമ്പര്യ സാമൂഹിക നിയമങ്ങളെയും ജാതിമര്യാദകളെയും അട്ടിമറിക്കുന്ന നിയമലംഘന പ്രസ്ഥാനങ്ങളാണ് വിവിധയിടങ്ങളിൽ നടന്ന പുലയ ലഹളകളെന്നു വിലയിരുത്തപ്പെട്ട പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും. മാറ്റത്തിൻ്റെയും പരിവർത്തനത്തിൻ്റെയും പ്രക്രിയകളെയും ശരീരബദ്ധമായ കീഴായ്മബന്ധങ്ങളെയും കീഴ്‌വഴങ്ങൽ ചിഹ്നങ്ങളെയും കീഴായ്മയുടെ സാമൂഹിക ഉടയാടകളായി തിരിച്ചറിഞ്ഞ്  കുടഞ്ഞുകളയുന്ന സാമൂഹിക ആചാരലംഘന പ്രക്ഷോഭങ്ങളാക്കി തീർന്നത്. കല്ലുമാല പറിച്ചെറിയൽ പ്രക്ഷോഭങ്ങൾ ആധുനിക മലയാളികളുടെ ആധുനിക ശരീരത്തെ നിർമ്മിച്ച ശരീര രാഷ്ട്രിയത്തിൻ്റെ സമരരൂപമായിരുന്നു. ആധുനിക മലയാളിയുടെ കർതൃത്വത്തെ ശരീര രാഷ്ട്രിയത്തിലൂടെ നിർമ്മിച്ച പ്രക്ഷോഭകരമായ രാഷ്ട്രിയപ്രയോഗമായി അയ്യൻകാളി പ്രക്ഷോഭങ്ങൾ മാറുകയാണുണ്ടായത്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സാമൂഹിക ലംഘനങ്ങളും പണിമുടക്കവും സാമൂഹിക ജനായത്തത്തെ സിവിൽ സമൂഹബന്ധങ്ങളിൽ നിർമ്മിക്കുന്ന പ്രകൃയയായിട്ടാണ് വളർന്നുവന്നത്. കീഴ്ത്തട്ടിൽ സ്ഥാനപ്പെട്ട അയ്യൻകാളി ഉൾപ്പടെയുള്ള നേതൃത്വങ്ങളുടെ പ്രജാസഭയിലെ പ്രവർത്തനങ്ങൾ സിവിൽ സമൂഹ ബന്ധങ്ങളിൽ പൗരാവകാശങ്ങളോടെ ജീവിക്കുന്ന ആധുനിക മനുഷ്യരാകാൻ മലയാളിക്കു മാതൃകയാകുന്ന ഇടപെടലായിരുന്നു.  ഭരണപ്രകൃയയിലും വിഭവവിനിയോഗത്തിലും പങ്കാളിത്തവും പ്രാതിനിത്യവും ലഭിക്കുന്ന നീതിവിനിമയമായി പ്രാതിനിധ്യ അവകാശങ്ങൾ മാറണമെന്ന ബോധ്യമാണ് ഈ നേതൃത്വങ്ങളുടെ പ്രജാസഭാ പ്രവർത്തനങ്ങളിൽ കാണുന്നത്. വിമർശവാദമുഖങ്ങളിലൂടെ ആവശ്യങ്ങൾ അവകാശങ്ങളായി ഉന്നയിക്കുന്ന ഒരു രീതിയാണ് ഇവർ അവലംബിച്ചത്. ഇതുവഴി ജനായത്തത്തിൻ്റ ഒരു പൊതു രാഷ്ട്രിയവ്യവഹാരത്തെ പ്രജാസഭാ പ്രവർത്തനങ്ങളിലൂടെ അച്ചൻകാളി സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥതയും ആധുനിക വിദ്യാഭ്യാസവും ഭരണത്തിലും ഉദ്യോഗസ്ഥ വ്യവസ്ഥയിലുമുള്ള പങ്കാളിത്തവും സിവിൽ സമൂഹത്തിലും ഭരണകൂടത്തിലും പങ്കാളിത്തം ലഭിക്കുന്നതിനുള്ള അധികാരവും വിഭവപങ്കാളിത്ത ഭരണപ്രകൃയയുമായിട്ടാണ് അയ്യൻകാളി മനസ്സിലാക്കിയത്. ആവശ്യങ്ങളെ അവകാശങ്ങളായി ഉന്നയിക്കുന്ന ഒരു രാഷ്ട്രിയപ്രയോഗത്തെ അയ്യൻകാളി സാമൂഹിക ഇടപെടലിലൂടെയും പ്രജാസഭയ്ക്കകത്തുള്ള സംവാദങ്ങളിലൂടെയും  നിർമ്മിച്ചു. മലയാളിയുടെ പൊതുവിനെ (malayali common public ) നിർമ്മിച്ചെടുക്കുന്ന ഒരു ചരിത്ര പ്രക്രിയയിലൂടെയാണ് അയ്യൻകാളി നവോത്ഥാന നായകനായി രൂപപ്പെട്ടുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More