രണ്ടാംനിര നേതാക്കളുടെ പിന്തുണയോടെ സതീശന്‍ സുധാകരന്‍ ഗ്രൂപ്പുകള്‍ പിറക്കുന്നു; അവസാനകളിക്ക് ഒസിയും ചെന്നിത്തലയും

ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് എന്ന കോണ്‍ഗ്രസിലെ അടിത്തട്ട് പ്രവര്‍ത്തകരുടെ അഭിലാഷ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുകള്‍ പിറക്കുകയാണ്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന് കയ്യടിച്ചെത്തുന്ന പ്രവര്‍ത്തകര്‍ പഴയ എ, ഐ ഗ്രൂപ്പുകാര്‍ തന്നെയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ. സുധാകരനും പഴയ ഐ ഗ്രൂപ്പുകാരാണെങ്കിലും ഇപ്പോള്‍ ഗ്രൂപ്പുഭേദമന്യേ എ  ഗ്രൂപ്പുകാരും അവര്‍ക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണുന്നത്. ഹൈക്കമാണ്ടിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഇരുവരുടേയും തന്‍റേടി ഇമെജുമാണ് അണികളെ ആകര്‍ഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും നിഷ്കരുണം തഴഞ്ഞുകൊണ്ടുള്ള ഹൈക്കമാണ്ടിന്റെ സമീപനം അണികള്‍ക്ക് നല്‍കിയ മെസ്സേജ് വിജയിക്കുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ കെട്ടിപ്പടുത്ത് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തങ്ങളുടെ പ്രവര്‍ത്തനം എന്ന പ്രതീതിയാണ് തുടക്കം മുതല്‍ പുതിയ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സൃഷ്ടിച്ചത്. ഗ്രൂപ്പതീത കോണ്‍ഗ്രസിനായി വളരെ നേരത്തെ തന്നെ നീക്കം തുടങ്ങിയ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ ലക്ഷൃം മുന്നിര്‍ത്തിയാണ് വി. എം. സുധീരനെയും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെയും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കുറേക്കൂടി ജനകീയ അടിത്തറയുള്ള നേതാക്കളെ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചത്. കെ. സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതിലാണ് അത് കലാശിച്ചത്. സാമുദായിക നേതാക്കളോടുള്ള വിധേയത്വമില്ലായ്മ വി ഡി സതീശനും കരുത്തന്‍ എന്ന ഇമേജ് സുധാകരനും പൊതുസമ്മതിയും മാധ്യമശ്രദ്ധയും നേടിക്കൊടുത്തു. എന്‍ എസ് എസ് വിരുദ്ധ മനോഭാവമുള്ള അണികളുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഹൈക്കമാണ്ടിന്റെ പൂര്‍ണ്ണപിന്തുണയുണ്ടെങ്കിലും സുധീരന്‍, മുല്ലപ്പള്ളി എന്നിവരുടെ അനുഭവം മനസ്സില്‍ വെച്ച് ആദ്യമൊക്കെ ഒളിഞ്ഞും തെളിഞ്ഞും മൃദുവായി എതിര്‍ത്തും അല്പം വിധേയപ്പെട്ടുമൊക്കെ നിലയുറപ്പിച്ച സുധാകരനും സതീശനും ഡിസിസി അധ്യക്ഷപ്പട്ടികയുടെ പ്രഖ്യാപനത്തിലൂടെ മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ ഏകദേശം രണ്ടു ദശാബ്ദക്കാലത്തോള മായി കോണ്‍ഗ്രസിനെ നയിച്ചവരുമായ ഉമ്മന്‍ ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും മലര്‍ത്തിയടിക്കുന്ന കാഴ്ചയാണ് കണ്ടത്. വളരെ ശ്രദ്ധയോടെ കരുക്കള്‍ നീക്കിയ ഇവര്‍ തിരുവഞ്ചൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി ടി തോമസ്‌ തുടങ്ങി ഇരു ഗ്രൂപ്പുകളിലായി നിലയുറപ്പിച്ചിരുന്ന രണ്ടാം നിരനേതാക്കളുടെ പരസ്യപിന്തുണ ഉറപ്പുവരുത്തി. സുധാകരന്‍ - സതീശന്‍ - വേണുഗോപാല്‍ സഖ്യം മുന്‍ കെപിസിസി പ്രസിഡന്‍റും ഉമ്മന്‍ ചാണ്ടിക്കും  രമേശ്‌ ചെന്നിത്തലക്കുമപ്പുറം 'ശീതികരിക്കപ്പട്ടുകിടക്കുന്ന' ക്രൌഡ് പുള്ളറുമായ കെ. മുരളീധരനെയും കൂടെക്കൊണ്ടുവന്നു. എക്കാലത്തെക്കാളും വിശാലമായ ചര്‍ച്ചയാണ് ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ടു നടന്നത് എന്നും മുന്‍കാലങ്ങളില്‍ എല്ലാം പത്രങ്ങളിലൂടെയാണ് താന്‍ അറിഞ്ഞിരുന്നത് എന്നും വാര്‍ത്താസമ്മേളനം വിളിച്ച് പ്രസ്താവനയിറക്കിയ മുരളീധരന്‍ മുന്‍കാലങ്ങളില്‍, തന്നെ പലവിധത്തില്‍ തഴഞ്ഞവര്‍ക്ക് മറുപടി പറയുക കൂടിയാണ് ചെയ്തത്. 

പാര്‍ട്ടിയിലും മുന്നണിയിലും താഴെതലത്തില്‍ നില്‍ക്കുന്ന സുധാകരന്‍ - സതീശന്‍ അച്ചുതണ്ടില്‍ നിന്ന് കെ. മുരളീധരന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. നന്നായി പെര്‍ഫോം ചെയ്ത സന്ദര്‍ഭങ്ങളില്‍ പോലും മന്ത്രിസഭയില്‍ തങ്ങളെ തഴഞ്ഞെന്ന സമാന ദുഃഖം മുരളീധരനും സതീശനും പങ്കുവെയ്ക്കുന്നുമുണ്ട്. ഇവരെ അടുപ്പിക്കുന്നതിന് ഇത് പ്രധാന കാരണമായിട്ടുണ്ട്. ഡിഐസി രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട തനിക്ക് പറ്റിയ അബദ്ധങ്ങളും അക്കാരണത്താല്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയും വിശ്വാസ്യതാ തകര്‍ച്ചയും ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കെ മുരളീധരനെ നിര്‍ബന്ധിതനാക്കിയിട്ടുണ്ട്. ഡിഐസിക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ചതും അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് ആക്ഷേപിച്ചതും കേന്ദ്ര നേതൃത്വത്തെ വലിയ രീതിയില്‍ ചൊടിപ്പിച്ച അനുഭവങ്ങളാണ്. ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളീധരന്‍ തിരിച്ചറിയുന്നുണ്ട്. സംഘടനാ കാര്യത്തില്‍ ഒരുവിധത്തിലും തന്നെ പരിഗണിക്കാതിരുന്ന ഓസി-ആര്‍സി അച്ചുതണ്ടില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റായി തന്റെ നോമിനി അഡ്വ. പ്രവീണ്‍ കുമാറിനെ പരിഗണിച്ച സുധാകരന്‍-സതീശന്‍ ടീമിന്‍റെ നടപടിയും മുരളിയെ സന്തോഷിപ്പിച്ചിട്ടുണ്ട്.

അതേസമയം പൊതുരാഷ്ട്രീയത്തേയും സാമുദായിക വികാരത്തെയും നിര്‍ണ്ണയിക്കുന്ന ഘടങ്ങളാണ് മുരളീധരനെ അടുപ്പിച്ചുനിര്‍ത്തണമെന്ന ബോധ്യത്തിലേക്ക് സുധാകരന്‍-സതീശന്‍ ഗ്രൂപ്പിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഘടകകക്ഷികള്‍ക്കിടയില്‍, പ്രത്യേകിച്ച് പ്രധാന ഘടകകക്ഷിയായ  കെ മുരളീധരനുള്ള സ്വീകാര്യത ഇതില്‍ പ്രധാനഘടകമാണ്.  സുധാകരനോ സതീശനോ ഇല്ലാത്ത സ്വീകാര്യതയാണ് ലീഗ് നേതൃത്വത്തില്‍ മുരളിക്ക് ഉള്ളത്. ബിജെപി പ്രവേശം സംബന്ധിച്ച  ആക്ഷേപം മൂലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തനിക്കുണ്ടായ അപ്രീതി മറികടക്കാന്‍ നേമത്ത് ബിജെപിയുടെ എക്കൌണ്ട് പൂട്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുരളിയുടെ കൂട്ട് സഹായിക്കുമെന്നും സുധാകരന്‍ കരുതുന്നു. സാമുദായിക സമവാക്യങ്ങളെ ചെരുംപടി ചേര്‍ക്കുന്നതിനും മുരളിയുടെ സഹായം ഉണ്ടാകും. എന്‍എസ്എസിനെതിരെ  പ്രസ്താവന നടത്തിയ സതീശനോടുള്ള അപ്രീതി മറികടക്കാന്‍ എന്‍എഎസ്എസിന്റെ ജനറല്‍ ബോഡി അംഗം കൂടിയായ മുരളിയുടെ സാന്നിദ്ധ്യം സഹായിക്കുമെന്ന് പുതിയ നേതൃത്വം കരുതുന്നു. ചെന്നിത്തലയുടെ അഭാവംകൊണ്ട് നഷടപ്പെടാന്‍ സാധ്യതയുള്ള എന്‍എസിഎസിന്റെ പിന്തുണ മുരളിയിലൂടെ ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ ജില്ലകളിലെ നേതാക്കളെ  ഗ്രൂപ്പ് ഭേദമന്യേ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതിലൂടെ വലിയൊരു വിഭാഗം അണികളെ സുധാകരന് തന്നിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാതല നേതാക്കളും അദ്ദേഹത്തോട് മൃദുസമീപനം സ്വീകരിക്കാന്‍ ഇക്കാരണത്താല്‍ ഇടവന്നിട്ടുണ്ട്. അതേസമയം മുതിര്‍ന്ന നേതാക്കളില്‍ പലരും ഇപ്പോഴും മനസ്സുതുറക്കാന്‍ തയാറായിട്ടില്ല. അര്യാടനേയും കെ സി ജോസഫിനേയും പോലുള്ളവര്‍ രഹസ്യമായും പരസ്യമായും ഇടഞ്ഞുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ പ്രബലരായ ഉമ്മന്‍ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും പാടെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയുമോ എന്നകാര്യത്തില്‍ സുധാകരനും സതീശനും ആശങ്കയുണ്ട്. കേന്ദ്ര നേത്രുത്വത്തിനു പോലും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട് എന്നാണ് പട്ടികാ പ്രഖ്യാപനത്തിന് മുന്‍പ് ഇരുവര്‍ക്കുമുള്ള രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിളികള്‍ സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ പ്രായം കൊണ്ടുതഴയാമെന്ന വ്യാമോഹവും മുരളിയെക്കൊണ്ട് ചെന്നിത്തലയെ പകരം വെയ്ക്കാമെന്ന തന്ത്രവും വിജയിക്കുമെന്ന സുധാകര - സതീശന്‍ ഗ്രൂപ്പിന്റെ പ്രതീക്ഷ അസ്ഥാനത്തല്ല എന്നാണ് ഭൂരിപക്ഷം കോണ്‍ഗ്രസുകാരും കരുതുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി ഗ്രൂപ്പുരാഷ്ട്രീയം കളിച്ചും അതേസമയം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിച്ചും തഴമ്പിച്ച ചാണ്ടി - ചെന്നിത്തല അച്ചുതണ്ടിന്റെ കൈകള്‍ അത്രവേഗം പിന്നോട്ടുവലിച്ചുകെട്ടാന്‍ തങ്ങള്‍ക്കാവുമോ എന്ന ആശങ്കശക്തമാണ്.

ഏതായാലും ഒരുകാര്യം ഉറപ്പാണ്. പലപ്പോഴും കുറിക്കുകൊള്ളുന്ന പ്രസ്താവനകളിലൂടെ മാധ്യമങ്ങളെയും കോണ്‍ഗ്രസ് അണികളെയും ആകര്‍ഷിക്കുന്ന കെ മുരളീധരന്‍ നേരത്തെ പറഞ്ഞതുപോലെ, ഗ്രൂപ്പുകള്‍ക്കതീതമായി സംഘടന കെട്ടിപ്പടുക്കും എന്ന് പ്രതീക്ഷ നല്‍കിയ സുധാകരന്റെയും സതീശന്റെയും നേതൃത്തില്‍ പിറന്ന പുതിയ ഗ്രൂപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് പുതിയ ഡിസിസി അധ്യക്ഷപ്പട്ടികയുടെ പ്രഖ്യാപനത്തിലൂടെയും തുടര്‍ന്ന് ഇരുവരും ചാണ്ടി - ചെന്നിത്തലമാര്‍ക്കെതിരെ നടത്തിയ പ്രസ്താവനകളിലൂടെയും കഴിഞ്ഞദിവസം നടന്നത്.

Contact the author

Recent Posts

Mehajoob S.V 6 days ago
Views

ഡോ. മുനീര്‍ ആദ്യമേ ഇങ്ങനെയായിരുന്നോ? - എസ് വി മെഹ്ജൂബ്

More
More
Sufad Subaida 1 week ago
Views

മിസ്റ്റര്‍ മുനീർ, ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നത് പിണറായിയല്ല- സുഫാദ് സുബൈദ

More
More
Sufad Subaida 2 months ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 3 months ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More