ആണ്‍ഗര്‍ജജനത്തിനുകീഴില്‍ അമര്‍ന്നുപോകില്ല എന്ന സന്ദേശമാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ നല്‍കിയത് - ക്രിസ്റ്റിന കുരിശിങ്കല്‍

സ്ത്രീയെ ഗൌരവത്തില്‍ എടുക്കേണ്ടതില്ല എന്ന ആണ്‍ക്കോയ്മാ മനോഭാവത്തെ മറികടക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയുമേറെ വിയര്‍ക്കേണ്ടി വരുമെന്നാണ് സമീപകാല സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന. മൈലാഞ്ചിമൊഞ്ചുള്ള കൈകളായി മാത്രം കണക്കാക്കപ്പെടുന്ന ആ കൈകള്‍ കൊടിപിടിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചപ്പോള്‍, അഭിപ്രായങ്ങള്‍ സധൈര്യം തുറന്നു പറഞ്ഞപ്പോള്‍ പോഷക സംഘടനയെത്തന്നെ പിരിച്ചുവിടുകയാണ് ലീഗ് നേതൃത്വം ചെയ്തത്. ആത്മാഭിമാനത്തെ പരിഹസിച്ചവര്‍ക്കെതിരെയും  സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. ഹരിതകമ്മറ്റിയങ്ങ് പിരിച്ചുവിട്ടു! ആ പോഷക സംഘടനയുടെ നേതൃസ്ഥാനത്തിരുന്ന എല്ലാവരെയും ഒഴിവാക്കി, ഇഷ്ടക്കാരെ വെച്ച് പുതിയ കമ്മിറ്റിയുണ്ടാക്കി. അതായത് കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍ പറയുന്നത് പോലെ കുറച്ച് മാലിന്യങ്ങളെ മുസ്ലിം ലീഗ് അങ്ങ്  ഒഴിവാക്കി! അത്രതന്നെ.

ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കാതിരുന്നതിനാലാണ്‌ ഹരിത നേതാക്കൾക്കെതിരെ ലീഗ്‌ നടപടി സ്വീകരിച്ചതെന്നാണ് പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് ഡോ. എം കെ മുനീര്‍ പറഞ്ഞത്. അതായത് നേതൃത്വത്തിന് നല്‍കിയ പരാതികള്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ മിണ്ടാതിരുന്നോളണം എന്ന്.  ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, പാര്‍ട്ടിയില്‍ നടക്കുന്ന ലൈംഗീകാധിക്ഷേപം പാര്‍ട്ടിയിലെ തന്നെ പുരുഷ മേലധികാരികളോട് അവതരിപ്പിക്കുകയും അവര്‍ പറയുന്ന ഉപാധികളോടെ പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം ഹരിത നേതാക്കളുടെ അവസ്ഥവരും എന്ന കൃത്യമായ സന്ദേശമാണ്, ലിബറല്‍ മതേതരവാദി എന്നറിയപ്പെടുന്ന ഡോ. എം കെ മുനീറടക്കമുള്ള ലീഗ് നേതാക്കള്‍ നല്‍കിയത്. എന്നാല്‍ ഒരു ഡോക്ടര്‍ കൂടിയായ മുനീര്‍ ഒരു കാര്യം അവധാനതയോടെ ഓര്‍ക്കുന്നത് നല്ലതാണ്. 'കാലം മാറി കൂടെ നിയമവും. പണ്ട് നിങ്ങള്‍ പറഞ്ഞപ്പോള്‍ ആളെ കൂട്ടുവാന്‍ വേണ്ടി കൊടിപിടിച്ച കൈകള്‍ക്ക് തിരിഞ്ഞുനിന്ന് നിങ്ങള്‍ക്കെതിരെത്തന്നെ മുദ്രാവാക്യം വിളിക്കാനറിയാം! 

അധികാരത്തിനുവേണ്ടി വാപൊത്തി ഓച്ചനിച്ച് ആണ്‍ഗര്‍ജനത്തിനുമേല്‍ മിണ്ടാതിരിക്കാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ലന്ന്  ഹരിതയിലെ നേതാക്കള്‍ തെളിയിച്ചിരിക്കുന്നു. ഇവിടെ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ നിയമസഭാ പ്രസംഗത്തിലെ വാക്കുകള്‍ ഓര്‍ക്കുന്നു. "അതെ സാര്‍ പെണ്ണാണ്, പെണ്ണിനെന്താണൊരു കുഴപ്പം?" രാഷ്ട്രീയപ്രസ്ഥാനങ്ങളിലൂടെ നാടിനെ സേവിക്കാന്‍ രംഗത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം അവരുടെതായ രാഷ്ട്രീയബോധ്യങ്ങളുണ്ട്. അവര്‍ക്ക് സമകാലീന സാമൂഹികസ്ഥിതിയെക്കുറിച്ചും, താന്താങ്ങളുടെ പാര്‍ട്ടികളിലെ നവീകരണത്തെക്കുറിച്ചും ഉത്തമബോധ്യമുണ്ട്. അതായത് പെണ്ണിനല്ല കുഴപ്പം. കാലം മാറിയാലും കാഴ്ച്ചപ്പാടു മാറാത്ത, സ്ത്രീകളെ ഇനിയും ഗൌരവത്തിലെടുത്തിട്ടില്ലാത്ത, മനുഷ്യരുടെ കാഴ്ചപ്പാടുകളില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന സ്ത്രീപക്ഷ ചിന്തയെന്ത് എന്ന് തിരിച്ചറിയാന്‍ കൂട്ടാക്കാത്ത ആണ്‍ ബോധമാണ്.

പെണ്ണ് ആധികാരിമായി ഒരിടത്ത് സംസാരിച്ചാല്‍ അതിനെ അംഗീകരിക്കാന്‍ ഇപ്പോഴും നമ്മുടെ ആണ്‍ക്കോയ്മാ മനോഭാവത്തിന് സാധിക്കില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ വലിയൊരുപങ്ക് നേതാക്കളും ലിംഗഭേദ ചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാണ്. അവരുടെ കാഴ്ചയില്‍ പെണ്ണിന്‍റെ സൗന്ദര്യം അവളുടെ ശാരീരിക സൗന്ദര്യം മാത്രമാണ്. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍, സന്ദര്‍ഭങ്ങള്‍, രാഷ്ട്രീയ ചോദ്യങ്ങള്‍ സ്തൈര്യത്തോടെ അഭിമുഖീകരിക്കാനുള്ള അവരുടെ ആര്ജ്ജവത്തെയും നിലപാടിനെയും അതിലെ സൌന്ദര്യത്തെയും അംഗീകരിക്കാന്‍ ഈ ആണ്‍ക്കോയ്മാ മനോഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരണം. അവിടെയാണ്‌ ഹരിതയിലെ മുഫീദ തെസ്നിയെപ്പോലുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. വാക്കുകള്‍ ഫോക്കസ് മാറാതെ, ചിട്ടപ്പെടുത്തി, രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കി, തന്‍മയത്തത്തോടുകൂടിയാണ് ഹരിതയിലെ നേതാക്കള്‍ സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. അവിടെ കുത്തുവക്കുകളില്ല. അസഭ്യങ്ങളില്ല. ആര്‍ക്കെതിരെയും പഴിചാരലുകളില്ല. തങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്നില്ല. എന്നാല്‍ അവര്‍ പറയുന്നതത്രയും കുറിക്ക് കൊള്ളുന്ന വാക്കുകളായിരുന്നു. അത് പലര്‍ക്കും കൊള്ളുന്നുണ്ട് എന്ന് നിസ്സംശയം പറയാം. പക്ഷെ അവരുടെ ഭാഷയെയോ, അവര്‍ ഉന്നയിക്കുന്ന ആശയങ്ങളെയോ മനസിലാക്കുവാന്‍ മുസ്ലിം ലീഗിലെ നേതാക്കള്‍ക്ക് നാം നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള ജെന്‍ഡര്‍ സെന്‍സിബിലിറ്റി ഇല്ലാതെപോയി. എങ്കിലും എക്കാലത്തും അതില്ലാതെ നില്‍ക്കാന്‍ കഴിയും എന്ന വ്യാമോഹത്തിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് മുഖമടച്ച് മറുപടി ലഭിക്കുകതന്നെ ചെയ്യും. 

സ്ത്രീ വിരുദ്ധത എന്നത് കേരളത്തിലെ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ മാത്രം ബാധിച്ച ഒരു വിഷയമല്ല. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മാത്രം സ്ത്രീ സുരക്ഷയെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന നേതാക്കള്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒന്നോര്‍ത്തെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. കെ കെ ഷൈലജ ടീച്ചറെ കൊവിഡ്‌ റാണി, നിപ്പ രാജകുമാരിയെന്ന് വിളിച്ച് പരിഹസിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി ആരും മറന്നിട്ടുണ്ടാവില്ല. ആര്‍ത്തവം അശുദ്ധമാണെന്ന പ്രസ്താവനയിലൂടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നേതാവാണ് കെപിസിസിയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് കെ സുധാകരന്‍. "പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യും എന്ന് വിചാരിച്ചെങ്കിലും പെണ്ണുങ്ങളെക്കാള്‍ മോശമായി"- എന്നാണ് സുധാകരന്‍ പിന്നീടൊരിക്കല്‍ പ്രസ്താവന നടത്തിയത്. സ്ത്രീകളെ അംഗീകരിക്കുന്നതില്‍ മറ്റു പാര്‍ട്ടികളെക്കാള്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷ പ്രസ്ഥാനം. അതിന്‍റെ ഉദ്ദാഹരണമാണ് ശബരിമല പ്രശ്നത്തില്‍ സിപിഎം എടുത്ത നിലപാട്. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഇടതുപക്ഷം കെട്ടിപൊക്കിയ വനിതാ മതിലുകൊണ്ടൊന്നും മറയ്ക്കാന്‍ സാധിക്കുന്നതായിരുന്നില്ല."ആലത്തൂരിലെ സ്ഥാനാര്‍ഥി ആദ്യം പോയി തങ്ങളെ കണ്ടു. പിന്നെ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു, ഇനി ആ കുട്ടിയുടെ അവസ്ഥ എന്തെന്ന് പറയാന്‍ കഴിയില്ല" എന്നായിരുന്നു രമ്യാ ഹരിദാസ് എംപിയെ കുറിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവന. പ്രിയങ്കാ ഗാന്ധിക്കെതിരായ പിഎസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശവും പരമ്പരാഗത ആണ്‍ബോധത്തില്‍ നിന്ന് തന്നെയാണ് ഉയര്‍ന്നുവരുന്നത്. പ്രിയങ്കയെ 'യുവസുന്ദരി' എന്ന് വിളിക്കുന്നതായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രശ്നം. നാല്‍പത്തെട്ടു വയസുള്ള പ്രിയങ്ക യുവതി അല്ലെന്നും അങ്ങനെ വിളിക്കരുതെന്നും സമൂഹത്തില്‍ പ്രസംഗിച്ച് നടന്ന ഇതേ മാന്യനാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറഞ്ഞ് വിലപിച്ചത്.

പെണ്ണിനേയും, പെണ്ണുടലിനെയും ലൈംഗീക ചുവയോടെ നുണഞ്ഞിറക്കുന്ന, ആണഹന്തയുടെ ഭാരം പേറുന്ന മുഖ്യധാരാ രാഷ്ട്രീയത്തില്‍ സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്ക്കാന്‍ സാധിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലിതന്നെയാണ്. എങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിനും അലങ്കാരത്തിനും മാത്രമാണ് സ്ത്രീകളെന്ന ചിന്താഗതി മാറ്റാന്‍ എല്ലാ പാര്‍ട്ടിക്കാരും നിര്‍ബന്ധമായും മനസ്സിലാക്കേണ്ടി വരും. സ്ത്രീകള്‍ നാടിനെ ഭരിക്കാന്‍ കഴിവുള്ളവരാണെന്നും, സ്വന്തമായി ആശയങ്ങളും, അഭിപ്രായങ്ങളും ഉള്ളവരാണെന്നുമുള്ള കാഴ്ചപ്പാടിലേക്ക്, മുഖം മൂടിയണിഞ്ഞ കപട സദാചാരവാദികള്‍ക്ക് അധികം താമസിയാതെ കണ്‍തുറക്കേണ്ടി വരും 

Contact the author

Christina Kurisingal

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More