ഇങ്ങനെ ഒരു മനുഷ്യൻ മജ്ജയും മാംസവുമാര്‍ന്ന് ഇവിടെ ജീവിച്ചിരുന്നുവന്ന് ഐന്‍സ്റ്റൈന്‍ പറഞ്ഞത് വെറുതെയല്ല -പ്രൊഫ. ജി ബാലചന്ദ്രൻ

മഹാകവി രബീന്ദ്ര നാഥ് ടാഗോർ 'മഹാത്മാവ്' എന്നും നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രപിതാവ് എന്നും  വിശേഷിപ്പിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി അഹിംസയും സത്യബോധവുംകൊണ്ട് വിശ്വമാകെ വെളിച്ചം പകര്‍ന്ന ജ്ഞാനപ്രകാശമായിരുന്നു. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ജന്മദിനം അന്തർദ്ദേശീയ അഹിംസാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് ഐക്യരാഷ്ട്ര സഭയാണ്. മഹാത്മജി ലോകത്തിന് തന്നെ അത്ഭുതമാണ്. ഒറ്റമുണ്ടും ഊന്നുവടിയുമായ് ഇന്ത്യയുടെ വിമോചനത്തിനുവേണ്ടി സഹനത്തിൻ്റെ സമരപോരാട്ടങ്ങൾ നടത്തിയ അർദ്ധനഗ്നനായ ഫക്കീര്‍. മഹാത്മജി ഇന്നും ജനഹൃദയങ്ങളിൽ കെടാവിളക്കായ് തെളിഞ്ഞുകത്തുന്നത് ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയും നെഞ്ചോട് ചേർത്തതുകൊണ്ടാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരെ  ഉപ്പിനെ സമരായുധമാക്കാൻ അഞ്ചടി ഉയരവുമുള്ള ആ കൊച്ചു മനുഷ്യന് കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. 

1897-ൽ വർണ വിവേചനത്തിൻ്റെ തീവണ്ടിയിൽ നിന്ന് എടുത്തെറിയപ്പെട്ടതോടെ യുഗപ്രഭാവനായ ഗാന്ധി ഉയർത്തെണീക്കുകയായിരുന്നു. അടിമച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ ഇന്ത്യ എന്ന മഹാരാജ്യത്തെ കോളനി വാഴ്ചയുടെ കരാളഹസ്തങ്ങളിൽ നിന്ന് സ്വതന്ത്രമാക്കാൻ ആ പച്ചമനുഷ്യൻ കൈമെയ് മറന്ന് അടരാടി. ധർമ്മത്തിൻ്റെ കുരുക്ഷേത്രത്തിൽ അഹിംസയുടെ പാഞ്ചജന്യം മുഴക്കിയപ്പോൾ 2,500 ലധികം ദിവസം അദ്ദേഹത്തിന് ഇരുമ്പഴിക്കുള്ളിൽ കഴിയേണ്ടിവന്നു. ദണ്ഡി യാത്രയും, നിസ്സഹകരണവും, ഉപ്പുസത്യാഗ്രഹവും ഖിലാഫത്തും, ക്വിറ്റ് ഇന്ത്യാ സമരവും കൊണ്ട് ഒരു ജനതയെ ജാതി-മത ചിന്തകൾക്കതീതമായ് ബ്രിട്ടനെതിരെ ഒന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ആ മഹാ മനുഷ്യനെ സ്വാതന്ത്ര്യത്തിൻ്റെ മിശിഹയാക്കുന്നത്. എൻ്റെ മനസ്സിലെ സത്യബോധമാണ് രാമനെന്നും , ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന ദരിദ്ര ജനത തന്നെയാണ് നാരായണൻമാരെന്നും, ഇന്ത്യയുടെ ഉടമസ്ഥർ ഇന്ത്യയിലെ ഗ്രാമീണരാണെന്നും ലോകത്തോട് പറയാൻ ആർജ്ജവം കാണിച്ച അത്ഭുതമാണ് ഗാന്ധി. അതുകൊണ്ടുതന്നെയാണ് "മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറകളോട് പറഞ്ഞാൽ അവർക്കത് അവിശ്വസനീയമായി തോന്നിയേക്കാം'' എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞുവെച്ചത്. ചർക്ക കൊണ്ട് നൂൽ നൂറ്റ് സ്വയംപര്യാപ്തതയുടെ പര്യായമായ ബാപ്പു, ജനഹൃദയങ്ങളിൽ 'സ്വദേശി' ബോധത്തിന്റെ പുതുനാമ്പുകൾ വളർത്തി. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതുവചനങ്ങൾ നൽകിയ മതതത്വശാസ്ത്രങ്ങളെ ഉൾക്കൊള്ളുകയും മതനിരപേക്ഷ സമൂഹത്തിൻ്റെ പുന:സൃഷ്ടിക്കായ് യത്നിക്കുകയും ചെയ്തു.

ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത ഒരു ജനതയോട് ഐക്യപ്പെട്ടുകൊണ്ട് മേൽമുണ്ട് എറിഞ്ഞുകൊടുക്കാൻ ഗാന്ധിക്കല്ലാതെ മറ്റാർക്ക് കഴിയും? ആ വലിയ പ്രഖ്യാപനത്തിൻ്റെ ശതാബ്ദിയിൽ നാം എത്തി നിൽക്കുമ്പോഴും ഉണ്ണാനും, ഉടുക്കാനും, ഉറങ്ങാനും ഇല്ലാത്ത ഒരു ജനത ഇവിടെ അവശേഷിക്കുന്നു എന്നത് ദു:ഖകരമാണ്. 1997-ൽ ഇരുപതാം നൂറ്റാണ്ടിലെ ലോകത്തിലെ  മഹത് വ്യക്തിയെ കണ്ടെത്താൻ  പ്രതിഭാധനരായ പതിനായിരം പേർ വോട്ടുചെയ്തപ്പോൾ അതിൽ 8,848 വോട്ടും നേടിയത് മഹാത്മജിയായിരുന്നു. കൂടെയുണ്ടായിരുന്ന മദർ തെരേസയ്ക്ക് 524 ഉം എഡിസണ് 310 ഉം ഐൻസ്റ്റീന് 288 ഉം വോട്ടുകൾ കൊണ്ട് ഒതുങ്ങേണ്ടിവന്നത് അവരുടെ ചെറുപ്പം കൊണ്ടല്ല.മറിച്ച് ഗാന്ധിയുടെ വലുപ്പം കൊണ്ടാണ്. അഞ്ചു തവണ സമാധാനത്തിൻ്റെ  നൊബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടുവെങ്കിലും ഗാന്ധി പരിഗണിക്കപ്പെട്ടില്ല. 1948-ൽ വെടിയേറ്റുവീഴുന്നതിന് മുമ്പ് ഗാന്ധി ഒരിക്കൽ കൂടി അന്തിമ നൊബേൽ പട്ടികയിൽ ഇടം തേടി. എന്നാൽ ആ വർഷം സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചതുമില്ല. 1989 ൽ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിക്കുമ്പോൾ പുരസ്കാര സമിതിയുടെ ചെയർമാൻ പറഞ്ഞത് ഗാന്ധിയ്ക്ക് നൊബേൽ നൽകാതെ പോയത് ഖേദകരമാണെന്നാണ്. ലാമയ്ക്ക് നൽകുന്ന അംഗീകാരം ഗാന്ധിയ്ക്ക് കൂടിയാണെന്ന്!  വരേണ്യതയുടെ നൊബേൽ പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും യുഗാന്ത്യത്തോളം ഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കും! 

Contact the author

Prof. G. Balachandran

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More