ലഖിംപൂര്‍: ബിജെപി കടുത്ത ആശയക്കുഴപ്പത്തില്‍; അജയ് മിശ്രയെ രാജിവെപ്പിക്കാന്‍ ആലോചന - നികേഷ് ശ്രീധരന്‍

ഡല്‍ഹി: ലഖിംപൂര്‍ സംഭവം ബിജെപിയെ ആഴത്തിലുള്ള പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധം ശക്തമാകുന്നതിനനുസരിച്ച് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമിടയിലുള്ള ചര്‍ച്ചകള്‍ക്കും വേഗം കൂടുകയാണ്. എങ്ങിനെയെങ്കിലും പ്രശ്നം ജനശ്രദ്ധയില്‍ നിന്നും മാധ്യമ വാര്‍ത്തകളില്‍ നിന്നും ഒഴിവായി കിട്ടാന്‍ ആകാവുന്നത് ചെയ്യുക എന്ന സമീപനത്തിനാണ് ഊന്നല്‍. ഇതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സംഭവത്തിന് കാരണക്കാരനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അജയ് മിശ്രയുടെ രാജി ആവശ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ലഖിംപൂര്‍ സംഭവത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ പെട്ടെന്ന് തണുപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും കൈകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി അജയ് മിശ്രയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാനുള്ള ആലോചനയും ശക്തമാണ്.

നേരത്തെ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ കഫീല്‍ ഖാനെതിരെ സ്വീകരിച്ച നടപടിയും ഹത്രാസില്‍ പ്രതിഷേധത്തെ അവഗണിച്ച രീതിയും തുടരേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നേതൃത്വത്തില്‍ നിന്ന് കിട്ടിയ ഉപദേശം എന്നാണ് സൂചന. ലഖിംപൂര്‍ സംഭവത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായ പ്രഖ്യാപനവും കുടുംബാംഗങ്ങള്‍ക്കുള്ള ജോലി വാഗ്ദാനവും ഇതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. പരമാവധി ഈ ഘട്ടത്തില്‍ ജനവികാരത്തിനെതിരായി പ്രവര്‍ത്തിക്കരുത്‌ എന്നാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നേരിയ ഭൂരിപക്ഷത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ വരും എന്നാണ് ചില സര്‍വേകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ലഖിംപൂര്‍ സംഭവത്തോടെ ഈ നില അട്ടിമറിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞ്ജന്‍ കൂടിയായ അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്. 

ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് പുതിയ പ്രക്ഷോഭങ്ങളും നേതാക്കളും യു പി കേന്ദ്രീകരിച്ച് വളര്‍ന്ന് വരാനുള്ള സാധ്യത തുടക്കത്തിലേ ഇല്ലായ്മ ചെയ്യാന്‍ നേതൃതലത്തില്‍ ആലോചന ശക്തമാണ്. എന്നാല്‍ മുന്‍ യുപി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി തുടങ്ങി, നിരവധി നേതാക്കളെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി അത്തരമൊരു സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രതന്ത്രജ്ഞരുടെ ഉപദേശം. ഇത് മാനിച്ച് അറസ്റ്റ് ചയ്ത പ്രിയങ്കയടക്കമുള്ള നേതാക്കളെ വിട്ടയക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ യു പിയില്‍ ബിജെപി വലിയ ഭീഷണിയായി കാണുന്ന നേതാവാണ് പ്രിയങ്കാ ഗാന്ധി. ലഖിംപൂര്‍ സംഭവത്തിലെ പ്രതിഷേധത്തിലൂടെ അവരുടെ ജനപ്രീതി ഉയര്‍ന്നുവെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അടുത്ത തെരഞ്ഞടുപ്പില്‍ പ്രിയങ്കയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കുറക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കും. ഈ നില തുടരാതിരിക്കാനാണ് പ്രിയങ്കയെ തടങ്കലില്‍ നിന്ന്  മോചിപ്പിക്കാനും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് ആവശ്യപ്പെട്ട മറ്റു നേതാക്കള്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാനും തീരുമാനിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷവും കര്‍ഷക സംഘടനകളും ലഖിംപൂര്‍ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ജാലിയന്‍ വാലാബാഗില്‍ കാണിച്ച കൊടും ക്രൂരതയ്ക്ക് സമാനമായ സംഭവമായാണ് ലഖിംപൂര്‍ സംഭവത്തെ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇത് യു പി സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രതിഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കും എന്നാണ് ബിജെപി സ്ട്രാറ്റജിസ്റ്റുകളുടെ വിലയിരുത്തല്‍. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ബിജെപിയുടെ അടുക്കളയില്‍ വേവിച്ചുകൊണ്ടിരിക്കുന്നത് . 

Contact the author

Nikesh Sreedharan

Recent Posts

Sufad Subaida 17 hours ago
Views

വധശിക്ഷ നീതി നടപ്പിലാക്കുമോ?- സുഫാദ് സുബൈദ

More
More
K T Kunjikkannan 17 hours ago
Views

പ്രവാചകൻ്റേത് സ്‌നേഹത്തിൻ്റെ ദർശനം -കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

നബി തിരുമേനി കാരുണ്യത്തിൻ്റെ പ്രവാചകൻ - പ്രൊഫ ജി ബാലചന്ദ്രൻ

More
More
Views

ചെ ഗുവേര: വിപ്ലവ ചരിത്രത്തിലെ ഇതിഹാസം - കെ ടി കുഞ്ഞിക്കണ്ണൻ

More
More
Nadeem Noushad 1 week ago
Views

അപ്പോള്‍ ബാബുക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു! നജ്മലിന്‍റെ ബാബുക്ക- നദീം നൌഷാദ്

More
More
Views

കെ ബാലകൃഷ്ണന്‍: വിപ്ലവകാരിയുടെ കലാപകാരിയായ മകന്‍ - പ്രൊഫ. ജി ബാലചന്ദ്രന്‍

More
More