മുതലമടയിലെ ദളിതരോടുളള വിവേചനം പൊതുസമൂഹം ഇനിയെങ്കിലും ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം- വി ടി ബൽറാം

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമട അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപ്പെട്ട പട്ടികജാതിക്കാരോട് കാണിക്കുന്ന വിവേചനം പൊതുസമൂഹം ഇനിയെങ്കിലും ഗൌരവമായി ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാം. ഏറ്റവും ദുർബ്ബലരായ ജനവിഭാഗങ്ങളെ ജാതിയുടേയും രാഷ്ട്രീയത്തിൻ്റേയും വ്യക്തിവിരോധത്തിൻ്റെയും പേരിൽ വേട്ടയാടാൻ ആരെയും അനുവദിക്കാനാവില്ലെന്ന്  അദ്ദേഹം പറഞ്ഞു.  ഭൂമിക്കും ആത്മാഭിമാനത്തോടെയുള്ള ജീവിതത്തിനുമുള്ള മനുഷ്യരുടെ അവകാശങ്ങൾ ആരുടേയും ഔദാര്യമല്ല എന്നത് ഭരണാധികാരികൾ തിരിച്ചറിഞ്ഞേ മതിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോലും ചക്കിലിയ വിഭാഗക്കാരെ അനുവദിക്കാത്ത തരത്തിലുള്ള വിവേചനങ്ങൾ അംബേദ്കർ കോളനിയിലുണ്ടായിരുന്നു. പിന്നീട്  2017-ൽ അംബേദ്കർ കോളനിയി പന്തിഭോജന സമരമുണ്ടായതിനുശേഷം പ്രത്യക്ഷ വിവേചനങ്ങൾ അവസാനിക്കുകയായിരുന്നു. എന്നാൽ അന്നത്തെ സമരങ്ങൾക്ക് നേതൃത്വം നൽകിയവരോട് ഔദ്യോഗിക സംവിധാനങ്ങൾ വഴിയുള്ള പകപോക്കൽ ഇന്നും തുടർന്നു വരികയാണ്' -  വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പാലക്കാട് ജില്ലയിലെ മുതലമട അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപ്പെട്ട പട്ടികജാതിക്കാരോടുളള വിവേചനങ്ങൾ തുടരുകയാണ്. 2017ലാണ് അവിടത്തെ ക്രൂരമായ ജാതി വിവേചനങ്ങൾക്കെതിരായ ഒരു പന്തിഭോജന സമരത്തിൽ ഞാൻ പങ്കെടുത്തത്. പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോലും ചക്കിലിയ വിഭാഗക്കാരെ അനുവദിക്കാത്ത തരത്തിലുള്ള പ്രത്യക്ഷ വിവേചനങ്ങൾ അതോടുകൂടി ഏതാണ്ട് അവസാനിപ്പിക്കപ്പെട്ടു. എന്നിരുന്നാലും അന്നത്തെ സമരങ്ങൾക്ക് നേതൃത്ത്വം നൽകിയവരോടുള്ള ഔദ്യോഗിക സംവിധാനങ്ങൾ വഴിയുള്ള പകപോക്കൽ ഇന്നും തുടർന്നു വരികയാണ്. 

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 34 എസ് സി കുടുംബങ്ങളാണ് കഴിഞ്ഞ നാല് ദിവസമായി അവിടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തി വരുന്നത്. ഇതിൽ വിധവകളും രോഗികളുമെല്ലാമുണ്ട്. വാടകക്ക് താമസിക്കുന്ന പലരുടേയും കുടുംബത്തിൽ 14 ഉം 15 ഉം അംഗങ്ങൾ വരെയുണ്ട്. എല്ലാ നിലക്കും അവകാശപ്പെട്ട ഇവർക്കൊന്നും വീടിനും സ്ഥലത്തിനുമുള്ള സഹായം നൽകാതെ പഞ്ചായത്തിന് രാഷ്ട്രീയമായി  വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ആവർത്തിച്ചു നൽകുന്നത്. 2017 മുതൽ ലൈഫ് പദ്ധതി വഴി സഹായത്തിനുള്ള അഭ്യർത്ഥന ഓരോരുത്തരും നൽകിയിട്ടുണ്ട്. ഈ അപേക്ഷകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണത്രേ പഞ്ചായത്തിൻ്റെ ഔദ്യോഗിക നിലപാട് ! എന്നാൽ ഓരോ തവണ അപേക്ഷ പുതുക്കുമ്പോഴും തങ്ങൾക്ക് ലഭിച്ച രണ്ടും മൂന്നും കൈപ്പറ്റു രശീതികൾ സമരപ്പന്തലിലിരിക്കുന്ന നിരവധി അമ്മമാർ എനിക്ക് നേരിട്ട് കാണിച്ചുതന്നു.

സ്വന്തമായി 10 സെൻ്റ് സ്ഥലം കണ്ടെത്തി വന്നാൽ അവിടെ ഫ്ലാറ്റ് പണിയാനുള്ള പദ്ധതിയേക്കുറിച്ചാലോചിക്കാം എന്നും ചില അധികാരികൾ സമാശ്വസിപ്പിക്കുന്നുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ തുച്ഛമായ വിലക്ക് ഭൂമി വാങ്ങാൻ കിട്ടുന്ന ഈ അതിർത്തി ഗ്രാമത്തിൽ ഫ്ലാറ്റല്ല, സർക്കാർ മാനദണ്ഡപ്രകാരമുള്ള ഭൂമിവില സാമ്പത്തിക സഹായമായി നൽകിയാൽത്തന്നെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഭൂമി ഉള്ളവർക്ക് വീടിനുള്ള ധനസഹായവും നൽകണം. യഥാർത്ഥത്തിൽ പഞ്ചായത്ത് അധികാരികളിൽ ചിലരുടെ ബിനാമിയായ ഒരാൾ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമിയിൽ നിന്ന് ഉയർന്ന വിലക്ക് ഭൂമി വാങ്ങാൻ തയ്യാറാവുന്ന അപേക്ഷകർക്ക് മാത്രമേ പഞ്ചായത്ത് ആനുകൂല്യം നൽകാൻ തയ്യാറാവുന്നുള്ളൂ എന്നാണ് സമരക്കാരുടെ പരാതി.

മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടറുമൊക്കെ നിരവധി തവണ ഇടപെട്ടിട്ടുണ്ട്. വിശദമായ പരിശോധനകൾ നടത്തി 34 അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി 2020 ജൂൺ മാസത്തിൽത്തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും പ്രശ്ന പരിഹാരത്തിന് തടസ്സമാവുന്നത് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കലാണ്. സമരം ചെയ്യുന്നവർക്കെതിരെ പോലീസിനെ ഉപയോഗപ്പെടുത്തി കള്ളക്കേസുകൾ ചമക്കുന്നതും ഇവിടെ പതിവാണ്. സമരം അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരും എന്ന് പോലീസ് നേരിട്ടാണ് ഭീഷണിപ്പെടുത്തുന്നതെന്നും അവിടെയുള്ള അമ്മമാർ തുറന്നു പറയുന്നു.

ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കാതെ ലാപ്സ് ആക്കിക്കളയുന്ന ഒരു സർക്കാർ വകുപ്പാണ് പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ്. കഴിഞ്ഞ അഞ്ച് വർഷം ഇതേ പാലക്കാട് ജില്ലയിലെ തൊട്ടടുത്ത നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വ്യക്തിയായിരുന്നു വകുപ്പ് മന്ത്രി. ഇപ്പോഴത്തെ മന്ത്രിയും അധികം ദൂരെയുള്ളയാളല്ല. എന്നിട്ടും ഏറ്റവും സാധാരണക്കാരുടെ ന്യായമായ ആവലാതികൾ പരിഹരിക്കപ്പെടാതെ കിടക്കുന്നത് തീർത്തും ദൗർഭാഗ്യകരമാണ്.

മാധ്യമങ്ങളടക്കം പൊതു സമൂഹം ഇത്തരം വിഷയങ്ങൾ ഇനിയെങ്കിലും ഗൗരവത്തോടെ ചർച്ച ചെയ്യാൻ തയ്യാറാവണം. പരിഹരിക്കപ്പെടാൻ കഴിയുന്ന വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള ഊർജിത നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണം. ഏറ്റവും ദുർബ്ബലരായ ജനവിഭാഗങ്ങളെ ജാതിയുടേയും രാഷ്ട്രീയത്തിൻ്റേയും വ്യക്തിവിരോധത്തിൻ്റെയും പേരിൽ വേട്ടയാടാൻ ആരെയും അനുവദിക്കാൻ നമുക്കാവില്ല. ഭൂമിക്കും ആത്മാഭിമാനത്തോടെയുള്ള ജീവിതത്തിനുമുള്ള മനുഷ്യരുടെ അവകാശങ്ങൾ ആരുടേയും ഔദാര്യമല്ല എന്നത് ഭരണാധികാരികൾ തിരിച്ചറിഞ്ഞേ മതിയാവൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 20 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More