ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിനു ശേഷം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി മൂന്നാമത്തെ കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയതായി പാര്‍ട്ടി ഉണ്ടാക്കിയേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് അമരീന്ദര്‍ വീണ്ടും അമിത് ഷായെ കാണുന്നത്. ഇന്ന് ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിക്കാനാവാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ബിജെപിയിലേക്കില്ലെന്നുമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിനു ശേഷം അമരീന്ദര്‍ വ്യക്തമാക്കിയത്. അമ്പത് വര്‍ഷം കോണ്‍ഗ്രസില്‍ നിന്നിട്ടും തന്നെ വിശ്വാസമില്ലാത്ത പാര്‍ട്ടി നേതാക്കളുടെ കൂടെ തുടരാന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ബിജെപി ദേശിയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനത്തെയും അംഗീകരിക്കാന്‍ തയ്യാറാണെന്ന് മീറ്റിംഗിന് ശേഷം സിദ്ദു പറഞ്ഞു. പിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമുള്ള സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡിന് തലവേദന ഉണ്ടാക്കിയിരുന്നു. സിദ്ദുവിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അമരീന്ദര്‍ സിംഗിന്റെ രാജിയിലേക്കും കോണ്‍ഗ്രസ് വിടുന്നതിലേക്കും എത്തിച്ചിരിക്കുന്നത്.