വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ സുരക്ഷാ നിയമങ്ങളില്‍ കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മുന്‍ ഉദ്യോഗസ്ഥന്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേടിച്ച് ഫേസ്ബുക്ക് സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കിയില്ലെന്നും ഉദ്യോഗസ്ഥന്റെ പരാതിയില്‍ പറയുന്നു. വിദ്വേഷ പ്രസംഗങ്ങള്‍, നിയമ വിരുദ്ധമായ കാര്യങ്ങള്‍ എന്നിവ പ്രചരിക്കുന്നത് ഫേസ്ബുക്കിന്റെ അറിവോടെയാണെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
ട്രംപിന്റെ ഭരണകാലത്ത് അദ്ദേഹത്തെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് സുരക്ഷാ നിയമങ്ങളില്‍ വീഴ്ചവരുത്തിയെന്നും കമ്പനിയുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കാണിച്ച് അമേരിക്കന്‍ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ഫേസ്ബുക്കില്‍ കുറച്ച് സമയം ചെലവിടുന്നയാള്ക്ക് വരുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാല പ്രവര്‍ത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവഴി വിദ്വേഷ പ്രചരണങ്ങളും, വര്‍ഗീയ സന്ദേശങ്ങളുമെല്ലാം ആളുകളിലേക്ക് വേഗത്തിലെത്തുന്നു. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താതെ ഉദ്യോഗസ്ഥന് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ, ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു ഹൌഗന്റെ ആരോപണം. കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെയ്സ്ബുക്കിന് സെനറ്റിന്റെ വിമര്‍ശങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 'വാള്‍സ്ട്രീറ്റ്' ജേണലാണ് ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും, ആത്മവിശ്വാസത്തിലും വിപരീതഫലമാണ് നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയത് ഹൗഗന്‍ ആയിരുന്നു.