അനുപമയും കുഞ്ഞും പൊലീസും പാര്‍ട്ടിയും: കേസിന്റെ നാള്‍വഴി- ഡോ ആസാദ്

Dr. Azad 7 months ago

എസ് എഫ് ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയതും അമ്മയുടെ അന്വേഷണങ്ങളെ തടസ്സപ്പെടുത്തിയതും കൂട്ടിവായിക്കുമ്പോള്‍ ശക്തമായ ഒരു ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നാതായി കാണാം. നിയമലംഘനത്തിന്റെ നാൾവഴി പരിശോധനയില്‍ നിന്ന് അത് വ്യക്തമാകും. 

അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ സൊസൈറ്റി എന്നിവ കൈകോർത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്. സി.പി.എം. നേതാക്കൾക്കും മുഖ്യമന്ത്രിക്കുംവരെ നൽകിയ പരാതികൾ അനുപമയുടെ അച്ഛനും സി.പി.എം. പ്രാദേശിക നേതാവുമായ ജയചന്ദ്രനെ സഹായിക്കാനായി അവഗണിക്കപ്പെട്ടു. പി.ബി.അംഗം വൃന്ദാകാരാട്ട് മാത്രമാണ് കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഇടപെട്ടത്.

ശിശുക്ഷേമസമിതി

2020 ഒക്ടോബറിൽ അനുപമ പ്രസവിക്കുന്നതിന് കുറച്ചുദിവസം മുമ്പേതന്നെ അച്ഛൻ പി എസ് ജയചന്ദ്രന്റെ നേതൃത്വത്തിൽ മുദ്രപ്പത്രത്തിൽ നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങി. ഇതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അനുപമയ്ക്ക് അറിയില്ലായിരുന്നു. വളർത്താനാവാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകുന്നുവെന്നായിരുന്നു ഉള്ളടക്കമെന്ന് പിന്നീട് മനസ്സിലായി.

ജനിച്ച് മൂന്നാം ദിവസം (ഒക്ടോബർ-22) കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി. ജനറൽ സെക്രട്ടറി ഷിജുഖാൻ ഉൾപ്പെടെയുള്ളവരോട് നേരത്തേ സംസാരിച്ചതിനാൽ രാത്രി 12.30-ഓടെ നഴ്സ് എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയതെന്നാണ് വിവരം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നൽകിയത് ഷിജുഖാന് അറിയാമെന്ന് സി പി എം ജില്ലാനേതൃത്വം സ്ഥിരീകരിച്ചിരുന്നു. അമ്മത്തൊട്ടിലിൽ ലഭിച്ചെന്നാണ് സമിതിയിലെ രേഖകളിലുള്ളത്.

ലഭിച്ചത് ആൺകുഞ്ഞ്  രേഖകളിൽ പെൺകുഞ്ഞ്

ലഭിച്ചത് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചെന്നും മലാല എന്ന പേരിട്ടെന്നുമായിരുന്നു സമിതിയുടെ അടുത്ത ദിവസത്തെ പത്രക്കുറിപ്പ്. തൈക്കാട് ആശുപത്രിയിലെയും ശിശുക്ഷേമസമിതിയിലെയും രേഖകളിൽ പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുഞ്ഞിന്റെ ലിംഗമാറ്റം വിവാദമായതോടെ തിരുത്തി സിദ്ധാർഥൻ എന്ന് പേരിട്ടു. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോഴുള്ള തെറ്റെന്ന് വിശദീകരണം. എന്നാൽ, മറ്റ് നടപടികളൊന്നുമുണ്ടാവാതെ ഇവരെ പെട്ടെന്ന് തിരിച്ചെടുത്തു. തൈക്കാട് ആശുപത്രിയിലെ രേഖകളും തിരുത്തി.

ഷിജുഖാൻറെ ഇടപെടല്‍ ശക്തം 

കുഞ്ഞിനെ അന്വേഷിച്ച് സ്വന്തം മാതാപിതാക്കൾ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്തുനൽകാൻ പോവുകയാണെന്നുകാട്ടി നവംബർ നാലിന് പത്രപരസ്യം നൽകി. ജൂലായിൽ ദത്ത് നൽകാനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വൈബ്സൈറ്റിൽ കുഞ്ഞിന്റെ വിവരങ്ങൾ ചേർക്കുന്നു. ദത്തുനൽകൽ കമ്മിറ്റിയിൽ ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ സുനന്ദയും അംഗങ്ങളായിരുന്നു.

മാതാപിതാക്കളുടെ പരാതികൾ മറച്ചുവെച്ച് ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ആന്ധ്രാസ്വദേശികൾക്ക് ദത്ത് നൽകുന്നു. ഇതിന് രണ്ടു ദിവസത്തിനുശേഷമാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അമ്മയെ അറിയിക്കുന്നത്.

ഓഗസ്റ്റ് 11-ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ സി ഡബ്ല്യു സിയിലും ശിശുക്ഷേമ സമിതിയിലും എത്തി. ഡി എൻ എ പരിശോധന ആവശ്യപ്പെടുന്നു.

മറ്റൊരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന സെപ്റ്റംബർ 30-ന് നടത്തുന്നു. ഒക്ടോബർ ഏഴിന് കുഞ്ഞ് അനുപമയുടേതല്ലെന്ന് ഫലം വരുന്നു.

ഒക്ടോബർ 13-ന് കുഞ്ഞിന്റെ ദത്ത് നടപടികൾ പൂർത്തിയാക്കാനായി തിരുവനന്തപുരം കുടുംബ കോടതിയിൽ ഷിജുഖാൻ സത്യവാങ്മൂലം നൽകുന്നു. കുഞ്ഞിന്റെ രക്ഷിതാക്കൾ ഡി എൻ എ പരിശോധനക്ക് കാത്തുനിൽക്കുന്നതുപോലും മറച്ചുവെച്ചുകൊണ്ടാണ് സത്യവാങ്മൂലം നൽകിയത്.

ദത്തുകേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ സീനിയോറിറ്റി മറികടന്ന് അനുപമയുടെ കുഞ്ഞിനെ ദത്തുനൽകി.

പൊലീസും പാര്‍ട്ടിയും 

കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ ഏപ്രിൽ 19-ന് രക്ഷിതാക്കൾ പരാതി നൽകി. എന്നാൽ, ദിവസങ്ങളോളം അനുപമയെയും അജിത്തിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതല്ലാതെ കേസെടുത്തില്ല. കുഞ്ഞിനെ കൊണ്ടുപോയ ജയചന്ദ്രനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതുമില്ല.

ഏപ്രിൽ 29-ന് ഡി ജി പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി. ഒപ്പം വൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്കും പരാതി നൽകി. സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും ബന്ധപ്പെട്ടു.

മെയ് മാസത്തില്‍ പേരൂർക്കട പൊലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തില്ല. അനുപമയുടെ സമ്മതത്തോടെ നിയമപരമായി നൽകിയ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്ന് സി പി എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

വൃന്ദാകാരാട്ട് മുന്‍ സംസ്ഥാന ആരോഗ്യ വകുപ്പ്മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ പി കെ  ശ്രീമതിയോട് ഇടപെടാൻ നിർദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കുഞ്ഞ് ദത്തുപോയതിന് ശേഷം ഓഗസ്റ്റ് 10-ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കുഞ്ഞിനെ അനുപമയുടെ മതാപിതാക്കൾ ശിശുക്ഷേമ സമിതിയിൽ നൽകിയകാര്യം അറിയിക്കുന്നു.

മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവരുകയും വിവാദമാവുകയും ചെയ്തതോടെ പരാതി ലഭിച്ച് ഏഴുമാസത്തിനുശേഷം ഒക്ടോബർ 19-ന് പേരൂർക്കട പോലീസ് അനുപമയുടെ രക്ഷിതാക്കൾക്കെതിരേ കേസെടുക്കുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി

ഏപ്രിലിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും കുഞ്ഞിന്റെ രക്ഷിതാക്കൾ പരാതി നൽകി. കൊവിഡായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ എൻ. സുനന്ദ വീഡിയോ കോൺഫറൻസിലൂടെ 16 മിനിറ്റോളം അനുപമയുമായി സംസാരിച്ചു. പക്ഷേ, ഒരു സഹായവും ചെയ്തില്ല.

ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ തേടാനോ, ഡി എൻ എ പരിശോധനയടക്കമുള്ള തുടർ നടപടികൾക്കോ തയ്യാറായില്ല. പരാതി മുന്നിലുള്ളപ്പോൾ തന്നെ കുഞ്ഞിനെ ദത്തുനൽകാനുള്ള തീരുമാനങ്ങളെടുത്തതിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പങ്കുണ്ട്. ഒക്ടോബറിൽ സംഭവം വിവാദമായപ്പോൾ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സി ഡബ്ല്യു സി അധ്യക്ഷയുടെ വാദം.

അനുപമ കേസിന്റെ ഈ 'നാള്‍വഴി വിവരങ്ങള്‍' കുഞ്ഞിനെ കടത്തുന്ന കാര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎം നേതാക്കളും പൊലീസും ചേര്‍ന്ന് നടത്തിയ ഒത്തുകളി വെളിവാക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More