യുഎപിഎ: പിണറായി രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തത് എന്തുകൊണ്ടാണ്?- പി എം ജയന്‍

'രാജ്യസുരക്ഷ' എല്ലാത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള 'ഫ്രീപാസല്ല' എന്ന് സുപ്രീം കോടതി പെഗാസസ് കേസില്‍ സംഘപരിവാര്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായി നിലപാടെടുത്തത് ഇന്നലെയാണ് (27-10-21). യാദൃശ്ചികമാണോ എന്നറിയില്ല അതേ ദിവസം കേരള നിയമസഭയില്‍ കെ കെ രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ചോദ്യമുന്നയിച്ചപ്പോഴും 'രാജ്യസുരക്ഷ' കടന്നുവന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യമായതിനാല്‍ മറുപടി തരാനാകില്ല എന്നാണ് പിണറായി വിജയന്‍ രമയ്ക്ക് നല്‍കിയ മറുപടി. ഇത് സുപ്രീംകോടതിയെ പരിഹസിക്കുന്ന മറുപടിയാണോ ആവോ? (പിണറായി വിജയന്‍ കൊടുത്ത ഇതേ ഉത്തരം തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരും പല ഘട്ടത്തിലും പറഞ്ഞിരുന്നത് എന്നോര്‍ക്കണം, പെഗാസസ് കേസില്‍ മാത്രമല്ല) 

കെ കെ രമയുടെ ചോദ്യങ്ങള്‍ 

1. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് യു എ പി എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്? ഇവരുടെ പേരുവിരവങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും ലഭ്യാമാകുമോ?

2. സംസ്ഥാനത്ത് നിലവില്‍ യു എ പി എ കേസുകളില്‍ ഉള്‍പ്പെട്ട് വിചാരണതടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പട്ട കേസുകളുടെ വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുമോ?

3. ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി അറിയിക്കുമോ?

4. ഈ കാലയളിവില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും യു എ പി എ പിന്‍വലിക്കപ്പെട്ടതുമായ വിശദാംശങ്ങള്‍ നല്‍കുമോ?

നാലില്‍ മൂന്നിനും പിണറായിക്ക് ഉത്തരമില്ല 

ഈ നാല് ചോദ്യങ്ങളില്‍ അവസാനത്തേതിന് ഒഴികെ ആദ്യത്തെ മൂന്ന് ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. ലഭിച്ച മറുപടിയാകട്ടെ ഒരേതരത്തിലുള്ളതും. ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കുവാന്‍ കഴിയില്ല എന്നായിരുന്നു ആ മറുപടി.

യു എ പി എ സംബന്ധിച്ച വിഷയത്തില്‍ ചോദ്യം ഇതാദ്യമായല്ല കേരള നിയമസഭയില്‍ വരുന്നത് എന്നാണ് ഓര്‍മ. ഇതിന് മുന്‍പ് ഉന്നയിച്ച ചോദ്യത്തിന് അതുന്നയിച്ച എം എല്‍ എയ്ക്ക് മറുപടി കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രം രാജ്യസുരക്ഷ പറഞ്ഞ് ജനപ്രതിനിധിക്ക് പോലും ഉത്തരം കൊടുക്കാത്തത് എന്തുകൊണ്ടാകാം. അതുസംബന്ധിച്ച് സംസാരിക്കേണ്ടത് നിയമമറിയുന്നവരാണ്. അവരാ കാര്യത്തില്‍ വിശദീകരണം നടത്തട്ടെ.

അത് മാറ്റിവെച്ച് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ യു എ പി എ കാര്യത്തില്‍ സി പി എം കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കേരളത്തിലെ സി പി എം എടുത്തുകൊണ്ടിരിക്കുന്ന സമീപനങ്ങള്‍ ഇതിനകം ഏറെ വിമര്‍ശനവിധേയമായതാണ്. അലന്‍-താഹ കേസിലും മറ്റും എന്‍ ഐ എയെയും പൊലീസിനെയും ന്യായീകരിച്ച് ഇതേ പിണറായി വിജയന്‍ തന്നെ പരസ്യപ്രസ്താവന നടത്തിയതും ഓര്‍ക്കുക. (മറ്റൊരു സന്തോഷകരമായ വാര്‍ത്ത പന്തീരാങ്കാവ് കേസില്‍ താഹയ്ക്ക് സുപ്രീംകോടതി ഇന്ന് ജാമ്യം അനുവദിച്ചു എന്നതാണ്, സി പി എമ്മിന് അതിഷ്ടമാകില്ലെങ്കിലും)

സംസ്ഥാന സര്‍ക്കാരിനെ എന്‍ ഐ എ പ്രശംസിച്ചത് എന്തിനാണ്?

സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ യുക്തിയെ പ്രീണിപ്പിക്കുന്നതിനും അവരുടെ താല്‍പര്യത്തിനൊത്ത് തുള്ളുന്ന എന്‍ ഐ എ പോലുള്ള ഏജന്‍സികള്‍ക്കുവേണ്ടിയുമാണ് കേരളത്തില്‍ സി പി എമ്മും അവരുടെ ഭരണകൂടവും നിലപാട് കൈക്കൊള്ളുന്നത് എന്ന് അലന്‍ താഹ കേസില്‍ (ഈ കേസും എന്‍ ഐ എ ആണ് അന്വേഷിക്കുന്നത്) ഉയര്‍ന്ന ആക്ഷേപമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ എന്ന ഏജന്‍സിയുടെ അഭിനന്ദനംപോലും ഇടത് സര്‍ക്കാരിനെ ഉള്‍പ്പുളകം കൊള്ളിച്ചത് നാം കണ്ടതാണ്. 'സര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍ ഐ എ' എന്ന് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് ലീഡ് വാര്‍ത്തയാക്കിയത് ഇതിന്റെ ഭാഗമായിരുന്നു.(ജന്മഭൂമിപോലും ഇങ്ങനെ വാര്‍ത്ത കൊടുക്കാനിടയില്ല)

യു എ പി എ എന്നത് കൂടുതല്‍ വിശുദ്ധമായ ഒരു വകുപ്പാണെന്നും അതിന്റെ വിവരങ്ങള്‍ ജനപ്രതിനിധികള്‍ക്കുപോലും നല്‍കാന്‍ പാടില്ലെന്നും പിണറായി വിജയന്‍ ഇപ്പോള്‍ തീരുമാനിച്ചത് എന്തുകൊണ്ടാകാം. ഒന്നുകില്‍ ആ നിയമം സംബന്ധിച്ച കേസുകളുടെ വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന സംഘപരിവാര്‍ ഭരണത്തിന്റെ പുതിയ ഇണ്ടാസ് വല്ലതും കേന്ദ്രത്തില്‍നിന്ന് വന്നിട്ടുണ്ടാകാം. അങ്ങനെയുണ്ടെങ്കില്‍തന്നെ അതപ്പടി അനുസരിക്കാന്‍ മാത്രമേ ഫെഡറല്‍ ഘടനയില്‍ ഒരു ഇടത് സര്‍ക്കാരിന് ശേഷിയുള്ളോ എന്ന ചോദ്യം പിന്നാലെയുണ്ട്. അതുമല്ലെങ്കില്‍ രാജ്യസുരക്ഷയുടെയും രാജ്യസ്‌നേഹത്തിന്റെയും കാര്യത്തില്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനേക്കാള്‍ മുന്‍പിലാണ് തങ്ങളെന്ന് കാണിച്ച് കേരളത്തിലെ ശേഷിക്കുന്ന ഹിന്ദുവോട്ടുകള്‍കൂടി ഏകീകരിച്ചെടുക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാകും ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി യു എ പി എ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത്. തനി ഇസ്‌ലാമോഫോബിക് ആയി പല ഘട്ടങ്ങളിലും നിലപാട് കൈക്കൊണ്ട (ലൗവ് ജിഹാദ് അടക്കം) മുന്നണിയിലൂടെ വീണ്ടും അധികാരത്തിലേറിയ ഈ മുഖ്യമന്ത്രിയെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെ വിളിക്കണോ എന്നത് വേറെ കാര്യം. 

രാജ്യത്തെ അക്കാദമിക് പ്രവര്‍ത്തകരെയും മനുഷ്യാവകാശപ്രവര്‍ത്തരെയും മുസ്‌ലിംകളെയും വ്യാജ തെളിവുകളുണ്ടാക്കി യു എ പി എ ചുമത്തി ജയിലിലടച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ആരൊക്കെ എന്തിന്റെ പേരില്‍ അറസ്റ്റിന് വിധേയമായിട്ടുണ്ട് എന്ന് അറിഞ്ഞിട്ടുപോലും കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ജയിലില്‍ നടക്കുന്നത്. യു എ പി എ ചാര്‍ത്തി ഉള്ളില്‍ കിടക്കുന്ന പ്രമുഖരിൽ ചിലർ മരണപ്പെടുന്നുണ്ട്, മരണാസന്നരാകുന്നുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ ജയില്‍മരണം ഓര്‍ക്കണം. ഇങ്ങനെയിരിക്കെ ഇത്തരം കേസിലെ വിവരങ്ങള്‍തന്നെ പുറത്തുവിടരുതെന്ന് പിണറായി വിജയന്‍ തീരുമാനമെടുത്താല്‍ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി? ജനാധിപത്യത്തിന്റെ പ്രാഥമിക അവകാശമായ വിവരങ്ങള്‍ പുറത്തുവിടല്‍ (വിവരാവകാശ കാലം) പോലും റദ്ദ് ചെയ്യുന്ന ഈ മുഖ്യമന്ത്രിയുടെ രാഷ്ട്രീയവിധേയത്വം മാര്‍ക്‌സിസത്തോടോ അതോ സംഘപരിവാര്‍ ഫാഷിസത്തോടോ എന്നുമാത്രമേ ഇനി ചര്‍ച്ച ചെയ്യേണ്ടുതുള്ളൂ... യു എ പി എ നീണാല്‍ വാഴട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More