കെ റെയില്‍ 2.8 ലക്ഷം മണിക്കൂർ മനുഷ്യസമയമാണ് ലാഭിക്കാൻ പോകുന്നത്- എ വിജയരാഘവൻ

കെ റെയില്‍ പദ്ധതിക്ക് വേഗം കൂട്ടണം എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വന്നതോടെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗതിവേഗം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും വിവിധ മാധ്യമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളും നിലപാടുകളും ഇക്കാര്യത്തിലുള്ള വ്യക്തതയ്ക്ക് വേണ്ടി Muziriz Post പ്രസിദ്ധീകരിക്കുകയാണ്. 

കെ റയില്‍ 2.8 ലക്ഷം മണിക്കൂർ മനുഷ്യസമയമാണ് ലാഭിക്കാൻ പോകുന്നത്- എ വിജയരാഘവൻ

(സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി) 

കേരളത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഏറ്റവും വലിയ പദ്ധതിയാണ് സിൽവർലൈൻ അഥവാ സെമി ഹൈ സ്പീഡ് റെയിൽ. ഈ പദ്ധതിയെ എതിർക്കുന്ന യുഡിഎഫിന്റെയും പദ്ധതിയോട് പുറംതിരിഞ്ഞുനിൽക്കുന്ന മോദി സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാകരുത്. നടപ്പായാൽ അത്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവിപ്രതീക്ഷകളെ തകിടംമറിക്കും. അഞ്ചുവർഷത്തെ എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നവർക്കറിയാം വികസനപദ്ധതികൾ നടപ്പാക്കുന്നതിന് അസാധാരണമായ ഇച്ഛാശക്തി ഭരണനേതൃത്വത്തിനുണ്ടെന്ന്. ഇതിനർഥം, റെയിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ അഞ്ചുവർഷത്തിനകം സെമി ഹൈ സ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ്. 50 വർഷം മുന്നിൽക്കണ്ട് ആവിഷ്കരിച്ച പശ്ചാത്തലസൗകര്യ വികസനപദ്ധതിയാണ് സിൽവർ ലൈൻ എന്ന് പ്രത്യേകം പറയേണ്ടതില്ല. അതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. അടുത്ത തലമുറയുടെ ആവശ്യമാണ്  പരിഗണിച്ചത്. പദ്ധതിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്കെല്ലാം മുഖ്യമന്ത്രി അക്കമിട്ട് മറുപടി പറഞ്ഞിട്ടുണ്ട്.  അതുകൊണ്ട് അതിലേക്ക് അധികം പോകുന്നില്ല.

ഇന്ത്യൻ റെയിൽവേ കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് നമുക്കറിയാം. സംസ്ഥാനങ്ങളുടെ അല്ലെങ്കിൽ വിവിധ മേഖലയുടെ ആവശ്യം മുൻനിർത്തിയല്ല റെയിൽവേ പ്രവർത്തിച്ചുവരുന്നതെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. വികസനത്തിലെ അസന്തുലിതാവസ്ഥ ഒരിക്കലും റെയിൽവെ കണക്കിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ബിജെപി സർക്കാരും മുൻകോൺഗ്രസ് സർക്കാരുകളും തമ്മിൽ വ്യത്യാസമൊന്നുമില്ല. രാഷ്ട്രീയ പരിഗണനകളും മന്ത്രാലയം ഭരിക്കുന്ന മന്ത്രിയുടെ സ്ഥാപിത–സങ്കുചിത താൽപ്പര്യങ്ങളുമാണ് റെയിൽ വികസനപദ്ധതികൾ തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത്.  കേരളത്തിൽ റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കാനെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടത് അങ്ങനെയാണ്. ഈ യാഥാർഥ്യം മനസ്സിലാക്കി എങ്ങനെയെങ്കിലും കേരളത്തിൽ റെയിൽ വികസനമുണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽ വികസനത്തിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. അതിനുവേണ്ടി റെയിൽവേയുമായി ചേർന്ന് പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിച്ചു-കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ).

മറ്റു ചില സംസ്ഥാനങ്ങളും ഈ മാതൃകയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും  ഒരു ബൃഹദ്‌ പദ്ധതി തയ്യാറാക്കി ഏറെ മുന്നോട്ടുപോയത് കേരളം മാത്രമാണ്.  കാരണം, റെയിൽവേയെ കാത്തിരുന്നാൽ കേരളത്തിൽ അടുത്തകാലത്തൊന്നും ഇത് നടക്കാൻ പോകുന്നില്ല. ഷൊർണൂർ–മംഗളൂരു പാത ഇരട്ടിപ്പിക്കാൻ മൂന്നു പതിറ്റാണ്ടിലേറെ വേണ്ടിവന്നു.  കായംകുളം മുതൽ കോട്ടയം വഴി എറണാകുളം വരെയുള്ള ഇരട്ടിപ്പിക്കൽ ഇഴഞ്ഞുനീങ്ങുന്നു.  ഈ സാഹചര്യം വിലയിരുത്തിയാണ് ബദൽ മാർഗത്തിൽ  സഞ്ചരിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്.

അതിവേഗ റെയിൽവേ, വികസിത രാഷ്ട്രങ്ങൾ 40 വർഷംമുമ്പ് നടപ്പാക്കിയതാണെന്ന് ഓർക്കണം. വേഗമേറിയ വണ്ടികൾ ഓടാൻ തുടങ്ങിയപ്പോൾ ജപ്പാന്റെ മുഖച്ഛായ തന്നെ മാറി. പശ്ചാത്തലസൗകര്യ വികസനത്തിൽ കേരളം പിറകിൽപ്പോയതിന് രാഷ്ട്രീയ കക്ഷികളെയും സർക്കാരിനെയും ജനങ്ങൾ പ്രതിക്കൂട്ടിൽ നിർത്താറുണ്ട്. സ്വാഭാവികമാണത്‌. ഭാവിവികസനത്തിന് ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുപോകുമ്പോൾ വിലങ്ങുതടിയാകുന്നത് ആരാണെന്ന് യുവജനങ്ങൾ വിലയിരുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. പദ്ധതിയെ എതിർക്കുന്ന കൂട്ടരുടെ ഒരു ചോദ്യം ഇതാണ്: കാസർഗോഡ് നിന്ന് നാലു മണിക്കൂർകൊണ്ട് തിരുവനന്തപുരത്ത് ആർക്കാണ് എത്തേണ്ടത്, എത്തിയിട്ട് എന്താണ് കാര്യം? കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ 13-14 മണിക്കൂർ വേണം. സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയും  ചെറുപ്പക്കാർ ദൂരസ്ഥലങ്ങളിൽ പോയി ജോലിയെടുക്കുകയും ചെയ്യുന്ന ഇക്കാലത്ത് എന്തിന് ഇത്രസമയം പാഴാക്കണമെന്ന ചോദ്യമാണ് നാടിനോട് സ്നേഹവും കരുതലുമുള്ളവർ ചോദിക്കേണ്ടത്. മനുഷ്യന്റെ സമയത്തിന്റെ മൂല്യം വലുതാണെന്നും ആ മൂല്യം നാൾക്കുനാൾ കൂടിവരികയാണെന്നും നമുക്കറിയാം. 

അമ്പതുവർഷത്തിനപ്പുറമുള്ള കേരളം എന്തായിരിക്കണമെന്നതിന്റെ ഏകദേശ ചിത്രം കിട്ടാൻ 50 വർഷം പിറകിലേക്ക് നോക്കിയാൽ മതി.  അന്ന്‌ ട്രെയിനിൽ യാത്ര ചെയ്തിരുന്നവരുടെ നൂറിരട്ടിയിലധികംപേർ ഇന്ന് യാത്ര ചെയ്യുന്നില്ലേ. വണ്ടികളുടെ എണ്ണം ഒരുപാട് കൂടിയിട്ടും  ആവശ്യത്തിനു തികയുന്നില്ല. കൽക്കരി വണ്ടികളുടെ സ്ഥാനത്ത് ഡീസൽ എൻജിനുകളും വൈദ്യുതി എൻജിനുകളും വന്നു. എന്തിനാണ് വിമാനത്താവളം? ആരാണ് അതിൽ യാത്ര ചെയ്യുന്നത്? എന്നൊക്കെയുള്ള ചോദ്യങ്ങൾ പേടിച്ച് നാം പിന്മാറിയിരുന്നെങ്കിൽ എന്താകുമായിരുന്നു  സ്ഥിതി? 50 വർഷത്തിനിടയിൽ മൂന്ന്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് കേരളത്തിലുണ്ടായത്. ശബരിമല തീർഥാടകരുടെ സൗകര്യം പരിഗണിച്ച് പുതിയ വിമാനത്താവളത്തിന് സർക്കാർ നടപടി ആരംഭിച്ചുകഴിഞ്ഞു.  കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് സ്ഥലമെടുക്കാൻ സർക്കാർ തീവ്രശ്രമം നടത്തുകയാണ്. 

എന്തിനാണ് നാലു മണിക്കൂർകൊണ്ട് കാസർഗോഡ് എത്തുന്നതെന്ന് ചോദിക്കുന്നവർ ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്കെതിരെ അഭിപ്രായ രൂപീകരണത്തിന് ശ്രമിക്കുകയാണ്. വാസ്തവത്തിൽ ഈ പദ്ധതിയുടെ ലക്ഷ്യം യാത്രാവേഗം മാത്രമല്ല, സുഗമവും സുരക്ഷിതവും വേഗതയേറിയതുമായ പൊതുഗതാഗത സംവിധാനം  വരുമ്പോൾ സംസ്ഥാനത്താകെ വികസനമുണ്ടാകുമെന്ന കാഴ്ചപ്പാടാണ് ഈ പദ്ധതി രൂപപ്പെടുത്തുന്നതിനു പിന്നിലുള്ളത്.  വിനോദസഞ്ചാരം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ രംഗങ്ങളിലെല്ലാം  കുതിച്ചുചാട്ടമുണ്ടാകും. മികച്ച പശ്ചാത്തലസൗകര്യം വ്യവസായ–ടൂറിസം വികസനത്തിന്റെ മുന്നുപാധിയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ എത്താൻ നാലുമണിക്കൂർ എന്നുപറയുന്നത്  വേഗത മനസ്സിലാക്കാനാണ്. അല്ലാതെ എല്ലാവരും ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് യാത്ര ചെയ്യണമെന്നല്ല. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയ്ക്ക് 11 സ്റ്റോപ്പുണ്ടാകും. എല്ലാ മേഖലയിലും ഉള്ളവർക്ക്  പദ്ധതിയുടെ പ്രയോജനമുണ്ടാകും. സമയത്തിന്റെ വിലയറിയുന്നവർ ഈ പദ്ധതിയെ എതിർക്കില്ലെന്ന് പറഞ്ഞുവല്ലോ. കാസർഗോഡ്-തിരുവനന്തപുരം യാത്രാസമയം നാലു മണിക്കൂറായി കുറയുമ്പോൾ ഒരു ദിവസം 2.8 ലക്ഷം മണിക്കൂർ മനുഷ്യസമയമാണ് ലാഭിക്കാൻ കഴിയുന്നത്. ഇത് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ തയ്യാറാക്കിയ കണക്കാണ്. സൂക്ഷ്മാംശത്തിൽ വ്യത്യാസം കണ്ടേക്കാം. എന്നാൽ, വലിയതോതിൽ മനുഷ്യസമയം ലാഭിക്കാൻ കഴിയുമെന്നും ആ സമയം മറ്റുവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നതും അവിതർക്കിതമായ കാര്യമാണ്.

റെയിൽ വികസനത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം വരുന്നത് കേന്ദ്ര സർക്കാർ അംഗീകരിച്ച പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നയത്തിന്റെ ഉദ്ദേശ്യം നല്ലതല്ലെന്ന് ആർക്കും മനസ്സിലാകും. റെയിൽ വികസനം രാജ്യത്താകെ കൊണ്ടുവരികയെന്ന ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രം  പിന്മാറുകയാണ്. എന്നിട്ട് ബാധ്യതയുടെ ഒരുപങ്ക് സംസ്ഥാനങ്ങളുടെ തലയിലിടുന്നു. മറുവശത്ത് റെയിൽ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കുന്നു. സ്വകാര്യവൽക്കരണത്തിന് അനുകൂലമായ പരിസരമൊരുക്കുകയെന്ന ലക്ഷ്യംകൂടി പുതിയ നയത്തിനുണ്ട്.  കേന്ദ്രത്തിന്റെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കാൻ ബാധ്യതയുള്ള കേരളം, ഈ പരിമിതി എങ്ങനെ മുറിച്ചുകടക്കാമെന്നാണ് ചിന്തിച്ചത്.  അതുകൊണ്ടാണ് റെയിൽവേയുമായി ചേർന്ന് കെ–റെയിൽ  രൂപീകരിച്ചത്. സിൽവർലൈൻ മാത്രമല്ല, മറ്റു പദ്ധതികളും കെ–റെയിൽ ഏറ്റെടുക്കുന്നുണ്ട്. തലശ്ശേരി–മൈസൂരു  (240 കി. മീറ്റർ), നഞ്ചങ്കോട്–നിലമ്പൂർ (176 കി. മീറ്റർ) എന്നീ പുതിയ ലൈനുകൾ കെ–റെയിൽ വഴിയാണ് നടപ്പാക്കാൻ പോകുന്നത്.  അതിനർഥം മുതൽമുടക്കിന്റെ ഒരുപങ്ക് വഹിക്കാൻ സംസ്ഥാനം തയ്യാറാകുന്നു എന്നതാണ്. 

റെയിൽ വികസനത്തിന് വളരെ ക്രിയാത്മകമായ പങ്കുവഹിക്കുന്ന കേരളത്തോട് ഇപ്പോഴും ചിറ്റമ്മ നയമാണ് തുടരുന്നതെന്ന് വ്യക്തമാണ്.  ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശബരിപാത. ശബരിമല തീർഥാടകരുടെ സൗകര്യം പരിഗണിച്ചാണ് അങ്കമാലിമുതൽ എരുമേലിവരെ 116 കിലോ മീറ്റർ പാത പണിയാൻ നേരത്തെ റെയിൽ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ, പ്രാരംഭ പ്രവൃത്തികൾ തുടങ്ങിയശേഷം റെയിൽവേ  പിന്മാറി. സംസ്ഥാനം പകുതി ചെലവ് വഹിക്കണമെന്നായി. ദേശീയ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രമായതിനാൽ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുതന്നെ ആവശ്യപ്പെട്ടു. പക്ഷേ, കേന്ദ്രം നിലപാട് തിരുത്തിയില്ല. ഈ സാഹചര്യത്തിൽ പകുതി ചെലവ് വഹിക്കാൻ തയ്യാറാണെന്ന് റെയിൽ മന്ത്രാലയത്തെ  അറിയിച്ചിരിക്കുകയാണ്.  നേരത്തെ 550 കോടി രൂപയ്ക്ക് പൂർത്തിയാക്കാമായിരുന്ന പദ്ധതിക്ക് ഇപ്പോൾ 2850 കോടി ചെലവുവരും. 

സിൽവർലൈനിന്റെ കാര്യത്തിൽ റെയിൽ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതുകൊണ്ടാണ് സംസ്ഥാനം  മുന്നോട്ടുപോയത്. ഇപ്പോൾ റെയിൽവെ പറയുന്നത്, വിദേശത്തുനിന്ന് എടുക്കുന്ന വായ്പയ്ക്ക് ഗ്യാരന്റി നൽകാൻ കഴിയില്ലെന്നാണ്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളത്തിൽ ഇത്തരമൊരു പദ്ധതി വേണ്ടെന്ന നിലപാട് കേന്ദ്രവും എടുത്തോ എന്ന് സംശയിക്കാവുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്.  സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒന്നിച്ച് പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നു. 

യുഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക മനസ്സിലാക്കാവുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടിയത് കേരളത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ടാണ്. ആദ്യമായി ഒരു മുന്നണിക്ക് ജനങ്ങൾ രണ്ടാമതും അവസരം നൽകി. ഈ വിജയത്തിൽ ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് ഒരുപങ്കുണ്ട്. നടപ്പാകില്ലെന്ന് പൊതുവിൽ ജനങ്ങളും മാധ്യമങ്ങളും കരുതിയ പലതും നടപ്പായി. യുഡിഎഫിന്റെ കാലത്ത് ഉപേക്ഷിച്ച ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ  പൂർത്തിയാക്കി. കൊച്ചി മെട്രോ പൂർത്തിയാക്കിയെന്നു മാത്രമല്ല, പല ഘട്ടത്തിലായി മെട്രോ ദീർഘിപ്പിക്കുകയും ചെയ്തു. കണ്ണൂർ മൂർഖൻപറമ്പിൽ  എയർഫോഴ്സ് വിമാനം ഇറക്കിയാണ് ഉമ്മൻചാണ്ടി വിമാനത്താവളത്തിന് തുടക്കംകുറിച്ചത്. ഈ നാടകം അരങ്ങേറുമ്പോൾ മൂർഖൻപറമ്പ് പഴയപോലെ കിടക്കുകയായിരുന്നു. എൽഡിഎഫ് സർക്കാർ വന്നശേഷം  അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം പൂർത്തിയാക്കി.  ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുക അസാധ്യമാണെന്നു കണ്ട് യുഡിഎഫ് സർക്കാർ  ഉപേക്ഷിച്ചതായിരുന്നു. ഇപ്പോൾ പാത നിർമാണവും ബാക്കിയുള്ള സ്ഥലമെടുപ്പും  മുന്നോട്ടുപോകുന്നു. ന്യായമായ നഷ്ടപരിഹാരം മുൻകൂർ നൽകുന്നതുകൊണ്ട് ജനങ്ങൾ  സഹകരിക്കുന്നു. സിൽവർലൈനിന്റെ കാര്യത്തിലും ഈ മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ന്യായമായ നഷ്ടപരിഹാരവും മാന്യമായ പുനരധിവാസവും പദ്ധതിയുടെ ഭാഗമാണ്.185 ഹെക്ടർ റെയിൽ ഭൂമിയും 1198 ഹെക്ടർ സ്വകാര്യ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമി ഏറ്റെടുക്കാൻ 4460 കോടി രൂപ വകയിരുത്തി. നഷ്ടപരിഹാരത്തിൽ ആർക്കും പരാതിയുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. ചുരുക്കത്തിൽ വൻകിട അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ പ്രകടിപ്പിച്ച ഇച്ഛാശക്തി സർക്കാരിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ ജനങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമാണെന്നതിൽ തർക്കമില്ല.  അതാണ് സിൽവർലൈനിന്റെ കാര്യത്തിൽ യുഡിഎഫിനും ബിജെപിക്കും ഒരുപോലെ ഭയം. ജനങ്ങളുടെ പിന്തുണയോടെ ഈ തടസ്സവും എൽഡിഎഫ് സർക്കാർ തട്ടിമാറ്റും. കേരളത്തിന്റെ ഭാവിവികസനത്തിന് തുരങ്കംവച്ച പാർടികളാണ് കോൺഗ്രസും ബിജെപിയുമെന്ന് ചരിത്രം രേഖപ്പെടുത്തും. പുതിയ തലമുറയോട് അവർ ചെയ്യുന്നത് മാപ്പർഹിക്കാത്ത അപരാധമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 7 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 10 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More