ഒരു വിവാഹാഭ്യർത്ഥനയും സ്കോളർഷിപ്പ് പരീക്ഷയും- ഡോ. പി ലോലിത

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസുവരെ ഞങ്ങളുടെ സ്കൂളിൽ ബെഞ്ച് മാത്രമേ ഉണ്ടായിരുന്നൊള്ളു. വെച്ചെഴുതാന്‍ ഡെസ്ക്കില്ല. എഴുതുമ്പോൾ നിലത്തിരുന്ന് ബെഞ്ചിൽ വെച്ചെഴുതും. ഇടക്കിടെ കേട്ടെഴുത്തും മനക്കണക്കുമൊക്കെയുണ്ടാകും. അതിൽ ഏറ്റവും കൂടുതല്‍ ശരിയുത്തരം എഴുതിയവര്‍ക്ക് ഒന്നാം ബെഞ്ചിൽ ഒന്നാമതിരിക്കാം. ഞാൻ മിക്കപ്പോഴും രണ്ടാം ബെഞ്ചിലായിരിക്കും. അന്ന് ആൺ/പെൺ വ്യത്യാസമില്ലാതെ ഇടകലർത്തിയാണ് കുട്ടികളെ ഇരുത്തിയിരുന്നത്.

എൻ്റെയടുത്ത് മിക്കപ്പോഴും ഇരിക്കാറുള്ളത് രമേഷായിരുന്നു. എന്തോ, എന്നെ വലിയ വിശ്വാസമായിരുന്നു രമേഷിന്. ശരി/തെറ്റ് ഉല്‍കണ്ഠകളൊന്നുമില്ലാതെ എൻ്റെ സ്ലേറ്റിൽ നോക്കി എല്ലാം പകർത്തിവെയ്ക്കലായിരുന്നു അവന്റെ പണി. ഇരുനിറത്തിൽ തടിച്ചുരുണ്ട ഒരു വികൃതി കുട്ടൻ!. ചിരിക്കുമ്പോൾ നുണക്കുഴികൾ തെളിയും. മുൻനിരയിലെ ഒരു പല്ല് പൊട്ടിയതായിരുന്നു. എങ്കിലും അത് കാണാനൊരു ചന്തമൊക്കെയുണ്ടായിരുന്നു. അവന് നല്ല ട്രൗസറും ഷർട്ടുമൊക്കെയുണ്ടായിരുന്നു.

ഒരു ദിവസം ഉച്ചക്ക് അവൻ എൻ്റെയടുത്തേക്ക് ചേർന്നിരുന്നു. "ഒരു കാര്യം പറയാനുണ്ട്''- ചെവിയിൽ മന്ത്രിച്ചു.

അവൻ എന്താവും പറയാൻ പോണത്!. എനിക്കൊരെത്തും പിടിയും കിട്ടിയില്ല.

''എന്നാ  വേഗം പറയ്....'' -ഞാൻ ധൃതികൂട്ടി

''ഇപ്പോൾ പറയൂല... സ്കൂൾ വിടുമ്പോഴേ പറയൂ''- അവൻ പറഞ്ഞു 

ഞാനാകെ വിവശയായി. വൈകുന്നേരമാവാൻ കാത്തിരുന്നു... ഒടുവിൽ ബെല്ലടിച്ചു. അവൻ അടുത്തുവന്നു

''ഞാൻ പറയണ കാര്യം ആരോടും പറയരുത്, പറഞ്ഞാൽ നിൻ്റെ അച്ഛനും അമ്മയും മരിച്ച് പോകും" ഞാൻ തരിച്ച് ഇമവെട്ടാതെ നിൽപ്പാണ്.

''നാളെ രാവിലെ നീ എളന്നുമ്മൽ അമ്പലത്തില് വരണം. നിന്നെ ഞാൻ കല്ല്യാണം കഴിക്കാം" ഇത് കേട്ടതും, ഞാൻ പേടിച്ച് കരഞ്ഞുകൊണ്ടോടി. വഴിനീളെ കരഞ്ഞുകൊണ്ടാണ് ഞാൻ നടന്നത്. വീട്ടിലെത്തി. പേടി കാരണം ഒരു വാക്കുപോലും പുറത്തേക്ക് വന്നില്ല.  ചേച്ചി വൈകുന്നേരം കടയില്‍ പോകാൻ വിളിച്ചു. ഞാൻ പോയില്ല. വീട്ടിനടുത്തുള്ള അനിതച്ചേച്ചി കളിക്കാൻ വിളിച്ചു. ഒന്നിനും ഒരു മനസ്സില്ല. ഞാൻ വീട്ടില്‍നിന്ന് പുറത്തിറങ്ങിയില്ല. അഥവാ പുറത്തേക്കിറങ്ങിയാൽ അവൻ കല്ല്യാണം കഴിച്ചുകളയുമോ എന്ന് പേടിച്ചുവിറച്ചാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടിയത്. ആരോട് പറയാന്‍! ആ ഏഴുവയസുകാരിയുടെ വേദന ആരറിയാൻ...  

ഓരോന്നാലോചിച്ചും പാതിയുറങ്ങിയും അന്ന് രാത്രി ഇരുട്ടിവെളുത്തു.  ഒറ്റയ്ക്ക് കിട്ടിയാല്‍ അവന്‍ കല്ല്യാണം കഴിച്ചുകളയുമോ?. സ്കൂളില്‍ പോകാന്‍ പേടിയായിരുന്നു. വയറ് വേദനിക്കുന്നു എന്ന് കള്ളം പറഞ്ഞ് സ്കൂളിൽ പോയില്ല. പക്ഷെ, എൻ്റെ കുഞ്ഞാവ ചേച്ചിക്ക് ഈ അസ്വാഭാവിക പെരുമാറ്റത്തിൽ എന്തോ പന്തികേടു മണത്തു. അവള്‍ പതുക്കെ അടുത്തുവന്നു.

"അവൾ എന്തേ ലോലി മോളേ നിനക്ക് പറ്റീത്..''- ചോദിക്കേണ്ട താമസം, ഞാന്‍ അണപ്പൊട്ടിയൊഴുകി.  ഇനിയിത് പറഞ്ഞില്ലങ്കിൽ ഹൃദയംപൊട്ടി മരിക്കും എന്ന അവസ്ഥയായി. ഞാൻ വിക്കി വിക്കി കാര്യം പറഞ്ഞു.

കേട്ടപാടെ അവൾ പൊട്ടിപൊട്ടിച്ചിരിച്ചു. ഞാൻ ആകെ അന്താളിച്ചു. ഇവളെന്തിനാ ചിരിക്കണത്!.

''എടി...പൊട്ടത്തി... ചെറിയ കുട്ടികളൊന്നും  കല്യാണം കഴിക്കില്ല. നമ്മളൊക്കെ വലുതായിട്ടാ കല്യാണം കഴിക്ക്യാ...  അങ്ങനെ പിടിച്ചോണ്ടുപോയി നിന്നെയാരും കല്യാണം കഴിക്കില്ല. ഇനിയും അവൻ അങ്ങനെ പറഞ്ഞാൽ, ടീച്ചറോട് പറഞ്ഞുകൊടുക്കുമെന്ന് പറയണം. എൻ്റെ അച്ഛൻ പോലീസാണെന്നുകൂടി നീയങ്ങ്  കാച്ചിയേക്ക്... "- എന്തൊരു ധൈര്യം! അവള്‍ സിമ്പിളായി പരിഹാരം നിര്‍ദ്ദേശിച്ചു.

അവള്‍ക്കെന്തൊരു വിവരമാണ്!. അവളെ ചേച്ചിയായി കിട്ടിയതില്‍ ഞാന്‍ അഭിമാനം കൊണ്ടു. നെഞ്ചില്‍നിന്ന് ഒരു വലിയ പാറക്കല്ല് ഇറക്കിവെച്ചതുപോലെ. എനിക്കെന്തേ ഈ ബുദ്ധി ആദ്യം തോന്നിയില്ല!

ചേച്ചി പറഞ്ഞുതന്നത് പ്രകാരം അങ്ങോട്ടുകാച്ചി, ഞാനവനെ നിലക്കുനിർത്തി.

മഴയും വേനലും സ്കൂളടപ്പും തുറപ്പും മാറിമാറി വന്നുംപോയുമിരുന്നു. ഞങ്ങളുടെ എല്‍ പി ജീവിതം അങ്ങനെ അതിന്റെ ഊര്‍ദ്ധന്‍ വലിച്ചുതുടങ്ങി. നാലാം ക്ലാസിലെ അർദ്ധവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ കിട്ടിയപ്പോൾ  ക്ലാസിൽ നാലാം സ്ഥാനത്തൊക്കെ എത്തിയിട്ടുണ്ട് ഞാൻ. ഒരു ദിവസം ക്ലാസ്സിലെ പഠിപ്പിസ്റ്റുകളായ ആറു കുട്ടികളുടെ പേരുകള്‍ ടീച്ചര്‍ വായിച്ചു. അതിലെന്‍റെ പേരുണ്ടായിരുന്നു 

''നിങ്ങൾക്കൊക്കെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതാം. എല്ലാവരും നന്നായി  പഠിക്കുക'' - ടീച്ചർ പറഞ്ഞു.

അന്നും എൻ്റെ അടുത്തിരിക്കുന്നത് രമേഷാണ്. ''ഈ സ്കോളർഷിപ്പ് പരീക്ഷ എന്നൊക്കെ പറഞ്ഞാൽ വലിയ പരീക്ഷയാണ്. അതിന് പ്രത്യേകം പുസ്തകമൊക്കെ വാങ്ങി പഠിക്കണം.''  ടീച്ചര്‍ പറഞ്ഞവസാനിപ്പിച്ചയുടനെ ചെവിയില്‍ അവന്റെ കമന്‍റ് വന്നു. ഞാൻ അത്ഭുതം കൂറി വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

"നിന്നെക്കൊണ്ട് കൂട്ടിയാ കൂടോ ഇതൊക്കെ? നീയില്ലാന്ന് ടീച്ചറോട് പറഞ്ഞേക്ക്, നല്ല കാശ് വേണം ഇതിനൊക്കെ." അവന് സംശയമേ ഇല്ലായിരുന്നു.

ഇങ്ങനെ ഒരു പരീക്ഷയെ കുറിച്ച് ഞാനാദ്യമായിട്ടാണ് കേള്‍ക്കുന്നത്! ചേച്ചിമാർക്കൊന്നും ഇതേ കുറിച്ച് അറിവുണ്ടായിരിക്കില്ല എന്ന് ഉറപ്പാണ്.  എന്തൊരു കാര്യവിവരമാണ് രമേഷന് എന്നാലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടു. അവന്‍ പറയുന്നത് കാര്യമാണ്. എനിക്ക് ഒരിക്കലും ഒരു ക്ലാസിലും ടെക്സ്റ്റ് ബുക്കുകള്‍ ഉണ്ടായിരുന്നില്ല.  ഓരോ ക്ലാസിലേക്ക് കയറ്റം കിട്ടുമ്പോഴും പുസ്തകം മാറിയിട്ടുണ്ടാകും. മലയാളം മാത്രം മിക്കപ്പോഴും കിട്ടും. അന്നൊക്കെ പുസ്തത്തിന് കാശ് കൊടുക്കണം. ഇടയ്ക്ക് സെപഷ്യൽ ഫീസ് കൊടുക്കണം. സ്റ്റാമ്പിന് കാശ് കൊടുക്കണം. ഇതൊക്കെ ഏറ്റവുമൊടുവില്‍ ക്ലാസിൽ കൊടുക്കുന്ന കുട്ടിയായിരുന്നു ഞാൻ. നോട്ട് ബുക്കിൻ്റെ രണ്ടുവശത്തും എഴുതും. ചിലപ്പോഴോക്കെ അത് ടീച്ചർമാർ കണ്ടുപിടിക്കും, കണ്ടുപിടുത്തവും അടിയും ഒരുമിച്ചുവരും. ഞാൻ പുസ്തകം കൊണ്ടുവരാൻ മറന്നതാണന്ന ധാരണയിലാണ് തല്ല്. എല്ലാ വര്‍ഷാവസാനവും ഫോട്ടോ എടുക്കാൻ സ്കൂളിൽ ആളുവരും. ഓരോ ഡിവിഷന്‍റെയും ഗ്രൂപ്പ് ഫോട്ടോ എടുക്കും. ഒരു കോപ്പിക്ക് അന്ന് എട്ടുരൂപയായിരുന്നു. അപ്പറഞ്ഞ കാശില്ലാത്തത് കാരണം ഫോട്ടോയെടുപ്പ് ദിവസം സ്കൂളിൽ പോകാതെയിരുന്നിട്ടുണ്ട്.  ആ ഞാനാ സ്കോളർഷിപ്പ് പരീക്ഷക്ക് പ്രത്യേകം പുസ്തകം വാങ്ങി പഠിക്കാന്‍ പോണത്! എൻ്റെ കാര്യങ്ങൾ എന്നെക്കാളും നന്നായി രമേഷിനറിയാം. തെരെഞ്ഞെടുത്തതിന്റെ സന്തോഷവും പാങ്ങില്ലാത്തതിന്റെ ദുഖവും എല്ലാം മനസ്സിലാക്കുന്ന രമേഷിന്റെ കാര്യശേഷിയും മറിച്ചും തിരിച്ചും ആലോചിക്കുന്നതിനിടെ ഉച്ചയായി. 

ടീച്ചർ വന്നപ്പോൾ ഞാൻ പറഞ്ഞു- "ടീച്ചറേ... ഞാൻ ഈ പരീക്ഷക്ക് പോകുന്നില്ല"

"ഇല്ലേ?"- എന്നുമാത്രം ചോദിച്ച്, ചുവന്ന മഷിയുള്ള പേനയെടുത്ത് ടീച്ചർ എൻ്റെ പേര് ആ ലിസ്റ്റിൽ നിന്ന് വെട്ടി. ചേച്ചിമാര്‍ ഉള്‍പ്പെടെ എൻ്റെ വീട്ടുകാരാരും ഈ സംഭവം അറിഞ്ഞതേയില്ല. അറിഞ്ഞിട്ടും കാര്യമൊന്നും ഉണ്ടായിരുന്നില്ലല്ലൊ... 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Dr. P Lolitha