ദീപയേയും മാധവനേയും പിന്തുണക്കാത്തവര്‍ 'ജയ് ഭീം' കണ്ട് കോരിത്തരിക്കല്ലെ- പ്രൊഫ. പി കെ പോക്കര്‍

തമിഴ് സിനിമയായ ജയ് ഭീം കണ്ടു കഴിഞ്ഞപ്പോള്‍ പഴയ ഒരു സംഭവമാണ് ആദ്യം ഓര്‍മ്മ വന്നത്. ഞാന്‍ തലശ്ശേരി ബ്രെണ്ണന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലം. പ്രിയ സുഹൃത്തുംപ്രശസ്ത സിനിമാ നിരൂപകനുമായ ഐ ഷണ്മുപഖദാസിന്റെ അനുഭവമാണ്. ഞങ്ങള്‍ ഏതാനും യുവതുര്‍ക്കികള്‍ രാപകല്‍ ഭേദമില്ലാതെ കൂട്ടാണ്. ദാസിന്റെ‍ തൃശൂരിലെ വീട്ടില്‍ രാത്രി കള്ളന്‍ കയറി. ദാസിന്റെ സൈക്കിളും ഭാര്യയുടെ കുറച്ചു സാധനങ്ങളും കള്ളന്‍ കൊണ്ടുപോയി. തിങ്കളാഴ്ച കോളേജില്‍ എത്തിയ ശേഷം ദാസ് സംഭവം വിവരിക്കുകയാണ്. വിവരണം കേട്ട ഉടനെ ''പോലീസില്‍ പരാതി കൊടുത്തില്ലേ?'' എന്നു ഞങ്ങളില്‍ ആരോ ചോദിച്ചു. ഇല്ലെന്നു മറുപടി. “പൊലീസില്‍ പറഞ്ഞാല്‍ അവിടെ പാല് തരുന്ന പയ്യനെ മുതല്‍ പരിസരത്തെ പാവങ്ങളെ മുഴുവന്‍ അവര്‍ കൊണ്ടുപോകില്ലെ, അതെല്ലാം നമ്മള്‍ കണ്ടു നില്‍ക്കേണ്ടേ,…” ഇതായിരുന്നു ദാസിന്റെ മറുപടി. സോവിയറ്റ് യൂണിയന്‍ പൊളിയുന്നതിന് മുന്പായതിനാല്‍ സ്വകാര്യ സ്വത്തിനോടുപോലും ഷണ്‍മുഖദാസിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. ബാഗോ കാശോ കരുതാതെ ഒറ്റ വസ്ത്രത്താല്‍ ഹിമാലയം വരെ അന്ന് പോയി വന്നയാളാണ്. ഷണ്മുഖദാസിനെ പോലുള്ളവര്‍ ഭൂമിയില്‍ അധികമുണ്ടാവില്ലല്ലോ. വാസ്തവത്തില്‍ തമിഴില്‍ കാവല്‍ എന്നാണ് പൊലീസിന് പറയുന്നത്. എവിടേയും പൊലീസ് സമ്പന്നരുടെയും ഭരണകൂടത്തിന്റെയും കാവല്‍ തന്നെയാണല്ലോ.

ജയ് ഭീം ഒരു മുദ്രാവാക്യമാണ്; അത് പുതിയ ഉണര്‍വിന്റെ സൂചനയാണ് 

ഇപ്പോള്‍ തമിഴ് സിനിമ 'ജയ് ഭീം' വലിയ സ്വീകാര്യത ഇന്ത്യ മുഴുവന്‍ നേടിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ് പ്രമേയം. എന്‍റെ ഓര്‍മയില്‍  ഞാന്‍ കണ്ട ആദ്യ ഡോക്യുമെന്റ്റി സിനിമ ആനന്ദ് പട്‌വർദ്ധന്‍റെ 'ബോംബേ ഔര്‍ സിറ്റി'യാണ് .ഇന്ത്യയിലെ ഒരു പ്രബല നഗരത്തിന്‍റെയും പിന്നാമ്പുറക്കാഴ്ചകള്‍. അടിത്തട്ടിലെ മനുഷ്യര്‍ എങ്ങിനെ ജീവിക്കുന്നു എന്ന് നഗരപാലകരോ അവിടങ്ങളില്‍ ജീവിക്കുന്ന മധ്യവര്‍ഗ്ഗമൊ ചിന്തിക്കാത്ത ഒരു കാലത്താണ് ആനന്ദ് പട്‌വർദ്ധന്‍  നഗരത്തിന്റെ പിന്‍വശത്തേക്ക് കേമറയുമായി പോയത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറികൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് തമിള്‍ സിനിമയായ ജയ് ഭീം ആമസോണില്‍ റിലീസ് ചെയ്യുന്നത്. ജയ് ഭീം ഒരു ഡോക്യുമെന്ററി അല്ലെങ്കിലും ഡോക്യുമെന്ററി സ്വഭാവം പുലര്‍ത്തുന്ന സിനിമയാണ്. യഥാര്‍ത്ഥ സംഭവം ചെറിയ ചില മാറ്റങ്ങളോടെ അവതരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. 

യ് ഭീം ഒരു മുദ്രാവാക്യമാണ്. അടുത്ത കാലത്ത്  ഇന്ത്യയാകെ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയ മുദ്രാവാക്യം. ആ മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഇന്ത്യയിലെ അടിത്തട്ടില്‍ നിന്നുള്ള മണ്ണിന്‍റെയും വിയര്‍പ്പിന്‍റെയും മണവും ചുരുട്ടിയ മുഷ്ടികളും ഓര്‍മയില്‍ തികട്ടിവരും. ഈ മുദ്രാവാക്യം തന്നെ സിനിമയായി എന്നത് പ്രകടമായ ഒരു മാറ്റത്തിന്‍റെ നിദാനമാണ്. ഇന്ന് ഇന്ത്യയില്‍ അംബേദ്കറെയും ദളിത് കീഴാള രാഷ്ട്രീയത്തെയും ഓര്‍മിപ്പിക്കുന്ന മുദ്രാവാക്യമായി മാറിയ ജയ് ഭീം ഇന്ത്യ മുഴുവന്‍ ആവേശ പൂര്‍വം സ്വീകരിക്കുന്നു എന്നത് രാജ്യത്തുണ്ടായ ഒരു പുതിയ ഉണര്‍വിന്‍റെ സൂചന കൂടിയാണ്.

സ്തംഭിച്ചുപോയ ആധുനിക നവോത്ഥാനത്തെയാണ് ജയ് ഭീം പ്രശ്നവല്‍ക്കരിക്കുന്നത് 

സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പ്രത്യേകം സ്വത്വം (identity) നിലനിര്‍ത്തുന്ന ഒരു വിഭാഗത്തിന്റെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ആ നിലയില്‍ ഇതൊരു സ്വത്വവാദ സിനിമയാണ്. സ്തംഭിച്ചുപോയ ആധുനിക നവോത്ഥാനത്തെയാണ് ഈ സിനിമ പ്രശ്നവല്കരിക്കുന്നത്. ആ നിലയില്‍ ഇതൊരു ആധുനികോത്തര സംരംഭവുമാണ്. ഇതിനെല്ലാം പുറമെ സാമ്പത്തികമായി ജീവിതത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ കഥയാണ് സിനിമയില്‍ നമ്മള്‍ കാണുന്നത്. അങ്ങിനെ നോക്കിയാല്‍ ഇതൊരു വര്‍ഗ്ഗ വിശകലനവും കൂടിയാണ്. ഇതിനെല്ലാം പുറമെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് കമ്മൃൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികളാണ്. അതോടുകൂടി കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെയും തിരിച്ചറിവിന്റെയും സൂചന കൂടി സൂര്യയുടെ സിനിമ മുന്നോട്ട് വെക്കുകയാണ്. ഈ സിനിമയില്‍ കാണുന്ന കമ്മൃൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയെ തൊട്ടറിയാന്‍ ശ്രമിക്കുന്ന, ജാതിയെ സംബോധന ചെയ്യുന്ന, രാജ്യം ആവശ്യപ്പെടുന്ന പുതിയ തിരിച്ചറിവോടുകൂടിയ പ്രസ്ഥാനമാണ്. 

ജയ് ഭീം യാതൊരു വളച്ചുകെട്ടുമില്ലാതെ ജീവിതത്തിലേക്ക് നേരിട്ടു പ്രവേശിക്കുകയാണ്. സിനിമ നിര്‍മ്മിക്കാന്‍പോയിട്ട്, സ്വന്തമായി ഒരു ചായക്കടപോലും തുടങ്ങാനാവാത്ത ഇന്ത്യയിലെ ദളിതരുടെയും ആദിവാസികളുടെയും ജീവിതത്തിലേക്കാണ് കേമറ കയറിച്ചെല്ലുന്നത്. അവരുടേത് സാധാരണ വീടല്ല, വേറിട്ട ഒരാവാസ വ്യവസ്ഥയാണ്. ഈ സിനിമയില്‍ കാണുന്ന തൊഴിലിടങ്ങളിലും താമസസ്ഥലത്തും അവര്‍ പ്രകൃതിയുടെ ഭാഗമാണ്. പൂര്‍ണ്ണമായും മണ്ണിലും പ്രകൃതിയിലും ലയിച്ചുജീവിക്കുന്ന മനുഷ്യര്‍ ഇപ്പൊഴും ഇന്ത്യയില്‍ ദളിതരും ആദിവാസികളുമാണ്. അവരെയാണ് ഭരണകൂട കോര്‍പറേറ്റ് സഖ്യം നിരന്തരം തൂത്തുമാറ്റുന്നത്. ഖനന മാഫിയ ഇന്ത്യയിലെ ദളിത് ആദിവാസി ജീവിതത്തെ കാടുകളില്‍ നിന്നും പുകച്ചു പുറത്തുചാടിക്കുന്നതിന്റൊ കഥ അരവിന്ദ് അഡിഗ 'വൈറ്റ് ടൈഗറി'ല്‍ പറയുന്നുണ്ട്.

തൊഴിലാളി എന്ന കുടക്കീഴില്‍ ഒരുമിക്കാന്‍, അടിത്തട്ട് മനുഷ്യര്‍ക്ക് ആധുനിക തൊഴിലാളിയുടെ പദവി ലഭിക്കണം 

പ്രകൃതിക്കുമേലുള്ള നാഗരികന്‍റെ ഏത് കയ്യേറ്റവും അടിത്തട്ട് മനുഷ്യര്‍ക്ക് നേരെയുള്ള കയ്യേറ്റം കൂടിയാണ്. തൊഴിലാളി എന്ന കുടക്കീഴില്‍ എല്ലാവര്‍ക്കും ഒരുമിക്കാന്‍ കഴിയണമെങ്കില്‍ എല്ലാവര്‍ക്കും ആധുനിക തൊഴിലാളിയുടെ പദവി ലഭിക്കണം. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഇന്ത്യയിലെ ആദിവാസികളും ദളിതരും ഒരു ജനവിഭാഗമെന്ന നിലയില്‍ വേറിട്ട അവസ്ഥയില്‍ ഇന്നും കഴിയുന്നു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ചേരികളും കോളനികളും ഇപ്പൊഴും അവരുടേതാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം ജാതിവ്യവസ്ഥയാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞ്, ചെങ്കൊടിയുമായെത്തുന്ന തമിഴ്നാട്ടിലെ കമ്മൃൂണിസ്റ്റുകാര്‍ പ്രതീക്ഷയുടെ പ്രതീകമാണ്. നീതിമാനായ ജസ്റ്റിസ് ചന്ദ്രുവിന് പിന്തുണ കിട്ടിയത് അവിടത്തെ കമ്മൃൂണിസ്റ്റുകാരില്‍ നിന്നാണ്. വാസ്തവത്തില്‍ ഇന്ത്യയില്‍ എഴുപതു വര്‍ഷം മുന്‍പെങ്കിലും ഉണ്ടാവേണ്ട ഒരു തിരിച്ചറിവാണ് അടുത്ത കാലങ്ങളില്‍ ഉണ്ടാവുന്നത് എന്നത് പരിമിതിയാണെങ്കിലും പ്രതീക്ഷ തന്നെയാണ്.

തമിഴ്നാട്ടില്‍ അക്കാഡമിക്കുകളും ബുദ്ധിജീവികളും മൂന്നു ദശകത്തിലധികമായി ഈ ദിശയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. അവിടെ കീഴാള-ദളിത്-സ്ത്രീപക്ഷ വിഷയങ്ങള്‍ ദളിത് ആക്റ്റിവിസ്റ്റുകളും കമ്മൃൂണിസ്റ്റ് ചിന്താഗതിക്കാരും ഒന്നിച്ചിരുന്നു സര്‍വകലാശാലകളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഏതാനും അവസരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷമനുഭവിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങിനെ നടന്ന ചര്‍ച്ചകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഡോ. എന്‍ മുത്ത് മോഹനും സി പി ഐ അഖിലേന്ത്യാ നേതാവ് ഡി രാജയും ചേര്‍ന്ന് അടുത്ത കാലത്ത് 'മാക്സും അംബേദ്കറും' എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോകുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ഭാഗമായി ആളുകളുടെ കയ്യേറ്റങ്ങള്‍ക്ക് വിധേയയാകാറുണ്ടായിരുന്ന ലീന മണിമേഖലയ്ക്ക് തമിഴ്നാട്ടില്‍ കോളേജുകളും സര്‍വകലാശാലകളും ആവേശ പൂര്‍വ്വമാണ് സ്വീകരണങ്ങള്‍ നല്കിയത്. തീരുമാവളാവനെയും, അദ്ദേഹത്തിന്റെ എഴുത്തിനും പ്രഭാഷണങ്ങള്‍ക്കും പിന്തുണനല്‍കി പ്രോത്സാഹിപ്പിക്കാന്‍ വിമോചന പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഉണ്ടായിരുന്നില്ല.

'കീരിപ്പെട്ടി' എന്ന പഞ്ചായത്തില്‍  സംവരണത്തിലൂടെ അധികാരത്തിലെത്തിയ ദളിതനായ പ്രസിഡണ്ടിനെ സവര്‍ണ്ണര്‍ കസേരയില്‍ നിന്ന് പിടിച്ചിറക്കിയ സംഭവം തീരുമാവളാവന്‍ എഴുതിയത് (Talisman,Thirumavalavan) ഞാന്‍ വലിയ കണ്ടെത്തലെന്നോണം തമിഴ്നാട്ടിലെ ഒരു കോളേജില്‍ പ്രഭാഷണത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്  പറഞ്ഞിരുന്നു. ഉടന്‍ മുന്നിലിരുന്ന വിദ്യാര്‍ഥികള്‍ “It is here” (അതിവിടത്തന്നെ) എന്ന് വിളിച്ചുപറഞ്ഞത് മനസ്സില്‍ മായാതെ കിടക്കുന്നു. എനിക്കതൊരു കഥയാവുമ്പോള്‍ അവര്‍ക്കത് ജീവിതം തന്നെയാണല്ലോ!. അവിടെയാണ്, അനുഭവിച്ചവരുടെയും കേട്ടറിഞ്ഞവരുടെയും വേദനകള്‍ തമ്മിലുള്ള വ്യത്യാസം. വേട്ടക്കാരനും ഇരക്കും ഒരേ വേദനയോ, അനുഭവമോ ഉണ്ടാവില്ലെന്ന് പ്രദീപന്‍ പാമ്പിരിക്കുന്ന് ആവര്‍ത്തിച്ച് പറയാറുണ്ട്. ഫ്രാന്സ് ഫാനോന്‍ കറുപ്പിനെ അടയാളപ്പെടുത്തുന്നതിലൂടെ കീഴാളത്തത്തെ അടയാളപ്പെടുത്തിയതും ആ പുസ്തകത്തിന് ഴാങ്പോള്‍ സാര്‍ത്ര് ദീര്‍ഘമായ ആമുഖമെഴുതിയതും ലോകം ശ്രദ്ധിച്ചതാണ്. അത് ശ്രദ്ധിക്കാന്‍ കഴിയാത്തത് കേരളത്തിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍ക്കു മാത്രമാണ്.  

പുരാണേതിഹാസങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ധൈഷണികര്‍ പാരമ്പര്യത്തില്‍ മനുഷ്യരെ സ്തംഭിപ്പിക്കും

പുരാണേതിഹാസങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ധൈഷണികര്‍ ഒരു കൈകൊണ്ട് ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റേ കൈകൊണ്ടു റദ്ദുചെയ്യും. വരേണ്യതയുടെ ആവര്‍ത്തിക്കപ്പെടുന്ന താളലയങ്ങള്‍ക്ക് വിമോചനശേഷി ഉണ്ടാവില്ലെന്നത് സാംസ്കാരിക വിമര്‍ശനത്തിന്റെ ബാലപാഠമാണ്. അവ പാരമ്പര്യത്തില്‍ മനുഷ്യരെ സ്തംഭിപ്പിക്കും. പാരമ്പര്യത്തെ, പ്രത്യേകിച്ചു വരേണ്യ പാരമ്പര്യത്തെ മറികടക്കാതെ അടിത്തട്ടിലേക്ക് കാഴ്ചയെത്തില്ല. സംസ്കൃതം ഉപയോഗിക്കാതെ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷയാണ് 'നോം' നോവലില്‍ ഉപയോഗിച്ചതെന്ന് ചന്തുമേനോന്‍ ഇന്ദുലേഖയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ 'നോം' ഉപയോഗിക്കുന്ന വീട്ടുഭാഷ ഞങ്ങളുടേതല്ലെന്ന് പറയാന്‍ അടിത്തട്ട് മനുഷ്യരെ അനുവദിക്കാത്തവര്‍ തന്നെയാണ് 'സരസ്വതീ വിജയ'ത്തെയും അതിന്‍റെ രചയിതാവായ കുഞ്ഞമ്പുവിനെയും അരികൂവല്‍ക്കരിച്ചത്. ജോര്‍ജ്ജ് ഇരുമ്പയം പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ കേരളീയര്‍ സരസ്വതീ വിജയം കാണുമായിരുന്നില്ല. കേരളത്തില്‍ ജാതിപ്പേര് ഒരു തെറിപ്പദമായി ഉപയോഗിച്ചിരുന്നതിന് തെളിവാണ് തിയ്യനായ കുഞ്ഞമ്പുവിനെ പുലയന്‍ കുഞ്ഞമ്പുവെന്ന് സ്ഥാനപ്പെടുത്തിയത്.

''പകുതി പഠിച്ചാല്‍ മതി, പകുതി ഓടിയാല്‍ മതി''- ഇനിയുമുണ്ടോ പരിഹാസങ്ങള്‍?

നമ്മുടെ ഭാവുകത്വം വരേണ്യതക്ക് കീഴ്പ്പെടുത്തിയാണ് ഇക്കാലമത്രയും അടിത്തട്ട് ജീവിതങ്ങളും അരികുവല്ക്കരിക്കപ്പെട്ട മനുഷ്യരും സംസ്കാരത്തെ സമീപിച്ചത്. ഇന്ന് കേരളത്തിലും ദളിത്, കീഴാള, ന്യൂനപക്ഷ മുന്നേറ്റം ഭാവുകത്വ പരിസരത്തെ മാറ്റിമറിക്കുകയാണ്. സര്‍വകലാശാലകളില്‍ അവരുടെ ശബ്ദവും ഭാഷയും ഉയരുമ്പോള്‍ അസ്വസ്ഥമാകുന്ന വരേണ്യവര്‍ഗ്ഗം ചിലപ്പോള്‍ നൈപുണ്യവും മറ്റ് ചിലപ്പോള്‍ വര്‍ഗ്ഗവിശകലനവും ഓര്‍മ്മിപ്പിക്കും. ഇക്കാലമത്രയും കഴിവ് കെട്ടവര്‍ ഭരിച്ചുനശിപ്പിച്ച ഇടങ്ങളില്‍ അടിത്തട്ട് മനുഷ്യര്‍ എത്തുമ്പോള്‍ പലര്‍ക്കുമത് സഹിക്കാവുന്നതിനപ്പുറമാണ്. ഡോ. കുഞ്ഞാമന്‍റെ ആത്മകഥയില്‍ (എതിര്) ദലിതരില്‍ പഠിക്കുന്നവരെ കാണുമ്പോള്‍ തമ്പ്രാക്കള്‍ അസ്വസ്ഥപ്പെടുന്നത് വിവരിച്ചിട്ടുണ്ട്. പകുതി പഠിച്ചാല്‍ മതി, പകുതി ഓടിയാല്‍ മതി എന്നെല്ലാമുള്ള പരിഹാസങ്ങളിലൂടെയാണ് ഇവിടെയും സംവരണ സമുദായങ്ങള്‍ നടന്നു നീങ്ങിയത്. 

ദീപാ പി മോഹന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിരാഹാര സമരത്തിലാണ്. ശാസ്ത്ര ഗവേഷകയാണ് ആ വിദ്യാര്‍ഥിനി. ജാതി പീഡനത്തിന് വിധേയയായ ദീപാ മോഹനെ പിന്തുണക്കാതെ 'ജയ് ഭീം' കണ്ട് കോരിത്തരിച്ചിട്ട് കാര്യമില്ല. എത്ര വര്‍ഷം കാത്തിരുന്നാല്‍ ആ വിദ്യാര്‍ഥിനിക്ക് നീതി കിട്ടും? 1927-ല്‍ അംബേദ്കര്‍ മഹാരാഷ്ട്രയിലെ മഹദില്‍ വെള്ളത്തിന് വേണ്ടി നടത്തിയ സമരത്തില്‍ പ്രത്യേകം പറഞ്ഞ ഒരു കാര്യമുണ്ട്, ''സമരം സ്വാതന്ത്യവും, സമത്വവും, സാഹോദര്യവും ലക്ഷ്യംവെച്ചു കൊണ്ടുള്ള സമരമാണ്''- എന്നായിരുന്നുവത്. അടിത്തട്ടിലുള്ള മനുഷ്യരോടുള്ള വരേണ്യാധികാര വാഴ്ചയുടെ ചിഹ്നങ്ങള്‍ തച്ചുടക്കാതെ നേടാനാവുന്നതല്ല ജനാധിപത്യം.

ഭരിക്കുന്നവര്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ അംബേദ്കര്‍ തുണയാകും 

ജയ് ഭീമിന്‍റെ ഒരര്‍ഥം ‘അംബേദ്കര്‍ ജയിക്കട്ടെ’ എന്നാണ്. ഭരിക്കുന്നവര്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു കാലത്ത് സര്‍വ മനുഷ്യര്‍ക്കും തുണയാകുന്നത് അംബേദ്കറാണ്. അംബേദ്കര്‍ നടത്തിയ താത്വിക വിശകലനങ്ങള്‍ ഇന്ന് മലയാള ഭാഷയില്‍ ലഭ്യമാണ്. ജാതിശ്രേണിയെ സാധൂകരിക്കുന്ന എല്ലാ വ്യവഹാരങ്ങളേയും വിമര്‍ശിച്ചുകൊണ്ടാണ് അംബേദ്കര്‍ എഴുതിയത്. ഹെഗിമണി (hegemony) എന്ന വാക്ക് അംബേദ്കര്‍ക്ക് പരിചയമുണ്ടായിരുന്നില്ല. എങ്കിലും ഹെഗിമണിയെ തൊട്ടറിഞ്ഞു വിമര്‍ശിച്ച ആ മഹാത്മാവിനൊപ്പമാണ് മാക്സിനെയും ലെനിനെയും സിനിമയില്‍ ചേര്‍ത്തുവെയ്ക്കുന്നത്. സമത്വ സങ്കല്‍പ്പത്തിന്‍റെ ആഴങ്ങളില്‍ നിന്നാണ് ഈ ചേരുവ ഉണ്ടാവുന്നത്. ഈ തിരിച്ചറിവാണ് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ടത്.

സര്‍വകലാശാലയിലെ ജാതി വിവേചനത്തിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നവര്‍ ഡോ കെ എസ് മാധവന്റെ കാര്യത്തില്‍ മൌനം പാലിച്ചു 

കേരളത്തിലെ ഒരു വിഭാഗം വരേണ്യ ധൈഷണികര്‍ ആദ്യഘട്ടത്തില്‍ സ്വത്വവാദ ചാപ്പകുത്തി ദളിത്, കീഴാള മുന്നേറ്റങ്ങളുടെ വ്യവഹാരങ്ങളെയും ആഖ്യാനങ്ങളെയും പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നീടവര്‍ ഇത് വര്‍ഗ്ഗ സങ്കല്‍പ്പത്തെ തകര്‍ക്കുമെന്ന അയഥാര്‍ത്ഥ വാദവുമായി അരങ്ങുതകര്‍ത്തു. ഇപ്പോളവര്‍ ജാതി വിവേചനത്തിന് സര്‍വകലാശാലയില്‍ തെളിവുണ്ടോ എന്നാണ് ചോദിക്കുന്നത്. രോഹിത് വെമുല ആത്മഹത്യ ചെയ്തത് മാനസികപ്രശ്നം കൊണ്ടാണെന്ന് പറയാന്‍ പോലും ചിലര്‍ മടികാണിച്ചില്ല. പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ അറിയപ്പെടുന്ന ചരിത്രകാരനും ബുദ്ധിജീവിയുമായ ഡോ. കെ എസ് മാധവനെതിരെ കോഴിക്കോട് സര്‍വകലാശാലയില്‍ അധികൃതര്‍ നടപടിയെടുത്തപ്പോള്‍ എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക-അക്കാദമിക ധൈഷണികര്‍ മൌനം പാലിച്ചു? മാധവനെപ്പോലെ മൌലീക നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു പ്രതിഭയെ പുറത്താക്കണമെന്ന് ആരെല്ലാമോ മോഹിച്ചതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന് നല്കിയ നോട്ടീസിലെ വകുപ്പുകള്‍. ഇത്തരത്തില്‍ പിന്തിരിപ്പരായ ഉപദേശകരുടെ ഒരു വരേണ്യ ഗൂഢ സംഗമം കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആ ലേഖനത്തിലെ ഒരു നിരീക്ഷണം. കേരളം പോലുള്ള ഒരു പ്രബുദ്ധ സംസ്ഥാനത്ത് സംവരണവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചതിന് ഒരു ദളിത് ധൈഷണികന് രാജ്യരക്ഷ പോലും അപകടത്തിലാക്കിയെന്ന് കാണിച്ചു ശിക്ഷിക്കാന്‍ ഒരുമ്പെട്ടതിന്‍റെ പിന്നില്‍ ആരായിരുന്നു? സംവരണ / പൊതു തസ്തികകള്‍ മുന്‍കൂട്ടി പറയാതെ നിയമനങ്ങള്‍ നടത്തിയാല്‍ അഴിമതി സാധ്യതയുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്. നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ഇവിടെ പൊലീസുകാര്‍ മാത്രമല്ല പീഡിപ്പിക്കുന്നത്. 

സ്വത്വവാദ മുദ്രകുത്തി, ജാതി മേല്‍കോയ്മയെ ഉറപ്പിച്ച് നിര്‍ത്താമെന്ന വ്യാമോഹം വേണ്ട 

സ്വത്വവാദ മുദ്രകുത്തി, ജാതി മേല്‍കോയ്മയെ ഉറപ്പിച്ച് നിര്‍ത്താമെന്ന വ്യാമോഹം ഉപേക്ഷിക്കേണ്ടതാണ്. ഇന്ന് കാര്യങ്ങള്‍ അതിവേഗം മാറുകയാണ്. വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ദില്ലിയിലെ സി എ എ-എന്‍ ആര്‍ സി വിരുദ്ധ സമരങ്ങള്‍ നയിച്ചത്. ഷഹീന്‍ ബാഗിലെ സ്ത്രീകളും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും അനീതിക്കെതിരായ, പ്രതികരണമുള്ള ഇന്ത്യയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തി. രാജ്യത്തെ വംശീയ ഫാഷിസത്തെ ഇത്രമാത്രം അസ്വസ്ഥപ്പെടുത്തിയ മറ്റൊരു സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍  ഉണ്ടായിട്ടില്ല. വംശീയ വിദ്വേഷം പാരമ്യത്തിലെത്തിയ ഇരുണ്ടകാലത്ത്  ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്നത് ആ സമരങ്ങളാണ്. നിരായുധരായി അഹിംസാത്മക സമരം നടത്തിയ അവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഗാന്ധിജിയെ പോലെ അഹിംസാവാദിയായ ഒരു മഹാത്മാവിനെ വെടിവെച്ച തോക്കിന് ഇതെല്ലാം ചെയ്യാന്‍ എന്തു വിഷമം.

അമേരിക്കയില്‍ ജോര്ജ് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊന്നപ്പോള്‍ ഇരകള്‍ക്കൊപ്പം ജനാധിപത്യവാദികള്‍ തെരുവിലിറങ്ങി. ഇന്ത്യന്‍ തെരുവുകളില്‍ ഇഷ്ടഭക്ഷണം കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്തതിന്റെ പേരില്‍ എത്ര പേര്‍ ഹീനമായി കൊലചെയ്യപ്പെട്ടു. മെയ് 2015-നും ഡിസംബര്‍ 2018-നുമിടയില്‍ മാത്രം 44 പേര്‍ ബീഫിന്‍റെ  പേരില്‍ കൊല്ലപ്പെട്ടതായി 'ഹ്യൂമന്‍ റൈറ്റ്സ് വാച്ച്' അതിന്റെ 104 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ ഇതെല്ലാം നടക്കുമ്പോള്‍, എന്തുകൊണ്ടാണ് ജനാധിപത്യവാദികള്‍ തെരുവിലിറങ്ങാതിരുന്നത്?. അവിടെയാണ് അംബേദ്കറുടെ പ്രസക്തി. ജാതിക്കെതിരായ സമരം ജനാധിപത്യത്തിന്റെ മുന്നുപാധിയാണെന്ന് അംബേദ്കര്‍ ഉപദേശിച്ചു. ഇവിടെ ജാതിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് ജാതി വരേണ്യത എല്ലാ തുറകളിലും നിലനിര്‍ത്തുകയും കീഴാളരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയും ചെയ്യുകയാണ്. 

മാധവനും ദീപയുമെല്ലാം സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുവെന്ന് പറയുന്നവര്‍ ജയ് ഭീമിലെ അഡ്വക്കറ്റ് ജനറല്‍മാരാണ് 

സര്‍ദാര്‍ ഉദ്ദം സിംഗ് ആമസോണ്‍ പ്രൈമില്‍ എത്തുന്നതും ജയ് ഭീം എത്തുന്നതും ഏതാണ്ട് ഒരുമിച്ചാണ്. നീതിക്കു വേണ്ടി നടന്നതും നടക്കേണ്ടതുമായ രണ്ടു പ്രതികരണങ്ങള്‍. ഇവ രണ്ടും മുഖ്യധാര നിരന്തരം അവഗണിക്കുന്ന രണ്ടു അദ്ധ്യായങ്ങള്‍. ഉദ്ധം സിങ്ങില്‍ ജാലിയന്‍ വാലാ ബാഗില്‍ മരിച്ചും മരിക്കാതെയും ചോരയില്‍ മുങ്ങിക്കിടക്കുന്ന മനുഷ്യരെ നമ്മള്‍ കാണുന്നു. ഇന്ത്യക്കാര്‍ കൊള്ളരുതാത്തവരായതിനാല്‍ അവരെ ഭരിക്കേണ്ടത് ആവശ്യമാണെന്ന് ലണ്ടനിലെ Caxton ഹാളില്‍ സായിപ്പുമാര്‍ പ്രസംഗിക്കുന്നു. ജയ് ഭീമില്‍ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന ദയനീയ അവസ്ഥയില്‍ കാണുന്ന ദളിത് കോളനികള്‍ ഒരു വശത്തും മറുവശത്ത്  കോടതിയില്‍ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനുമാണ് ദളിതരും അവര്‍ക്കുവേണ്ടി വാദിക്കുന്ന ചന്ദ്രുവും ശ്രമിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറലും വാദിക്കുന്നു. കേരളത്തിലെ സര്‍വകലാശാലാ അധികൃതരും പറയുന്നത് മാധവനും ദീപയുമെല്ലാം സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുകണെന്ന് തന്നെ. വെള്ളക്കാരില്‍ നിന്നും അധികാരം ഇന്ത്യയിലെ വെള്ളക്കാരിലേക്ക് കൈമാറിയെന്ന ആദ്യകാല മാര്ക്സിസ്റ്റ് നിരീക്ഷണം ഇപ്പൊഴും ശരിയായി തുടരുന്നു. ഈ രണ്ടു സിനിമകളും വിവേകമുള്ള മനുഷ്യരോടു ചിലതെല്ലാം ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യം മറ്റൊന്നുമല്ല, കൊള്ളരുതാത്തവരായി മുദ്രകുത്തി നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് എക്കാലവും അത് സഹിക്കാനാവില്ല. ജാതി വരേണ്യത മേലാളര്‍ക്ക് സ്വാഭാവികമായ അലങ്കാരമാണ്. കീഴാളര്‍ക്ക് അത് നിലനില്ക്കുന്ന ശാപവും. ആ ശാപത്തില്‍ നിന്നുള്ള മോചനവും അപരവല്‍ക്കരണത്തെ മറികടക്കലും വര്‍ത്തമാനത്തിന്റെ അനിവാര്യതയാണ്. ബന്ധു മാധവിന്റെ കഥകള്‍ വായിച്ച ഒരു പുതിയ തലമുറ ഇവിടെ ഉണര്‍ന്നുകഴിഞ്ഞു. ഇനി അവര്‍ ഒരു ചന്ദ്രുവിനെ കാത്തിരിക്കില്ല. തെളിവുകളുമായി ഒരുപാട് കോടതികള്‍ ഇനിയും കയറി ഇറങ്ങില്ല. ദീപയുടെ വാക്കുകളില്‍തന്നെ പറഞ്ഞാല്‍, ഒരു ജനതക്ക് വേണ്ടി, തോറ്റുപോയ ഒരു ജനതക്ക് വേണ്ടി അവര്‍ക്ക് ജയിച്ചേ പറ്റൂ. 

Contact the author

P. K. Pokker

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More