വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

പനിച്ചൂടിൽ 

ഒരു തുരങ്ക പാതയിൽ

നിങ്ങൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ

ഉപേക്ഷിച്ചു പോയവനെന്ന്, 

ചിലപ്പോഴെങ്കിലും

മരിച്ചു പോയവനെന്ന്,

നിങ്ങൾ

ആത്മാർത്ഥമായി വിശ്വസിച്ചുപോയ ഒരുവൻ

അതിന്റെ ചുവരുകളിലെ

ഇരുണ്ടതും പായൽ നിറഞ്ഞതുമായ

ചിത്രങ്ങളിലൊന്നിൽ നിന്നും

ഒരു വാവലിനെപ്പോലെ

കീഴ്ക്കാംതൂക്കായി അവതരിക്കുന്നു.

ഒന്നും പുതിയതായി

സംഭവിച്ചിട്ടില്ലാത്തമട്ടിൽ

അവൻ, നിങ്ങളുടെ അവശേഷിക്കുന്ന

ഒരേയൊരു സുഹൃത്ത്,

നിങ്ങളെ തുരങ്ക പാതയുടെ

ഇരുളിലൂടെ നടത്തുന്നു.


അവന്റെ കൈയ്യിലെ 

എക്സ്റേ ചിത്രത്തിലേക്ക്,

അതിലെ കോടയിറങ്ങിയ നിങ്ങളുടെ

ശ്വാസ അറകളുടെ

വെളുപ്പിലേക്ക്

കൗതുകമൊട്ടുമില്ലാതെ

നിങ്ങൾ

ഒരു കോട്ടുവായെറിയുന്നു.


''ഇത്രനാളും നീ എവിടെയായിരുന്നു?''

നിങ്ങളവനോട് ചോദിക്കുന്നു.

''നിന്റെ ശബ്ദം വരണ്ടിരിക്കുന്നുവെന്ന്,

നീ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന്''- അവനപ്പോൾ ചിരിക്കുന്നു


ഇരുളിൽ രണ്ടുപേരും 

പിന്നെയും നടക്കുമ്പോൾ 

നിങ്ങൾ അവനോട്

തലേരാത്രിയിൽ കണ്ട സ്വപ്നത്തെക്കുറിച്ച് പറയുവാൻ

ശ്രമിക്കുന്നു.


''ഞാൻ ....

ഒരു റഫ്രിജറേറ്ററിനെ സ്വപ്നം കാണുകയായിരുന്നു... "

നിങ്ങൾ പറഞ്ഞു തുടങ്ങുന്നു.

''അതിന്റെ ഒഴിഞ്ഞ

ഫ്രീസറിനുളളിലെ വെളിച്ചം

മെഴുകുതിരികളുടേതായിരുന്നു''വെന്നും

''അവയുടെ നാളങ്ങൾ

ഉറഞ്ഞ ഹിമപാളകളെ

പതിയെ അടർത്താനുള്ള 

കിരണങ്ങളെ

അലസമായി പൊഴിച്ചിരുന്നു''വെന്നും

നിങ്ങളവനോട് 

പറയുന്നു.


നിന്റെ ശ്വാസ അറകളെ

പൊതിഞ്ഞ കാസ നാരുകളുടെ

വെളുത്ത നിഴലിലേക്ക് അവനപ്പോൾ ഒരു നോട്ടമെറിയുന്നു.

ഒരു പുതിയ ആകാശഗംഗയെ

കണ്ടെടുത്ത മട്ടിൽ

അവനതിനെ ഉറ്റുനോക്കുന്നു.

നിങ്ങൾ അവനെ മാത്രം

നോക്കി നിൽക്കുന്നു.

ആ നിമിഷം ഒരു മുഴുത്ത മഞ്ഞുപാളി

ഫ്രീസറിന്റെ മേൽത്തട്ടിൽ നിന്നും

ഊർന്നുതുടങ്ങുന്നത് നിങ്ങൾ കാണുന്നു.

പൊടുന്നനെ എങ്ങനെയോ

അവനും ആ സ്വപ്നത്തിലേക്ക്

കടന്നുകയറുന്നു.


പഴകിയ രക്തത്തിന്റെ നിറമുള്ള അതിന്റെ വാതിൽ

അവൻ നിങ്ങൾക്കുവേണ്ടി

മലർക്കെ തുറന്നുവെയ്ക്കുന്നു.


ഉരുകിവീണ മെഴുകുതുള്ളികളും ഉറഞ്ഞ മഞ്ഞും

ചേർന്ന് നിങ്ങളെ പൊതിയുവാനുള്ള

വെളുത്ത പേടകം തയ്യാറാക്കുകയാണെന്ന്

നിങ്ങളപ്പോൾ ഭയക്കുന്നു.


പനിച്ചൂടുള്ള ഇരുട്ടിൽ

തുരങ്കപാതയിൽ

നിങ്ങൾ പതിയെ ഉരുകുന്നു..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More