ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

ആദ്യം ആന്‍റണി കോണ്‍ഗ്രസുകാരനായും പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷം കെ കരുണാകരനൊപ്പവും സഹയാത്ര ചെയ്ത പ്രൊഫസര്‍ ജി ബാലചന്ദ്രന്റെ‍ ആത്മകഥ 'ഇന്നലെയുടെ തീരത്ത്' വിസ്മൃതിയിലാണ്ടുപോയ നിരവധി സംഭവവികാസങ്ങളെ വര്‍ത്തമാനത്തിലേക്ക് പുനരാനയിക്കുന്ന സവിശേഷ ഓര്‍മ്മപുസ്തകമാണ്. ലീഡര്‍ കെ കരുണാകരന്‍റെയും തന്റെ 37-ാം വയസ്സില്‍ കേരളത്തിലെ  മുഖ്യമന്ത്രിയായിത്തീര്‍ന്ന എ കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കൂടെ വിദ്യാര്‍ഥി പ്രസ്ഥാനകാലം മുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജി ബാലചന്ദ്രന്റെ‍ എഴുത്തും വെളിപ്പെടുത്തലുകളും അനുഭവങ്ങളുടെ നേര്‍ സാക്ഷ്യമാണ്. 

കോണ്‍ഗ്രസ് സംഘടനക്കകത്തെ ഉള്‍പിരിവുകളും ഇടനാഴികളിലെ അന്തര്‍നാടകങ്ങളും കാര്യങ്ങളെ അടിമേല്‍ മറിച്ച യാദൃശ്ചികതകളും പല അദ്ധ്യായങ്ങളിലായി ഇന്നലെയുടെ തീരത്തില്‍ ഇതള്‍വിരിയുന്നു. രാഷ്ട്രീയത്തിനുപരി സാംസ്കാരിക സാഹിത്യ മാധ്യമ രംഗങ്ങളിലെ നിരവധി വ്യക്തികളുമായി സവിശേഷ ബന്ധം പുലര്‍ത്തിയിരുന്ന ജി ബാലചന്ദ്രന്‍ തകഴി, കെ ബാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്‌ തുടങ്ങിയവരുമായി ബന്ധപ്പെട്ട തന്റെ വ്യത്യസ്തമായ അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏ കെ ആന്റണി കെ എസ് യു സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ഭാരവാഹിയായിരുന്ന അദ്ദേഹത്തിന്റെ എഴുത്തിലെ ചൂടും ചൂരുമുള്ള അനുഭവങ്ങളിലധികവും കോണ്‍ഗ്രസുമായും നേതാക്കളുമായും ബന്ധപ്പെട്ടതായി എന്നതില്‍ അത്ഭുതപ്പെടാനില്ല.

ഒരണ സമരത്തില്‍ എ കെ ആന്റണി പങ്കെടുത്തിട്ടില്ല 

വിമോചന സമരത്തിന് മുന്നോടിയായി നടന്ന ഒരണ സമരത്തില്‍ എ കെ ആന്റണി പങ്കെടുത്തിരുന്നില്ല എന്ന വെളിപ്പെടുത്തലാണ് ഇന്നലെയുടെ തീരത്തില്‍ പ്രധാനമായ ഒരു വെളിപ്പെടുത്തല്‍. ആലപ്പുഴയില്‍ നിന്നും കുട്ടനാട്ടിലേക്കുള്ള ബോട്ട് ചാര്‍ജ്ജ് വര്ദ്ധനയായിരുന്നു ഒരണ സമരത്തിന് നിദാനം. ഇ എം എസ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഈ ചാര്‍ജ്ജ് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു. ഇതിനെതിരായി നടന്ന സമരത്തില്‍ കുര്യാക്കോസ് ആണ് പ്രധാന നേതാവ് എന്ന് പറയുന്ന 'ഇന്നലെയുടെ തീരത്ത്' സമരത്തില്‍ പങ്കെടുത്ത വയലാര്‍ രവി, എം എ ജോണ്‍ , ഉമ്മന്‍ ചാണ്ടി എന്നിവരുടെ പേരുകള്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ സമരചരിത്രം പറയുന്ന ഒരിടത്തുപോലും പ്രൊഫസര്‍ ജി ബാലചന്ദ്രന്‍ ഒരുകാലത്ത് അദ്ദേഹത്തിന്‍റെ അനിഷേധ്യ നേതാവായിരുന്ന എ കെ ആന്റണിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഇത് വരും കാലത്ത് വിവാദമാകാന്‍ ഇടയുള്ള കുറിപ്പാണ്. 

കെ കരുണാകരന്‍- എ കെ ആന്റണി പോരാട്ടം ഒരു ക്ലൈമാക്സ്  

കെ കരുണാകരന്‍- എ കെ ആന്റണി എന്നീ വിരുദ്ധ ധ്രുവങ്ങളുടെ ആകര്‍ഷണ വികര്‍ഷണങ്ങളായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചിരുന്നത് എന്ന കാര്യം സുവിദിതമാണ്. എന്നാല്‍ പോര് അവസാനിക്കാന്‍ ഇടയാകേണ്ട ഒരു സാഹചര്യം എങ്ങനെ കാര്യങ്ങളെ മാറ്റിമറിച്ചു എന്ന് വിവരിക്കുന്ന ശ്രദ്ധേയമായ ഒരുഭാഗം ഇന്നലെയുടെ തീരത്തില്‍ ഉണ്ട്. കെ കരുണാകരന്‍- എ കെ ആന്റണി പോര് രൂക്ഷമായ 90 കളാണ് കാലം. പാര്‍ലമെന്‍ററി ഐ ഗ്രൂപ്പിനെങ്കില്‍ പാര്‍ട്ടി നേതൃത്വം എ ഗ്രൂപ്പിന്. അതല്ലെങ്കില്‍ തിരിച്ച് എന്നതായിരുന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ട ഫോര്‍മുല. ഈ ഘട്ടത്തിലാണ് 1992- ല്‍ വയലാര്‍ രവി കെ പി സി സി അധ്യക്ഷ പദവിയിലേക്ക് വരുന്നത്. ഇതിനുമുന്നോടിയായി തമ്മില്‍ തല്ലും പ്രസ്താവനാ യുദ്ധവും രൂക്ഷമായ ഘട്ടത്തിലാണ്,

''അല്ലെങ്കില്‍ ഞാനൊരു കാര്യം പറയാം''- എന്ന മുഖവുരയോടെ കരുണാകരന്‍ ആന്റണിയോട് എന്തോ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആന്റണി വളരെ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.

''എനിക്കൊന്നും കേള്‍ക്കണ്ട''- മുഖത്തടിച്ചതുപോലുള്ള മറുപടി.

പിന്നീട് അത്മകാഥാകാരന്‍ നേരിട്ട് ലീഡറെ കാണുകയാണ്. അദ്ദേഹം ചോദിച്ചു. "എന്ത്‌ ഉദ്ദേശത്തിലാണ് ഞാനൊരു കാര്യം പറയാം എന്ന് പറഞ്ഞുകൊണ്ട് അങ്ങ് ആന്റണിയെ സമീപിച്ചത്. എന്തായിരുന്നു ആന്റണി കേള്‍ക്കാതാതെ പോയ ആ കാര്യം?

"ഓ ഒന്നുമില്ല, ഗ്രൂപ്പ് പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണിയെ കെ പി സി സി അധ്യക്ഷനായിനായി തെരഞ്ഞെടുക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് കേള്‍ക്കാന്‍ ആന്റണി തയാറായില്ല"- ഇതായിരുന്നു കെ കരുണാകരന്റെ മറുപടി. 

ഇത് കേട്ടു താന്‍ ഞെട്ടിപ്പോയി എന്ന് ജി ബാലചന്ദ്രന്‍ -ഇന്നലെയുടെ തീരത്തി'ല്‍ കുറിച്ചിരിക്കുന്നു. ആന്റണിയുടെ ഈ മറുപടിയാണ് വയലാര്‍ രവി കെ പി സി സി അധ്യക്ഷ സ്ഥാനത്ത് എത്താന്‍ കാരണം. അവര്‍ തമ്മിലുള്ള സംഭാഷണം അങ്ങനെ മുറിഞ്ഞുപോയിരുന്നില്ലെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് ജി ബാലചന്ദ്രന്‍ പറയുന്നു. 

ലീഡര്‍ കരുണാകരന്‍- ആദ്യകാല പടവുകള്‍ 

ലീഡറുമായുള്ള തന്റെ സവിശേഷ ബന്ധത്തെകുറിച്ച് ജി ബാലചന്ദ്രന്‍ വാചാലമാകുന്നു. എങ്ങനെയാണ് താന്‍ ആന്റണി പക്ഷത്തുനിന്ന് കരുണാകര പക്ഷത്തെത്തുന്നത് എന്നും 1970 കളുടെ രണ്ടാം പകുതിയില്‍ കോണ്‍ഗ്രസില്‍ സംഭവിച്ച നിര്‍ണ്ണായകമായ സംഭവവികാസങ്ങളും സത്യസന്ധമായി ജി ബാലചന്ദ്രന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ വായിക്കാം.   

വരകളുടെയും വര്‍ണ്ണങ്ങളുടെയും പുതിയ ലോകം സൃഷ്ടിക്കാനാണ് കെ. കരുണാകരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയത്.  കനല്‍പ്പാതകളിലൂടെ സഞ്ചരിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നേതൃത്വവും ഭരണ സാമര്‍ത്ഥ്യവും അനന്യസാധാരണമാണ്. ചിലര്‍ ജന്മനാ നേതാക്കളായി ജനിക്കുന്നു, വേറെ ചിലരുടെ ശിരസ്സില്‍ നേതൃത്വത്തിന്‍റെ കിരീടം ജനങ്ങള്‍ ചാര്‍ത്തുന്നു.  കരുണാകരനില്‍ അതെല്ലാം ഒത്തിണങ്ങിയിരുന്നു. കൊച്ചി, തിരുക്കൊച്ചി, കേരളം എന്നീ മൂന്നു നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. അതൊരപൂര്‍വ്വ സംഭവമാണ്. മാളയില്‍ നിന്ന് എട്ടു പ്രാവശ്യമാണ് ജയിച്ച് എം.എല്‍.എ ആയത്. മാളയുടെ മാണിക്യം എന്നാണ് മാളക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആരോപണങ്ങളുടെ കൂരമ്പെയ്തും ആക്ഷേപങ്ങളുടെ ചെളി വാരിയെറിഞ്ഞും അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. ഐ.എന്‍.റ്റി.യൂ.സി കെട്ടിപ്പടുക്കുന്നതിനിടയില്‍ എടുത്ത ചില നിലപാടുകളുടെ പേരില്‍ കരിങ്കാലി കരുണാകരന്‍ എന്നു വിളിച്ചാക്ഷേപിച്ചു. ആരോപണശരങ്ങളെ ചിരിച്ചുകൊണ്ടാണദ്ദേഹം നേരിട്ടത്. മുനിസിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ കിംഗ് മേക്കർ വരെയായി ലീഡര്‍ ഉയര്‍ന്നു. ഒന്‍പതു പേരുമായി ജയിച്ച് പ്രതിപക്ഷ നേതാവായി. കോണ്‍ഗ്രസ്സ് പിളര്‍പ്പോടെ നാലുപേര്‍ കൂറുമാറി സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സായി. പിന്നെയുള്ള അഞ്ചു പേരുമായാണ് അദ്ദേഹം തുഴഞ്ഞുനീങ്ങിയത്. ഇതിനിടയില്‍ എത്രയോ രാഷ്ട്രീയ നാടകങ്ങളും പിളര്‍പ്പുകളും കൂറുമാറ്റങ്ങളുമുണ്ടായി. നെഹ്റു, ഇന്ദിര, രാജീവ് ഗാന്ധി എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. രാഷ്ട്രീയത്തിലെ ചാണക്യന്‍, ഭീഷ്മാചാര്യന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ലീഡര്‍ക്ക് ചാര്‍ത്തിക്കിട്ടി.  ഞാന്‍ ആന്‍റണി ഗ്രൂപ്പിലായിരുന്ന കാലത്ത് ലീഡര്‍ക്കെതിരെ പ്രവര്‍ത്തിക്കാനായിരുന്നു ഗ്രൂപ്പു തീരുമാനം. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ചേരണമെന്ന് കരുണാകരന്‍ ഗ്രൂപ്പും ചേരരുതെന്ന് യുവനേതൃത്വവും രണ്ടു നിലപാടെടുത്തു. മന്ത്രിസഭയില്‍ ചേര്‍ന്ന് ലീഡര്‍ ആഭ്യന്തരമന്ത്രിയായി. മുതിര്‍ന്ന നേതാക്കളെല്ലാം ഒതുങ്ങിപ്പോയി. 

ലീഡര്‍ക്ക് ആരോടും നിതാന്ത ശത്രുതയുണ്ടായിരുന്നില്ല 

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ ഇന്ത്യയിലെ വമ്പന്മാരായ രാഷ്ട്രീയ നേതാക്കളെല്ലാം സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സിലായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം സാധാരണ ജനങ്ങള്‍ അണിനിരന്നു. ആന്‍റണിയും കൂട്ടരും മറുചേരിയിലായി.  അതു മുതലാണ് ഞാനടക്കമുള്ള ചെറുപ്പക്കാര്‍ ഇന്ദിരാഗാന്ധിക്കും കരുണാകരനുമൊപ്പം ചേര്‍ന്നത്. തുറന്ന ചിരിയും കണ്ണിറുക്കലും അദ്ദേഹത്തിന്‍റെ മുഖമുദ്രയാണ്.  ആശ്രിതവത്സലനായ ലീഡറെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയ സഹപ്രവര്‍ത്തകരോട് അദ്ദേഹം ശാശ്വത ശത്രുത വച്ചുപുലര്‍ത്തിയില്ല.  ലീഡറോടൊപ്പം കാറില്‍ സഞ്ചരിച്ചപ്പൊഴൊക്കെ അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പല കാര്യങ്ങളും പങ്കു വച്ചു. കാറിന്‍റെ സ്പീഡും ഭരണത്തിന്‍റെ സ്പീഡും ലീഡര്‍ക്ക് നിര്‍ബന്ധമാണ്. പത്ര പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത് മുഖ്യമന്ത്രി കെ. കരുണാകരനാണ്.  പക്ഷെ അവരാണ് വാര്‍ത്തകള്‍ കൊണ്ടും കാര്‍ട്ടൂണുകള്‍ കൊണ്ടും അദ്ദേഹത്തെ മുറിവേല്‍പ്പിച്ചത്.  ലീഡറെപ്പോലെ നര്‍മ്മവും മനുഷ്യത്വവും ഇത്രയേറെ നിറഞ്ഞുനിന്ന മറ്റൊരു നേതാവില്ല.  ഐക്യ മുന്നണിയുടെ ശില്‍പ്പിയായ അദ്ദേഹം ഗുരുവായൂര്‍ ഭക്തനാണെങ്കിലും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ലീഡറെ വിശ്വാസത്തിലെടുത്തിരുന്നു. ദലിത് വിഭാഗത്തിന്‍റെ രക്ഷകനായിരുന്നു അദ്ദേഹം.

എല്ലായിടത്തും തഴയപ്പെട്ട ലീഡറുടെ  അവസാനകാലം   

കല്യാണിക്കുട്ടിയമ്മയുടെ നിര്യാണത്തോടെ അദ്ദേഹത്തിന്‍റെ ചിറകൊടിഞ്ഞു.  സ്നേഹമയിയായ ആ അമ്മ വിളമ്പിത്തന്ന ആഹാരം ഞാന്‍ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. പള്ളിപ്പുറത്തുവച്ചുണ്ടായ കാറപകടമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ തകര്‍ത്തത്. എന്നാലും മനസ്സ് ക്ഷീണിച്ചിരുന്നില്ല. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് ലീഡറുടെ ചാണക്യബുദ്ധി തെളിഞ്ഞത്. കോണ്‍ഗ്രസ്സ് പകച്ചുനില്‍ക്കുന്ന സമയത്ത് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലീഡറാണ് ചരടുവലിച്ചത്. പ്രധാനമന്ത്രിയായതിനുശേഷം റാവുവിന് ലീഡറോടു നീരസം തുടങ്ങി. ലീഡര്‍ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നു എന്ന് ആരോ റാവുവിനെ തെറ്റിദ്ധരിപ്പിച്ചതായാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്നറിഞ്ഞത്. കരുണാകരന്‍ തനിക്ക് ഭീഷണിയായേക്കുമെന്ന് തോന്നിയതോടെ അദ്ദേഹത്തെ ഒതുക്കാന്‍ റാവു അടവുകളെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കരുണാകരനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ റാവു ശ്രമിക്കുമെന്ന് ലീഡര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ച വ്യഥയും ഉത്കണ്ഠയും ഞാന്‍ കണ്ടറിഞ്ഞതാണ്.  എല്ലായിടത്തും താന്‍ തഴയപ്പെടുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സ് തീച്ചൂളയിലെന്നപോലെ നീറുന്നുണ്ടായിരുന്നു.  കരുണാകരന്‍റെ മരണവാര്‍ത്ത വെള്ളിടിപോലെയാണ് കേരള ജനത കേട്ടത്. ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ഞാനും പങ്കെടുത്തിരുന്നു.  ലീഡറുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും പതിനായിരക്കണക്കിനു ജനങ്ങളാണ് വഴിയോരങ്ങളില്‍ കാത്തുനിന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീപാലം, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയവ അദ്ദേഹത്തിന്‍റെ അനശ്വര സ്മാരകങ്ങളായി നിലകൊള്ളുന്നു. നയിക്കപ്പെടുന്നവനല്ല, നയിക്കുന്നവനാണ് നേതാവ് - ലീഡര്‍. അത് അദ്ദേഹം തെളിയിച്ചു. പുത്രനിര്‍വ്വിശേഷമായ വാത്സല്യം ആണ് അദ്ദേഹം എന്നോട് കാണിച്ചിരുന്നത്. എന്നെഴുതിയാണ് പ്രൊഫ ജി ബാലചന്ദ്രൻ കെ കരുണാകരനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളും പറഞ്ഞവസാനിപ്പിക്കുന്നത്. 

വളരെ രസകരമായി മുന്നേറുന്ന 'ഇന്നലെയുടെ തീരത്ത്' തകഴി ശിവശങ്കര പിള്ളയും ആര്‍ എസ് പി നേതാവായിരുന്ന ശ്രീകണ്ഠന്‍ നായരും  തമ്മിലുള്ള ആത്മ ബന്ധത്തെകുറിച്ചും കെ ബാലകൃഷ്ണനെ കുറിച്ചുമൊക്കെ വിശദമായിത്തന്നെ എഴുതുന്നുണ്ട്. അക്കാലത്ത് പ്രതിപക്ഷ-ഭരണപക്ഷങ്ങളായി മലര്‍ന്നും കമിഴ്ന്നും വീണ കക്ഷിരാഷ്ട്രീയ നേതാക്കളെ കുറിച്ചും കമ്മ്യൂണിസ്റ്റ് നേതാക്കളെ കുറിച്ചും യാതൊരു മുന്‍ ധാരണയും വെച്ചുപുലര്‍ത്താതെ വസ്തുതകള്‍ പറയുന്നുണ്ട്. ചരിത്ര സംഭവങ്ങള്‍ പറയുമ്പോള്‍ പുലര്‍ത്തുന്ന സത്യസന്ധത തന്നെയാണ് 'ഇന്നലെയുടെ തീരത്ത്' എന്ന ആത്മകഥയെ വ്യത്യസ്തമാക്കുന്നത്. ആരെയും വേദനിപ്പിക്കരുത് എന്ന നിശ്ചയം മനസ്സില്‍ സൂക്ഷിക്കുമ്പോഴും ചരിത്രത്തെയും ഓര്‍മ്മകളെയും വളച്ചൊടിക്കരുത് എന്ന നിശ്ചയദാര്‍ഢ്യം ഈ കഥനത്തില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് കേരള രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നതും പുസ്തകത്തിന്റെ ഈ ഗുണവിശേഷംകൊണ്ടുതന്നെയാണ്. 

രാഷ്ട്രീയത്തിലെ മറിമായങ്ങള്‍ക്കപ്പുറമുള്ള വിചാരയാത്ര- പ്രൊഫ. എം കെ സാനു

രാഷ്ട്രീയത്തിലെ മറിമായങ്ങള്‍ക്കപ്പുറമുള്ള വിചാരയാത്രയാണ് ഇന്നലെയുടെ തീരത്ത് എന്ന് പ്രൊഫ. എം കെ സാനു അവതാരികയില്‍ രേഖപ്പെടുത്തുന്നു. "രാഷ്ട്രീയ നേതാക്കള്‍ക്കില്ലാത്ത ചില സവിശേഷ സിദ്ധികള്‍ ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നത് ആളുകള്‍ വേണ്ടുവോളം ശ്രദ്ധിച്ചുവോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രസംഗ വൈഭവമാണ് അതിലൊന്ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സചിവോത്തമ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാര്‍ത്ഥിയാണദ്ദേഹമെന്നോര്‍ക്കണം. ബാലചന്ദ്രന്റെ  സംയമിതമായ രീതിയില്‍ തുടരുന്ന  പ്രസംഗങ്ങളില്‍ വെല്ലുവിളികളില്ല, ആക്രോശങ്ങളില്ല, ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഒരു വീക്ഷണമോ ആശയഗതിയോ അവശേഷിപ്പിക്കാതെ ആ പ്രസംഗങ്ങളവസാനിക്കാറുമില്ല. വയലാര്‍ അവാര്‍ഡ് സമര്‍പ്പണ വേളയില്‍ ഒരൊറ്റ പൂസ്തകത്തെ മാത്രം ആധാരമാക്കി അവതരിപ്പിക്കുന്ന പ്രസംഗങ്ങള്‍ കൂടി ഓര്‍മ്മിച്ചുകൊണ്ടാണ് ഞാന്‍ ഇത് കുറിക്കുന്നത്.  സാഹിത്യവുമായുള്ള ബന്ധം ബാലചന്ദ്രനെ ഗ്രന്ഥരചനയിലേക്ക് നയിച്ചതിനു ദൃഷ്ടാന്തമായി മൂന്നു ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. തകഴിയുടെ സര്‍ഗ്ഗപഥങ്ങള്‍, തകഴി-കഥയുടെ രാജശില്‍പ്പി; അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്നിവ.  ആ രചനകളുടെ കൂട്ടത്തില്‍ ഓര്‍മ്മയുടെ തീരങ്ങളിലൂടെ തുടരുന്ന വിചാരയാത്രയെന്നു വിവരിക്കാവുന്ന ഈ പുസ്തകത്തിന് ഞാന്‍ പ്രധാന സ്ഥാനം നല്‍കുന്നു. ഒഴുക്കുള്ള ശൈലി, ആകര്‍ഷകവും ഇന്ദ്രിയവേദ്യവുമായ സ്ഥലചിത്രങ്ങള്‍, കുട്ടനാടന്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടൊപ്പം ചരിത്ര പ്രാധാന്യവും വെളിപ്പെടുത്തുന്ന വിവരണങ്ങള്‍, വ്യക്തികളുടെ സവിശേഷ ഗുണങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന നഖചിത്രങ്ങള്‍, രാഷ്ട്രീയ സംഭവങ്ങള്‍ ഇപ്രകാരം എന്തെല്ലാമെന്തെല്ലാം ഈ പുസ്തകത്തിലടങ്ങുന്നു. തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് ആലപ്പുഴയിലെ രണ്ടു പ്രമുഖ വ്യക്തികള്‍ തന്നില്‍ ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങളാണെന്ന് ബാലചന്ദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയത്തിലെ മറിമായങ്ങളെക്കുറിച്ച് ബാലചന്ദ്രന്‍ പ്രതിപാദിക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിര്‍പ്പുകളേയും പ്രതിസന്ധികളേയും എങ്ങനെയൊക്കെയോ ബാലചന്ദ്രന്‍ അതിജീവിച്ചു.  എതിര്‍ പാര്‍ട്ടിക്കാരെക്കാള്‍ സ്വന്തം പാര്‍ട്ടിക്കാരാണ് ബാലചന്ദ്രനെതിരായി പ്രവര്‍ത്തിച്ചത്. ഇച്ഛാശക്തിയാണ് ബാലചന്ദ്രനെ മുന്നോട്ടു നയിക്കുന്നത്.

ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം." എന്നെഴുതിയാണ് സാനുമാഷ് തന്റെ അവതാരിക അവസാനിപ്പിക്കുന്നത്. DC ബുക്സാണ് ഇന്നലെയുടെ തീരത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Contact the author

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 2 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

More
More