എറിത്രിയന്‍ കടലിലെ കപ്പലോട്ടങ്ങള്‍- പി പി ഷാനവാസ്‌

   അദ്ധ്യായം-1

പഷ്ണം രേഖകൾ


എവിടെ നിന്നാണ് ഓരോ യാത്രയും തുടങ്ങുന്നത് എന്ന് നിശ്ചയിക്കുക പ്രയാസം. ഏത് നിശ്ചയങ്ങളില്‍ നിന്നാണ് നാം തുടങ്ങുന്നത് എന്നതിനനുസരിച്ച് ഒരു തുടക്കം പറയാം. എപ്പോഴും തന്നില്‍ നിന്നാവണം എന്ന് എല്ലാവരും വിചാരിക്കുക സ്വാഭാവികം. അപ്പോള്‍ അപരന് അതില്‍ അപകര്‍ഷതയോ അധമത്വമോ അനുഭവപ്പെടാം. അതിനാല്‍ യാത്രകള്‍ക്ക് ഒരു തുടക്കമിടാതിരിക്കുന്നതാണുത്തമം. ഓരോരുത്തര്‍ക്കും അവരവരുടെ ആദി അനുവദിച്ചു നല്‍കുക. ആദിയും അന്തവുമില്ലാത്ത ജീവിതാന്വേഷണം പോലെ.

നേരെ ചൊവ്വേ

ചമ്രവട്ടം പാലം കടന്ന് പൊന്നാനി വഴി പോകാം. അതല്ല, കുറ്റിപ്പുറം കഴിഞ്ഞ് തവനൂര്‍ വഴി ദീപയുടെ നാടു വഴി പോകാം. നാഷണല്‍ ഹൈവേയിലൂടെ എടപ്പാള്‍-കുന്നംകുളം റൂട്ട് തെരഞ്ഞെടുക്കാം. കൊടുങ്ങല്ലൂരാകട്ടെ തുടക്കം. അവിടെ നിന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി തുടരാം. അടുത്തുള്ള മാലിക് ഇബ്നു ദീനാര്‍ സ്ഥാപിച്ച ചേരമാന്‍പള്ളി കാണാം. പറ്റിയാല്‍ സുന്ദരമൂര്‍ത്തി നായനാരുടെ തിരുവഞ്ചിക്കുളം ശിവക്ഷേത്രവും പട്ടണം പുരാവസ്തു ഉദ്ഖനന പ്രദേശങ്ങളും സന്ദര്‍ശിക്കാം. ഇന്നത്തെ രാത്രി വടക്കന്‍ പറവൂരിനടുത്തെ ചെറായി ബീച്ച് റിസോര്‍ട്ടിലേതെങ്കിലുമൊന്നില്‍ കൂടണയാം.

എന്‍റെ വഴി ഏതാണ്? ദീപയുടെ നാടു വഴിയാകട്ടെ. തവനൂരിലെ ചിത്രകാരി പത്മിനിയുടെ ഓര്‍മകളിലൂടെ. കെ എസി എസ് പണിക്കരുടെ പൊന്നാനി. ഇടശ്ശേരിയുടെ കവിതകളിലെ കുറ്റിപ്പുറം. അമ്പലപ്പറമ്പുകളുടെ സാന്ത്വനം. വരിക്കശ്ശേരി മനയുടെ കീഴാള പ്രകൃതി കുടികൊള്ളുന്ന തവനൂര്‍ പാറപ്പുറം വഴിയായാല്‍ നിറയും. മാത്രമല്ല, ഇല്ലത്തെ ദു:ഖങ്ങള്‍ എന്‍റെയും ദു:ഖങ്ങളാണല്ലോ. പിന്നെ പൊന്നാനി ചെറിയ പാലം. അതു പിന്നിട്ടാല്‍ എന്‍റെ അര്‍ശസ് ബാധിച്ച കുടല്‍പ്പിരികള്‍ പതുക്കെ മുകളിലേക്ക് കയറിപ്പോകുക പതിവാണ്. പിതൃക്കളുടെ പ്രേതങ്ങളുള്ള കടല്‍ത്തീരങ്ങള്‍. പൊന്നാനിയിലെ മഖ്ദൂം പണ്ഡിത കുടുംബത്തിന് ഞങ്ങളുടെ പിതാമഹന്മാരുമായി ചാര്‍ച്ചയുള്ളതിനാല്‍ ഫിക്ഹിന്‍റെ ആ വഴിയും പഥ്യം.

ചമ്രവട്ടം പാലം വഴിയുള്ള ആ യാത്രയില്‍ പക്ഷേ പൊടി ധാരാളം തിന്നേണ്ടി വരും. തിരൂരിലെ സങ്കീര്‍ണ്ണ പ്രകൃതിയുടെ വിമ്മിട്ടവുമുണ്ടാകും. അതിനാല്‍ നമുക്ക് എടപ്പാളിന്‍റെ നാഷണല്‍ ഹൈവേയുടെ നേര്‍വഴി തെരഞ്ഞെടുക്കാം. സിറാത്തുല്‍ മുസ്തഖീം. നേരെ ചൊവ്വെയുള്ള മാര്‍ഗം. സുഷ്മുനയുടെ വഴി. ഇഡയും പിംഗളയും ഇടവലം കാവല്‍ നില്‍ക്കുന്ന സുഷ്മനാമാര്‍ഗം തന്നെയാവട്ടെ. മനോജിനും അതിഷ്ടമായി. അവന്‍റെ ഒറ്റയ്ക്കൊരു പെണ്‍കുട്ടി എന്നു പേരുള്ള ഭാര്യ ജാതിയാല്‍ മാപ്പിളപ്പെണ്ണായതിനാൽ അവന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന നേര്‍വഴികളുടെ ശാസ്ത്രം അല്‍പാല്‍പം പിടികിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.

നിളയുടെ ഓരങ്ങള്‍. കുറുകെ ജനിമൃതികളുടെ കമാനങ്ങളുമായി ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം. അദ്ദേഹവും ആ തലമുറയും ആധുനികതയെക്കുറിച്ചറിഞ്ഞുണര്‍ന്ന നിര്‍മിതി. എംടി തിരക്കഥയൊരുക്കിയ 'അമൃതംഗമയ'യുടെ ഷൂട്ടിങ് ലൊക്കേഷനുകള്‍. കുറ്റിപ്പുറം പാലം കടന്നാല്‍, അല്ലെങ്കില്‍ ഭാരതപ്പുഴ കടന്നാല്‍, അന്തര്‍ജനങ്ങള്‍ ഭ്രഷ്ടരായിത്തീര്‍ന്നിരുന്ന ഇല്ലത്തെ ഭൂതപാരമ്പര്യങ്ങളുടെ കേട്ടറിവുകള്‍. ഇല്ലപ്പറമ്പില്‍ നിന്ന് അവള്‍ എന്‍റെ വീട്ടുപറമ്പില്‍ നടാന്‍ പ്ലാശിന്‍റെ ചെടിത്തണ്ട് കൊണ്ട് തന്നിരുന്നു. യാഗയജ്ഞങ്ങള്‍ക്കുപയോഗിക്കുന്ന ചെടിയാണ്. സസ്യശാസ്ത്രമറിയാത്ത ജ്യേഷ്ടത്തിയമ്മ അത് അടുപ്പിലെ തീയിനു വിശപ്പടക്കാന്‍ കൊടുത്തു. അഗ്നിസ്തുതിയുമായാണല്ലോ ഋഗ്വേദമന്ത്രങ്ങള്‍ സമാരംഭിക്കുന്നത്? ദീപയുടെ ഇല്ലക്കാര്‍ ഏതു വേദികളാണ്?

ഇതാ ഇവിടെയാണ് മോഹന്‍ലാലും പാര്‍വതിയും ഇളനീര്‍ കുടിക്കുന്ന അമൃതംഗമയിലെ ആ ദൃശ്യം ഷൂട്ട് ചെയ്തത്. ഇവിടെ ഇറങ്ങാം. ചായ കുടിക്കാം. നിളാതീരത്തിന്‍റെ ദര്‍ശനവുമാകാം. പാര്‍വതീ പരമേശ്വരന്മാരുടെ ഈ ക്ഷേത്രപരിസരത്തിലെ ആല്‍മരം ജന്മാന്തര പ്രകൃതിയുടെ ഓര്‍മകള്‍ നിറയ്ക്കും. പ്രാക്തനമായി കാത്തുപോന്ന ബന്ധത്തിന്‍റെ ദാരുരേഖകളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ഇഷ്ടാനിഷ്ടങ്ങള്‍.

വളവു തിരിഞ്ഞ് മുന്നേറാം

കുന്നംകുളത്തിന്‍റെ നാല്‍ക്കവലകളിലൂടെ. ഇട്ടിക്കോരയുടെ നാട്. മൂലധന സമാഹരണത്തിന്‍റെ ആഭിചാരക്രിയയെക്കുറിച്ച് വിവരിക്കുന്ന ടി ഡി രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലില്‍ കുന്നംകുളമാണ് പശ്ചാത്തലം. പതിനാലാം നൂറ്റാണ്ടിലോ മറ്റോ ഉണ്ടായ വെള്ളപ്പൊക്കമാണ് കുന്നംകുളത്തെ സൃഷ്ടിച്ചതത്രെ. കൊടുങ്ങല്ലൂര്‍ പ്രദേശത്തുനിന്ന് തുറമുഖ കേന്ദ്രങ്ങള്‍ കൊച്ചിയിലേക്കു വഴിമാറിയ കാലം. മാര്‍ക്സ്, രാമകൃഷ്ണന്‍റെ ഇട്ടിക്കോര വായിച്ചിരുന്നെങ്കിൽ മൂലധനം മാറ്റിയെഴുതിയേനെ. മൂലധനം അതിന്‍റെ മദിരോത്സവം കൊണ്ടാടി എന്ന് മാര്‍ക്സ് പറയുന്നുണ്ടല്ലോ. കോരപ്പണം ഭരിക്കുന്ന സമകാലം, ലൈംഗികതയെയും മനുഷ്യബന്ധങ്ങളെയും ഒരു ആഭിചാരക്രിയയായി കാണുന്ന ഭാവിചരിത്രം മാര്‍ക്സ് മുന്നേ കണ്ടിരുന്നോ? കാപിറ്റല്‍ സെലിബ്രേറ്റഡ് ഇറ്റ്സ് ഓര്‍ഗീസ് എന്ന് അദ്ദേഹം തന്‍റെ വിവരണങ്ങള്‍ക്ക് അന്ത്യവാചകം കുറിക്കുമ്പോള്‍, ഇട്ടിക്കോരയുടെ ഇന്‍സെസ്റ്റ് മുദ്ര പതിഞ്ഞ കോരപ്പെണ്ണുങ്ങളുടെ ജീവിതവഴിയെപ്പറ്റിയും, പണത്തിന്‍റെ താന്ത്രികാനുഷ്ഠാനങ്ങളെപ്പറ്റിയും ചിന്തിച്ചിരുന്നോ? കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എംഗല്‍സുമായി ചേര്‍ന്നെഴുതാന്‍ ഉദ്ദേശിച്ച ഇന്‍സെസ്റ്റ് പുരാണമാണല്ലോ. അതു പിന്നെ ഏംഗല്‍സിന്‍റെ യുക്തിഭദ്രതയുടെ ഭാഷയില്‍ പുറത്തിറങ്ങി. എങ്കിലും മാര്‍ക്സിന്‍റെ നരംവശ ശാസ്ത്ര-വംശീയ പഠനങ്ങളുടെ നോട്ടുപുസ്തകങ്ങളായിരുന്നു ആധാരം.

പഷ്ണത്തേക്കുള്ള വഴികള്‍

കൊടുങ്ങല്ലൂരമ്മയ്ക്ക് പ്രണാമം. ഫര്‍ലോങ്ങുകള്‍ക്കു മുമ്പേ അമ്മയുടെ സാന്നിധ്യം നാഡീഞരമ്പുകളെ പിടികൂടി. ഷീജ ഉല്‍സാഹവതിയാകുന്നതു കണ്ടു. കൊടുങ്ങല്ലൂരിനുമേലുള്ള അവളുടെ അവകാശങ്ങള്‍ ഉണര്‍ന്നു. ദേവീ ഉപാസനയുടെ ചുറ്റുവട്ടത്താണ് അവളുടെ ആത്മീയതയുടെ രഹസ്യങ്ങള്‍ എന്ന് വെളിപ്പെട്ടു. പെണ്ണുങ്ങള്‍ക്കെല്ലാം പ്രവേശനം കിട്ടി. പുറപ്പെട്ട രാജേഷിന് അമ്മ ദര്‍ശനം നല്‍കിയില്ല. സപ്തമാതാക്കളുടെ അനുഗ്രഹവുമായി നസീന. ചേരമാന്‍ പള്ളിയില്‍ പോകണം, മാലിക് ഇബ്നു ദീനാര്‍ പണിത ആ പള്ളി തൊട്ടടുത്ത് തന്നെയാണ്. സന്ധ്യാദീപങ്ങളുടെ കൊടുങ്ങല്ലൂര്‍ മഗ് രിബ്. ഇഷാബാങ്ക് വിളിക്കുമ്പോള്‍ പള്ളിയ്ക്കുള്ളിലെ മാലിക് ഇബ്നു ദീനാര്‍ സംഘത്തിലെ ഒരാളുടെയും അദ്ദേഹത്തിന്‍റെ പ്രേയസിയുടെയും കബറിടത്തിലേക്കുള്ള വഴിയില്‍ അവള്‍ അറിയാതെ തലയില്‍ ദുപ്പട്ട വലിച്ചിട്ടുവത്രെ. സെക്കുലര്‍ പിന്മടക്കങ്ങള്‍! അതുകഴിഞ്ഞ് തിരുവഞ്ചിക്കുളം ശിവക്ഷേത്രമുണ്ട്. ഇവിടെ കേന്ദ്രീകരിച്ചായിരുന്നു രണ്ടാം ചേരസാമ്രാജ്യം. സുന്ദരമൂര്‍ത്തി നായനാര്‍ എന്ന ശൈവ സംന്യാസി പുതുക്കി പ്രതിഷ്ഠിച്ചതാണ്. ശിവനും പാര്‍വതിക്കും ശയിക്കാന്‍ സ്ഥലമൊഴിച്ചിട്ട ഗര്‍ഭഗൃഹത്തിന്‍റെ അപൂര്‍വതയിലാണ് രാജേഷിന്‍റെ ശ്രദ്ധയുടക്കിയത്. അതിന്‍റെ രാഷ്ട്രീയ ചരിത്രത്തിലേക്ക് ഞാനവരുടെ ശ്രദ്ധതിരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ ആസ്ഥാനം. ധ്യാനനിലീനമായ ക്ഷേത്രപരിസരത്ത് കൈകൂപ്പി. ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍റെ വേഷത്തില്‍,  അടുത്ത് പുരാവസ്തു വകുപ്പ് പ്രദര്‍ശിപ്പിച്ച പലകക്കുറിപ്പുകള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു.

പിന്നെ, ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ 'പട്ടണം' ഉല്‍ഖനന പ്രദേശ പരിസരത്തെ, മൂത്തകുന്നം ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രം നില്‍ക്കുന്ന നാല്‍ക്കവലയില്‍നിന്ന് തിരിഞ്ഞ്, ചെറായി കടപ്പുറത്തേക്കുള്ള കാറോട്ടം. കൊടുങ്ങല്ലൂര്‍ പ്രദേശം യുക്തികള്‍ക്കപ്പുറത്തെയും ആധുനികതയ്ക്കിപ്പുറത്തെയും ചരിത്രവും പൗരാണികതയുമാണ്. അത് പലര്‍ക്കും പഥ്യമാവില്ല. സ്വത്വത്തിന്‍റെ നിഗൂഢമായ അരിപ്പകളിലൂടെ സ്വയം കീറിമുറിക്കുന്ന മാനസികാവസ്ഥ എല്ലാവരേയും വേട്ടയാടി. എനിക്ക് ലഭിച്ചുകഴിഞ്ഞ നിസംഗതയ്ക്ക്കൊടുത്ത വില അധികമാര്‍ക്കുമറിയില്ല. ചെറായി കടപ്പുറം! ഇവിടെയാകും മുച്ചിരിപ്പട്ടണത്തിലേക്കു വന്ന കപ്പലുകൾ നങ്കൂരമിട്ടത്.

കുട്ടികള്‍ കടല്‍ കാണട്ടെ, അവര്‍ക്കു കൂട്ടാകാം. പെണ്ണുങ്ങള്‍ തളര്‍ന്ന മട്ടാണ്. യാത്രാ ക്ഷീണത്താല്‍ അവര്‍ മുറിയിലഭയം തേടി. ബിയര്‍ കുടി സെഷന്‍. എന്നെ 'നായര്‍വല്‍ക്കരി'ക്കാനുള്ള രാജേഷിന്‍റെയും മനോജിന്‍റെയും ശ്രമങ്ങളെ ഞാന്‍ ആര്‍ നന്ദകുമാര്‍ എന്ന 'ദുല്‍ഫുക്കാര്‍' ഓങ്ങി പ്രതിരോധിച്ചു. അദ്ദേഹത്തേക്കാള്‍ സത്യസന്ധനായൊരു നായര്‍ ബുദ്ധിജീവിയെ കേരളത്തിലൊരിടത്തും കണ്ടിട്ടില്ല. മാവേലിക്കരയിലെ മാതൃദായക തറവാട്ടില്‍ നിന്നുള്ള അപൂര്‍വ ജനുസ്! ചിത്രകലയുടെയും സംഗീതകലയുടെയും രഹസ്യങ്ങളിലൂടെ കടത്തികൊണ്ടുപോയ ഗുരുനാഥന്‍. അദ്ദേഹത്തെപ്പറ്റി പറഞ്ഞാല്‍ പിന്നെ നാവ് ഇടതടവില്ലാതെ ചലിക്കും. ഹൃദയം ഹ്യൂമറുകൊണ്ട് നിറയും. ഓരോരോ കഥകള്‍ പറഞ്ഞ് പിരികയറി. പൂഴിക്കടകനില്‍ മുറിവേറ്റ് രാജേഷും മനോജും തളര്‍ന്നുവീണു. കൊന്നുതള്ളിയ പാപത്തിന്‍റെ രക്തക്കറ കലര്‍ന്ന ബിയറുകുടിച്ച് യുദ്ധമുഖത്ത് എകാകികളായി. റിസോര്‍ടിന്‍റെ കോലായില്‍ കടല്‍കാറ്റില്‍ കുളിച്ച്, ടിന്‍ ബിയര്‍ പകര്‍ന്ന കഠിന ലഹരിയില്‍ നന്ദകുമാറിനെ സ്മരിച്ച്, ഞങ്ങളൊന്നിച്ച് ചെലവഴിച്ച മട്ടാഞ്ചേരി നാളുകളില്‍ വിലയിച്ച് ഞാനിരുന്നു.

പഷ്ണം അഥവാ പഷ്ണി

രാവിലത്തെ കാപ്പികുടി തലേന്നത്തെ ലഹരിയെയും അര്‍ശസിന്‍റെ പിരിമുറുക്കങ്ങളെയും പതുക്കെ ശമിപ്പിച്ചു. മനോജിന്‍റെ അച്ഛന്‍, ഞങ്ങളുടെ രസതന്ത്രം അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്‍ സാറിന്‍റെ ഫാറൂഖ് കോളേജിലെ കൂട്ടുകാരന്‍, ബോട്ടണി പ്രൊഫസര്‍ സലിം സാറിന്‍റെ സമീപത്തുതന്നെയുള്ള വീടുസന്ദര്‍ശനമാണ് അടുത്ത പരിപാടി. ചെറായിയിലെ ആ വീട് മുചിരി പട്ടണത്തെ പ്രേതബാധകളെല്ലാം നിറഞ്ഞതായിരുന്നു. സ്ക്വാഷും കാരയ്ക്കയും ബിസ്ക്കറ്റ് കൂടുകളും ചായയും നിരത്തി പ്രാതല്‍. പുരയിടത്തിലെ ചെടികളുടെ പേരും പാരമ്പര്യവും പറഞ്ഞ് സസ്യശാസ്ത്രത്തില്‍ ക്ലാസ്. പട്ടണത്തെ ആര്‍ക്കിയോളജി സൈറ്റ് സന്ദര്‍ശനത്തിന് മുന്നോടിയായി കൈവന്ന ഉഷിരന്‍ പ്രഭാതം.. ആര്‍ക്കിയോളജിയുടെ ഭാഷയില്‍ സര്‍ഫസ് സര്‍വേ. മുന്നിയുടെ ഫോട്ടോ സ്നാപ്പില്‍ കുളിച്ച് സന്തോഷത്തിന്‍റെ നിമിഷങ്ങള്‍. മനസിലെ ചെറുപ്പവും കുട്ടിത്തവും കൈവെടിയരുത് എന്ന ഉപദേശം നല്‍കി സലിം സാര്‍. അദ്ദേഹത്തിന്‍റെ ഭാര്യ മിടുക്കിയായ അക്കാദമീഷ്യയാണെന്നും അറിഞ്ഞു. നാരായണഗുരുവിന്‍റെ ആള്‍ക്കാര്‍!.. പിന്നെ പട്ടണത്തേക്ക്.

അമ്മുവിന് വിശപ്പ് തുടങ്ങി. അവള്‍ക്കും, സലിംസാറിന്‍റെ പ്രാതലില്‍ തൃപ്തിയടയാത്ത മറ്റ് സംഘാംഗങ്ങള്‍ക്കും വേണ്ടിയുള്ള ഹോട്ടലന്വേഷണം. ഞായറാഴ്ചയായതിനാല്‍ ഹോട്ടലുകള്‍ കമ്മി. അന്വേഷണം വടക്കന്‍ പറവൂര്‍ ജങ്ഷനിലെത്തിച്ചു. നല്ലൊരു ഹോട്ടല്‍ എങ്ങും കണ്ടെത്താനായില്ല. തുടര്‍ന്ന് പട്ടണത്തേക്ക്. മാര്‍ഗ്രിഗോറിയസ് അബ്ദുല്‍ ജലീല്‍ ബാവ എന്ന പാതിരിയുടെ കബറിടവും അദ്ദേഹം സ്ഥാപിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പള്ളിയും പിന്നിട്ട് സെന്‍റ് തോമസ് സ്ഥാപിച്ചത് എന്നു കരുതുന്ന, പേര്‍ഷ്യന്‍ കുരിശിരിക്കുന്ന പള്ളിയുടെ കമാനത്തിനരികിലെ പാലവും ചിറ്റാറ്റുകരയും കടന്ന് പട്ടണത്തേക്ക്.

പട്ടണത്തേക്കുള്ള വഴി പലതാണ്. അതു ചോദിച്ചാല്‍ ഓരോരുത്തരും ഓരോന്ന് തെരഞ്ഞെടുത്ത് പറയും. എറണാംകുളംവഴി വടക്കന്‍ പറവൂരില്‍ വരാന്‍ ചിലരുടെ ഉപദേശം. തൃശൂര്‍വഴി കയറാന്‍ ചിലര്‍. കൊടുങ്ങല്ലുര്‍ അമ്പലപരിസരത്തുനിന്ന് എട്ടുകിലോമീറ്റര്‍ അകലത്തില്‍ വടക്കൻ പറവൂറിലേക്കുള്ള വഴിയിൽ മുനമ്പം ജങ്ഷന്‍ കഴിഞ്ഞാല്‍ പട്ടണമായെന്നു വേറെ ചിലര്‍. പ്രദേശത്ത് എത്തിയാല്‍തന്നെ പല കൈവഴികളുണ്ട്. അതില്‍ ഏതു തിരഞ്ഞെടുക്കും എന്നറിയാത്ത നാല്‍ക്കവലാ വിഭ്രമം- ലാബ്റിന്ത് കോംപ്ലക്സ്- ബാധിക്കും!. ഏകത്വത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളുടെ കാലിഡോസ്കോപ്പാണു പട്ടണം. ദരിദ്ര്യത്തിന്‍റെ ചുറ്റുവട്ടത്ത് ജീവിക്കുന്ന പ്രദേശവാസികള്‍. സമുദായങ്ങളുടെ അപൂര്‍വ വൈവിധ്യമുള്ള സെറ്റില്‍മെന്‍റുകള്‍. ഏതോ സമ്പന്ന സംസ്കൃതി അരികുവല്‍ക്കരിക്കുകയോ ദാരിദ്ര്യവല്‍ക്കരിക്കുകയോ ചെയ്ത നരവംശശാസ്ത്രം പട്ടണത്തിന്‍റെ പ്രത്യേകതയാണ്. ഗോവയില്‍ നിന്ന് പലായനം ചെയ്തെത്തിയ ഗൗഢ സാരസ്വത ബ്രാഹ്മണര്‍, ഗോവയില്‍ നിന്നുതന്നെ അവരുടെ സേവകരോ മറ്റോ ആയെത്തിയ വൈഷ്ണവരായ കുടുംബി സമുദായക്കാര്‍, ദളിതുകള്‍, ഈഴവര്‍, മീന്‍പിടിത്ത ഗോത്രങ്ങള്‍, മുസ്ലിംങ്ങള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ കേരളത്തിന്‍റെ സമുദായ വൈവിധ്യത്തിന്‍റെയും ജീവിത വൈപുല്യത്തിന്‍റെയും അടയാളങ്ങള്‍. നമ്മുടെ കോസ്മോപൊളിറ്റൻ ജീവിതത്തിന്‍റെ നരംവശ രേഖകള്‍. സസ്യജാലങ്ങള്‍ക്കുമുണ്ട് ആ വൈവിധ്യത്തിന്‍റെ ഷേയ്ഡുകള്‍. എന്നാല്‍ പഷ്ണിയും ദാരിദ്ര്യവും കുടിവെള്ളമില്ലായ്മയും മാലിന്യക്കായലുകളും രോഗവും ദുരിതവും എല്ലാവരെയും ഒരു ചരടില്‍ കോര്‍ക്കുന്നു. അതിനാലാകണം പട്ടണത്തിന് പഷ്ണം എന്നു പേരുമാറ്റം സംഭവിച്ചത്.  കടലോരത്തെ മനുഷ്യര്‍ എന്ന നിലയില്‍ ഇവിടുത്തുകാര്‍ ഒരേ ജീവിതദു:ഖങ്ങള്‍ പങ്കിടുന്നു. ഇവര്‍ പട്ടണം ഉദ്ഖനനത്തില്‍ ലഭിക്കുന്ന പൗരാണിക മണ്‍പാത്രക്കഷ്ണങ്ങള്‍ പോലെ, സംസ്കൃതിയുടെ തിരുശേഷിപ്പുകളായ നരവംശങ്ങള്‍ എന്ന നിലയില്‍, പരിഗണന ആവശ്യപ്പെടുന്നവരാണ്. പട്ടണത്തെ BC 1000 തൊട്ടുതുടങ്ങുന്ന മനുഷ്യചരിത്രത്തിന്‍റെ ഉത്ഖനനങ്ങള്‍ക്കു മുമ്പ് ഇവിടുത്തെ നരവംശശാസ്ത്രത്തിന്‍റെ ചരിത്രം അന്വേഷിക്കുക അനിവാര്യമായിരിക്കാം. പുരാവസ്തുപഠനം കുഴിയെടുക്കലില്‍ ഭൂതകാലം തേടുന്ന അന്ത്യവാക്കല്ല, അത് നരവംശശാസ്ത്രത്തില്‍ നിന്ന് പുരോഗമിക്കേണ്ട ഒന്നാണ് എന്ന ഓര്‍മ പകരുന്നതാണ് പട്ടണത്തെ മനുഷ്യര്‍. സാംസ്കാരിക നരവംശശാസ്ത്രത്തില്‍ നിന്നാണല്ലോ പുരാവസ്തുശാസ്ത്രം വികസിച്ചത്.

ഭരണിക്കഷ്ണങ്ങളുടെ പ്രേതബാധ

അതെ, വ്യാപാരാഭിവൃദ്ധിയോടൊപ്പം ചരിത്രപരമായി കൊള്ളയടിക്കപ്പെട്ടവരുടെ പിന്‍തലമുറ. വൈദേശിക വ്യാപാരികള്‍ നിര്‍മിച്ച സാമ്രാജ്യം ഊറ്റിക്കുടിച്ച പ്രാദേശിക ജീവിതത്തിന്‍റെ ശേഷിപ്പുകള്‍. പ്രദേശത്തുകാര്‍ക്ക് 'പഷ്ണവും പഷ്ണിയും പകരം' എന്ന അര്‍ത്ഥത്തില്‍, പേരുമാറിയ പട്ടണത്തിന്‍റെ കോസ്മോപൊളിറ്റന്‍ വ്യാപാര സംസ്കൃതിയുടെ ഭൂതം. പട്ടണത്തെ ഉദ്ഖനനങ്ങളില്‍ നിന്ന് കിട്ടുന്ന റോമന്‍ വീഞ്ഞു ഭരണിക്കഷ്ണങ്ങള്‍ പ്രേതബാധയായി പ്രദേശം മുഴുവനുമുണ്ട്. പട്ടണത്തു കിട്ടിയത്രയധികം റോമന്‍ ആംഫോറക്കഷ്ണങ്ങള്‍ ലോകത്ത് മറ്റൊരു റോമന്‍ സൈറ്റില്‍ നിന്നും കിട്ടിയിട്ടില്ലത്രെ. ആ വീഞ്ഞുകാലത്തിലെ പ്രേതങ്ങളാണോ പഷ്ണംകാരെ പിടികൂടിയത്? എല്ലാവരും നല്ല മദ്യപാനികള്‍. ആണുങ്ങളുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടി കുടുംബം പോറ്റാനിറങ്ങിയ പെണ്ണുങ്ങള്‍. ചെറിയാന്‍ സാറിന്‍റെ കുഴിയെടുക്കല്‍ പദ്ധതിയില്‍ അവരില്‍ ചിലര്‍ക്ക് ചില്ലറ ജോലികള്‍ തരപ്പെട്ടിട്ടുണ്ട്. കുഴിയെടുപ്പിന്‍റെ സീസണ്‍ വന്നാല്‍ രാവിലെ ആറു മുതല്‍ ഉച്ച വരെ ജോലിയാണ്. മണ്ണ് കോരലും അവ സ്വര്‍ണത്തരി അന്വേഷിക്കുംപോലെ തരിച്ചു മാറ്റലും. അതില്‍ നിന്നാണ് മുത്തുകളും പാത്രക്കഷ്ണങ്ങളും വര്‍ണ്ണക്കല്ലുകളും മറ്റും വേര്‍തിരിച്ചു മാറ്റുന്നത്.

പട്ടണത്തെ ഈ വിശപ്പാണോ അമ്മുവിന്‍റെ ജഠരാഗ്നി പിടിച്ചെടുത്തത്? സലീം സാറിന്‍റെ വീട്ടിലെ 'മെലിഞ്ഞ പ്രാതല്‍' അവള്‍ക്കു ശരിയായില്ല എന്നതുകൊണ്ടുമാത്രമാണോ അവള്‍ ആഹാരത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഇടയാക്കിയത്? അതോ, വ്യാപാരസമൂഹങ്ങളുടെ കപ്പലോട്ടങ്ങള്‍ പഷ്ണിയിലാക്കിത്തീര്‍ത്ത പട്ടണത്തെ ഭൂതകാലത്തെപ്പറ്റി അവള്‍ നല്‍കിയ താക്കീതാണോ? വൈദേശിക വ്യാപാരങ്ങള്‍ക്ക് കടവുകള്‍ പണിത പട്ടണത്തിന്‍റെ ശേഷപത്രം ഈ പഷ്ണിയാണെന്നാണോ അവള്‍ സൂചിപ്പിച്ചത്? പട്ടണത്തിന്‍റെ റവന്യൂരേഖകള്‍ പട്ടണത്തെ പഷ്ണം എന്നാണ് രേഖപ്പെടുത്തുന്നത്. വറുതിയുടെ വര്‍ത്തമാനത്തില്‍ കഴിയുന്ന പഷ്ണത്തിന്‍റെ ഭൂതകാലമായിരുന്നു പട്ടണം. മുചിരിപ്പട്ടണം. സംഘകാല കൃതികളില്‍ അകനാനൂറും പുറനാനൂറും പതിറ്റുപത്തും എല്ലാം മുചിരിപ്പട്ടണത്തെ പരാമര്‍ശിക്കുന്നു.

''മത്ത നീളിടൈ പ്പോകിനന്‍റു-

മരിതുചെയ്വിഴുപ്പൊരു ള്ളെതിനിറ് പെറിനുമ്

വാരേന്‍ വാഴിയെ നെഞ്ചേ ചേരലര്‍

ചുള്ളിയമ് പെരിയാറ്റു വെണ്ണുരൈ കലങ്ക

യവനര്‍ തന്ത വിനൈമാ ണന്‍കലമ്

പൊന്നൊടു വന്തു കുറിയൊടു പെയരുമ്

വളങ്കെഴു മുചിറയാര്‍പ്പെഴ വളൈഇ

യരുഞ്ചമങ് കടന്തു പടിമമ് വവ്വിയ

നെടുനല് യാനൈ യടുപോര്‍ ച്ചെഴിയന്‍''

(അകനാറൂറ്, 149. പാലൈ).

എന്‍റെ നെഞ്ചേ, പണം സമ്പാദിക്കാന്‍ വേണ്ടി എന്നെ നിരന്തരം പ്രേരിപ്പിച്ചുക്കൊണ്ടിരിക്കുന്ന അന്‍പാര്‍ന്ന എന്‍റെ ഹൃദയമേ, നീ ദീര്‍ഘായുസ്സായി ഇരുന്നാലും. ചേര രാജാക്കന്മാര്‍ക്കു ചേര്‍ന്നതായ ചുള്ളി എന്ന അഴകാര്‍ന്ന മഹാനദിയിലെ വെളുത്ത നുരകള്‍ കലങ്ങിപ്പോകുമാറ്, യവനര്‍ എന്ന പാശ്ചാത്യ രാജ്യങ്ങളിലെ വണിക്കുകള്‍ കൊണ്ടുവന്ന ശില്‍പ വൈദഗ്ധ്യത്താല്‍ പെരുമയേറിയ ചന്തമുള്ള കപ്പലുകള്‍, പൊന്നു വഹിച്ചുകൊണ്ടു വന്ന് അതിനു മാറ്റദ്രവ്യമായി സ്വീകരിച്ച കുരുമുളകു പൊതികളോടുകൂടി തിരിച്ചു പോകന്നതിനു കാരണമായ സമ്പദ് സമൃദ്ധമായ മുച്ചിരിപ്പട്ടണത്തെ, തന്‍റെ സൈന്യങ്ങളുടെ ആരവമുണ്ടാകുമാറ് വളഞ്ഞ് അവിടെ വെച്ചുണ്ടായ തുമുലമായ യുദ്ധത്തില്‍ ആ പട്ടണത്തിലുള്ള പ്രതിമയെ (വിഗ്രഹത്തെ) കൈപ്പറ്റി കൊണ്ടുവന്ന, നല്ല പൊക്കമുള്ള ആനകള്‍ ഉള്‍കൊള്ളുന്ന സൈന്യത്തോടും ശത്രുക്കളെ കൊല്ലാന്‍ തക്ക വിക്രമാതിശയത്തോടു കൂടിയ പാണ്ഡേശ്വരത്തിന്‍റെ തലസ്സ്ഥാനമായ......

''മീനെടുത്തു നെര്‍കുവൈഇ

മീചൈയമ്പിയിന്‍ മനൈമറുക്കുന്തു

മനൈക്കുവൈഇയ കറിമൂടൈയാര്‍

കലിച്ചുമ്മൈയ കരൈകലക്കുറുന്തു

കലതന്തപൊര്‍പരിചം

കഴിത്തോണിയാര്‍ കരൈ ചേര്‍ക്കുന്തു

മലൈത്താരമും കടററാരമും

തലൈപ്പെയ്തുവരുനര്‍ക്കീയും

പുനലങ്കള്ളിന്‍ പൊലന്താര്‍ക്കുട്ടുവന്‍

മുഴങ്കുകടന്‍ മുഴവിന്‍മുചിറിയന്ന

നലഞ്ചാല്‍വിഴുപ്പൊരുള്‍പണിന്തുവന്തുകൊടുപ്പിനും

പുരൈയരല്ലോര്‍വരൈയളിവളെനത്

തന്തൈയുങ്കൊടാഅനായിന്‍വന്തോര്‍

വായ്പ്പടവിറുത്തവേണിയായിടൈ

വരുന്തിന്‍റു കൊല്ലോതാനേ പരുന്തുയിര്‍ത്

തിടൈ മതിര്‍ ചേക്കും പുരിചൈപ്

പടൈ മയകാരിടൈ നെടുനലൂരേ''

മീന്‍വിറ്റു പകരം നേടിയ നെല്‍ക്കൂമ്പാരം കൊണ്ട് വീടും ഉയര്‍ന്ന തോണികളും തിരിച്ചറിയാന്‍ പാടില്ലാതെയായി. അപ്രകാരം കാണികളെ തെറ്റിദ്ധരിപ്പിക്കുന്ന വീട്ടില്‍ കുമിച്ചിട്ടിരുന്ന മുളകുചാക്കുകള്‍ ശബ്ദായമാനമായ കരയില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ കഴിയാതെ വിഷമിക്കും, കാണുന്ന ആളുകള്‍. കപ്പലുകള്‍കൊണ്ടുവന്ന സുവര്‍ണ്ണം (പൊന്‍പൊരുളുകള്‍) തോണികള്‍ വഴി കരയിലെത്തുന്നു. മലയില്‍ നിന്നു കിട്ടുന്ന വിഭവങ്ങളും കരയില്‍ നിന്നു കിട്ടുന്ന വിഭവങ്ങളും ചേര്‍ത്ത് അര്‍ത്ഥികള്‍ക്കു കൊടുക്കുന്നു. പച്ചവെള്ളംപോലെ ധാരാളം മദ്യമുള്ള പൊന്‍മാലയണിഞ്ഞ കുട്ടുവന്‍റെ മുഴങ്ങുന്ന കടലാകുന്ന മിഴാവോടു കൂടിയ മുച്ചിരി നഗരത്തിനു തുല്യമായ ശ്രേയസ്കരമായ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നു സന്തോഷപൂര്‍വ്വം കൊടുത്താലും ഇവര്‍ക്കു തുല്യരും ഉയര്‍ന്നവരും അല്ലാത്തവരെ വിവാഹാര്‍ത്ഥം കൊള്ളുകയില്ല എന്നാണ് നിര്‍ബന്ധം. ഇതു നോക്കുമ്പോള്‍, വിവാഹത്തിനു വന്നവര്‍ പരുന്തു വിശ്രമിക്കുന്ന ഇടമതിലോടു കൂടിയ വന്‍മതിലും ആയുധപാണിയായ മറവര്‍ കാവല്‍ നില്‍ക്കുന്ന ദുര്‍ഘടവഴികളുമുള്ള വമ്പിച്ച സ്ഥലത്ത് കോട്ട കൈക്കലാക്കാന്‍ കയറുന്നതിനു വേണ്ടി ഭിത്തികളില്‍ ചാരിയ ഏണികള്‍ പോലും ദു:ഖിക്കുകയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

മുചിരിപ്പട്ടണം അഥവാ മുസിരിസ്

സമ്പന്നനായ ഒരു ദേശാധിപന്‍റെ സുന്ദരിയായ പുത്രിയെ വിവാഹം കഴിക്കാന്‍ കൊതിച്ചു പലരും അദ്ദേഹത്തെ സമീപിച്ചു നോക്കി. അറിവും പൗരുഷവും കൊണ്ടു ഉയര്‍ന്നവരെയല്ലാതെ അവള്‍ സ്വീകരിക്കുകയില്ല എന്നായിരുന്ന അവര്‍ക്കു ലഭിച്ച മറുപടി. തന്നിമിത്തം പലരും യുദ്ധത്തിനു തയാറായി. അതറിഞ്ഞ പരണര്‍ ആ പിതാവിന്‍റെ നിലപാടു നിമിത്തം ആ ദേശത്തിനു യുദ്ധം മുഖേന ഉണ്ടാകാന്‍ പോകുന്ന വൈഷമ്യങ്ങള്‍ ഈ പാട്ടില്‍ വിവരിച്ചിരിക്കുന്നു.  

മുചിരിപ്പട്ടണത്തെപ്പറ്റിയും 'ടിണ്ടിസ്', 'നെല്‍ക്കിണ്ട', 'ഒഫീര്‍' തുറമുഖങ്ങളെപ്പറ്റിയുമെല്ലാം തമിഴ് സംഘകാല കൃതികളില്‍ പരാമര്‍ശമുണ്ട്. ടിണ്ടിസിലെ മീനുകളെപ്പോലെയാണ് നിന്‍റെ കണ്ണുകള്‍ എന്നു മറ്റൊരു സംഘകാല കൃതിയായ കലിത്തൊകയില്‍ കാമുകിയെ പുകഴ്ത്തുന്നു. യവന നാവിക രേഖയായ 'പെരിപ്ലസ് ഓഫ് എറിത്രിയ'യിലും തമിഴകത്തിന്‍റെ ഈ പൗരാണിക പ്രകൃതിദത്ത തുറമുഖങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. അവയില്‍ മുചിരിപ്പട്ടണമാണ് മുന്നിട്ടു നില്‍ക്കുന്നത്. അതിനെ സംഘകാല കൃതികള്‍ മുചിരി എന്നു വിളിപ്പിച്ചപ്പോള്‍, അറബികളുടെയും യവനരുടെയും മൊഴിമാറ്റങ്ങളിലൂടെ മുസിരിസ് എന്നും അറിയപ്പെട്ടു. ദാവീദിന്‍റെയും സോളമന്‍റെയും കപ്പലുകളടുത്ത തീരങ്ങളാണത്രെ കേരളതീരം. അറേബ്യന്‍ വ്യാപാര സമൂഹങ്ങളുടെ പൗരാണിക കാലം മുതലുള്ള ബന്ധസ്ഥലങ്ങള്‍. ജൂത പ്രവാചകന്മാരായ ദാവീദിനെയും സോളമനെയും പറ്റിയുള്ള ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും പരാമര്‍ശങ്ങളില്‍ കേരളതീരത്തേക്കുള്ള ഈ സമുദ്രയാന വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്.

BC 1000 ത്തോടടുത്ത് ഇരുമ്പുരുക്കുവിദ്യ കണ്ടുപിടിച്ചതാണ്, അവരുടെ കാലം പശ്ചിമേഷ്യന്‍ സാമ്രാജ്യങ്ങളുടെ വ്യാപാരാഭിവൃദ്ധിക്ക് പശ്ചാത്തലമൊരുക്കിയത് എന്ന് അനുമാനിക്കണം. പശ്ചിമേഷ്യയിലാണ് ഇരുമ്പുസംസ്കരണ വിദ്യ കണ്ടുപിടിച്ചത് എന്നു കരുതപ്പെടുന്നു. ഇരുമ്പു സാങ്കേതിക വിദ്യ സമ്മാനിച്ച ഈ യുഗപ്പിറവിയെയാണ് ദാവീദിന്‍റെയും സോളമന്‍റെയും ചരിത്രാതീകാലത്തെ പ്രശസ്തമാക്കിയതെന്നും വ്യാഖ്യാനിക്കാം. ദാവൂദിന് നാം ഇരുമ്പിനെ മയപ്പെടുത്തിക്കൊടുത്തു, സുലൈമാന് കാറ്റിന്‍റെ സഞ്ചാരപഥാങ്ങളെപ്പറ്റി ജ്ഞാനം നല്‍കി എന്ന് ഖുര്‍ആന്‍ പറയുന്നു. ഇരുമ്പുരുക്കുവിദ്യയുടെ കണ്ടുപിടിത്തവും മണ്‍സൂണ്‍ കാറ്റുകളുടെ വഴിയറിവും തീര്‍ത്ത ചരിത്രസന്ധിയായി ഈ സൂക്തത്തെ വ്യാഖ്യാനിക്കാനാവുമോ? 'സങ്കീര്‍ത്തനങ്ങള്‍' എന്ന ദൈവികഗ്രന്ഥം നല്‍കപ്പെട്ട ദാവീദിനും പലസ്തീനിലെ വിശുദ്ധ ഗേഹം പണിത മകൻ സോളമനും ശേഷം പിന്നെ ചരിത്രത്തില്‍ പ്രശസ്തിയാര്‍ജിച്ച പ്രവാചകസ്വരൂപം ക്രിസ്തുവിന്‍റേതാണ്. ക്രിസ്തുവിന് 1000 വര്‍ഷം മുമ്പത്തെ സോളമന്‍റെ കാലത്തുനിന്നാണ് പട്ടണത്തിന്‍റെ വൈദേശിക വ്യാപാരബന്ധ ചരിത്രം ആരംഭിക്കുന്നത്. സോളമന്‍റെ ഗീതം എന്ന ബൈബിളിലെ പ്രേമകാവ്യത്തിന്‍റെ ശൈലിയുടെ അപഗ്രഥനം അകനാനൂറ്, കലിത്തൊക തുടങ്ങിയ സംഘകാലകൃതികളെ അനുസ്മരിപ്പിക്കുന്നുണ്ട് എന്ന ഗവേഷണ നിഗമനവുമുണ്ട്. 

രൂപമോ വചനമോ?

പട്ടണത്തെ പുരാവസ്തു ട്രഞ്ചുകള്‍ പറയുന്ന കഥയുടെ ആരംഭം അയോയുഗം തൊട്ടുള്ള തെക്കേ ഇന്ത്യയുടെ ചരിത്രമാണ്. ഡക്കാന്‍ പീഠഭൂമിയിലെ ഇരുമ്പുപയോഗത്തിന്‍റെ കാലം മുതലുള്ള സാര്‍വദേശീയ സമുദ്രയാന വ്യാപാരബന്ധങ്ങളുടെ ചരിത്രം. കേരളം എങ്ങിനെ ഇന്നത്തെ നിലയില്‍ ഒരു കോസ്മോപൊളിറ്റന്‍ സമൂഹമായി വികസിച്ചു എന്നതിന്‍റെ പൗരാണികമായ നീക്കിവെയ്പുകള്‍. സാമ്രാജ്യ രൂപീകരണങ്ങളോടൊപ്പം മാറിവന്ന സാര്‍വദേശീയ വ്യാപാരജീവിതത്തിന്‍റെ പ്രത്യാഘാതങ്ങള്‍. ലോകത്തെ സാമ്രാജ്യങ്ങളുടെ ചരിത്രത്തിലൂടെ ഒരു പുരാവസ്തു സഞ്ചാരം. ഏതുനിലയിലും പട്ടണം ഉദ്ഖനനങ്ങള്‍ കേരള ചരിത്രത്തിന്‍റെയും ലോകചരിത്രത്തിന്‍റെയും രേഖാരൂപം വ്യക്തമാക്കുന്നുണ്ട്. മധ്യകാലത്തുവെച്ചു മുറിഞ്ഞുപോയ അക്കാദമിക ചരിത്രത്തിന്‍റെയും നവോത്ഥാനം തൊട്ടു തുടങ്ങുന്ന ആധുനിക ചരിത്രത്തിന്‍റെയും ഇ എം എസിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെയും ഗതിവിഗതികളെ കുറേകൂടി ദീര്‍ഘമായി പിന്നാമ്പുറത്തേക്കു വലിച്ചുനീട്ടുന്നു പട്ടണം. പൗരാണികം, മധ്യം, ആധുനികം എന്നു വെട്ടിമാറ്റിയ വിഭജനങ്ങള്‍ക്കപ്പുറം പുരാണകാലവും മധ്യകാലവും ആധുനികതയും ഇവിടെ തുടർച്ച സൂക്ഷിക്കുന്നു.

കുട്ടികളോടായി ഞാന്‍ പറഞ്ഞു, കഴിഞ്ഞ ദിവസം കണ്ട തിരുവഞ്ചിക്കുളത്തിനും മാലിക് ഇബ്നു ദീനാറിനും കൊടുങ്ങല്ലൂരിനും മുമ്പുള്ള ചരിത്രമാണ് ഇവിടെയുള്ളത്. സുമാര്‍ ബിസി ആയിരം മുതലുള്ളത്. അതായത് ക്രിസ്തുവിന്‍റെ ജനനത്തിന് ഏകദേശം ആയിരം കൊല്ലം മുമ്പ്. ബൈബിളിലെ രാജവംശാവലി തീര്‍ത്ത പ്രവാചകരായ സോളമന്‍റെ കാലം മുതലുള്ളത്. മഹാഭാരതവും രാമായണവും ബൈബിളും ഖുറാനും ഈ കാലത്തെക്കുറിച്ചും അന്നത്തെ സമുദ്ര വാണിജ്യത്തെക്കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. സംഘകാല കൃതികളില്‍ മുചിരിപ്പട്ടണത്തെ പറ്റി പരാമര്‍ശമുണ്ട്. രാജേഷ് മധ്യകാലം തന്നെ ഒരു വേട്ടയായി മനസില്‍ കൊണ്ടുനടക്കുകയാണ്. മനോജാകട്ടെ ആധുനികതക്കേല്‍ക്കുന്ന അലോസരങ്ങളായേ ഈ പൗരാണിക യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്നുള്ളൂ. അവന്‍റെ നിസംഗത അതിനു തെളിവായി. അത്രയേറെ ഉറപ്പുകളൊന്നുമില്ലാതെ, ഒഴുകിപ്പരയ്ക്കുന്ന ജലാശയം പോലെ ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചരിത്രത്തിന്‍റെ രഹസ്യങ്ങള്‍, ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എളുപ്പം പിടികിട്ടും. തങ്ങളുറച്ചുപോയ പീഠങ്ങളുടെ ഇരുത്തവും പദവിയും നോക്കാതെ അവര്‍ ചരിത്രത്തെ അഭിമുഖീകരിക്കുന്നു. അര്‍ത്ഥശാസ്ത്രത്തിന്‍റെ ആണ്‍ മുന്‍വിധികളെ വൈകാരികതയുടെ യുക്തിയില്ലായ്മയില്‍ ലയിപ്പിക്കുന്നു. മുന്‍വിധികളുടെ രാഷ്ട്രീയപക്ഷമൊന്നുമില്ലാതെ ചരിത്രത്തെ അവര്‍ അതായിക്കണ്ട് സ്വീകരിക്കുന്നതില്‍ സന്തോഷമുള്ളവരാകുന്നു.

എല്ലാം ചരിത്രവല്‍ക്കരിക്കുക എന്ന മാര്‍ക്സിസത്തിന്‍റെ ആഹ്വാനം രാഷ്ട്രീയ സങ്കുചിതത്വങ്ങളെയും അതു തീര്‍ക്കുന്ന ഭൂമിശാസ്ത്രാതിര്‍ത്തികളെയും മറികടക്കുന്നതിനുള്ള വൈദ്യവിദ്യയാകുന്നത് അങ്ങിനെയാണ്. ചരിത്രവല്‍ക്കരിക്കുമ്പോള്‍ പിന്നെ സത്യത്തോട് മാത്രമേ പ്രതിബദ്ധമാകേണ്ടതുള്ളൂ. സ്ഥാപിതമായ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്ന് ആ ചിന്തയ്ക്ക് പുറത്തു കടയ്ക്കാനും കഴിയുന്നു. ഉറച്ചുപോയ മന:സ്ഥിതികളെ കീറിമുറിക്കുന്നു. അതുകൊണ്ടാകുമോ? അല്‍ത്യൂസെ പറഞ്ഞത്, മാര്‍ക്സ് ചരിത്രത്തിന്‍റെ ഭൂഖണ്ഡത്തെ ശാസ്ത്രത്തിന്‍റെ മേഖലയിലേക്ക് കൊണ്ടുവന്നു എന്ന്. ആ അര്‍ത്ഥത്തില്‍ ചരിത്രം ഏറ്റവും ശാസ്ത്രീയമായി അന്വേഷിക്കുന്ന വ്യവഹാരം എന്ന നിലയില്‍ പുരാവസ്തുവിജ്ഞാനീയം മാര്‍ക്സിയന്‍ രീതിശാസ്ത്രത്തോട് വളരെ ചാര്‍ച്ച പുലര്‍ത്തുന്നു. പൗരാണിക നാഗരികതകളുടെ കഥ പറഞ്ഞ ഗോള്‍ഡണ്‍ ചൈല്‍ഡ് മാര്‍ക്സിയന്‍ രീതിശാസ്ത്രമാണല്ലോ തന്‍റെ അന്വേഷണങ്ങള്‍ക്ക് ഉപയോഗിച്ചത്. മനുഷ്യന്‍റെ കഥ അവര്‍ നിര്‍മിച്ച ഉപകരണങ്ങളുടെയും ഉപയോഗവസ്തുക്കളുടെയും ചരിത്രമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്. പുരാവസ്തുഖനനത്തെ ചരിത്രാഖ്യാനത്തിന് ഉപയോഗിക്കുന്ന ഉത്തമ മാതൃകയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. ബാബിലോണ്‍ മുതല്‍ ഗ്രീക്ക് സംസ്കാരം വരെയുള്ള പൗരാണിക നാഗരികതകളുടെ ചരിത്രം, ധാതുസംസ്കരണത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അത് സാധ്യമാക്കുന്ന സവിശേഷ ഉല്‍പാദന രീതിയുടെയും അവയില്‍ നിന്ന് രൂപംകൊള്ളുന്ന ഉല്‍പാദന ബന്ധങ്ങളുടെയും ചരിത്രമാണെന്ന നിലയിലുള്ള ആഖ്യാനം. ഈ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളാണ് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്ര രൂപീകരണങ്ങളെയും സംസ്കാര സങ്കീര്‍ണതകളെയും നിര്‍മിക്കുന്നത്. ഹിമയുഗത്തില്‍ നിന്ന് ശിലായുഗത്തിലേക്ക്. അവിടെ നിന്ന് ചെമ്പും വെങ്കലവും അടിസ്ഥാന ധാതുവായി ഉപയോഗിച്ചു പോന്ന യുഗങ്ങള്‍. പിന്നെ ഇരുമ്പിന്‍റെ കണ്ടുപിടിത്തം. ബിസി ആയിരത്തോടെ നടന്ന ഇരുമ്പിന്‍റെ ഉപയോഗത്തിലെ കണ്ടെത്തലുകള്‍ കൂടുതല്‍ സാര്‍വലൗകികമായ നാഗരികതകള്‍ക്ക് ജന്മം നല്‍കി.

ഇരുമ്പു സംസ്കൃതിയെ ആനയിച്ച ദാവീദിന്‍റെയും സോളമന്‍റെയും കപ്പലുകള്‍ 

ഇരുമ്പിന്‍റെ സമൃദ്ധമായ സാന്നിധ്യവും അതിനെ പരുവപ്പെടുത്തിയെടുക്കാനുള്ള എളുപ്പവും സംസ്കാര നിയോഗങ്ങളെ സംബന്ധിച്ചിടത്തോളം കുതിച്ചു ചാട്ടമായിരുന്നു. ചെമ്പും വെങ്കലവും താരതമ്യേന കുറഞ്ഞ അളവിലാണ് ഭൂമിയിലുള്ളത്. അത് പരുവപ്പെടുത്തുകയും കഠിനം. എങ്കിലും അവ സൃഷ്ടിച്ച നാഗരികത ക്വാളിറ്റിയില്‍ മെച്ചപ്പെട്ടതായിരിക്കണം, ഏതാനും വരേണ്യരുടെ സവിധത്തില്‍ മാത്രമേ അതിനു പുലരാന്‍ സാധ്യമായുള്ളൂ എന്നിരിക്കിലും. സുമേരിയന്‍, ബാബിലോണിയന്‍, മൊസാപൊട്ടാമിയന്‍, ഈജിപ്ഷ്യന്‍, സൈന്ധവ സംസ്കൃതികള്‍ അതാണല്ലോ തെളിയിക്കുന്നത്. പശ്ചിമേഷ്യയിലാണ് ഇരുമ്പ് ഉരുക്കാക്കുന്ന സംസ്കരണവിദ്യ ആദ്യമായി കണ്ടെത്തിയത് എന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ബിസി 1200 നോടടുപ്പിച്ച്. അതിനുശേഷം സാംസ്കാരിക നിക്ഷേപങ്ങളില്‍ വന്ന മാറ്റമാണ് ലോകത്തിന്‍റെ ആധുനിക ചരിത്രം. ഇരുമ്പുയുഗം. അല്ലെങ്കില്‍ അയോയുഗം. ഇരുമ്പ് സാങ്കേതിക വിദ്യയുടെ വ്യാപനം സൃഷ്ടിച്ച സംസ്കാരവും ചരിത്രവും. ഉത്തരേന്ത്യയില്‍ ഇരുമ്പ് ആര്യന്മാരുടെ വരവോടെയാണ് വന്നെത്തുന്നത്. മോഹന്‍ജദാരോ-ഹാരപ്പന്‍ സംസ്കൃതി പുലര്‍ന്നത് ചെമ്പിലും കൂട്ടുലോഹമായി വെങ്കലത്തിലുമായിരുന്നു. മധ്യേഷ്യയില്‍ നിന്ന് പശ്ചിമേഷ്യവഴി അഫ്ഗാനിസ്ഥാനിലൂടെ ഇന്ത്യയിലെത്തിയ ആര്യഭാഷാ വംശങ്ങള്‍ ഗംഗാ തടത്തിലെ കാടുവെട്ടിത്തെളിച്ച് ഇവിടെ തീര്‍ത്ത ആര്യാവര്‍ത്തസംസ്കാരത്തിന്‍റെ പ്രധാന പ്രേരണയും ശക്തിയുമായി വര്‍ത്തിച്ചത് ഇരുമ്പിന്‍റെ ഉപയോഗത്തില്‍ അവര്‍ നേടിയിരുന്ന വൈദഗ്ധ്യമായിരുന്നു. കൂടുതല്‍ വ്യാപകമായ കൃഷിയും സംസ്കാരവും സാധ്യമാക്കാനും, എല്ലാവര്‍ക്കും എളുപ്പം ലഭ്യമാകുകയും പകര്‍പ്പെടുക്കാനാവുകയും ചെയ്യാവുന്ന നിലയില്‍ ഇരുമ്പിന്‍റെ സാങ്കേതികവിദ്യ ജനാധിപത്യത്തിന്‍റെ സാധ്യകള്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ ഡെക്കാന്‍ പീഠഭൂമി പ്രദേശത്ത് ഇരുമ്പിന്‍റെ  ഉപയോഗം ആര്യാവര്‍ത്തത്തിനു സമാന്തരമായോ അല്‍പം മുമ്പോ സാധ്യമായിട്ടുണ്ടെന്നാണ് പുരാവസ്തു ഉദ്ഖനനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പശ്ചിമേഷ്യയുമായുള്ള പൗരാണിക സമുദ്രയാന ബന്ധങ്ങള്‍ ആര്യാവര്‍ത്തത്തിന് അല്‍പം മുമ്പേ ഇവിടെ ഇരുമ്പ് സംസ്കരണ വിദ്യ എത്തിച്ചിട്ടുണ്ടാകാം. ദാവീദിന്‍റെയും സോളമന്‍റെയും കപ്പലുകള്‍ അണഞ്ഞ കേരളതീരങ്ങളില്‍, ഇരുമ്പു സംസ്കൃതി കൂടുതല്‍ മുമ്പേ വന്നെത്തി എന്ന് കേരള പുരാവസ്തു വകുപ്പ് നടത്തിയ മങ്ങാട് ഉദ്ഖനനവും പിന്നീട് തമിഴ്-കര്‍ണ്ണാടക പ്രദേശത്ത് നടന്നുപോരുന്ന ഉദ്ഖനനങ്ങളും തെളിയിക്കുന്നു. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ അയോയുഗ ശവസംസ്കാരാവശിഷ്ടങ്ങളുടെ സമൃദ്ധി ഇത് വ്യക്തമാക്കുന്നു. പട്ടണത്തെ ഉദ്ഖനനങ്ങളിലെ ഏറ്റവും താഴ്ചയിലുള്ള സാംസ്കാരിക മണ്ണടരില്‍ അയോയുഗ ജീവിതത്തിന്‍റെ തെളിവുകളാണ് ഡോ. പി ജെ ചെറിയാനും സംഘവും അന്വേഷിക്കുന്നത്.  അങ്ങിനെ വസ്തുക്കളും ധാതുക്കളും സംസ്കാരങ്ങളുടെ കഥപറയുന്ന പുതിയ ശാസ്ത്രം. അത് ആശയങ്ങളും ലിഖിതങ്ങളും അവയുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം ചരിത്രരചനയ്ക്ക് ഭൗതിക വസ്തുക്കളെയും അവയുടെ ദൃശ്യസാന്നിധ്യത്തെയും ആശ്രയിക്കുന്നു. വസ്തുവാണ് ആശയത്തിന് മുമ്പേ ഹാജരായത് എന്ന ന്യായത്തില്‍ നിന്ന് തുടങ്ങുന്നു. നാമങ്ങള്‍ക്ക് മുമ്പ് രൂപമുണ്ടായിരുന്നുവെന്ന് പറയുന്നു. നാമരൂപങ്ങളെ രൂപനാമങ്ങള്‍ എന്നു തിരിച്ചിടുന്നു. രൂപമാണോ നാമമാണോ ആദ്യം എന്നത് തത്വചിന്താ പ്രശ്നമാണ്. വചനമാണോ ദൃശ്യമാണോ ആദ്യം എന്ന ചോദ്യം ഒരു ഫൂക്കോഡിയന്‍ സമസ്യയാണ്. 'പ്രയോഗത്തിന്‍റെ തത്വചിന്തയ്ക്ക്' ഒരു വൈരുദ്ധ്യാത്മക പ്രശ്നവും.

ചരിത്രം അടവെച്ചുവിരിയുന്നത് വസ്തുവിലോ രേഖയിലോ ?

പട്ടണ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കാറില്‍ നിന്നുള്ള ചര്‍ച്ചകളിലൊന്നില്‍ ഈ വിഷയമായിരുന്നു ഉന്നയിക്കപ്പെട്ടത്. പട്ടണത്തെ ഗവേഷണ സംഘം പുറത്തിറക്കിയ ലഘുലേഖയിലെ ഉദ്ധരണി വെച്ചാണ് രാജേഷിന്‍റെ ചോദ്യങ്ങള്‍. എന്തുകൊണ്ട് പുരാവസ്തുവിജ്ഞാനീയം ഭൗതിക തെളിവുകളില്‍ ഊന്നുന്നു? എന്തുകൊണ്ട് ടെക്സ്ച്വല്‍ തെളിവുകള്‍ രണ്ടാം കിടയായിരിക്കുന്നു? എന്തുകൊണ്ടാണ് ഭൗതിക തെളിവുകള്‍ പ്രാഥമികമാകുന്നത്? അടിത്തറയിലുള്ള ഈ ഊന്നല്‍ എത്രമാത്രം മാര്‍ക്സിയനാണ്? അത് പില്‍ക്കാലത്ത് മാര്‍ക്സ് തിരുത്തിയിട്ടുണ്ടല്ലോ?

അല്ല, എംഗല്‍സാണ് അതു തിരുത്തിയത്, ഞാന്‍ പറഞ്ഞു. സാമ്പത്തികാടിത്തറയ്ക്ക് താനും മാര്‍ക്സും നല്‍കിയ പ്രാധാന്യം ആശയത്തിനും ആശയമേല്‍ക്കോയ്മക്കും ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേൽ പ്രാമുഖ്യം ലഭിച്ച ഒരു കാലത്തു നല്‍കിയ ഊന്നലായിരുന്നു എന്ന് പറഞ്ഞത് എംഗല്‍സാണ്. സാമ്പത്തികാടിത്തറയുടെ പ്രാമുഖ്യത്തില്‍ ഊന്നിയപ്പോഴും സംസ്കാരത്തിന്‍റെ ഉപരിഘടനയ്ക്കുള്ള പ്രാധാന്യത്തെ തങ്ങള്‍ കുറച്ചുകണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതു ശരിയായിരുന്നു താനും. എന്നാല്‍ മാര്‍ക്സിസം പ്രാഥമികമായും ഊന്നുന്നത് ഭൗതികവസ്തുക്കളില്‍ തന്നെ. വസ്തുവാണോ ആശയമാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് വസ്തുവെന്നാണ് മാര്‍ക്സിസത്തിന്‍റെ ഉത്തരം. നാം കളങ്കിതരായ ഭൗതിക മനുഷ്യരില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും, നാം സ്വര്‍ഗത്തില്‍ നിന്നല്ല ഭൂമിയില്‍ നിന്നാണ് തുടങ്ങുന്നതെന്നും അദ്ദേഹം ഇതേ ആശയം ആവര്‍ത്തിച്ചിട്ടുണ്ട്. ആത്മനിഷ്ഠ യാഥാര്‍ത്ഥ്യത്തേക്കാള്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണ് പ്രധാനമെന്നത് മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനമാണ്. അതേസമയം ആത്മനിഷ്ഠതയും ഉപരിഘടനാസംബന്ധിയായ സാംസ്കാരിക സങ്കീര്‍ണതകളും രൂപീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ, അവയും ഒരു ഭൗതികശക്തിയായി മാറുന്നുവെന്നും അതിനര്‍ത്ഥമുണ്ട്. ഒരു ആശയം ഉള്ളില്‍ കയറിയാല്‍ അതൊരു ഭൗതികശക്തിയായി മാറുന്നു എന്നുള്ള മാര്‍ക്സിന്‍റെ വാക്യവും ഇവിടെ സംഗതം. ഗ്രാംഷി മുന്നോട്ടുവെയ്ക്കുന്നത് അടിത്തറയും ഉപരിഘടനയും എന്ന ദ്വന്ദ ചിന്തയല്ല, രണ്ടിനെയും ഒരു സംഘാതമായി പരിഗണിക്കണം എന്ന പുതിയ നിലപാടാണ്. ഊര്‍ജതന്ത്രത്തില്‍ പിണ്ഡവും ഊര്‍ജവും തമ്മിലുള്ള പാരസ്പര്യം പോലെ. രണ്ടും ഒരവസ്ഥയുടെ പ്രകടീഭാവങ്ങളാണ് എന്ന മട്ടില്‍.

അങ്ങിനെ വരുമ്പോഴും കാഴ്ചയ്ക്ക് നമ്മുടെ ബോധത്തിലുള്ള സ്വീകാര്യത മറ്റുള്ള അനുഭവങ്ങളേക്കാള്‍ പ്രമുഖമാണ്. കാഴ്ചയാണ് സത്യമായി നാം കണക്കാക്കുന്നത്. എഴുതപ്പെട്ട രേഖകള്‍ ഉറവിടമായി സ്വീകരിച്ചാണ് ഇതുവരെ ചരിത്രം എഴുതിയിട്ടുള്ളത്. ടെക്സ്ച്വല്‍ എവിഡന്‍സസ്. സാഹിത്യപരമായ തെളിവ് എല്ലായ്പ്പോഴും ചരിത്രവസ്തുതയുടെ വ്യാഖ്യാനപാഠമാണ്. അതിനാല്‍ അതിനേക്കാള്‍ ചരിത്ര വസ്തുതയുടെ സത്യസന്ധത ഒരു ദൃശ്യത്തില്‍ നിന്ന് അനുഭവവേദ്യമാകുമെങ്കില്‍ അതായിരിക്കും കേമം. പുരാവസ്തു വിജ്ഞാനീയം അത്തരമൊരു സാധ്യതയെ സമാരംഭിക്കുന്നു. അത് വസ്തുക്കളില്‍ നിന്നാരംഭിക്കുന്നു. ദൃശ്യത്തെളിവുകളെ പ്രാഥമികമായെടുക്കുന്നു. ഈ ദൃശ്യവസ്തുക്കളുടെ തെളിവുകള്‍ (ആര്‍ട് ഫാക്ട്സ്) ടെക്സ്ച്വല്‍ ആയ തെളിവുകളുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ആര്‍ക്കിയോളജി ചരിത്രമെഴുത്തിന്‍റെ ഉപാധിയായി മാറുന്നു. അങ്ങിനെ രണ്ടു തരം രീതികളുടെയും സമന്വയമാണ് വേണ്ടത് എന്നു വരുന്നു. അതിലൂടെയാണ് പട്ടണത്തെ ഉദ്ഖനനത്തിന് ചരിത്രപഠനത്തിലേക്ക് കടക്കാന്‍ കഴിയുന്നത്. ഇവിടെ ഭൗതികവസ്തുപഠനത്തിന്‍റെ പേരില്‍, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, വസ്തു-സംസ്കാര പഠനത്തിന്‍റെ പേരില്‍, ടെക്സ്ച്വല്‍ തെളിവുകളെ കയ്യൊഴിയുന്നു. ടെക്സ്ച്വല്‍ പഠനത്തിന്‍റെ ആധികാരികതയില്‍ വിശ്രമം കൊള്ളുന്നവര്‍ പുരാവസ്തു തെളിവുകളെ ഭയക്കുന്നു. അതിനു കാരണം വിഷയസംബന്ധിയായ ആഴക്കുറവാണ്. മറ്റൊരു കാരണം രാഷ്ട്രീയമാണ്. രണ്ടും പട്ടണം ഗവേഷണത്തെ കാര്‍ന്നുതിന്നുന്നു.

എന്‍റെ വാചാലത രാജേഷിനെ മുന്‍വിധികളില്‍ നിന്ന് ഒട്ടും രക്ഷിച്ചില്ല. കാരണം അവന്‍റെ രാഷ്ട്രീയം നമ്മുടെ മാര്‍ക്സിസ്റ്റുകള്‍ സ്വാംശീകരിച്ച ആധുനികതയുടെയും അതിന്‍റെ സാമുദായിക സമവാക്യ പ്രയോഗങ്ങളുടെ വര്‍ത്തമാനത്തിലും സദാ ഉഴറുകയാണെന്നു തോന്നുന്നു. മനോജിന്‍റെ ആധുനികതാ സങ്കല്‍പനങ്ങളിലും ഒതുങ്ങാതെ ആ ചര്‍ച്ച വഴിയില്‍ മുറിഞ്ഞു. എന്നാല്‍ പട്ടണം കുട്ടികളില്‍ വിസ്മയം ബാക്കി വെച്ചു. കുട്ടികള്‍ക്ക് ഹരമായി, രാജേഷ് സമാധാനിച്ചു.

Contact the author

P P Shanavas

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More