എന്തുകൊണ്ടാണ് ഞാന്‍ അനുപമ അജിത്തുമാരെ പിന്തുണക്കുന്നത്?- ഡോ ആസാദ്‌

എന്തുകൊണ്ടാണ് താന്‍ അനുപമയുടെയും അജിത്തിന്റെയും സമരത്തിനോപ്പം നില്‍ക്കുന്നത് എന്ന് വിശദീകരിക്കുകയാണ് സാംസ്കാരിക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി, ഭരണകൂട, നേതൃത്വങ്ങളും പൊലീസും വരെ കൈകോര്‍ത്ത് നടത്തിയ കുട്ടിക്കടത്തിനെ, ദത്ത് എന്ന ലേബലൊട്ടിച്ച് വിശുദ്ധപ്പെടുത്തുക പ്രയാസമാണ്. ദത്ത് നല്‍കലിന്റെ എല്ലാ നിയമങ്ങളും മര്യാദകളും ലംഘിക്കപ്പെട്ടു. അത് പൊറുത്തുകൊടുക്കാന്‍ നീതിബോധമുള്ള ഒരു ജനതയും തയ്യാറാവില്ല. ആസാദ് തുടരുന്നു...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്തുകൊണ്ടാണ് ഇത്ര തീവ്രമായി അനുപമ അജിത്തുമാരുടെ സമരത്തെ പിന്തുണയ്ക്കുന്നത് എന്ന് ധാരാളം സുഹൃത്തുക്കള്‍ ചോദിക്കുന്നു. അവര്‍ ഇത് മാന്യന്മാര്‍ക്ക് നില്‍ക്കാന്‍ കൊള്ളാവുന്ന ഇടമാണോ എന്ന് ആശങ്കപ്പെടുന്നു!

അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.

എല്ലാവരും അങ്ങനെയാവുമെന്നോ  ആവണമെന്നോ ഞാന്‍ കരുതുന്നില്ല. ചിലര്‍ വൈകാരിക സമ്മര്‍ദ്ദത്തിനും സാമൂഹിക സമ്മര്‍ദ്ദത്തിനും കീഴ്പ്പെടാം. നിയമ വ്യവസ്ഥകള്‍ വിസ്മരിക്കാം. അതില്‍ ഏതു ശരി ഏതു തെറ്റ് എന്നതിലല്ല ഇവിടെയും ഞാന്‍ ഊന്നുന്നത്. അതിലും വലിയ കുറ്റകൃത്യം ഭരണകൂടം നടത്തിയിരിക്കുന്നു.

അനുപമയുടെ കുഞ്ഞിനെ അനുപമയ്ക്കും പങ്കാളിക്കും, ഏതു സാഹചര്യത്തില്‍ നഷ്ടപ്പെട്ടതായാലും തിരിച്ചു കിട്ടണമെന്ന് ഞാന്‍ കരുതുന്നു. അതിനുള്ള അവരുടെ ഏതു ശ്രമത്തെയും പിന്തുണയ്ക്കുന്നു.

രണ്ടാമത്തെ കാരണം അതിലും പ്രധാനമാണ്. കോവിഡ് കാലത്ത് വലിയ തോതില്‍ കുഞ്ഞുങ്ങളുടെ ദത്തും കടത്തും വര്‍ദ്ധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചുള്ള കുട്ടിക്കടത്ത് നടക്കുന്നുണ്ട്. അറുനൂറോളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികളുടെ അറിവോ അനുവാദമോ ഇല്ലാതെ നിയമ പ്രകാരം ദത്ത് നടക്കരുതാത്തതാണ്.

2016ല്‍ മഹാരാഷ്ട്രയില്‍നിന്നും 2018ല്‍ റാഞ്ചിയില്‍നിന്നും കുഞ്ഞുങ്ങളുടെ കൈമാറ്റവും വില്‍പ്പനയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് കോവിഡ്കാലമായിരുന്നില്ല. അനേകം കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന അനുഭവം വന്നിരുന്നില്ല. അനുതാപ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കുട്ടിക്കടത്ത് നടന്നു. അത്തരം പ്രവര്‍ത്തനങ്ങളുടെ റാക്കറ്റുകള്‍ നവ സാമൂഹിക മാധ്യമങ്ങളിലൂടെ വലവീശുന്ന അനുഭവമാണ് കോവാഡാനന്തര കാലത്തു കണ്ടത്. അനാഥ ശിശുക്കള്‍ കച്ചവട ഉത്പന്നങ്ങളായി കണ്ടെത്തപ്പെടുന്ന നിലവന്നു. പല ശിശുക്ഷേമ കേന്ദ്രങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിക്കുന്നതായി സംശയമുയര്‍ന്നു.

അനുപമയുടെ പരാതി നില നില്‍ക്കെ, ആ പരാതി അവഗണിച്ചുകൊണ്ട് കുഞ്ഞിനെ കൈമാറാന്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പൊലീസും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും തിരക്കിട്ടു പ്രവര്‍ത്തിച്ചതിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അത് ജെ ജെ ആക്റ്റിന്റെ വ്യവസ്ഥകള്‍ മാത്രമല്ല, സാധാരണ ഓഫീസ് വഴക്കങ്ങളെയും ലംഘിക്കുന്നു. അതിനാല്‍ ദത്തല്ല നടന്നത് കുട്ടിക്കടത്താണ് എന്നു വ്യക്തമാവുന്നു.

അമ്മയുടെ അനുവാദത്തോടെ ദത്തു കേന്ദ്രത്തില്‍ എത്തിപ്പെട്ട കുഞ്ഞിനെ ദത്തു നല്‍കുന്നതിനുപോലും ചില നടപടിക്രമങ്ങളുണ്ട്. അനുപമ അന്ന് കൊടുത്തതല്ലേ എന്നു ചോദിക്കുന്നവര്‍ ഈ നടപടിക്രമം പാലിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളെപ്പറ്റി അജ്ഞരോ നിശ്ശബ്ദരോ ആണ്. അനുപമയുടെ അച്ഛന്‍, താന്‍ നേരിട്ടു നല്‍കിയതാണ് കുഞ്ഞിനെയെന്ന് ചാനല്‍ ചര്‍ച്ചയിലാണ് ലോകത്തോടു വിളിച്ചു പറഞ്ഞത്. അതില്‍ ശിശുക്ഷേമ ആപ്പീസര്‍മാര്‍ നിയമപരമായ ബാദ്ധ്യതകള്‍ നിറവേറ്റാതെ കുഞ്ഞിനെ കൈമാറാന്‍ ധൈര്യപ്പെട്ടതെങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് പി കെ ശ്രീമതി നല്‍കിയത്. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അറിയിച്ചിട്ടും അതൊരു കുടുംബ പ്രശ്നത്തിനപ്പുറം കാണാന്‍ ആരും തയ്യാറായില്ല. താന്‍ പരാജയപ്പെട്ടുപോയി എന്ന് ആ മുന്‍മന്ത്രിയായ നേതാവ് വിലപിച്ചു.

ഒരു കുടുംബത്തിന്റെ മാനാഭിമാന പ്രശ്നം സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കുട്ടിക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യമായി തീരുന്നതാണ് നാം കണ്ടതെന്നര്‍ത്ഥം. മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി നേതൃത്വവും ഭരണകൂട ഉദ്യോഗസ്ഥ നേതൃത്വവും പൊലീസും കൈകോര്‍ത്തു നടത്തിയ കുട്ടിക്കടത്ത്, ദത്ത് എന്ന ലേബലൊട്ടിച്ചു വിശുദ്ധപ്പെടുത്തുക പ്രയാസം. ദത്തു നല്‍കലിന്റെ എല്ലാ നിയമവും മര്യാദയും ലംഘിക്കപ്പെട്ടു. മനുഷ്യാവകാശ വ്യവസ്ഥകള്‍ പിച്ചിച്ചീന്തപ്പെട്ടു. ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളുമെന്ന് കോടതി പറയുന്നത് ദത്തു നടപടിയിലാണ് കുഞ്ഞെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ്. നിയമങ്ങള്‍ ലംഘിച്ച ദത്ത് ദത്താണോഎന്ന വിശദമായ ആലോചന അവിടെ നടന്നിട്ടില്ല.

സാധാരണ ഇത്തരം പ്രശ്നങ്ങള്‍ പൊന്തി വരുമ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പിരിച്ചുവിടുകയോ ഭാരവാഹികളെ മാറ്റി നിര്‍ത്തുകയോ ചെയ്യുന്ന പതിവുണ്ട്. ഇവിടെ ശിശുക്ഷേമ സമിതിയിലും സി ഡബ്ലിയു സിയിലും ഒരു മാറ്റവും വരുത്തിയില്ല. നിയമ വിരുദ്ധ നടപടികളെ നിയമപരമായി മാറ്റാന്‍ വേണ്ട തെളിവു നിര്‍മ്മാണത്തിന് അവര്ക്ക് സമയവും അവസരവും അനുവദിച്ചു. സി സി ടിവി ദൃശ്യങ്ങള്‍ മായ്ക്കപ്പെട്ടു. കള്ളക്കഥകള്‍ മെനയപ്പെട്ടു. ആഭ്യന്തര വകുപ്പ് അനുപമയുടെ പരാതിയില്‍ കേസെടുക്കാതെ മുഖ്യമന്ത്രിയുടെ കുടുംബകാര്യ വ്യാഖ്യാനത്തിനൊപ്പം നിന്നു. അതു സംബന്ധിച്ച ശിക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി കുട്ടിക്കടത്തിന് കൂട്ടുനിന്നു.

നിയമവിരുദ്ധ ദത്തിനെ കുട്ടിക്കടത്തായേ കാണാനാവൂ. അത് സര്‍ക്കാറിന്റെ നേതൃത്വത്തിലാവുമ്പോള്‍ ഗൗരവം ഇരട്ടിക്കുന്നു. ബി ബി സിയില്‍ ഉള്‍പ്പെടെ വാര്‍ത്ത വരുന്നതോടെ കുട്ടിക്കടത്തു കേസില്‍ കേരളം ലോകത്തിനുമുന്നില്‍ കുറ്റവാളിപ്പട്ടികയിലെത്തുകയാണ്.

വൈകിയ വേളയിലും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കുട്ടിക്കടത്തു നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് എന്ന സമ്മതമൗനമാണത്. അത് പൊറുത്തു കൊടുക്കാന്‍ നീതിബോധമുള്ള ഒരു ജനതയും തയ്യാറാവില്ല. അതാണ് കുട്ടിക്കടത്തില്‍ നടപടിയുണ്ടാവുന്നതു വരെ അനുപമ അജിത്തുമാരുടെ സമരത്തെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

 രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളും സ്ത്രീപക്ഷ - മനുഷ്യാവകാശ  പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ തങ്ങളുടെ ആശങ്കയും അഭിപ്രായവും അറിയിക്കുന്നുണ്ടെങ്കിലും അവര്‍ക്കു മറുപടി നല്‍കാനുള്ള മര്യാദ അദ്ദേഹം കാണിച്ചിട്ടില്ല. ലജ്ജാകരമാണിത്.

മാന്യമായ വിശദീകരണം ആവശ്യപ്പെട്ടവര്‍ക്കുള്ള എന്റെ മറുപടിയാണിത്. ആക്ഷേപവും പരിഹാസവും തെറിവിളിയും നടത്തുന്ന ശിങ്കിടിമുത്തുകള്‍ക്ക് മറുപടിയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ആര്‍ എസ് എസ്സിന്റെ കോണ്‍ഗ്രസ് ഉന്മൂലന അജണ്ടക്കെതിരെ പ്രവര്‍ത്തിക്കേണ്ടത് എന്റെ ധര്‍മ്മമാണ്- ഡോ. ആസാദ്

More
More
Web Desk 1 day ago
Social Post

മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെയാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് - കെ ടി ജലീല്‍

More
More
Web Desk 2 days ago
Social Post

അതിജീവിതയുടെ കേസ് പാതിവഴിയില്‍ അവസാനിക്കും, കാരണം പൊലീസ് പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കലാണ് പൊലീസ് മന്ത്രിയുടെ പണി- കെ കെ ഷാഹിന

More
More
Web Desk 2 days ago
Social Post

മോദി സര്‍ക്കാരിന്‍റെ ബുള്‍ഡോസറുകള്‍ നീങ്ങുന്നത് മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരെ - എം എ ബേബി

More
More
Web Desk 3 days ago
Social Post

നിങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?- വി ടി ബല്‍റാം

More
More
Web Desk 4 days ago
Social Post

'അധികാരത്തിന്റെ ഈ നീതിശാസ്ത്രം പെണ്ണിന്റെ മരണമാണ്' - ദീദി

More
More