താടിയുള്ള മൂപ്പന്മാരെ ഏതു താടിയുള്ള മൂപ്പനും പേടിക്കും- കെ ജെ ജേക്കബ്

എന്തായിരുന്നു കൃഷിക്കാരുടെ പ്രശ്നം? എന്തായിരുന്നു സര്‍ക്കാരിന്റെ പ്ലാന്‍? 

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്, പിന്‍വലിച്ച കാര്‍ഷിക നിയമത്തെ കുറിച്ചും നിയമം നടപ്പില്‍ വരുത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നം വെച്ച കാര്യങ്ങളെ കുറിച്ചും വിശദമായി എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

എന്താണ് സംഭവിച്ചത്? എന്താണ് എല്ലാരും പടക്കം പൊട്ടിക്കുന്നത്? ഇന്നെന്താ വിഷുവാണോ?  അല്ലെ പോട്ടെ, ഏതൊക്കെയാണ് ആ നിയമങ്ങൾ? എന്താണ് സംഭവിച്ചത്?  ഒന്ന് ചുരുക്കിപ്പറയാം. 

നിയമം ഒന്ന്:  കാർഷികോല്പന്ന വാണിജ്യ വിപണന (പ്രോത്സാഹനവും സൗകര്യപ്പെടുത്തലും) നിയമം 2020 (Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020)

ചില സംസ്‌ഥാനങ്ങളിൽ കർഷകരുടെ സഹകരണസംഘങ്ങളിൽ മാത്രമേ കാർഷികോല്പന്നങ്ങൾ വിൽക്കാൻ പറ്റൂ. ആ നിബന്ധന എടുത്തുകളഞ്ഞു; കർഷകന് എവിടെ വേണമെങ്കിലും വിൽക്കാം. കാർഷികോല്പ്പന്നങ്ങളുടെ സംസ്‌ഥാനാന്തര വില്പനയ്ക്ക് നിയന്ത്രണമില്ല. ഇലക്ട്രോണിക് ട്രെയ്‌ഡിങ്ങും ആകാം.    

നിയമം രണ്ട്: വിലയുറപ്പും കാർഷിക സേവനവും സംബന്ധിച്ച കർഷക ശാക്തീകരണ നിയമം, 2020  (Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020. കോണ്ട്രാക്റ്റ് കൃഷി വിധേയമാക്കാനുള്ള നിയമം. 

നിയമം മൂന്ന്: ആവശ്യവസ്തു (ഭേഗദതി) നിയമം, 2020 (Essential Commodities (Amendment) Act, 2020)

അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.

ഇത്രേം നല്ല നിയമങ്ങളാണ് ഇപ്പോൾ കൃഷിക്കാരുടെ സമരം മൂലം മോദിജിയ്ക്കു ഉപേക്ഷിക്കേണ്ടാതായി വന്നത്.

***

അപ്പോൾ എന്തായിരുന്നു കൃഷിക്കാരുടെ പ്രശ്നം?   

ഈ നിയമങ്ങളും ഒരുമിച്ചു വായിച്ചുനോക്കണം. ഇപ്പോൾ എന്താണ് അവസ്‌ഥ, എന്താണ് മാറ്റം, എന്തിനാണ് അവർ സമരം ചെയ്തത് എന്ന് അപ്പോൾ മനസിലാകും.

എന്താണ് ഇപ്പോഴത്തെ അവസ്‌ഥ?

കാര്ഷികോല്പന്ന സഹകരണ സംഘങ്ങളുടെ മണ്ഡികളിൽ അഥവാ ചന്തയിൽമാത്രമേ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനാവൂ. അവിടെ സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറയാതെ ഉത്പന്നങ്ങൾ  സംഭരിക്കണം. കോണ്ട്രാക്റ്റ് കൃഷിയ്ക്ക് പ്രത്യേക നിയമ സംരക്ഷണമില്ല. കൃഷിക്കാർക്ക് തോന്നുന്നത്, അല്ലെങ്കിൽ വിപണിയ്ക്കു ആവശ്യമുള്ളത് എന്ന് അവർക്കു തോന്നുന്നത് കൃഷി ചെയ്യാം. മൂന്നാം കക്ഷികൾക്ക് ഉത്പന്നങ്ങൾ ഈ മണ്ഡികളിൽ നിന്നും വാങ്ങാം. പക്ഷെ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും കർശനമായ നിബന്ധനകളുണ്ട്.

ഒരുമിച്ചു ഈ മൂന്നുകാര്യങ്ങളും കൂടി വായിച്ചാൽ ഇങ്ങിനെയുണ്ടാകും:

കർഷകർ അവർ നിശ്ചയിക്കുന്ന വിള കൃഷിചെയ്യുന്നു; അവരുടെ സഹകരണ സംഘങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറയാത്ത വിലയിൽ വിൽക്കുന്നു. അത് പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനങൾക്ക് ലഭ്യമാകുന്നു. സ്വകാര്യ കമ്പനികൾക്കും അവിടെനിന്നു നിയമവിധേയമായി ഉത്പന്നങ്ങൾ സംഭരിക്കാം. സംഭരിക്കുന്നതിനു നിയന്ത്രണമുണ്ട്.

അപ്പോൾ ഇവിടെയൊന്നും പ്രശ്നങ്ങളില്ലേ?

ഉണ്ട്. മണ്ഡികൾ സഹകരണസംഘങ്ങളാണ് എന്ന് സങ്കല്പമെങ്കിലും ഫലത്തിൽ അതാതു സ്‌ഥലത്തെ പ്രമാണിമാരുടെ കൈയിലാണ്. പലപ്പോഴും അവർ സ്വകാര്യ കുത്തകകളുമായി ചേർന്ന് സംഭരണം അട്ടിമറിക്കാറുണ്ട്. താങ്ങുവില എന്ന് സർക്കാർ പറയുമെങ്കിലും പലതരം നികുതികളും ചാർജുകളും ഒക്കെയായി കര്ഷകന് കിട്ടുന്നത് പലപ്പോഴും കൈയിൽ കിട്ടുന്നത് താങ്ങുവിലയിലും കുറഞ്ഞ തുകയായിരിക്കും. അതുകൊണ്ടുതന്നെ സുതാര്യമായി പ്രവർത്തനം ഉറപ്പുവരുത്തുന്ന വിഷത്തിൽ  ഈ മണ്ഡികളുടെ നവീകരണം കർഷകരുടെയും ആവശ്യമാണ്. 

പുതിയ നിയമങ്ങൾ വരുമ്പോൾ എന്ത് സംഭവിക്കുന്നു?

സ്വകാര്യ കമ്പനികൾക്ക് ആരുടെ കൈയിൽനിന്നും അവർ നിശ്ചയിക്കുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. മണ്ഡികളിൽ തന്നെ വിൽക്കണമെന്നില്ല. മണ്ഡികൾ പിരിച്ചുവിടാനൊന്നും നിയമം പറയുന്നില്ലല്ലോ എന്ന് നിങ്ങള്ക്ക് തോന്നും. അതിനു ആഗ്രഹമില്ലാഞ്ഞല്ല; പക്ഷെ ഭരണഘടനാപരമായി തടസ്സമുണ്ട്; കാരണം ഏതുതരത്തിലുള്ള ചന്തകളും സംസ്‌ഥാനങ്ങളുടെ അധികാരത്തിലാണ് (സ്റ്റേറ്റ് ലിസ്റ്റ്). അതുകൊണ്ടാണ് പണ്ട് കേന്ദ്രം കാലിച്ചന്തകൾ നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ കൊണ്ടുവരികയും മിത്രങ്ങൾ ഓടിനടന്നു ന്യായീകരിക്കുകയും ചെയ്‌തെങ്കിലും പല ഹൈക്കോടതിയും സുപ്രീം കോടതിയും അതൊന്നും നടക്കില്ല എന്ന് പറഞ്ഞത്.

കർഷകരുടെ ആവശ്യപ്രകാരം സംസ്‌ഥാനങ്ങളോട് ചേർന്ന് മണ്ഡികളെ പരിഷ്കരിക്കാവുന്നതേയുള്ളൂ. പക്ഷെ ലക്‌ഷ്യം അതല്ലലോ. അതുകൊണ്ടു ഈ മണ്ഡികളെ എന്ത് ചെയ്യാൻ പറ്റും? അവയെ ഇല്ലാതാക്കാനും പറ്റില്ല. അതുകൊണ്ടു അവയുടെ പ്രത്യേക പദവി അടുത്തുകളയുക. സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയെ നിയന്ത്രിക്കാൻ  പറ്റുന്നില്ലെങ്കിൽ ഏതു സ്‌ഥലവും ചന്തയാക്കി പ്രഖ്യാപിക്കുക. അപ്പോൾ സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയുടെ പ്രത്യേക സ്വഭാവം നഷ്ടപ്പെടും. ചന്തയിൽ കൊടുക്കുന്നതിനേക്കാൾ വില കൃഷിക്കാരനു അയാളുടെ കൃഷിസ്‌ഥലത്തു സ്വകാര്യ കമ്പനി കൊടുത്താൽ രണ്ട് കൊല്ലം കൊണ്ട് ചന്ത പൂട്ടും. പൂട്ടിക്കഴിഞ്ഞാൽ പിന്നെ ജിയോ മൊബൈൽ പോലെ ആകും. (ഇത് പക്ഷെ മൊബൈലിന്റെ വിഷയമല്ല, ഭക്ഷണത്തിന്റെ പ്രശ്നമാണ്). സ്വകാര്യ കുത്തകയുടെ ഒരേയൊരു വിപണി മാത്രമാകും കര്ഷകന് ബാക്കിയുണ്ടാവുക; താങ്ങുവിലയെന്നൊന്നും അന്നാരും ഓർക്കുന്നുപോലും ഉണ്ടാവില്ല.   

അങ്ങിനെ നിൽക്കുന്ന കര്ഷകനോട് ഏതു വിള കൃഷി ചെയ്യണം എന്ന് കമ്പനിയ്ക്ക് ആവശ്യപ്പെടാം. അങ്ങിനെ ഏതു വിള ഏതു കൊല്ലം എത്ര  അളവിൽ ഉത്പാദിപ്പിക്കണം എന്ന് കമ്പനികൾക്ക് തീരുമാനിക്കാം. അവ എത്രയളവിൽ സംഭരിക്കണം, എത്ര മാർക്കറ്റിലേക്ക് വിട്ടുകൊടുക്കണം എന്നും അവർക്കു തീരുമാനിക്കാം. ഫലത്തിൽ വില അവർക്കു നിശ്ചയിക്കാം.

എന്നുവച്ചാൽ ഇന്ത്യൻ ഭക്ഷ്യ വിപണി അവർക്കു പൂർണ്ണമായും നിയന്ത്രിക്കാം.

***

ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള നാട്ടിലെ ഭക്ഷ്യ വിപണിയിൽനിന്ന് മുഴുവനായി പിന്മാറാനും അത് കുത്തകകളെ ഏൽപ്പിക്കാനുമായിരുന്നു പ്ലാൻ. നിയമത്തിലെ ചില വ്യവസ്‌ഥകളൊക്കെ  രാജഭരണകാലത്തെപ്പോലെയാണ്. തർക്കപരിഹാരം മുഴുവൻ ഉദ്യോഗസ്‌ഥ സംവിധാനമാണ്; കോടതികളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു! ഇതുകൂടാതെ വൈദ്യുതി നിയമവും വരുന്നുണ്ട്. കർഷകന്റെ തല മൊത്തമായി സ്വകാര്യകുത്തകളുടെ കക്ഷത്തിൽ വച്ചുകൊടുക്കാൻ ആയിരുന്നു പദ്ധതി. 

***

ഈ പ്ലാനുകളും പദ്ധതികളുമൊക്കെയാണ് കർഷകർ തകർത്തത്. താടിയുള്ള മൂപ്പന്മാരെ ഏതു താടിയുള്ള മൂപ്പനും പേടിക്കുമെന്നു തെളിയിച്ചത്. 

കയ്യടിക്കടാ...

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 14 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More