കൊറോണ പ്രതിരോധത്തിന് ടെലിഫോണ്‍ വഴി ഡോക്ടര്‍മാരെ ബന്ധപ്പെടാനും മരുന്ന് എത്തിക്കാനുമുള്ള സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ടെലിമെഡിസിന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് ഈ സേവനം ലഭിക്കണമെങ്കില്‍ അടിയന്തിരമായി രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണം. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.
ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (kerala.gov.in) രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണം.
സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന് സഹായകമാകും. ഐ.എം.എയുടെ കൂടി സഹകരണത്തോടെ സ്വകാര്യ ഡോക്ടര്‍മാരെയും ടെലിഫോണില്‍ ലഭ്യമാക്കുന്നുണ്ട്.