അനുപമയുടെ സമരം പലതിൻ്റെയും ചെമ്പ് തെളിയിച്ചു പക്ഷേ ... - ജെ ദേവിക

അകം ചീഞ്ഞവരെ തിരിച്ചറിയാന്‍ കഴിഞ്ഞു 

അനുപമയുടെ സമരം പലതിൻ്റെയും ചെമ്പ് തെളിയിച്ചു. പല അതിപുരോഗമനവാദിനികളുടെയും ഉള്ളിൽ, ആഴത്തിൽ ആണ്ടു കിടക്കുന്ന യാഥാസ്ഥിതികത്വം, പാർട്ടി വിധേയത്വം, ഭാവിയെ കണക്കുകൂട്ടി ആരാധകവൃന്ദത്തെ മനസ്സിൽ കണ്ടുകൊണ്ടുള്ള പ്രതികരണങ്ങൾ, എല്ലാം കാണാൻ ഇടയായി. ഹാദിയയുടെ പോരാട്ടത്തിന് ഇതേ ഫലം ഉണ്ടായി. അന്നും കുറേ അകം ചീഞ്ഞ ആൾക്കാരെ തിരിച്ചറിയാൻ കഴിഞ്ഞു. ഹാദിയയ്ക്ക് എതിരെ ഉയർന്നു വന്ന സ്ത്രീവിരുദ്ധത ഇസ്ലാം ഭീതിയിൽ വേരോടിയ ഒരു ഇനം ആയിരുന്നു. അന്ന് പല സുഹൃത്തുക്കളും  അതിനെ യഥാർത്ഥ സ്ത്രീവിരുദ്ധതയല്ല, ഇസ്ലാമിക തീവ്രവാദത്തോടുള്ള ഭയം മാത്രമാണെന്ന് എന്നോട് വാദിച്ചിരുന്നു. പക്ഷേ ഇന്ന് അങ്ങനെ ഒരു വാദം സാധുവല്ല. അനുപമ നേരിട്ട സ്ത്രീവിരുദ്ധതയെ എന്തായാലും ആ വിധത്തിൽ ചിത്രീകരിക്കാൻ കഴിയില്ല. ഇസ്ലാം ഭീതിയിൽ പല കടുത്ത തെറ്റുകളും ഹാദിയയോടും ഷാഫിനോടും ചെയ്ത പലരും ഈ വിഷയത്തിൽ അത്യന്തം ജനാധിപത്യപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുമുണ്ട്. അതായത്, സ്ത്രീവിരുദ്ധത അതിൻ്റെ ശുദ്ധരൂപത്തിൽ തന്നെ തഴച്ചുവളരുന്ന ഇടമാണ് കേരളത്തിലെ ഇടതുപക്ഷം എന്ന് വ്യക്തമായി.

സിപിഎമ്മിന്‍റെ കാല്‍നൂറ്റാണ്ടുകാലത്തെ സ്ത്രീ ശാക്തീകരണം

സിപിഎം എന്ന കക്ഷി കഴിഞ്ഞ 25 വർഷത്തിലധികമായി ഉയർത്തുന്ന സ്ത്രീ ശാക്തീകരണ വ്യവഹാരം എന്തായിരുന്നു എന്ന് ഇപ്പോൾ ചോദിക്കാതെ വയ്യ. 1990-കളിൽ ഇവിടെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവന്നവരെ, അല്ലെങ്കിൽ സ്വന്തം ജീവിതത്തെ സ്വയം നിർണ്ണയിക്കാൻ ശ്രമിച്ച സ്ത്രീകളെ, ലൈംഗിക അരാജകവാദികൾ എന്നും മറ്റും (അതൊരു ചീത്ത വാക്കാണെന്ന മട്ടിൽ) അധിക്ഷേപിച്ചത് ഇവിടുത്തെ മൂത്ത പുരോഗമനവാദികളായിരുന്നു. 

അത്തരം അധിക്ഷേപം സഹിച്ച് വല്ലാതെ ഒറ്റപ്പെട്ടുപോയ ഒരു ഇരുപത്തിമൂന്ന് വയസ്സുകാരിയായിരുന്നു ഞാനും. അന്ന് ഒരു divorce ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞാൻ ലൈംഗിക അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കപ്പെട്ടത്. ആണുങ്ങളെ വേട്ടയാടുന്ന നിംഫോമേനിയാക്ക് എന്നൊക്കെ തട്ടിവിട്ടത് അന്നത്തെ ശാസ്ത്രബോധസംരക്ഷകരായിരുന്നു.

തിരുവനന്തപുരത്ത് താമസമാക്കിയ ഒരു അതിപുരോഗമനവാദി ശിശുരോഗ വിദഗ്ധ എന്നെ ലെസ്ബിയനാക്കി (ഇതൊരു വൈരുദ്ധ്യം അല്ലേ എന്ന് അന്വേഷിച്ചപ്പോഴാണ് ബൈ സെക്ഷ്വല്‍ എന്ന അവസ്ഥയെപ്പറ്റി അറിയാൻ കഴിഞ്ഞത്- ഏതു കാര്യത്തിനും ഒരു രജതരേഖ കാണുമല്ലോ. വിമത ലൈംഗികതയെപ്പറ്റി അറിയാനും അതിനെ അനുതാപപൂർവം സമീപിക്കാനുമിടയായി!). ഇവിടുത്തെ സൂപ്പർ സിപിഎം പുരോഗമന വാദികളും ഇപ്പോഴത്തെ സിപിഎം സ്ത്രീ ശാക്തീകരണ മുന്നണി പോരാളികളും കാണിച്ച condescension മാത്രമല്ല, എന്നെ സഹായിക്കുന്ന മട്ടിൽ അവർ കാട്ടിയ ഇരട്ടത്താപ്പും മറക്കാൻ എളുപ്പമല്ല. ഭയങ്കരമായ ഒറ്റപ്പെടലാണ് അന്ന് അനുഭവിച്ചത്.

അജിത്തിനെ ഇന്ന് അതി പുരോഗമനവാദികളും ശരിക്കും male identified എന്ന്  വിളിക്കാവുന്നവരുമായ ചിലർ വിധിക്കുന്നത് കണ്ടപ്പോൾ, ആ യുക്തി ഇന്നും എത്ര സജീവമാണ് എന്ന് മനസ്സിലാക്കുന്നു. മുൻ പങ്കാളിയുടെ പൂർണ സമ്മതവും അനുഗ്രഹാശിസ്സുകളും ഇല്ലാതെ ഒരാൾക്ക് ജീവിതം പാടില്ലെന്ന ഇവരുടെ തീർപ്പ് ആണുങ്ങൾക്ക് മാത്രമല്ല ബാധകം. ലിംഗം ഏതായാലും വിവാഹം ചേർച്ച ഇല്ലാതെയായി പോയാൽ അതിൽ കിടന്നു നരകിക്കുകയോ രഹസ്യബന്ധമുണ്ടാക്കി അഡ്ജസ്റ്റ് ചെയ്ത് മുന്നേറുകയോ ആണ് ശരിയായ മാർഗം എന്ന പരോക്ഷ നിർദ്ദേശം തന്നെ അന്നും ഇന്നും.

സ്ത്രീശാക്തീകരണ പരിപാടികൾ ഇവിടുത്തെ അളിഞ്ഞ പൊതുസംസ്കാരത്തെ മാറ്റിയില്ല. എന്നാല്‍ അതിന് പല അപ്രതീക്ഷിത ഫലങ്ങളുണ്ടായി. പക്ഷേ സംഘടനക്കുള്ളില്‍ ഇന്നും ലിംഗാധികാരവും ജാത്യാധികാരവും കൊടികുത്തി വാഴുന്നു. കാരണവർക്ക് അടുപ്പിലും തൂറാം എന്ന ഫ്യൂഡൽ കുയുക്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇരപിടിയൻ മുതലാളിത്തത്തെ സേവിക്കുന്ന നവ ഫ്യൂഡൽ സംസ്കാരത്തിൽ പുനർജനിക്കുന്നു. ആ പാഠമാണ് ബിനീഷ് കോടിയേരിയും റിയാസും പേരൂർക്കട ജയചന്ദ്രനും അവിടുത്തെ സ്ത്രീപീഡക കുട്ടി നേതാക്കളടക്കമുള്ള  മറ്റു പല പ്രമുഖ സിപിഎം നേതാക്കളും നമ്മെ പഠി പ്പിച്ചുകൊണ്ടിരിക്കുന്നത്.

അനുപമ സമരം ചെയ്യുമ്പോള്‍ നമ്മുടെ കുട്ടികള്‍ എവിടെയായിരുന്നു? 

അനുപമ സമരത്തില്‍ ഏറെ വേദന തോന്നിയ ഒരൊറ്റ കാര്യമേ ഉണ്ടായുള്ളൂ. സമരസ്ഥലത്ത് നിരന്തരം സജീവമായി പ്രവർത്തിക്കുന്നവരിൽ 30- ല്‍ താഴെ പ്രായമുള്ള ഒരാളുമില്ലായിരുന്നു. ഈ കാര്യം എന്നെ ശരിക്കും ആശങ്കപ്പെടുത്തുന്നു. വാസ്തവത്തിൽ അനുപമ ഉയർത്തിയ വിഷയം അവരിൽ പലരുടെയും കൂടിയാണ്. പക്ഷേ അനുപമയുടെ കൂടെ അവരുണ്ടായിരുന്നില്ല. പല സാമൂഹിക സാംസ്കാരിക കാരണങ്ങളാൽ നമ്മുടെ ചെറുപ്പക്കാർ അത്യധികം ശിശുവത്ക്കരിക്കപ്പെടുന്നുണ്ട്. മുപ്പത് മുപ്പത്തിയഞ്ച് വയസ്സായാൽ പോലും മാതാപിതാക്കൾക്ക് മാനസികതലത്തിലെങ്കിലും വിധേയരായി കഴിയാൻ പല ചെറുപ്പക്കാരും നിർബന്ധിതരാണ് എന്ന് കാണുന്നു. ഇന്ന് രക്ഷിതാവെന്ന അധികാരം താഴെ വയ്ക്കാൻ കൂട്ടാക്കാത്ത മാതാപിതാക്കളുടെ ഹിംസ അനുഭവിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. വൈകാരിക ബ്ലാക്ക് മെയിൽ മുതൽ ശാരീരിക ഹിംസ വരെ നീണ്ടു കിടക്കുന്ന ആയുധങ്ങളാണ് അവരുടെ മേൽ പ്രയോഗിക്കപ്പെടുന്നത്. അതൊരുപക്ഷേ ഏറ്റവും അനുഭവിക്കുന്നത് ക്വിയർ യുവജനങ്ങളാണ്. 

അനുപമയുടെ സമരത്തെ യുവജനങ്ങളനുഭവിക്കുന്ന ഗാർഹിക ക്രൂരതകളെ പറ്റിയുള്ള ഒരു തുറന്ന ചർച്ചയ്ക്കുള്ള അവസരമായി എന്തുകൊണ്ട് മാറ്റിക്കൂടാ ?  യുവജനങ്ങൾക്ക് അവരുടെ അനുഭവങ്ങളെഴുതി എന്തുകൊണ്ട് ഈ ചർച്ചയെ വളർത്തിക്കൂടാ ? 

സ്വന്തം അനുഭവങ്ങൾ ആകണമെന്നില്ല. കേട്ടറിഞ്ഞവയാകാം, കണ്ടറിഞ്ഞവയാകാം. സ്വകാര്യ വിവരങ്ങൾ മറച്ചുവയ്ച്ചും എഴുതാം. അനുപമയുടെ അനുഭവം കേരളത്തിൽ ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്നെങ്കിലും സ്ഥാപിക്കാൻ നിങ്ങൾക്ക് കൂടിക്കൂടെ എന്ന് ഞാൻ കേരളത്തിലെ യുവജനങ്ങളോട് ചോദിക്കുന്നു. എങ്ങനെയും ശിശുവത്ക്കരണത്തെ ചെറുക്കാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. #Anupamaisnotalone എന്നൊരു ഹാഷ്ടാഗ് ഉണ്ടായിക്കൂടെ? അത് കേരളത്തിലെ യുവജനങ്ങളുടെ ശബ്ദം ആയിക്കൂടെ?

ഇത് എല്ലാവരിലേക്കും എത്തണം, എഴുതാൻ സാധ്യത ഉള്ളവർക്കും ചെറുപ്പക്കാർക്ക് പൊതുവെയും എന്‍റെ ഈ കുറിപ്പ് എത്തണം എന്ന് ആഗ്രഹിക്കുന്നു 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Views

ലീഗിന്‍റെത് ഇടതുപക്ഷം മുസ്ലിം വിരുദ്ധമാണെന്ന് വരുത്താനുള്ള നീക്കം- കെ ടി കുഞ്ഞിക്കണ്ണൻ

More
More
Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More
Khader Palazhi 5 days ago
Views

ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

More
More
Gafoor Arakal 5 days ago
Views

ആദര്‍ശ ഹിന്ദുഹോട്ടലും ഹലാലും എഴുത്തച്ഛനും- ഗഫൂര്‍ അറക്കല്‍

More
More
Dr. B. Ekbal 5 days ago
Views

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

More
More
P. K. Pokker 1 week ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More