ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, യതീഷ് ചന്ദ്ര ആ മൂന്നു പേരോട് മാപ്പു പറയണം. അഭിമാനകരമായ കേരളാ മോഡൽ ആകുമത് - വി.വി.ഷാജു

ഭരത്ചന്ദ്ര പാഠശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെ പാസായ യതീഷ് ചന്ദ്ര ഐപിഎസ് മൂന്നു പൗരൻമാരെ ഏത്തമിടീക്കുന്ന ഹൃദയഹാരിയായ ഒരു വീഡിയോ പ്രചരിക്കുന്നതായി കാണുന്നു .

കോവിഡിനെ നേരിടാൻ !  രാജ്യത്തെ വൈറസ് ബാധയിൽ നിന്നു മോചിപ്പിക്കാൻ ! 

ഈ യുവ ഐപി എസ് ഉദ്യോഗസ്ഥൻ ദൈവദൂതനെപ്പോലെ നടത്തുന്ന കാര്യക്ഷമമായ ഇത്തരം ഇടപെടലുകളെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.

അദ്ദേഹത്തിന്‍റെ ശരീരഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ ?

ജനാധിപത്യപൂർവ്വ സമൂഹങ്ങളിലെ ആ നീതി നിർവ്വഹണ രാജകിങ്കരഭാഷ നമ്മെ പുളകിതരാക്കുക തന്നെ ചെയ്യും !

വൈറസിനെ നേരിടാൻ പൗരാവകാശബോധമുള്ള പോലീസല്ല വേണ്ടത് എന്ന് ചൈനയും ഉത്തര കൊറിയയുമൊക്കെ അസന്ദിഗ്ധമായി തെളിയിച്ച പശ്ചാത്തലത്തിലാണ് യതീഷ് ചന്ദ്ര എന്ന, പൗരൻമാരെ കൊണ്ട് ഏത്തമിടീക്കുന്ന, കേളീവല്ലഭനായ ഈ ഭരത്ചന്ദ്ര സ്കൂൾ പ്രോഡക്റ്റിന്‍റെ അമൂല്യ മൂല്യം, വാഴ്ത്ത് യോഗ്യമാകുന്നത് .

ഏത്തമിടുമ്പോൾ വിരൽ ചൂണ്ടി ഒന്ന്, രണ്ട് എന്ന് എണ്ണി ശിക്ഷാ സംഖ്യ തിട്ടപ്പെടുത്തുന്നതിൽ പേശീബലമുള്ള ഈ യുവാവ് പുലർത്തുന്ന വിസ്മയിപ്പിക്കുന്ന ശുഷ്കാന്തി ആശ്ചര്യകരവും ആരാധനാജനകവുമാണ് .

ടൊവിനോ, ദുൽക്കർ സൽമാൻ,  തുടങ്ങിയ സെലിബ്രിറ്റി താരങ്ങൾക്ക് വൻ ഭീഷണിയാണ് ഈ സുന്ദര ധീരപുരുഷൻ. കൊറോണ ഭീതിയിൽ ഹതാശരായി കഴിയുന്ന മലയാളികൾ നഗ്നനേത്രങ്ങൾക്ക് അദൃശ്യനായ സൂക്ഷ്മ ജീവിയെ നാടുകടത്താൻ പ്രതിജ്ഞാബദ്ധനായി കരവാളുമായി തെരുവിലിറങ്ങിയ ഈ പോരാളിയെ ആമാശയത്തിലേറ്റിക്കഴിഞ്ഞു. ആയിരം ഇറ്റാലിയൻ പോലീസിനു അരച്ചന്ദ്ര എന്ന് പൊതുജനം മന്ത്രിക്കുന്നത് എങ്ങും കേൾക്കാം.

കൊറോണ വിരുദ്ധ പോരാട്ട മനസ്ഥിതി സൃഷ്ടിച്ച അത്ഭുത പുരുഷനാണ് ഇങ്ങേരെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുത്.

ഒരു ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തെ നിശ്ചലമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട സിപിഐഎം പ്രവര്‍ത്തകരെ നീതിബോധത്തിന്‍റെ മൂന്നാം കണ്ണ് തുറന്ന് ഭസ്മമാക്കുന്ന യതീഷ് ചന്ദ്രയുടെ പെർഫോമൻസ് ഇന്നാട്ടിലെ കോൺഗ്രസുകാരുടെ രോമങ്ങളെ നൃത്തം ചെയ്യിച്ചിട്ടുണ്ട്.

പുതുവൈപ്പിനിലും മാതൃകാപരമായ കർമ ധീരത ഈ പൂമാൻ പ്രകടിപ്പിച്ചിട്ടുണ്ട്.  ''ഈ അങ്കിൾ നുണ പറയുകയാണ്''- എന്ന് ഒരു കൊച്ചുപയ്യൻ ഇങ്ങേരുടെ മഹത്വം മനസ്സിലാക്കാതെ ക്യാമറകൾക്കു മുമ്പിൽ വിളിച്ചു പറയുന്ന ഒരു ആശാസ്യമല്ലാത്ത വിഷ്വലും മനസിൽ വരുന്നുണ്ട് .

ഇടിമുറിയുടെ ഗൂഢ, രഹസ്യ പ്രവർത്തന സ്വഭാവം  തെരുവുനാടകവേദിയിലേക്ക്

ഇടിമുറിയുടെ ഗൂഢ, രഹസ്യ പ്രവർത്തന സ്വഭാവത്തെ ഒരു തെരുവുനാടകവേദിയിലേക്ക് ആനയിച്ചു എന്നതാണ് യതീഷ് ചന്ദ്രയുടെ ചരിത്രപരമായ സൈനിക ദൗത്യം.

ലോകം മുഴുവൻ കേരളത്തെ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ് .അനന്യമായ രീതിയിലാണ് നാമീ പ്രതിസന്ധിയെ നേരിടുന്നത് .തെരുവിൽ വിശക്കുന്ന പട്ടിയിലേക്കുൾപ്പടെ പരിഗണന നീളുന്ന ഒരു സർക്കാർ ഇവിടുണ്ട് .

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഏത്തമിടീക്കുന്ന ഏർപ്പാട് ഞങ്ങൾ സാഡിസ്റ്റുകളായ മാഷൻമാർ പോലും ദശാബ്ദങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു കഴിഞ്ഞു. യതീഷ് ചന്ദ്ര എന്ന കേരളത്തെയാകെ ലോകത്തിനു മുമ്പിൽ നാണം കെടുത്തിയ, ആ മനുഷ്യനെ തെരുവിൽ നിന്നു പിൻവലിക്കണം. അയാൾ ആ മൂന്നു പേരോട് മാപ്പു പറയണം.ആ ദൃശ്യങ്ങൾ നാം ലോകത്തിനു കാണിച്ചു കൊടുക്കണം. അഭിമാനകരമായ കേരളാ മോഡൽ ആകുമത്.

കൊറോണ വേണോ?  യതീഷ് ചന്ദ്ര വേണോ?

എനിക്കു കൊറോണ മതി. മരണം മതി.

ശ്വാസമെടുക്കുകയും തിന്നുകയും വിസർജിക്കുകയും ചെയ്യുന്ന ഒരു യന്ത്രസംവിധാനമാണ് ജീവിതമെങ്കിൽ ആ നാണം കെട്ട ജീവിതം എനിക്കു വേണ്ട! കൊറോണയ്ക്ക് കുറേക്കൂടി അന്തസ്സുണ്ട് .

Contact the author

shaju.v.v

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More