കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

ഭര്‍തൃവീടുകളിലെ പീഡനങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകളും കേസുകളും കേരളത്തില്‍ ഒരു തുടര്‍ക്കഥയാവുകയാണ്. പൊലീസ്, മറ്റ് അധികാരികള്‍, കേസുകള്‍, സംഘടനകള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളില്‍ നിലയുറപ്പിച്ചുള്ള ചര്‍ച്ചകള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ വഴിതിരിച്ചുവിടുകയാണ് ചെയ്യുക. പാര്‍ട്ടിയൊ ഭരണമോ മാറിയാലും ഇതെല്ലാം മാറ്റമില്ലാതെ തുടരുന്നതെന്തുകൊണ്ടാണ്?..  തീര്‍ച്ചയായും അധികാരികളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥയില്‍ ഉണ്ട്. അതേസമയം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കുട്ടിയെ ഒളിച്ചുകടത്തുന്നതുമെല്ലാം നമ്മുടെ വീടകങ്ങളിലാണെന്ന യാഥാര്‍ത്ഥൃം മറക്കുകയുമരുത്. ആ വീടകങ്ങളെ നിയന്ത്രിക്കുന്ന കുടുംബയുക്തിയും സദാചാര സങ്കല്പവും വിശകലനം ചെയ്യാതെ സംഘടനകളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാക്കില്ല. മാത്രമല്ല പരസ്യമായ കേസും വക്കാണവുമില്ലാത്ത വീടുകളില്‍ എല്ലാം ഭദ്രമാണെന്ന ധാരണയും തിരുത്തേണ്ടതാണ്. 

അഭിപ്രായങ്ങളുള്ള പുരുഷന്‍ + അഭിപ്രായങ്ങളില്ലാത്ത സ്ത്രീ = ശാന്തി 

വാസ്തവത്തില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് സാമൂഹികമായ ഒരു പരിവര്‍ത്തന ഘട്ടത്തിന്‍റെ പ്രതിഫലനമാണ്. ശൈശവ വിവാഹം കുറയുകയും, സ്ത്രീകള്‍ക്കിടയിലെ പൊതുവിദ്യാഭ്യാസത്തിന്റെയും സാമൂഹ്യവത്ക്കരണത്തിന്റെയും തോത് വര്‍ദ്ധിക്കുകയും ചെയ്തതോടെ സ്വന്തമായി അഭിപ്രായങ്ങളുള്ള പൌരര്‍ എന്ന നിലയില്‍ അവര്‍ കരുത്താര്‍ജ്ജിക്കുകയാണ്. നേരത്തെ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നത് പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു. അഭിപ്രായങ്ങള്‍ ഉള്ള പുരുഷനും പൌരവത്ക്കരിക്കപ്പെടാത്ത അഥവാ അഭിപ്രായങ്ങളില്ലാത്ത സ്ത്രീകളും തമ്മിലുള്ള ബന്ധത്തിലെ സമാധാനവും ശാന്തിയുമാണ് നാം ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്നത്. അല്ലാതെ ജനാധിപത്യസ്ഥലിയിലുള്ള ജനാധിപത്യപരായ സഹവര്‍ത്തിലൂടെ ഉണ്ടായിവന്ന ശാന്തിയും സമാധാനവുമല്ല എന്നര്‍ത്ഥം. എന്നാല്‍ ഈ സംക്രമണഘട്ടത്തില്‍, അടിയുടമ ബന്ധത്തിനു സമാനമായ ദാമ്പത്യത്തെ അംഗീകരിക്കാത്ത പുതിയ തലമുറ സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ ഒരുവശത്ത് ഉയര്‍ന്നുവരികയും എന്നാല്‍ പഴയ യുക്തിയില്‍നിന്ന് മറാത്ത ഭൂരിപക്ഷം വരുന്ന പുരുഷസമൂഹം മറുവശത്ത് സ്റ്റാറ്റസ്കൊ നിലനിര്‍ത്തിപ്പോകാനുള്ള ശ്രമം തുടരുകയും ചെയ്യുന്നതാണ് കാണുന്നത്. സംഘടനകളിലായാലും വീടുകളിലായാലും പുരുഷന്‍ പഴയ അധികാര വ്യവസ്ഥയെയും മൂല്യങ്ങളെയും ആശ്ലേഷിച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. പുരുഷന്‍ ആണധികാരത്തിന്റെ സൌകര്യങ്ങള്‍ നുണയുമ്പോള്‍ പെണ്ണ് അതിന്റെ കയ്പുനീര്‍ കുടിച്ചാണ് മിക്കവാറും കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതത്തിന്റെയോ പ്രശ്നമല്ല. കുടുംബവ്യവസ്ഥയില്‍ പിതൃ അധികാര മൂല്യങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പെണ്ണ് മാത്രമല്ല പെണ്‍വീട്ടുകാരും കീഴ് പെട്ട് നില്ക്ണമെന്ന ആണാധികാരയുക്തി വിവാഹാന്വേഷണം മുതല്‍ ഓരോ ഘട്ടങ്ങളിലും നിരന്തരം അധീശത്വം പുലര്‍ത്തും. വരന്റെ അമ്മയും അച്ഛനും സൂക്ഷിയ്ക്കുന്ന അധികാരവും നിയന്ത്രണവും മകനിലേക്കും നീളുകയാണ് പതിവ്. ആണ്‍കുട്ടികള്‍ ജെ ദേവിക പറയുന്നതു പോലെ ശിശുവത്ക്കരിക്കപ്പെടുന്നത്, അവര്‍ പുരുഷന് ലഭിക്കുന്ന പ്രിവിലേജ് അമ്മയെയും അച്ഛനെയും മുന്‍നിര്‍ത്തി നേടുന്നതിലൂടെ കൂടിയാണ്. താന്‍ വിചാരിച്ചത് കിട്ടാന്‍ വാശിപിടിച്ചുകരയുന്ന ഒരു കുട്ടിത്തം മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് മിക്ക ആണ്‍കുട്ടികളുടെയും ശരീരം വളരുന്നത്. അവര്‍ അച്ഛനമ്മമാരെ പരിചയായി ഉപയോഗിക്കുകയാണ്. അങ്ങിനെ വരനുചുറ്റുമുള്ള ഒരു വൃന്ദം നല്കുകന്ന ആജ്ഞകള്‍ പെണ്ണിനെയും പെണ്‍വീട്ടുകാരെയും തടവിലാക്കുന്നു.

സ്ത്രീ = അനുസരണ = സദാചാരം 

രണ്ടുകാര്യങ്ങളാണ് യാതൊരു മാറ്റവുമില്ലാതെ കേരളീയ സമൂഹത്തില്‍ തുടരുന്നത്. ഒന്ന് പെണ്ണിന്റെ അനുസരണയെ സംബന്ധിക്കുന്ന നിലപാട്. മറ്റൊന്ന് പെണ്ണിന്റെ സദാചാരത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാട്. അനുസരണയെന്നത് മിക്കവാറും സിനിമകളിലും സീരിയലുകളിലും കാണുന്നതുപോലെ ശാരീരികമായ പ്രഹരത്തിലേയ്ക്ക് പോലും പോകുന്നു. 'അയ്യപ്പനും കോശിയും' മാത്രമല്ല നമ്മുടെ മിക്കവാറും എല്ലാ നായകന്മാരും ആണത്തം തെളിയിക്കുന്നത് ഭാര്യയുടെ മുഖത്തടിച്ചുകൊണ്ടാണ്. അപൂര്‍വ്വമായി കുതറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ വീടകങ്ങളില്‍ തടവിലാക്കപ്പെടുന്നു. ഒളിച്ചോടുക എന്ന ഭാഷാപ്രയോഗം പോലും തടവറയില്‍നിന്നുള്ള രക്ഷപ്പെടലിനെയാണ് സൂചിപ്പിക്കുന്നത്. അച്ഛനമ്മമാരുടെ ജാതി, മത, സാമ്പത്തിക സങ്കല്പങ്ങള്‍ക്ക് വിധേയമായി മാത്രമാണ് ഇന്നും വിവാഹജീവിതം സങ്കല്പ്പിയ്ക്കപ്പെടുന്നത്. അതേസമയം മകളോടുള്ള ആജ്ഞകള്‍ മകനോടുണ്ടാവില്ല. അവന്‍ നമുക്ക് നഷ്ടപ്പെടില്ലെ!, എന്നു പറഞ്ഞ രക്ഷിതാക്കള്‍ ഉണ്ട്. അതേസമയം മകളാണെങ്കില്‍ അവളെ അടച്ചുപൂട്ടാനോ, പുറത്താക്കാനോ രക്ഷിതാക്കള്‍ മടിക്കാറില്ല. ഭര്‍ത്താവിന്റെയും അവന്റെ വീട്ടുകാരുടെയും ശകാരങ്ങള്‍ കേള്‍ക്കാനും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാനും ഇന്നും നമ്മുടെ വീടകങ്ങള്‍ നിര്‍ബന്ധിക്കുകയാണ്. പെണ്‍കുട്ടികള്‍ കേട്ടും കണ്ടും പഠിക്കുന്നത് ഈ അനുസരണയുള്ള ജീവിതമാണ്. അത് ലംഘിച്ചാല്‍ സ്വന്തം അച്ഛനുമമ്മയ്ക്കും പോലും വിഷമമുണ്ടാകും എന്ന ധാരണയിലാണ് മിക്ക പെണ്‍കുട്ടികളും. അടുത്തകാലത്ത് സ്ത്രീവാദങ്ങളുടെ വേലിയേറ്റം വീടകങ്ങളിലും പെണ്ണിടങ്ങളിലും ചെറിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വര്‍ദ്ധിക്കുകയും സാമ്പ്രദായിക ധാരണകള്‍ തിരുത്തേണ്ടതാണെന്ന് വിശ്വസിക്കുകയും ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം മകള്‍ ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങിവന്നാല്‍ കുടുംബത്തിനുണ്ടാവുന്ന പരിക്ക് അഥവാ നാണക്കേട് ഭയന്നുകൊണ്ട്, കുറച്ചൊക്കെ അടിയും ശകാരവും സഹിച്ചും ഭര്‍ത്താവിനൊപ്പം കഴിയട്ടെ, എന്ന നിലപാട് വളരെ ക്രൂരമായി നടപ്പാക്കപ്പെടുന്നുമുണ്ട്.

അടിമജീവിതം അല്ലെങ്കില്‍ ആത്മഹത്യ  

ജാതിമാറി വിവാഹത്തിനൊരുങ്ങിയ ആതിരയെ സ്വന്തം അച്ഛനാണ് കൊല ചെയ്തത്. അച്ഛന്‍ മകളുടെ ഘാതകനായിമാറുന്നത് സ്വന്തം ഇച്ഛ പ്രകാരമാവില്ല. സാമൂഹികമായ സമ്മര്‍ദ്ദത്താല്‍ അതിലേക്കെത്തുകയാണ്. കൊലയൊന്നും ചെയ്യാത്ത അച്ഛനമ്മമാരും മിക്കവാറും മക്കളെ കൊല്ലാകൊല ചെയ്താണ് വിവാഹക്കാര്യത്തിലും തുടര്‍ ജീവിതത്തിലും സമ്മര്‍ദ്ദപ്പെടുത്തുന്നത്.  ഭാര്യാഭര്‍തൃ ബന്ധത്തിന്റെ വിള്ളല്‍ മാത്രമല്ല ഗാര്‍ഹിക പീഡനങ്ങളുടെ കാരണം. വീടുകളില്‍ തളം കെട്ടിനില്‍ക്കുന്ന ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും ആകത്തുകയാണ് ഗാര്‍ഹിക പീഡനം. തന്റെ മകളെ വിവാഹം കഴിപ്പിക്കണം എന്ന് പറയുന്നതിന് പകരം,  “മോളെ ആര്‍ക്കെങ്കിലും കൊടുക്കണം” എന്നു പറയുന്ന രക്ഷിതാക്കളുടെ ഭാഷയ്ക്കകത്ത് വളരുന്ന പെണ്‍കുട്ടികള്‍, എല്ലാ പീഡനങ്ങളും സഹിക്കാന്‍ തങ്ങള്‍ ബാധ്യതപ്പെട്ടവരാണ് എന്ന് സ്വയം ഉറപ്പിക്കുകയാണ്. എന്നിട്ടും പഴയകാലത്തെ അതേ അടിമജീവിതം അവര്‍ക്ക് തുരടരാനാവുന്നില്ല. അതിനുകാരണം നാം നേരത്തെ ചര്‍ച്ച ചെയ്ത, സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിവന്ന തുറസ്സുകള്‍ തന്നെയാണ്. ഒരു വിധത്തിലും പൊരുത്തപ്പെടാനാവാത്ത സന്ദര്‍ഭങ്ങളില്‍ അവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നു. ഒന്നുകില്‍ അനുസരണ അല്ലെങ്കില്‍ ആത്മഹത്യ എന്ന തെരഞ്ഞെടുപ്പിലേക്ക് പെണ്‍കുട്ടികളെ നയിക്കുന്നതില്‍ കുടുംബജീവിതത്തെ സംബന്ധിച്ച തെറ്റായ ധാരണകളാണ് പ്രവര്‍ത്ത്ക്കുന്നത്. വിവാഹം ശാശ്വതമായ ഒരു സംവിധാനമാണെന്നും അതിലെ ഉലച്ചിലും വേര്‍പെടലും ആത്യന്തികമായ ഒരു ദുരന്തമാണെന്നുമുള്ള ധാരണയാണ് വില്ലനാകുന്നത്. ഏത് സമയത്തും ഉപേക്ഷിക്കാവുന്ന ഒരു കരാറും മരണംവരെ തുടരാവുന്ന ഒരു സൌഹൃദവും നമ്മുടെ കുടുംബ ബന്ധത്തിലേക്ക് കടന്നുവരണം. 

അച്ഛനുമമ്മയ്ക്കും നാണക്കേടുണ്ടാക്കിയ അനുപമ

സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുകള്‍ കാണുമ്പോള്‍ നമ്മുടെ ആണ്‍കോയ്മാ സദാചാരസങ്കല്പം‍ എത്രമാത്രം ഭീതിദമാണ്‌ എന്ന് മനസ്സിലാകും.'അച്ഛനുമമ്മയ്ക്കും നാണക്കേടുണ്ടാക്കിയ അനുപമ' എന്നാണ് പലരും എഴുതിയത്. ഇത്തരത്തിലുള്ള ചീഞ്ഞ സാമൂഹിക സമ്മര്‍ദ്ദങ്ങളാണ് വീട്ടുകാരെ കൊലയാളികളും ദുരഭിമാന കുട്ടിക്കടത്തുകാരുമാക്കി തടവറകളിലാക്കുന്നത്. പെറ്റമ്മമാര്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ കുറിച്ചുള്ള  വാര്‍ത്തകള്‍ പതിവായി വായിക്കേണ്ടി വരൂന്നത് എന്തു കൊണ്ടാണ്?, ഭിന്ന ലിംഗക്കാരായി ജനിച്ചുവീഴുന്ന കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?.. ഇതൊന്നും അമ്മമാര്‍ സ്വേച്ഛപ്രകാരം ചെയ്യുന്നതല്ല. സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കകപ്പെട്ടാണ് ഇതെല്ലാം ചെയ്യുന്നത്. സഹോദരിയുടെ ഭര്‍ത്താവിനാല്‍ ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ പ്രസവിക്കുകയും ആ കുട്ടി വളര്‍ന്ന് വലുതാവുകയും ചെയ്തത് ഞങ്ങളുടെ നാട്ടില്‍, എന്റെ് കുട്ടിക്കാലത്ത് അത്ര വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല. ഇന്നാണെങ്കില്‍ ആ കുഞ്ഞ് ഏതെങ്കിലും പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കപ്പെടാനാണ് സാധ്യത. സദാചാര ബാധ്യതകളില്‍ കഷ്ടപ്പെടേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്.

നമ്മുടെ സദാചാര സങ്കല്‍പ്പങ്ങള്‍ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ചാണ് നിലനില്‍ക്കുന്നത്. പുരുഷന് സദാചാര ലംഘനത്തിന്റെ പേരില്‍ വലിയ പരിക്കൊന്നും സംഭവിക്കുന്നില്ല. അവന് ഒരിയ്ക്കലും ഒളിച്ചു ജീവിക്കേണ്ടി വരുന്നില്ല. അവനെ ആരും കല്ലെറിയുന്നില്ല. സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ മടിക്കുന്നത് അവര്‍ അശക്തരായതുകൊണ്ടല്ല. അവരെ ഒറ്റയ്ക്ക് ജീവിക്കാന്‍ അനുവദിക്കാത്ത പുരുഷന്റെ അപവാദ പ്രചാരണങ്ങള്‍ കാരണമാണ്. അതുകൊണ്ടാണ് അവള്‍ ഒന്നുകില്‍ അടിമജീവിതം അല്ലെങ്കില്‍ ആത്മഹത്യ എന്ന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കുടുംബജീവിതത്തെയും ലൈഗീക സദാചാരത്തെയും പ്രശ്നവല്ക്കരിക്കുന്ന സംവാദങ്ങള്‍ വ്യാപകമായാല്‍ മാത്രമേ നമ്മുടെ സാമൂഹിക ജീവിതം സ്നേഹ, സൌഹൃദ പൂര്‍ണമായി പരിവര്‍ത്തിയ്ക്കപ്പെടുയുള്ളൂ. സ്ത്രീപക്ഷ, ഭിന്നലിംഗ സംവാദങ്ങളുടെ തുടര്‍ച്ചയിലാണ് ഈ സംവാദങ്ങള്‍ വികസിപ്പിക്കേണ്ടത്.

Contact the author

P. K. Pokker

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More