നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

നാട്ടില്‍ നിലനില്‍ക്കുന്ന പലതരം വിശ്വാസവും വിശ്വാസ വൈദ്യവും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചര്‍ച്ചക്ക് വെയ്ക്കുകയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍. മന്ത്രിച്ച് ഊതല്‍, ഹലാല്‍ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ ഗൃഹാതുരത്വം നിറഞ്ഞ എഴുത്ത്. 

നൊട്ടിമ്മാമയുടെ ഊത്തും പമ്പകടന്ന വയറുവേദനയും 

ഞങ്ങളുടെ തറവാട് വീടിനടുത്ത് ഒരു നൊട്ടിമ്മാമയുണ്ടായിരുന്നു. വളാഞ്ചേരി കാട്ടിപ്പരുത്തി നിവാസികൾക്ക് സുപരിചിതയാണവർ. ഞങ്ങൾ കാണുന്ന കാലത്ത് പ്രായാധിക്യത്താൽ നടു അൽപം വളഞ്ഞാണ് നടന്നിരുന്നത്. മാറ് മറയ്ക്കാൻ നേർത്ത ഒറ്റമുണ്ട് ഉപയോഗിച്ചിരുന്ന അവരോടൊപ്പമാണ് സഹോദരി കൂലയും താമസിച്ചിരുന്നത്. നൊട്ടിമ്മാമയുടെ മകൾ രണ്ട് കാലിനും സ്വാധീനമില്ലാത്തതിനാൽ കൈകൾ കുത്തി നിരങ്ങിയാണ് സഞ്ചരിക്കുക. മകളെ പരിപാലിക്കാനുള്ളത് കൊണ്ടാവണം അധിക സമയവും അവർ വീട്ടിൽ തന്നെയാണ് കഴിച്ചുകൂട്ടാറ്. അൽപസ്വൽപം ചെപ്പടി വൈദ്യമൊക്കെ നൊട്ടിമ്മാമക്ക് അറിയുമെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ വിശ്വാസം. 

വയറുവേദന വരുമ്പോൾ 'കൊതികൂടിയതാകും' എന്നു പറഞ്ഞ് കല്ലുപ്പും ചുവന്ന മുളകും രണ്ട് ചെറിയ ഉള്ളിയും പൊതിഞ്ഞ് ഉമ്മ എന്നെ നൊട്ടിമ്മാമയുടെ അടുത്തേക്ക് പറഞ്ഞയക്കും. ആ ചെറു പൊതിയുമായി വയറും തടവി അവരുടെ വീട്ടിലേക്ക് ഇടംവലം നോക്കാതെ ഒറ്റ നടത്തമാണ്. പുല്ലുമേഞ്ഞ, മൺചുമരുള്ള കുടിലിൻ്റെ മുന്നിൽ ചെന്ന് 'നൊട്ടിമ്മാമാ' എന്ന് ഉറക്കെ വിളിക്കും. ശബ്ദം കേട്ട് മകളാണ് ആദ്യം കൈ കുത്തി ഇഴഞ്ഞെത്തുക. എന്നെ കണ്ടാൽ അകത്തേക്ക് നോക്കി 'ഹാജ്യാരാപ്ലയുടെ മകൻ വന്നിട്ടുണ്ടെന്ന്' വിളിച്ചു പറയും. കുറച്ചു കഴിഞ്ഞാൽ നൊട്ടിമ്മാമ പുറത്തുവരും. എൻ്റെ കയ്യിൽനിന്ന് ഉമ്മ ഏൽപ്പിച്ച പൊതിവാങ്ങി എന്തൊക്കെയോ മന്ത്രംചൊല്ലി മൂന്ന് പ്രാവശ്യം ഊതി എൻ്റെ ദേഹമാസകലം ഉഴിഞ്ഞ് വാങ്ങും. പിന്നെ അതിൽനിന്ന് രണ്ട് കല്ലുപ്പും ചെറിയ ഉള്ളിയും എടുത്ത് എനിക്ക് കഴിക്കാൻ തരും. ഞൊടിയിടയിൽ ഞാനത് അകത്താക്കും. കൊണ്ടുപോയ കടലാസിൽ തന്നെ ഒരു മണിപോലും പോകാതെ ഭദ്രമായി പൊതിഞ്ഞ് തിരിച്ചുനൽകും. വീട്ടിൽ കൊണ്ടുപോയി അടുപ്പിലിടാൻ. 

ഉമ്മ ഏൽപിച്ച എട്ടണ (50 പൈസ) അവരുടെ കയ്യിൽ വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ 'നിധി'യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞ് നോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതിൽപ്പടിയിൽ തന്നെ നിൽപ്പുണ്ടാകും. റിലേ ഓട്ടത്തിൽ ബാറ്റൺ വാങ്ങാൻ സഹ ഓട്ടക്കാരൻ നിൽക്കുന്ന പോലെ. കിതച്ചെത്തുന്ന എൻ്റെ കയ്യിൽനിന്ന് ധൃതിയിൽ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്. പിന്നെ ചടപടാ എന്നൊരു പൊട്ടു കേൾക്കാം. കൂടെ ശൂ എന്ന ശബ്ദത്തോടെ ഒരു കത്തലും. അതോടെ എല്ലാം ശുഭം. എൻ്റെ 'പള്ളേലെര്ത്തം'(വയറുവേദന) സ്വാഭാവികമായിത്തന്നെ അപ്പോഴേക്ക് പമ്പ കടന്നിട്ടുണ്ടാകും?. നാട്ടിൻപുറങ്ങളിലെ സൗഹൃദത്തിൻ്റെ കണ്ണികളാണിതൊക്കെയെന്നാണ് പിൽക്കാലത്ത് ചിന്തിച്ചപ്പോൾ ഒരു ചെറുചിരിയോടെ മനസ്സിലാക്കിയത്.

ഇത്തരം ഗ്രാമീണ നാട്ടുവിശ്വാസങ്ങൾക്ക് എന്ത് മതം, എന്ത് ജാതി? ഇന്നുമിതൊക്കെ പല രൂപത്തിലും ഭാവത്തിലും എല്ലാ മതവിഭാഗക്കാരിലും അപൂർവ്വമെങ്കിലും പഴമയുടെ തുടർ കണ്ണികളായി നിലനിൽക്കുന്നുണ്ട്. ചിലരുടെ വിശ്വാസം മറ്റു ചിലർക്ക് അന്ധവിശ്വാസമായി തോന്നാം. അതുകൊണ്ടുതന്നെ അതിനെ വിമർശിക്കാം, എതിർക്കാം. ആരും എതിരു പറയില്ല. പക്ഷെ ഇത്തരം പ്രവൃത്തികൾ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം, പൗരസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരു നാട്ടിൽ 'പാടില്ലാ' എന്ന് കൽപ്പിക്കാൻ എങ്ങിനെ സാധിക്കും? ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാവ് സുരേന്ദ്രനും കൂട്ടരും എല്ലാ മതക്കാർക്കിടയിലും നിലനിൽക്കുന്ന ഇത്തരം നാട്ടാചാരങ്ങളോട് എതിർപ്പുള്ളവരാണെങ്കിൽ അതിനെ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കാനല്ലേ ശ്രമിക്കേണ്ടത്. അല്ലാതെ അപവാദ പ്രചരണം നടത്തി ആളുകളെ അവഹേളിക്കാനല്ലല്ലോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Jaleel

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More