അനുപമയും അജിത്തും ചേര്‍ന്നു നിന്നത് പ്രണയത്തിന്റെ ബലത്തിലാണ്; നിങ്ങളുടെ സദാചാര ഉദ്ബോധനങ്ങള്‍ കൊണ്ട് അതിനെ തകര്‍ക്കാനാവില്ല- ഡോ. ആസാദ്

അനുപമയും അജിത്തും ചേര്‍ന്നു നിന്നത് പ്രണയത്തിന്റെ ബലത്തിലാണെന്നും അതിനെ തകര്‍ക്കാന്‍ സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന സദാചാര ഉദ്ബോധനങ്ങള്‍ മതിയാവാതെ വരുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആസാദ്. അജിത് എന്ന യുവാവിന് രണ്ടോ നാലോ കുഞ്ഞുങ്ങളെ ഉണ്ടാക്കി നല്‍കിയ സൈബര്‍ തെമ്മാടികളുണ്ട്. മൂന്നു ഭാര്യമാരെ നല്‍കിയവരുണ്ട്. സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് ഇല്ലാക്കഥ മെനഞ്ഞവരുണ്ട്. തൊഴിലില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുണ്ട്. തട്ടിയെടുക്കപ്പെട്ട തങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ പൊരുതി നിന്നു എന്നതാണോ അവര്‍ ചെയ്ത തെറ്റ്? അതോ കുഞ്ഞിനെ തട്ടിയെടുത്ത് കുട്ടിക്കടത്ത് നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെടുന്നതാണോ തെറ്റ്! എന്നും ആസാദ് ചോദിക്കുന്നു.

ഡോ. ആസാദ് എഴുതുന്നു

ഒരു കുടുംബം നിരന്തരം അക്രമിക്കപ്പെടുകയാണ്. അവര്‍ക്കെതിരെ 'കല്ലെറിഞ്ഞു കൊല്ലേണ്ടവര്‍' എന്ന മട്ടില്‍ പക പടര്‍ത്തുകയാണ്. തട്ടിയെടുക്കപ്പെട്ട തങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ പൊരുതി നിന്നു എന്നതാണ് അവര്‍ ചെയ്ത തെറ്റ്! കുഞ്ഞിനെ തട്ടിയെടുത്ത് കുട്ടിക്കടത്ത് നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെടുന്നതോ മഹാ തെറ്റ്!

ഈ അന്യായങ്ങളെ മറച്ചുവെക്കേണ്ടത് ആര്‍ക്കാണ്? അവരാണ് നുണയും തെറിയും ആക്ഷേപവും വ്യാജ പ്രചാരണവും ഭീഷണിയും കൊലവിളിയും എല്ലാമായി യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അതീവ ദുര്‍ബ്ബലമായ മൂന്നംഗ കുടുംബത്തെ ജീവിക്കാന്‍ വിടില്ല എന്ന കാര്യത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും അവരുടെ കൂളസംഘങ്ങളും സകല ഭൂതപിശാചുകളും ഒറ്റക്കെട്ടാണ്. കണ്‍മുന്നില്‍ ഒരു കുടുംബം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോള്‍ മൗനമാണ് മാന്യന്മാരുടെ മഹാനിര!

അവര്‍ കുറ്റം ചെയ്തുവെങ്കില്‍ സര്‍ക്കാറേ കേസെടുക്കൂ. കൊലയാളികളോടും പോക്സോ കേസ് പ്രതികളോടും നിങ്ങള്‍ കാണിക്കുന്ന കരുണ അവര്‍ക്കു നല്‍കേണ്ട. അവര്‍ ചെയ്ത കുറ്റം പറയൂ. നിയമപരമായി നേരിടൂ. അതിന് മാന്യമായ സമീപനവും ജനാധിപത്യ മര്യാദയും വേണം. അതല്‍പ്പം കണ്ടിരുന്നെങ്കില്‍ ഈ വേട്ട അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കു പറ്റുമായിരുന്നു.

അജിത്തിനെപ്പറ്റിയും അനുപമയെപ്പറ്റിയും തന്നെയാണ് പറയുന്നത്. അജിത്തിനെ പേടിച്ച് പെണ്‍മക്കളുള്ള മാതാപിതാക്കള്‍ ഉറക്കമൊഴിച്ചു കാവല്‍നില്‍ക്കുന്നു എന്ന മട്ടില്‍ ഒരു വമ്പന്‍ കുറ്റവാളിരൂപം സൃഷ്ടിക്കുന്നതു കാണുന്നുണ്ട്. നിങ്ങള്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചാല്‍ മതി. അജിത് എന്ന യുവാവിന് രണ്ടോ നാലോ കുഞ്ഞുങ്ങളെ ഉണ്ടാക്കി നല്‍കിയ സൈബര്‍ തെമ്മാടികളുണ്ട്. മൂന്നു ഭാര്യമാരെ നല്‍കിയവരുണ്ട്. സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് ഇല്ലാക്കഥ മെനഞ്ഞവരുണ്ട്. തൊഴിലില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുണ്ട്. സൈബര്‍ നുണനിര്‍മ്മാണ ഫാക്ടറിയും അതിന്റെ വിതരണ ശൃംഖലയും നിങ്ങള്‍ക്കു കാണും. അതിന്റെ ഇരമ്പിപ്പെയ്ത്തില്‍ ഒരു കുടുംബത്തെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാമെന്ന്  മോഹവും കാണും.

പക്ഷേ ദുര്‍ബ്ബലര്‍ക്കൊപ്പം ആരെങ്കിലുമൊക്കെ വേണ്ടേ? ടി പിയെ കൊന്നശേഷം ഇതുപോലെ കഥകള്‍ കേട്ടതാണ്. ഒന്നും ആരും മറന്നിട്ടില്ല. അന്നു പക്ഷേ, അല്‍പ്പം നീതിബോധം പാര്‍ട്ടിയില്‍, അതിന്റെ പ്രചാരണ സഖാക്കളില്‍ കത്തിനിന്നിരുന്നു. ഇന്ന് സ്ഥിതി മാറി. നീതിബോധത്തിന്റെയും യുക്തിബോധത്തിന്റെയും അവസാന കനലും അണഞ്ഞുവെന്നു തോന്നുന്നു. 

അല്‍പ്പം ബോധം ബാക്കിയുണ്ടെങ്കില്‍ പറയൂ. ഏതു കുറ്റത്തിനാണ് ആ കുടുംബത്തെ വേട്ടയാടുന്നത്. അജിത്തും ആദ്യഭാര്യയും തമ്മില്‍ നിയമപരമായി പിരിഞ്ഞതാണ്. രണ്ടോ മൂന്നോ വര്‍ഷം മുമ്പേ പിരിഞ്ഞുവെങ്കിലും നിയമ നടപടി പൂര്‍ത്തിയായത് ഈ വര്‍ഷം ആദ്യം മാത്രമാണ്. സാങ്കേതികമായി പിരിയല്‍ കര്‍മ്മം തീരും മുമ്പേ പ്രണയമുണ്ടായതും അവരില്‍ കുഞ്ഞുണ്ടായതും ശരിയാണ്. ഒരു ഭാര്യയിരിക്കെ മറ്റൊരു സ്ത്രീയില്‍ കുഞ്ഞുണ്ടാവുന്നത് കുറ്റകരമാണെങ്കില്‍ പരാതിക്കാര്‍ക്ക് നിയമപരമായി നേരിടാമല്ലോ. അതിന് അസഭ്യവര്‍ഷം പരിഹാരമാണോ? അങ്ങനെ കുഞ്ഞുണ്ടായവരെ ഇടതുപക്ഷം ഇവ്വിധം നേരിടാറുണ്ടോ? അങ്ങനെ പിറന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ അനുവാദമുണ്ടോ? അതിന് സകല നിയമങ്ങളും തെറ്റിച്ച സംവിധാനങ്ങള്‍ക്ക് എതിരെ ഒരു വാക്ക് ഉച്ചരിക്കാന്‍ നിങ്ങള്‍ മറക്കുന്നതെന്ത്?

മാന്യന്മാരേ, നിങ്ങള്‍ നിങ്ങളുടെ പെണ്‍കുട്ടികളെ കെട്ടിയിട്ടു വളര്‍ത്തുവിന്‍! അവര്‍ക്ക് അവിഹിത ഗര്‍ഭം ഉണ്ടാകാതെ നോക്കുവിന്‍! അവരുടെ ഇഷ്ടമാണ് നിങ്ങള്‍ക്ക് അവിഹിതമാകുന്നതെന്ന സത്യം മറച്ചു പിടിക്കുവിന്‍! രണ്ടുപേര്‍ പ്രണയപൂര്‍വ്വം ഇണചേരുമ്പോള്‍ ജാതിയും പ്രായവും ഭൂതവും ഭാവിയും എങ്ങനെ പരിഗണിക്കണമെന്ന് അളന്നു കഴിയുവിന്‍!

അനുപമയും അജിത്തും ചേര്‍ന്നു നിന്നത് പ്രണയത്തിന്റെ ബലത്തിലാണ്. അതിനെ തകര്‍ക്കാന്‍ നിങ്ങളുടെ സദാചാര ഉദ്ബോധനങ്ങള്‍ മതിയാവാതെ വരും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരു വകുപ്പും അവരെ ശിക്ഷിക്കുകയില്ല. ചായ കുടിക്കാന്‍ പോകുന്നത് യു എ പി എക്ക് കാരണമായി കാണുന്ന സര്‍ക്കാറിന് ഇതൊക്കെ യു എ പി എ കേസാക്കാന്‍ കഴിഞ്ഞേക്കും. ആ വഴി ഒന്ന് ഉത്സാഹിക്ക് സൈബറാഭാസന്മാരേ.

കെട്ടുകഥകളില്‍ വഴുതിപ്പോയ ധാരാളം പേരുണ്ട്. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്കു വരാന്‍ കുറേകൂടി സമയമെടുക്കും. പക്ഷേ, അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പോവില്ല.  കേരളത്തിലെ മഹത്തായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്ര തരംതാണുവല്ലോ എന്ന് സുമനസ്സുകള്‍ വേദനിക്കും. സര്‍പ്പങ്ങളെയാണ് വിതച്ചത്. മുളച്ചത് കൃമികീടങ്ങളാണല്ലോ എന്ന് രക്തസാക്ഷികളുടെ തലമുറകള്‍ ഖേദിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 3 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More