ഓസ്ട്രേലിയന്‍ കാട്ടുതീയും, ഭൂമിയുടെ അന്തകനാവുന്ന കാർബൺ ബഹിർഗമനവും

ഓസ്ട്രേലിയ അവരുടെ ചരിത്രത്തിലെ ഏറ്റവും വലുതും, വിനാശകരവുമായ കാട്ടുതീയെ നേരിടുകയാണ്. സെപ്തംബറിൽ തുടങ്ങി  അണയാതെ കത്തിപടർന്ന തീ ഏകദേശം ഒരു കോടി എൺപത്തിമൂന്ന് ലക്ഷം ഏക്കർ ഭൂപ്രദേശം കവർന്നെടുത്തു.  ഡെന്മാർക്കും ബെൽജിയവും കൂടിച്ചേർന്നാലുള്ള ഭൂവീസ്തൃതിയോളം വരുമിത്. തിട്ടപെടുത്താനാവാത്ത വിധം നാശം വിതച്ച ദുരന്തത്തിൽ 30-ഓളം മനുഷ്യർക്കും 50 കോടിയിലധികം മൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു.  കത്തിക്കരിഞ്ഞ കംഗാരുക്കളുടേയും, മറ്റു മിണ്ടാപ്രാണികളുടേയും ചിത്രങ്ങൾ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. അപൂർവ്വങ്ങളായ പല ഉരഗങ്ങളും, ജീവികളും ഭാഗികമായോ പൂർണമായോ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ട്.

ഓസ്ട്രേലിയയിലെ വരണ്ട പ്രദേശങ്ങളിൽ സാധാരണയായി എല്ലാ വർഷങ്ങളിലും ഏറിയും കുറഞ്ഞും കാട്ടുതീ കാണപ്പെടാറുണ്ട്. പക്ഷെ, അടുത്ത കാലത്തായി വരൾച്ചയുടെ തീവ്രതയിലും  കാട്ടുതീയുടെ വ്യാപനത്തിലും മുൻപില്ലാത്ത വിധം വർധനവ് രേഖപ്പെടുത്തപ്പെടുന്നുണ്ട്. അവരുടേതന്നെ കാലാവസ്ഥാ വിഭാഗത്തിന്‍റെ പഠനമനുസരിച്ച് ഇതുവരെ രേഖപെടുത്തിയതിൽവെച്ച് ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ്  പോയവർഷം ഉണ്ടായത്.  കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ലോകത്താകമാനം കണ്ടുവരുന്ന പ്രതിഭാസമാണത്. പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ തീരുമാനപ്രകാരം കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് ആഗോളതാപനത്തെ നിയന്ത്രണ വിധേയമാക്കാനുള്ള ലോകത്തിന്‍റെ പദ്ധതികൾക്ക് വെല്ലുവിളിയാണ് ഇത്തരം ദുരന്തങ്ങൾ.

ഓസ്ട്രേലിയന്‍ കാട്ടുതീയിലൂടെ മാത്രം ഏകദേശം 400 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡാണ് പുറംതള്ളപെട്ടത്. ഇത് ബ്രിട്ടന്‍റെ ഒരുവർഷത്തെ കാർബൺ ബഹിർഗമനത്തോളം വരും.

ഇത്തരത്തിൽ അനിയന്ത്രിതമായ തോതിൽ കാർബണും ഹരിത ഗൃഹവാതകങ്ങളും പുറത്തുവരുന്നത് നിലവിലെ കാലാവസ്ഥയുടെ സന്തുലിത ഭാവത്തെ കൂടുതൽ കലുഷിതമാക്കുവാൻ പ്രാപ്തമാണ്. കാട്ടുതീയാൽ ഉണ്ടാവുന്ന കാർബണും പൊടിപടലങ്ങളും പ്രവചനാതീതമായി സഞ്ചരിക്കുകയും പലപ്പോഴും ഒരു മൂടുപടം പോലെ പ്രവർത്തിച്ച് അന്തരീക്ഷത്തിന്‍റെ ചൂട് വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്യും. ഇത് മഞ്ഞുരുകലിലേക്കും, മറ്റുപ്രകൃതി ദുരന്തങ്ങളിലേക്കും നയിക്കും.  ഈ അവസ്ഥ ഒരു ആണവപ്രവർത്തനത്തിന്‍റെ അവസാനമെന്നപോലെ ഒരു വലിയ വിസ്ഫോടനത്തിലേക്ക് എത്താൻ സാധ്യത ഏറെയാണ്.  കാട്ടുതീയാൽ ഉണ്ടാവുന്ന പുകയിൽ വലിയ രീതിയിൽ കറുപ്പ് നിറത്തിലും, ചാരത്തവിട്ട് നിറത്തിലുമുള്ള ജൈവ കാർബണുകൾ അടങ്ങിയിട്ടുണ്ട്. അവ പ്രത്യക്ഷത്തിൽ താപത്തെ ആഗിരണം ചെയ്യുന്നവയാണെങ്കിലും ദീർഘകാലത്തേക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രലോകം അജ്ഞരാണ്. ഈ അജ്ഞത പലപ്പോഴും ക്രിയാത്മകമായ ഇടപെടലുകൾക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നു.

പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ അടിസ്‌ഥാനത്തിൽ 2030-ഓടുകൂടി നിലവിലെ കാർബൺ ബഹിർഗമനത്തിൽ നിന്ന് 26 മുതൽ 28% വരെ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുറക്കേണ്ടതായുണ്ട്. പൊതുവിൽ കാർബൺ ബഹിര്‍ഗമനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജി-20 രാജ്യങ്ങൾക്ക് ഈ ശതമാനം പോര എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ഓസ്ട്രേലിയ കഴിഞ്ഞ കുറച്ചുകാലങ്ങളായി നിരവധി പ്രകൃതി ദുരന്തങ്ങളുടെ നിഴലിലാണ് കഴിയുന്നത്. എന്നിട്ടും ഭരണകൂടം അത്തരം വെല്ലുവിളികളെ ചെവികൊള്ളുന്നില്ല. രാജ്യത്തിന്‍റെ വരുമാനത്തിൽ വലിയ പങ്ക് വഹികുന്ന കൽക്കരി വ്യവസായത്തെ പിന്തുണക്കുന്നതിനു വേണ്ടി ആ രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കൽക്കരിയുമായി  പ്രതിനിധി  സഭയിലെത്തിയത് വലിയ വാർത്തയായിരുന്നു.

യുണൈറ്റഡ് നാഷൻസിന്‍റെ കഴിഞ്ഞ വർഷത്തെ പഠനപ്രകാരം, ലോകത്തിലെ ഏറ്റവും വലിയ കൽക്കരി കയറ്റുമതിക്കാരായ ഓസ്ട്രേലിയ പാരീസ് ഉടമ്പടിയോട് നീതി പുലർത്തുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി.  പാരീസ് ഉടമ്പടി പ്രകാരം താപനില 2 സെൽഷ്യസ്സിനു താഴെ പിടിച്ചുനിർത്താൻ ലോക രാജ്യങ്ങൾ ഏറ്റെടുത്ത നടപടിക്രമങ്ങൾ പര്യാപ്തമല്ല.

എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ കാർബൺ ഉപഭോക്താവായ അമേരിക്ക കഴിഞ്ഞ വർഷം പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയത്, ലോകം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യവശങ്ങൾ അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ വർഷം ഉണ്ടായ ആമസോൺ കാട്ടുതീയും അതിനോട് ബ്രസീലിയൻ പ്രസിഡന്‍റ്  ജയര്‍ ബോൾസൊനാരോയുടെ അപക്വമായ പ്രതികരണവുമെല്ലാം ലോകത്ത് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വ പ്രവർത്തനങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ്.

ഭൂമി അതിന്‍റെ ആറാമത്തെ ഏറ്റവും വലിയ വംശനാശത്തിന്‍റെ കാലഘട്ടത്തിലാണിപ്പോൾ. മുമ്പത്തേതിൽ നിന്ന് വ്യത്യസ്ഥമായി മനുഷ്യനാണ് ഇതിന് കാരണക്കാർ. മനുഷ്യർ അനിയന്ത്രിതമായ ലാഭേച്ഛക്ക് വേണ്ടി പ്രകൃതി കനിഞ്ഞുനൽകിയ സർവ്വതിന്‍റേയും കടയ്ക്ക് കത്തിവെച്ചതിന്‍റെ ഭയനാകമായ ഭവിഷ്യത്തുകൾ ലോകമാകമാനം ഇന്ന് അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലദേശത്തിന്‍റെ വ്യത്യാസങ്ങൾക്ക് അനുസൃതമായി കൊടുങ്കാറ്റായും, വെള്ളപ്പൊക്കമായും, കാട്ടുതീയായും സമുദ്രജല നിരപ്പിലെ ഉയർച്ചയായും അത് നമ്മെ തേടിയെത്തുന്നുണ്ട്.  എന്നിട്ടും ലോക രാഷ്ട്രങ്ങളും നേതാക്കളും ഈ സത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. മറുവശത്ത് പുതിയ തലമുറ വ്യക്തമായ ചോദ്യങ്ങളും അവശ്യങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്.  അവർക്കെല്ലാം പ്രകൃതി ചൂഷകരുടെ നാട്യത്തെ വ്യക്തമായി മനസ്സിലാവുന്നുണ്ട്. അതുകൊണ്ടാണ് ഗ്രെറ്റ തുൻബർഗ് എന്ന പെൺകുട്ടി ലോകത്തോട് ഇങ്ങനെ ചോദിച്ചത് "നിങ്ങളെന്‍റെ സ്വപ്നങ്ങളേയും കുട്ടിക്കാലത്തെയും പൊള്ളയായ വാക്കുകൾകൊണ്ട് കവർന്നു, ജനങ്ങള്‍ ദുരിതത്തിലാണ്, അവര്‍ മരിച്ച് വീഴുകയാണ്. ആവാസ വ്യവസ്ഥ മൊത്തം തകർന്നടിയുന്നു. നമ്മെളെല്ലാം വലിയ വംശനാശത്തിന്‍റെ വക്കിൽ എത്തിയിരിക്കുന്നു. എന്നിട്ടും നിങ്ങൾക്കെല്ലാം പറയാനുള്ളത് പണത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെകുറിച്ചുമാണ്. എങ്ങിനെ നിങ്ങൾക്കതിന് ധൈര്യം വരുന്നു?" ഈ വാക്കുകളിലെ മൂർച്ചയിൽ മാത്രമാണ് ഭാവിയെകുറിച്ചുള്ള പ്രതീക്ഷകൾ പൂക്കുന്നത്. ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയ പുതുതലമുറ അവരുടെ പ്രവർത്തനങ്ങളിലൂടെ ഭൂമിക്ക് കവലാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Contact the author

Ashik Veliyankode

Recent Posts

Web Desk 8 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 10 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 11 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 11 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More