ലീഗിന്‍റെത് ഇടതുപക്ഷം മുസ്ലിം വിരുദ്ധമാണെന്ന് വരുത്താനുള്ള നീക്കം- കെ ടി കുഞ്ഞിക്കണ്ണൻ

പള്ളികളും ക്ഷേത്രങ്ങളും തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഇടങ്ങളാക്കിക്കളയാമെന്ന് ധരിച്ചുവെച്ചിരിക്കുന്ന വർഗ്ഗീയവാദികൾക്ക് വിശ്വാസികൾ ഉൾപ്പെടെയുള്ള മതനിരപേക്ഷ സമൂഹം ശക്തമായ മറുപടി കൊടുക്കേണ്ട സന്ദർഭമാണിത്. പള്ളികളിൽ വിശ്വാസികളെത്തുന്നത് രാഷ്ട്രീയ പ്രസംഗം കേൾക്കാനാല്ലെന്നറിയാത്ത കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ സ്വന്തം തട്ടിപ്പും വഖഫ് സ്വത്ത് കൊള്ളയും മറച്ചുപിടിക്കാനുള്ള വെപ്രാളത്തിൽ എന്തെല്ലാമോ വിളിച്ചു പറയുകയാണ്. വഖഫ് ബോർഡിലെ അഴിമതികളും വഖഫ് സ്വത്തിൻ്റെ വില്പനയുമെല്ലാം കേസും അന്വേഷണവുമെല്ലാമായി മുന്നോട്ടുപോകുന്നത് ലീഗുകാരെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈയൊരു സന്ദർഭത്തിലാണ് എൽഡിഎഫ് സർക്കാർ, വഖഫ് ബോർഡ് നിയമനം പിഎസ് സി ക്ക് വിടാന്‍ തീരുമാനിച്ചത്. സ്വന്തക്കാരെ തിരുകിക്കയറ്റി വഖഫ് ബോർഡിനെ യഥേഷ്ടം കൊള്ളയടിച്ച് കഴിഞ്ഞുകൂടിയിരുന്ന ലീഗ് പ്രമാണിമാർക്കിത് വലിയ പ്രഹരമായി. ആ ഒരു പ്രകോപനത്തിൽ നിന്നാണവർ ഇപ്പോൾ വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ടത് മുസ്ലിം വിരുദ്ധ നടപടിയാണെന്നൊക്കെ തട്ടിവിട്ട്, പള്ളികളിൽ പ്രചരണം നടത്തുമെന്നൊക്കെയുള്ള ഭ്രാന്ത്രൻ വർഗീയ പ്രഖ്യാപനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മതത്തെയും വിശ്വാസത്തെയും വെച്ച് രാഷ്ട്രീയം കളിക്കുന്നവരെയാണല്ലോ വർഗ്ഗീയവാദികൾ എന്നൊക്കെ വിളിക്കുന്നത്.

ആരാധനക്ക് ഉപയോഗിക്കേണ്ട പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള താവളമാക്കുമെന്നൊക്കെ പ്രഖ്യാപിക്കുന്ന സലാമുമാർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. അന്ധമായ കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരോധമല്ലാതെ ലീഗിനും കോൺഗ്രസിനുമൊെക്ക എന്തു മുസ്ലിം താല്പര്യം? എന്തു ന്യൂനപക്ഷ താല്പര്യം? കഴിഞ്ഞ 7 വർഷക്കാലത്തിലേറെയായി ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യഘടനയെ അസ്ഥിരീകരിക്കുന്ന നിയമനിർമ്മാണങ്ങളും ഭരണനീക്കങ്ങളുമാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുറന്നെതിർക്കാനും ബഹുജനങ്ങളെ ഈ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ അണിനിരത്താനും ബാധ്യതപ്പെട്ട മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും അവരുടെ മുഖ്യ ഘടകകക്ഷിയായ ലീഗും മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ പകച്ചുനിൽക്കുന്നതാണ് നമ്മളെല്ലാം കണ്ടത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യമുയർത്തിപ്പിടിക്കുന്നതിനും മോദി സർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു കോൺഗ്രസുകാർ. എന്നുമാത്രമല്ല രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും ഭരണഘടനയുടെ മൗലികാവകാശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് മോദിയും അമിത്ഷായും കൊണ്ടുവന്ന എൻ ഐ എ- യു എ പി എ നിയമഭേദഗതികൾ പാർലിമെന്റിനകത്ത് കോൺഗ്രസ് അംഗങ്ങൾക്കൂടി പിന്തുണക്കുന്ന അവസ്ഥയാണുണ്ടായത്. മുസ്ലിം ലീഗ് ഇക്കാര്യത്തിലൊക്കെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി എന്തുെചയ്തു?

ഇന്ത്യയിൽ യു എ പി എ നിയമം ഉപയോഗിച്ച് തടവിലാക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്ലീങ്ങളും ദളിതരുമാണ്. വിചാരണപോലും നേരിടാതെ ദീർഘകാലം പലരും ജയിലിൽ കിടക്കുന്ന അവസ്ഥയാണ്. ഇത്തരമൊരു കരിനിയമത്തിന് കൂടുതൽ കാർക്കശ്യം നൽകുന്ന ഭേദഗതികളാണ് അമിത്ഷാ കൊണ്ടുവന്നതെന്നറിഞ്ഞുകൊണ്ടുതന്നെ കോൺഗ്രസ് അതിനനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങൾക്ക് വിരുദ്ധമായി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ ഭീകരവിരുദ്ധ നിയമത്തിലെ ഭേദഗതികൾ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചത്. എത്ര നിരുത്തരവാദപരമായിട്ടാണ് ഒരു പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പ്രവർത്തിച്ചത് എന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഭേദഗതി ചെയ്ത നിയമമനുസരിച്ച് ഏത് പൗരനെയും ഭീകരനായി പ്രഖ്യാപിക്കാൻ എൻ ഐ എക്ക് അധികാരം നൽകിയിരിക്കുന്നു. അയാളെ അറസ്റ്റുചെയ്യുന്നത് അയാൾ ജീവിക്കുന്ന സംസ്ഥാനത്തെ സർക്കാരിനെയോ പോലീസിനെയോ അറിയിക്കേണ്ടതില്ല. അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിയുടെ സ്വത്ത് കണ്ടുകെട്ടാനും എൻ ഐ എക്ക് അധികാരം നൽകുന്നു. 

സംസ്ഥാന സർക്കാർ അറിയാതെ ഏത് സംസ്ഥാനങ്ങളിലേക്കും കടന്നുകയറാൻ എൻ ഐ എ പോലുള്ള ഒരു കുറ്റാന്വേഷണ ഏജൻസിക്ക് അനുവാദം നൽകുന്ന നിയമനിർമ്മാണങ്ങളുടെ ജനാധിപത്യവിരുദ്ധത അറിഞ്ഞുകൊണ്ടുതന്നെ ചിദംബരത്തെ പോലുള്ള കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ടാണ് പാർലിമെന്റിൽ അതിനനുകൂലമായി വോട്ടുചെയ്തത്. ആർ എസ് എസിന്റെ ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കങ്ങളോടൊപ്പം നിൽക്കുകയാണ് യഥാർത്ഥത്തിൽ കോൺഗ്രസ് ചെയ്തതെന്ന് സംശയിച്ചാൽ ആർക്കെങ്കിലും കുറ്റപ്പെടുത്താനാകുമോ? ബില്ലിനെ കുറിച്ച് പാർലിമെന്റിൽ നടന്ന ചർച്ചയിൽ ആദ്യ ദിവസത്തെ പ്രതികരണങ്ങൾക്കുശേഷം കോൺഗ്രസ് പാർടി ബില്ലിനെ അനുകൂലിക്കുന്ന നിലപാടിലേക്ക് മാറുകയായിരുന്നുവല്ലോ. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പൗരന്റെ മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമായി ഈ നിയമഭേദഗതിയെ തുറന്നെതിർക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് എന്തുകൊണ്ടാണ് കോൺഗ്രസ് പാർടി പിന്തിരിഞ്ഞുനിന്നതെന്ന ചോദ്യം ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യമുയർത്തിപ്പിടിക്കുന്ന ഓരോ കോൺഗ്രസുകാരനും ചോദിക്കേണ്ടതായിരുന്നു. റൗലറ്റ് ആക്ട് പോലുള്ള കരിനിയമങ്ങൾക്കും ബ്രിട്ടീഷുകാരുടെ രാജ്യദ്രോഹനിയമങ്ങൾക്കുമെതിരെ പോരാടിയ പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്ന് ചിന്തിക്കാൻ കഴിയുന്നവരല്ലല്ലോ ഇന്ന് കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കുന്നത്. 

പാർലമെന്റിൽ ഈ ബില്ലിന്റെ ചർച്ചയിൽ ഏറ്റവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് ഇടതുപക്ഷമായിരുന്നു. പ്രതിപക്ഷപാർടികളിൽ ഡി എം കെ യും ആംആദ്മി പാർടിയും ആർ ജെ ഡിയും എസ്പിയും ശക്തമായി രംഗത്തുവന്നപ്പോൾ കോൺഗ്രസ് ഒട്ടകപക്ഷി നയം സ്വീകരിച്ച് ബി ജെ പി സർക്കാരിന് കീഴടങ്ങുകയായിരുന്നു. ബില്ല് രാജ്യസഭയിൽ വോട്ടിനിട്ടപ്പോൾ എല്ലാ ജനാധിപത്യവാദികളെയും അമ്പരപ്പിച്ചുകൊണ്ട് കോൺഗ്രസ് ബില്ലിനനുകൂലമായി വോട്ടുചെയ്തു. ഇത് കാണിക്കുന്നതെന്താണ്? ബി.ജെ.പിയുടെ പ്രത്യേകിച്ച് അമിത്ഷായുടെ ഭീഷണിക്കുമുമ്പിൽ പതറിപ്പോകുന്നവരാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കളെന്നാണ്. രാജ്യസഭയിൽ ഈ നിയമനിർമ്മാണത്തെ എതിർക്കുന്നവർ ആരാണ്? ഭീകരരുടെ പക്ഷത്താരാണ്? എന്നൊക്കെയുള്ള  അമിത്ഷായുടെ ഭീഷണിസ്വരത്തിലുള്ള ചോദ്യങ്ങൾക്കുമുമ്പിൽ കോൺഗ്രസ് ലജ്ജാകരമായ കീഴടങ്ങൽ നടത്തുകയാണുണ്ടായത്.

 കോൺഗ്രസിന്റെ ദേശീയനേതാക്കളായ എ.കെ.ആന്റണിയും ഗുലാംനബിആസാദും ദ്വിഗ്‌വിജയ്‌സിംഗും ഉൾപ്പെടെയുള്ള രാജ്യസഭാംഗങ്ങളാണ് എൻ ഐ എ- യു എ പി എ നിയമഭേദഗതിക്കനുകൂലമായി വോട്ടുചെയ്തത്. ഇത്തരം കീഴടങ്ങലുകളാണ് ബി ജെ പിക്ക് ബദലായ ഒരു രാഷ്ട്രീയശക്തിയായി കോൺഗ്രസിന് മാറാൻ കഴിയാത്തതിന്റെ കാരണമെന്ന് തിരിച്ചറിയാതെ കേഡർ പാർടിയെക്കുറിച്ചും സെമികേഡർ പാർടിയെക്കുറിച്ചുമൊക്കെ വാചകമടിച്ചവർ ശിഥിലമാവുന്നു. തീർന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതും ആ സംസ്ഥാനത്തെ വിഭജിക്കുന്നതുമായ 307-ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിക്കണമെന്ന പ്രമേയത്തെ രാജ്യസഭയിൽ കോൺഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്തത്. 2019 ആഗസ്റ്റ് 5-ന് രാജ്യസഭയിൽ അവതരിപ്പിച്ചത്, അന്നുതന്നെ പ്രസ്തുത ബില്ലും കൗശലപൂർവ്വമായ ഫ്‌ളോർഎഞ്ചിനീയറിംഗിലൂടെ പ്രമേയവും പാസ്സാക്കിയെടുക്കുകയാണ് അമിത്ഷാ ചെയ്തത്. പിറ്റേ ദിവസമാണ് പ്രമേയം ലോക്‌സഭയിൽ കൊണ്ടുവന്നത്. പ്രമേയം മുൻകൂട്ടി നൽകാതെ ബില്ലിൻമേൽ ഭേദഗതി കൊണ്ടുവരാനുള്ള അവസരംപോലും നിഷേധിച്ചുകൊണ്ട് യഥാർത്ഥത്തിൽ പാർലമെന്ററി നടപടിക്രമങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് 370-ാം വകുപ്പ് എടുത്തുകളയുന്ന പ്രമേയം പാസ്സാക്കിയെടുത്തത്. ഇതിലും മുഖ്യപ്രതിപക്ഷപാർടിയായ കോൺഗ്രസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്. കാശ്മീർ ജനതയെ പട്ടാളബൂട്ടുകൾക്കിടയിലാക്കി അവരുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിട്ടുമാണ് ഇത്തരമൊരു പ്രമേയം പാർലമെന്റിൽ കൊണ്ടുവന്നത്.

 370-ാം വകുപ്പ് റദ്ദാക്കുന്നതിനോട് തങ്ങൾക്ക് വിയോജിപ്പില്ലെന്നും അതുകൊണ്ടുവന്ന രീതിയോട് മാത്രമാണ് തങ്ങൾക്ക് എതിർപ്പെന്നുമായിരുന്നല്ലോ കോൺഗ്രസുകാർ അന്ന് പറഞ്ഞത്. പ്രമേയം വോട്ടിനിടാൻ ഇടതുപക്ഷം ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ അനുകൂലിക്കാൻ പോലും തയ്യാറായില്ല. അമിത്ഷാക്ക് വഴങ്ങി 370-ാം വകുപ്പ് റദ്ദുചെയ്ത രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിക്കണമെന്ന പ്രമേയം വോട്ടിനിടാതെ പാസ്സാക്കണമെന്ന ബി.ജെ.പി നിലപാട് തന്നെയായിരുന്നു പാർലമെന്റിൽ കോൺഗ്രസ് എടുത്തത്. കോൺഗ്രസ് നേതാക്കളും മുസ്ലീംലീഗ് നേതാക്കളും ഒരുപോലെ ഈ രാജ്യത്തെ മുസ്ലീം ന്യൂനപക്ഷ സമൂഹത്തോട് ഉത്തരംപറയേണ്ട വിഷയമാണ് മുത്തലാഖ് നിരോധനനിയമത്തെ പിന്തുണച്ച അവരുടെ നടപടി. സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിട്ടും അങ്ങേയറ്റം വിവേചനപരമായ മുത്തലാഖ് നിരോധന നിയമം എന്തിനുവേണ്ടിയാണ് ബി.ജെ.പിക്കാർ കൊണ്ടുവന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

 മറ്റ് മതസമൂഹങ്ങളിലെ വിവാഹമോചനനിയമങ്ങൾക്ക് ബാധകമല്ലാത്ത ക്രിമിനൽ വ്യവസ്ഥകൾ മുത്തലാഖ് നിരോധന നിയമത്തിൽ ഉൾപ്പെടുത്തുകയാണ് ഹിന്ദുത്വവാദികളുടെ സർക്കാർ ചെയ്തത്. അതിനെ പിന്തുണച്ച് മതനിരപേക്ഷതയോടും ഭരണഘടനയുടെ തുല്യനീതി തത്വങ്ങളോടും ബി.ജെ.പിക്കാർക്കൊപ്പം ചേർന്ന് അനീതി കാണിച്ചവരാണ് ഇന്നത്തെ കോൺഗ്രസിന്റെ ദേശീയ നേതൃത്വം. തൊഴിൽ നിയമഭേദഗതി, മോട്ടോർ വാഹന നിയമഭേദഗതി തുടങ്ങി തൊഴിലാളിവിരുദ്ധ കോർപ്പറേറ്റ് അനുകൂല നിയമനിർമ്മാണങ്ങളിലെല്ലാം ബി ജെ പി സർക്കാരിനെ പിന്തുണക്കുകയാണ് കോൺഗ്രസ് പാർലമെന്റിൽ ചെയ്തത്. 

ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നവ ഉദാരവൽക്കരണ പരിഷ്‌കാരങ്ങളെ പൂർണമായും പിന്തുണക്കുന്ന കോൺഗ്രസ് പലഘട്ടങ്ങളിലും ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ അജണ്ടയെയും പിന്തുണക്കുന്ന അവസ്ഥയാണ് ഉണ്ടായത്. നമ്മുടെ ജനാധിപത്യവ്യവസ്ഥയും മതനിരപേക്ഷയും ഭരണഘടനതന്നെയും ഗുരുതരമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അതിനെതിരായി തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് ഹിന്ദുത്വവാദത്തിനും കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് ഇടതുപക്ഷം മാത്രമാണെന്നാണ് സമകാലീന സംഭവങ്ങളെല്ലാം കാണിക്കുന്നത്. സംഘ പരിവാറിൻ്റെ മുസ്ലിം വിരുദ്ധമായ നീക്കങ്ങളെ കുറിച്ച് മിണ്ടാത്തവർ ഇപ്പോൾ പള്ളികളിൽ ഇടതുപക്ഷത്തെ മുസ്ലിം വിരുദ്ധമാക്കാൻ ബോധവൽക്കരണം നടത്തുകയാണു് പോലും!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More