മോദിക്ക് കീഴിലെ മനുഷ്യാവകാശ നിഷേധങ്ങളുടെ രഥയാത്രകള്‍- കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ന് (ഡിസംബർ 10) അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമാണ്. ഇന്ത്യയെന്ന നമ്മുടെ മാതൃരാജ്യത്ത് ഇന്ന്, മോദി ഭരണത്തിന് കീഴിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ രഥയാത്രകൾ നടക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും കർഷകർക്കും തൊഴിലാളികൾക്കുംമേൽ ഹിന്ദുത്വാധികാരത്തിൻ്റെയും കോർപ്പറേറ്റ് മൂലധനാധികാരത്തിൻ്റെയും രഥചക്രങ്ങൾ ഉരുണ്ടുനീങ്ങുകയാണ്.1948-ലെ യു എൻ മനുഷ്യാവകാശ വിളംബരത്തിൽ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇന്ന് നമ്മുടെ രാജ്യം ലോകത്തിലേറ്റവും ഭീകരമായ തോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ്. ജീവിക്കാനുള്ള അവകാശത്തെ ജന്മാവകാശമായി കാണുന്ന മനുഷ്യാവകാശ വിളംബരം, മനുഷ്യോചിതവും അന്തസ്സാർന്നതുമായ ജീവിതം ഓരോ പൗരനും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ആധുനിക ദേശീയ സർക്കാറിൽ അർപ്പിച്ചിട്ടുള്ളതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമുഹ്യ സാംസ്കാരിക അഭ്യുന്നതിക്കായുള്ള അവസരങ്ങൾ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ജനാധിപത്യ സർക്കാരുകൾക്കുള്ളത്. നിയോലിബറൽ നയങ്ങൾ, ഭരണകൂടങ്ങളെ ഈ ഉത്തരവാദിത്വങ്ങൾ കയ്യൊഴിയാൻ നിർബന്ധിക്കുന്നു. പകരം മൂലധനശക്തികൾക്കാവശ്യമായ ഫെസിലിറ്റേറ്റീവ് റോളിലേക്ക് സർക്കാരുകളെ പരിമിതപ്പെടുത്തി നിർത്തുന്നു. തത്ഫലമായി മഹാഭൂരിപക്ഷത്തിന് ഭക്ഷണവും ഭൂമിയും അടിസ്ഥാന ജീവിത സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു. പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും വർധിച്ച് മഹാഭൂരിപക്ഷത്തിന് ജീവിതം തന്നെ അസാധ്യമായി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിൽ സംഘപരിവാർ ദേശീയാധികാരത്തിലെത്തിയതോടെ ന്യൂനപക്ഷങ്ങളും ദളിതുകളും പിന്നോക്ക സ്ത്രീ വിഭാഗങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്നു. പശുവിൻ്റെയും ഭക്ഷണത്തിൻ്റെയും പ്രണയത്തിൻ്റെയും പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യസംഭവമായിരിക്കുന്നു. കഴിഞ്ഞ 7 വർഷക്കാലത്തിനിടയിൽ ഗോരക്ഷിണി സഭക്കാർ മാത്രം 43 പച്ച മനുഷ്യരെയാണ് പശുവിൻ്റെ പേരിൽ തല്ലിക്കൊന്നത്. ഗോവധപ്രശ്നമുയർത്തി രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ പടർത്തുന്നു. ലൗ ജിഹാദ് ആരോപിച്ച് യുപിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഛത്തീസ്ഗഢിലുമെല്ലാം വർഗീയ കലാപങ്ങൾ സംഘടിപ്പിക്കുന്നു. പാവപ്പെട്ട മുസ്ലിങ്ങളെ കൊന്നുകൂട്ടുകയും അവരുടെ ജീവനോപാധികൾ തകർക്കുകയും പതിനായിരങ്ങളെ അനാഥരും അഭയാർത്ഥികളുമായി മാറ്റുകയും ചെയ്യുന്നു. 

ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും കൃഷിക്കാർക്കും വേണ്ടി സംസാരിക്കുന്നവരെ ജിഹാദികളും മാവോയിസ്റ്റുകളും ഖാലിസ്ഥാനികളുമാക്കി വേട്ടയാടുന്നു. യു എ പി എ ഉപയോഗിച്ച് ബുദ്ധിജീവികളെയും സർക്കാറിനെ വിമർശിക്കുന്നവരെയും തടവറകളിലിട്ട് പീഡിപ്പിക്കുന്നു. കോർപ്പറേറ്റ് ചൂഷണത്തെയും ആദിവാസികൾക്കെതിരായ കുടിയൊഴിപ്പിക്കലുകളെയും എതിർത്തതിൻ്റെ പേരിലാണ് ഫാദര്‍ സ്റ്റാൻ സാമിയെ പോലൊരു വൃദ്ധനായ പുരോഹിതനെ യു എ പി എ ചാർത്തി ജയിലിലിട്ട് ചികിത്സപോലും നൽകാതെയാണ് കൊലപ്പെടുത്തിയത്. ഭീമാ കൊറൊഗാവിലെ ദളിത് ഉണർവിനെ പിന്തുണച്ചതിൻ്റെ പേരിലാണ് ലോകപ്രശസ്തരായ ഇന്ത്യൻ അക്കാദമിക്കുകളെയും സാമൂഹ്യ പ്രവർത്തകരെയും ഭീകരവാദികളാക്കി തടവിലിട്ട് അനന്തമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിമർശിക്കുന്നവരെയും കോർപ്പറേറ്റ് കൊള്ളയെയും ഭുരിപക്ഷമതമേധാവിത്വത്തെയും എതിർക്കുന്നവരെയും മാവോയിസ്റ്റുകളും ഭീകരപ്രവർത്തകരുമാക്കി വേട്ടയാടുന്ന, മനുഷ്യാവകാശ നിഷേധങ്ങളുടെ രഥയാത്രകളാണ് മോദി ഭരണത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More