അസ്റഖിലെ നീലക്കോട്ടയും ഇരുണ്ട മരുഭൂമിയും- കുഞ്ഞനിയന്‍ ശങ്കരന്‍ മുതുവല്ലൂര്‍

ജോർദ്ദാനിലെ സർക്കാ ഗവർണറേറ്റിലെ അസ്റഖ് ഒരു മോഹക്കാഴ്ചയുടെ കറുത്ത ഭൂമിയാണ്. ആ ദേശത്തിൻ്റെ കാഴ്ചകളിൽ അസ്റഖ് കോട്ടയും ഖസർ അമ്റായും ഒരു തണ്ണീർത്തടവും ഉണ്ട്.

"നീലക്കോട്ടയ്ക്ക്" പറയാനുള്ളത്. 

പേരുകേട്ടാൽ തോന്നും നീലക്കോട്ടയാണെന്ന്. എന്നാൽ അങ്ങനെയല്ല. അസ്റഖിലെ ഈ കാവൽക്കൊട്ടാരം 'ഘനശ്യാമ മേഘം' പോലെ കാക്കക്കറുമ്പനാണ്! 

'പിന്നെയെങ്ങനെ നീലക്കോട്ട എന്ന പേര് വന്നു?'

അസ്റഖ് എന്ന വാക്കിന് നീല എന്നാണർത്ഥം! അറ്റം കാണാത്ത മരുഭൂമിയിൽ കുടിവെള്ളത്തിൻ്റെ നീരുറവ കണ്ടപ്പോൾ പഴമക്കാർ വിളിച്ച ഓമനപ്പേരാണ് അസ്റഖ്. ആകാശത്തിന് പതിവിൽ കവിഞ്ഞ ഒരു നീലനിറം ഉണ്ടെന്നത് യാഥാർത്ഥ്യവുമാണ്.

AD മൂന്നാം നൂറ്റാണ്ടിലാണ് കോട്ടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അത് പിന്നീട് റോമക്കാരും, അയൂബികളും എല്ലാം ശക്തിപ്പെടുത്തി. ഒന്നാം ലോകയുദ്ധത്തിൽ കേണൽ ലോറൻസിൻ്റെ ക്യാമ്പായും കോട്ട ഉപയോഗപ്പെടുത്തി. അയൽദേശങ്ങളായ സിറിയയും സൗദിയും ഇറാഖുമായി അതിർത്തി പങ്കിടുന്നതുകൊണ്ട് ഇത് പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഇടമാണ്. ഗൾഫ് യുദ്ധങ്ങളിലെയും സിറിയയിലെ തീവ്രവാദികൾക്കെതിരെയുമുള്ള 'ഓപ്പറേഷൻ ഇൻഹറൻ്റ് റിസോൾവിൻ്റെയും ആകാശാക്രമണങ്ങളുടെ പ്രകമ്പനങ്ങളില്‍ വിറകൊണ്ട ഒരു ജനതയാണ് അസ്റഖികള്‍. അസ്റഖ് കോട്ടയുടെ സ്ഥാനം അസ്റഖിൽ നിന്ന് ഇറാഖ് അതിർത്തിയായ കറാമയിലേക്ക് പോകുന്ന രാജ്യാന്തര പാതയുടെ ഇടതുഭാഗത്താണ്. 

അസ്റഖ് ജംഗ്ഷനിൽ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരം മാത്രമേ കോട്ടയിലേക്കുള്ളൂ. ചതുരാകൃതിയിലുള്ള കോട്ട നിർമ്മിച്ചത് അഗ്നിപർവ്വത സ്ഫോടനഫലമായി രൂപംകൊണ്ട കറുത്ത ബസാൾട്ട് കല്ലുകൾ കൊണ്ടാണ്. ശരിക്കും ഒരു കരിങ്കോട്ട തന്നെയാണിത്. എൺപത് ചതുരശ്ര മീറ്റർ സ്ഥലത്ത് ചുറ്റുമതിലുകളോട് കൂടി  ഗതകാല ഓർമ്മകൾ അയവിറക്കി സന്ദർശകർക്ക് കാഴ്ചകൾ ഒരുക്കുകയാണ് 'ഖസർ അൽ അസ്റഖ്.' കോട്ടയുടെ അകത്തേക്കുള്ള കവാടവാതിൽ കരിങ്കൽകൊണ്ടാണ് പണിതീർത്തത്. ഏകദേശം രണ്ടു മീറ്റർ ഉയരത്തിലുളള രണ്ടു കരിങ്കൽ പാളികൾ. ഒരു വാതിലിന് ഏകദേശം രണ്ട് ടൺ തൂക്കം വരും. എന്നാലും വാതിൽ അടയ്ക്കാനും തുറക്കാനും അനായാസം കഴിയും. പഴയ രീതിയിലുള്ള വാതിലായതിനാൽ തിരുറ്റിയിൽ പനയെണ്ണ ഒഴിച്ചുകൊടുത്താണ് വാതിൽ പൊളികളുടെ അടയ്ക്കലും തുറക്കലും അനായാസമാക്കുന്നത്.

പ്രവേശന കവാടത്തിന് മുകളിൽ ലോറൻസ് ഇരുന്ന മുറിയാണ്. പ്രതിരോധത്തിൻ്റെ ഒരുപാട് സൂത്രവിദ്യകളാണ് കോട്ടയെ വിസ്മയം കൊള്ളിക്കുന്നത്. അടുക്കളയും ഡയനിംഗ് ഹാളും തടവുപുള്ളിക്കള പാർപ്പിക്കുന്ന ജയിലും ഓഫീസുകളും എല്ലാം കരിങ്കൽമയം തന്നെയാണ്. കോട്ടയുടെ നടുമുറ്റത്ത് അയൂബി രാജവംശത്തിന്റെ കാലത്ത് പണിത ഒരു മസ്ജിദുമുണ്ട്, അതിൻ്റെ അകവും പുറവും മേൽക്കൂരയും കരിങ്കൽ പാളികളാണ്. ശിലാ ലിഖിതങ്ങളും, നയതന്ത്ര സഖ്യങ്ങളും ഉൾപ്പെടെ കുറേയേറെ ചരിത്രത്തിൻ്റെ ക്വിസ്സ പറയുന്ന കോട്ട ഇന്നും പ്രസക്തമാണ്. കാരണം പശ്ചിമേഷ്യയിൽ യുദ്ധത്തിൻ്റെ വെടിയൊച്ചകൾ ഇന്നും നിലച്ചിട്ടില്ലല്ലോ..

ഖസർ അമ്രാ  

സർക്കാ ഗവർണറേറ്റിലെ അസ്റഖില്‍ തന്നെയാണ് യുനസ്കോയുടെ പൈത്യകപ്പട്ടികയിൽ ഇടംപിടിച്ച ഖസർ അമ്രാ സ്ഥിതി ചെയ്യുന്നത്. ഉമ്മയദ് ഭരണാധികാരികൾ എഴാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലാണ് ഈ ചെറിയ കോട്ട നിർമ്മിച്ചത്, ഒരു കോട്ടയ്ക്കപ്പുറത്ത് സുഖലോലുപരായ രാജാക്കൻമാർക്ക് വിനോദത്തിനും വിശ്രമത്തിനും വിശദമായ നീരാവിക്കുളിക്കും ഉള്ള ഒരു ആവാസകേന്ദ്രമായിരുന്നു ഇത്. ഒരുപാട് സവിശേഷതകൾ ഈ ചെറിയ കൊട്ടാര സമുച്ചയത്തിനുണ്ട്. കെട്ടിടത്തിൻ്റെ മധ്യ ഭാഗത്തെ വാതിൽ തുറന്ന് കയറുമ്പോൾ ഒരു വിശാലമായ രാജകീയ ഹാൾ കാണാം. നടുവിലായി ഒരു സിംഹാസനവും! ചൂടും തണുപ്പുമുള്ള  മൂന്ന് അരമനകൾ  ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.

കോട്ടയ്ക്കകത്ത് തന്നെ സ്റ്റീം ബാത്തിനുള്ള ഒരു വിശാലമായ അറയുണ്ട്. തൊട്ടടുത്ത് 20 മീറ്ററിലധികം ആഴത്തിൽ ഒരു കിണറും ജലം ടാങ്കിലേക്ക് പമ്പുചെയ്യാൻ ഒരുക്കിയ പരമ്പരാഗത ഉപകരണവും. കോട്ടയയ്ക്കകത്തെ കമാന രൂപത്തിലുള്ള സീലിംഗിലും ചുവരിലും എല്ലാം നിറയെ ചിത്രങ്ങളാണ്. ഭരണാധികാരികളുടെയും  ആത്മീയാചാര്യരുടെയും പക്ഷികളുടേയും, മൃഗങ്ങളുടേയും തൊഴിലാളികളുടേയും എല്ലാം ചിത്രങ്ങൾ കാലത്തിന് മായ്ക്കാൻ പറ്റാത്ത വിധം പകർത്തി വച്ചിട്ടുണ്ട്. ചിത്രങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായത് അർദ്ധഗോള പ്രതലത്തിൽ കോറിയിട്ട സ്വർഗത്തിൻ്റെ ചിത്രവും, പ്രവാചകനായ ജോനയുടെ ജീവചക്രവുമാണ്. മാത്രമല്ല രാശിചക്രവും, നക്ഷത്ര സമൂഹവും എല്ലാം വരച്ചുചേർത്തിട്ടുണ്ട്.

മരുഭൂമിയിലെ തണ്ണീർത്തടം

മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ മനുഷ്യനും മനസ്സും വല്ലാതെ മരവിച്ചുപോവും. എത്രനേരംകൊണ്ടാണ് മണൽ പരപ്പുകൾ ആസ്വദിക്കുക. ഒരു തരി പച്ച കണ്ടെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കും. അങ്ങനെയെങ്കില്‍ ഒരു ഇരുണ്ട  മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നത് ഓർത്തുനോക്കു. അവിടെയാണ് പ്രതീക്ഷയുടെ മരുപ്പച്ചയായ അസ്റാഖ്. വരണ്ട കിഴക്കൻ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സവിശേഷമായ തണ്ണീർത്തടമാണ് അസ്റാഖ്. കുട്ടനാടിൻ്റെ ഗ്രാമഭംഗിയുള്ള ഇരുണ്ട മരുഭുമിയിലെ ഒരു തുണ്ട് സ്ഥലം മാത്രമാണത്.  അതുകൊണ്ടുതന്നെ ജോർദ്ദാൻ വനംവകുപ്പ് 'കണ്ണിലെ കൃഷ്ണമണി' പോലെ ഈ തണ്ണീർത്തടം കാത്തുസൂക്ഷിക്കുന്നു.

കുരുവിയും കൊക്കും കടൽകാക്കയുമെല്ലാം സ്വൈരവിഹാരം നടത്തുന്ന ദേശം. ചെറിയ പുഴയിൽ നിറയെ മീനുകളാണ്. അതിനോട് ചേർന്ന കുറ്റിക്കാട്ടിൽ കാട്ടുപോത്തുകളും കുറുക്കനുമുണ്ട്.  'ഉള്ളതുകൊണ്ട് ഓണം പോലെ' എന്ന് കേട്ടിട്ടില്ലെ, ഇവർക്ക് ഈ ചെറിയ കാട് അങ്ങനെയാണ്. അതിലേറെ, ജനലക്ഷങ്ങളുടെ നീരുറവയാണ് അസ്റഖ്! മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പക്ഷികൾക്കുള്ള ഒരു ദേശാടന കേന്ദ്രമാണിത്. മരംകൊണ്ട് കെട്ടിയുണ്ടാക്കി നിലത്ത് അടുക്കിവെച്ച നടപ്പാതകളിൽ നിന്നും അപൂർവയിനം ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാൻ കഴിയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Kunhaniyan Sankaran Muthuvallur

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More