ചുള്ളിക്കാടിന്‍റേത് ബാല്യകാല മുറിവുകളെ ഉണക്കാന്‍ കഴിയാത്തവരുടെ വികാരപ്രകടനം -ജെ ദേവിക

തന്റെ കുട്ടിക്കാലത്ത് ബന്ധുക്കളായ സ്ത്രീകളേല്‍പ്പിച്ച മുറിവ്, സ്ത്രീകളോടുള്ള ഒരുതരം പേടിയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് ഡോ. ജെ ദേവിക. ബാല്യകാല മുറിവുകളെ ഉണക്കാനും അത് ചെയ്തവരോട്‌ പൊറുക്കാനും അങ്ങനെ അനുകമ്പയിലേക്ക് ഉയരാനും കഴിയാത്ത ഒരാളുടെ വികാരപ്രകടനമായി മാത്രമേ അതിനെ കാണേണ്ടതുള്ളൂവെന്ന് ജെ ദേവിക തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സത്യത്തെകുറിച്ചും 'പൊളിറ്റിക്കൽ കറക്ട്നെസ്' നെ കുറിച്ചും ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണങ്ങളും ദേവിക തന്റെ കുറിപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

ബാലചന്ദ്രൻ ചുള്ളിക്കാട് മാതൃഭൂമി ബുക്സിൻറെ വേദിയിൽ സുഭാഷ് ചന്ദ്രൻറെ സമുദ്രശില എന്ന നോലവിൻറെ 20-ാം പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം മലയാള സാഹിത്യ പൊതുമണ്ഡലരാഷ്ട്രീയത്തിൽ താത്പര്യമെടുക്കുന്നവർക്ക് കൌതുകകരമായിത്തോന്നും. ബാലചന്ദ്രൻറെ പരിമിതികളും ശക്തികളും ഒരുപോലെ വെളിപ്പെടുത്തുന്ന പറച്ചിലാണത്. ശരിക്കും ആ രാഷ്ട്രീയതലമുറയുടെതന്നെ പരിമിതികളും ശക്തികളും. സാഹിത്യമെന്ന സ്ഥാപനത്തെ ആ (ആൺ) തലമുറ തിരിച്ചറിഞ്ഞതെങ്ങനെ എന്നു നമുക്കു കാണിച്ചു തരുന്നുണ്ട് അദ്ദേഹത്തിൻറെ ഈ പ്രസംഗം. ബാല്യകാലത്ത് താൻ അനുഭവിച്ച ട്രോമ തൻറെ സ്ത്രീകളായ ബന്ധുക്കളിൽ നിന്നാണ് അധികവും ഉണ്ടായത്, അഥവാ, അവരുടെ വെറുപ്പാണ് തന്നെ ഏറ്റവും മുറിവേൽപ്പിച്ചതെന്ന് അദ്ദേഹം മുൻപും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് സ്ത്രീകളോട് ഒരുതരം പേടിയായി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും. തങ്ങളുടെ ബാല്യകാല മുറിവുകളെ ഉണക്കാനും അതു ചെയ്തവരോടു പൊറുക്കാനും അങ്ങനെ അനുകമ്പയിലേക്ക് ഉയരാനും കഴിയാത്ത ഒരാളുടെ വികാരപ്രകടനമായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ.  

ബാലൻറെ കവിത മനോഹരമാകുന്നത് ഭാഷയെ നവീകരിക്കുന്ന ശക്തിയാകാൻ അതിനു കഴിഞ്ഞതുകൊണ്ടാണ്, അല്ലാതെ ആശയങ്ങൾ കൊണ്ടല്ല. ആശയങ്ങൾ എപ്പോഴും കാലഹരണപ്പെടുക തന്നെ ചെയ്യും. സാഹിത്യത്തെ അതിൻറെ കാലത്തോടു ചേർത്തുവായിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. പിന്നെ കാലാതീതമായി നിലനിന്ന കഥാപാത്രങ്ങളുടെ കാര്യം. അത് ബാലൻ പറയുംപോലെ സാഹിത്യത്തിൻറെ സഹജബലം കൊണ്ടുമാത്രമല്ല. രാമനും കൃഷ്ണനും കഥാപാത്രങ്ങൾ മാത്രമല്ല- അവരെ യഥാർത്ഥമനുഷ്യരെക്കാൾ വലുതാക്കുന്ന വലിയ ഒരു സ്ഥാപനവൃന്ദം തന്നെ നൂറ്റാണ്ടുകളായി ഈ സമൂഹത്തിലെ നിർണായകശക്തിയായി തുടരുന്നതുകൊണ്ടുതന്നെയാണ് അവർക്ക് സാഹിത്യത്തിലും പ്രാമുഖ്യമുണ്ടാകുന്നത്. റാഡിക്കൽ ആയ ആശയാവിഷ്ക്കാരത്തിൻറെ പോലും റഫറസ് പോയിൻറ് ആയി അവർ തുടർന്നതും അതുകൊണ്ടുതന്നെ.

പൊതുവെ സാഹിത്യത്തെ ഒരു സ്ഥാപനമായിക്കാണാനോ, മറ്റു സ്ഥാപനങ്ങളുമായി ചേർന്നുമാത്രം രൂപപ്പെടുന്ന സ്ഥാപനമായിക്കാണാനോ സാഹിത്യ മുൻകാല (ആൺ)തലമുറയ്ക്കുള്ള കഴിവുകേട് ബാലനും കാര്യമായിത്തന്നെ പങ്കുവയ്ക്കുന്നുണ്ട്. സാഹിത്യത്തിന് അതിൻറേതായ ശക്തി ഉണ്ടാകുന്നത് ഈ സ്ഥാപനവത്ക്കരണത്തിനെതിരെ കുതറുമ്പോൾ മാത്രമാണ്. സാഹിത്യത്തിനു മാത്രമല്ല, അക്കാദമികഗവേഷണം പോലുള്ള മറ്റു ബൌദ്ധിക-സ്ഥാപന-വ്യവഹാരങ്ങളും അപ്രകാരം തന്നെയാണ്. നിങ്ങൾ വളരെ റാഡിക്കലായ പ്രബന്ധങ്ങൾ എഴുതിയേക്കാം. സ്ത്രീവിമോചനം, കലയുടെ അട്ടിമറിശേഷി, സിനിമയുടെ സബ്വേസിവ്  സാദ്ധ്യത, ഇതിനെപ്പറ്റിയെല്ലാം അത്യുഗ്രൻ പ്രബന്ധങ്ങൾ രചിച്ചേക്കാം. പക്ഷേ നിങ്ങളുടെ കാലത്ത് ആ എഴുത്തിന് ശരിക്കും സാമൂഹത്തെ സൃഷ്ടിക്കാനുതകുന്ന ശക്തി കൈവരണമെങ്കിൽ, നിങ്ങൾ അധികാരികളോട് ചേർന്നുനിൽക്കുന്ന ശീലം ഉപേക്ഷിക്കേണ്ടിവരും. അല്ലെങ്കിൽ ചരിത്രത്തിൻറെ ദീർഘകാലത്തിൽ മാത്രമേ നിങ്ങൾക്കു പ്രസക്തിയുണ്ടാകൂ. സത്യം സംസ്കാരത്തിനെതിരാകുമ്പോൾ സാഹിത്യകാരൻ (ആ പുരുഷലിംഗപദം തന്നെ) സത്യത്തിനൊപ്പം നിൽക്കുമെന്ന് ബാലൻ പറയുന്നു. സത്യം തനിക്കെതിരാകുമ്പോൾ  പോലും അതോടൊപ്പം നിൽക്കുമെന്നും സത്യം തനിക്കെതിരല്ലാത്തപ്പോൾ അതോടൊപ്പം നിൽക്കാൻ എളുപ്പമാണെന്നും കേരളത്തിലിന്ന് സാഹിത്യത്തെ അളക്കുന്ന മാനദണ്ഡം പൊളിറ്റിക്കൽ കറക്ട്നെസ് ആണെന്നും അദ്ദേഹം പറയുന്നു, അത് അപര്യാപ്തമാണെന്നും. സാഹിത്യത്തിലെത്തുന്ന സത്യാന്വേഷികളുടെ സ്വഭാവം പണ്ടത്തെയപേക്ഷിച്ച് ഏറെ മാറി എന്നു മനസ്സിലാക്കാൻ മലയാളസാഹിത്യത്തിലെ ആൺ-മുഖ്യധാരയ്ക്ക് ഒട്ടുമേ കഴിഞ്ഞിട്ടില്ല എന്നു തോന്നിപ്പോകുന്നു, ഇതു വായിക്കുമ്പോൾ.

ഇന്ന് മലയാളസാഹിത്യരംഗത്ത് സത്യം പറയാനുള്ള മാർഗം അന്വേഷിക്കുന്നവർ സവർണപുരുഷ അധികാരസ്ഥാനത്തിരിക്കുന്നവർ മാത്രമല്ല (സ്ത്രീകളായ ബന്ധുക്കളിൽ നിന്നുള്ള പീഡനം അനുഭവിച്ചതുകൊണ്ടുമാത്രം ആ അധികാരസ്ഥാനം നൽകുന്ന പ്രത്യേകമെച്ചങ്ങൾ കുറച്ചുകാണാനും കഴിയില്ല). സത്യങ്ങൾ ഇന്ന് തീർച്ചയായും പലതാണ്. ഉദാഹരണത്തിന് ഇന്ന് അംഗപരിമിതരായവർ അവരുടേതായ സത്യത്തെ തിരയുന്നുണ്ട് - സാഹിത്യത്തിനകത്തും പുറത്തും. അവരുടെ കണ്ണിൽനിന്നു നോക്കുമ്പോൾ  സുഭാഷ് ചന്ദ്രൻറെ പുസ്തകം പ്രശ്നകരമായേക്കാം. അവരുടെ വിമർശനം പ്രതീക്ഷിതമാണ്. അതിനെ 'പൊളിറ്റിക്കൽ കറക്ട്നെസ്' ആവശ്യപ്പെടൽ എന്നു വിളിച്ച് തള്ളിക്കളയാനാവില്ല. സാഹിത്യം മറ്റു വ്യവഹാരങ്ങളോടും സ്ഥാപനങ്ങളോടും ചേർന്നൊഴുകുന്ന ധാരയാണ്, ഇന്നു പൂർവാധികം. സാഹിത്യരചനകളുടെ വായനകളെ കൂടുതൽ സങ്കീർണമാക്കണമെന്ന വാദത്തോട് പൂർണയോജിപ്പാണ്, പക്ഷേ ഒരാൾ, അല്ലെങ്കിൽ വിഭാഗം, തങ്ങളുടെ സത്യത്തെ ഏതെങ്കിലും കൃതി കാണുന്നില്ല എന്നു പറഞ്ഞാൽ അതിനെ ഉടനടി പൊളിറ്റിക്കൽ കറക്ട്നെസ് ആവശ്യപ്പെടലായി മുദ്രയടിക്കുന്നത് ശരിയല്ലതന്നെ. ബാലൻ സൂചിപ്പിക്കുന്ന മഹാസാഹിത്യകാരുടെ കൃതികളിൽ ധാരാളം യൂറോപ്യൻ അഹന്തയുണ്ട്, സ്ത്രീവിരുദ്ധതയുണ്ട്, സാംസ്കാരിക ഹുങ്കുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഫെമിനിസ്റ്റുകളും മറ്റും അവയുടെ സബ് വേഴ്സീവ് വായനകൾ നടത്തുന്നത്- അവയുടെ ഉപരിപ്ളവവായനകളെ തള്ളിക്കളയുന്നത്. ക്ളാസിക്കൽ ഗ്രീക്കുചിന്തയിൽ നിന്നും മറ്റു പ്രത്യക്ഷ സ്ത്രീവിരുദ്ധ വ്യവഹാരങ്ങളിൽ നിന്നും ഫെമിനിസ്റ്റ് ചിന്തക്ക് കടമെടുക്കാൻ കഴിയുന്നത് അതിനാലാണ്. അവയുടെ സ്ത്രീവിരുദ്ധതയെ മറച്ചുപിടിക്കാതെ തന്നെ അവയിൽനിന്നു കടമെടുക്കാൻ കഴിയും, അവയെ വിധ്വംസകമായി വായിക്കാൻ പറ്റുമെന്നതിന് ഉദാഹരണമാണ് ഫെമിനിസ്റ്റ് സാഹിത്യചിന്തയും തത്വചിന്തയും. അതു തിരിച്ചറിയാൻ കഴിയുന്നില്ലെന്നു മാത്രമല്ല പൊളിറ്റിക്കൽ കറക്ട്നെസ് എന്നു താൻ ഉദ്ദേശിക്കുന്നതിനെ നിർവചിക്കാൻ ശ്രമിക്കാത്തതുകൊണ്ടുതന്നെ ആ സങ്കല്പം അപകടകരമായേക്കാം.  ബാലൻറെ പ്രസംഗത്തിൽ ബാലൻ പൊളിറ്റിക്കൽ കറക്ട്നെസ്സിൻറെ ഉദാഹരണങ്ങളായി എടുക്കുന്നവർ എല്ലാവരും ഒരേതരക്കാരല്ല. അതിൽ ചിലർ സാഹിത്യത്തിനു പുറത്താണ് - പാർട്ടി കുഴലൂത്തുകാർ സാഹിത്യരചയിതാക്കളല്ല. അപ്പോൾപ്പിന്നെ അത് എന്തുതന്നെയും ആകാം.

സാഹിത്യവിപണി എന്ന സ്ഥാപനത്തെയും അതിന്ന് വളർന്നു പന്തലിച്ച് മലയാളസാഹിത്യത്തിൽ നിർണായകശക്തിയായി മാറിയതിനെയും തീരെ കാണുന്നില്ല ബാലൻ എന്നതും ആ ആൺ-തലമുറയുടെ പരിമിതി തന്നെ. സാഹിത്യത്തിൻറെ റാഡിക്കൽ സാദ്ധ്യതയെത്തന്നെ വിപണി നിർണയിക്കുന്ന, രൂപീകരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതില്ലെങ്കിൽ ഇന്ന് വിപണിവഴി അത് നിർമ്മിച്ചെടുക്കാൻ പോലുമുള്ള സാധ്യതയുണ്ട് (ഇന്ദു മേനോനെ പോലും intersectional feminist ആക്കിയാണ് ഇംഗ്ളിഷ് പരിഭാഷാവിപണി വിറ്റുകൊണ്ടിരിക്കുന്നത്).  അതായത് സത്യം തിരയാനുള്ള ഇടമെന്ന നിലയ്ക്ക്, സ്വന്തം സ്വത്വത്തെ- സെൽഫിനെ- രൂപീകരിക്കാനുള്ള ഇടമെന്ന നിലയ്ക്ക്- സാഹിത്യത്തിൻറെ സാദ്ധ്യതകൾ പരിമിതമാണ് ഇന്ന്. ചക്കയും മാങ്ങയും പോലെ തൂക്കിവിൽക്കാവുന്നതു മാത്രമാണ് വിപണി മുഖ്യമാദ്ധ്യസ്ഥ്യം വഹിക്കുന്ന, സാഹിത്യ ഉത്പന്നങ്ങൾ- എത്ര റാഡിക്കൽ ആയാലും ശരി. സാമൂഹ്യമാദ്ധ്യമ പ്രമോഷനുകളടക്കം ആ പ്രവണതയെയാണ് ശക്തപ്പെടുത്തുന്നത്. സാഹിത്യവായനക്കാർ റാഡിക്കൽ അനുഭൂതികളുടെ ഉപഭോക്താക്കളായിത്തീരുന്ന പ്രവണത തന്നെയാണ് ഇന്നുള്ളത്. ഏറിപ്പോയാൽ ചില sentimental publics അവയ്ക്കു ചുറ്റും രൂപപ്പെടും, അത്രമാത്രം (വായനാശേഷം ഇത് എൻറെ കഥതന്നെ എന്നൊക്കെ ചില സെൻറിമെൻറ്സ്  പരസ്പര പങ്കുവയ്ക്കുന്നതിനപ്പുറം പോവില്ല എന്നർത്ഥം) ആ പ്രവണതയെ പ്രത്യക്ഷത്തിൽ നേരിടാൻ നാം തയ്യാറാകണം. സാഹിത്യവും സമൂഹവും പൊതുവെ ജനാധിപത്യത്തിൻറെയും മനുഷ്യപ്പറ്റിൻറെയും ശോഷണത്തിനിടയിൽ നട്ടംതിരിയുന്നവരും എന്നിട്ടും സ്വന്തം സ്വത്വങ്ങളെ തിരയുന്നവരായ മനുഷ്യരും തമ്മിലുള്ള മൂർത്തബന്ധങ്ങളെപ്പറ്റി ആലോചിക്കേണ്ടതുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More