യുഎപിഎ; അന്ത:സംഘർഷത്തിൽ സിപിഎം

Mehajoob S.V 2 years ago

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലൂടെ പ്രതിപക്ഷ കക്ഷികളുടെ അണികൾക്കിടയിൽ പോലും ലഭിച്ച, വമ്പിച്ച അംഗീകാരത്തിൽ നിന്ന് ലഭിക്കേണ്ട ആർജ്ജവത്തെ കെടുത്തുന്നതാണ് അലൻ - താഹമാരുടെ യുഎപിഎ അറസ്റ്റ്. മനുഷ്യാവകാശത്തിനു വേണ്ടിയും, ഫാസിസത്തിനെതിരെയുമുള്ള  സിപിഎം വാദങ്ങളെ ദുർബ്ബലപ്പെടുത്തുന്ന സംഭവമായാണ് യുഎപിഎ അറസ്റ്റിനെ നേതാക്കളടക്കം വലിയൊരു വിഭാഗവും കാണുന്നത്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുംപിടുത്തത്തെ  മറികടക്കാൻ കഴിയാത്ത അവസ്ഥയും പാർട്ടിക്കകത്ത് നിലനിൽക്കുന്നുണ്ട്. യുഎപിഎ-ക്കെതിരായ പാർട്ടി നിലപാടിനെ അവഗണിക്കുന്ന പിണറായിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ  അണികളും നേതാക്കളും കുറച്ചുനാളായി തുടങ്ങിയ അടക്കം പറച്ചിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത്.

അതേസമയം പാർട്ടിക്കകത്തെ വീർപ്പുമുട്ടലുകളുടെ ഭാഗമായി പുറത്തുവന്ന മോഹൻ മാസ്റ്ററുടെ തുറന്ന് പറച്ചിലിനെ സംവാദാത്മകമായി വളർത്തുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ എന്നത്തേയും പോലെ അലംഭാവം കാണിച്ചുവെന്ന കാര്യം ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ച എന്നനിലയിൽ ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. മോഹനനും ജയരാജനും പിണറായിയും UAPA കാര്യത്തിൽ എടുത്ത നിലപാടിലും നിലപാട് മാറ്റത്തിലുംതന്നെ ചർച്ചക്ക് ഏറെ സ്കോപ്പുണ്ടെന്നിരിക്കെ, മോഹനൻ മാഷുടെ പ്രസ്താവനയെ മുഖ്യമന്ത്രിക്ക് നേർ എതിരിൽ നിർത്തി, വിഭാഗീയത ആഘോഷിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.  ''പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത് '' എന്ന അദ്ദേഹത്തിന്‍റെ വാക്കുകളെ ''മുഖ്യമന്ത്രിക്ക് പൊലിസ് സ്വരമെന്ന് '' വിവർത്തനം ചെയ്യുമ്പോൾ അതിലെ വാക്കുകൾ മാത്രമല്ല വൈകാരികത കൂടിയാണ് മാധ്യമങ്ങൾ അട്ടിമറിച്ചത്.

മോഹനൻ മാസ്റ്റർക്ക് തൊട്ടുപുറകെ പ്രസ്താവനകളുമായെത്തിയ എം.വി ഗോവിന്ദനും പി. ജയരാജനും മന്ത്രി ഇ.പി. ജയരാജനും യുഎപിഎ അറസ്റ്റിന്‍റെ കാര്യത്തിൽ പാർട്ടിയ്ക്കകത്ത് ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്ന് വരുത്താനാണ് ശ്രമിച്ചത്. ഒരു പടികൂടി കടന്ന് അലനും താഹയും മാവോയിസ്റ്റുകൾ തന്നെ എന്ന് ആവർത്തിക്കുകയാണ് എം.വി ഗോവിന്ദനും പി. ജയരാജനും ചെയ്തത്. ഇത് ഞെട്ടലോടെയാണ് പാർട്ടിയോട് ചേർന്നു നിൽക്കുന്ന സാംസ്കാരിക പ്രവർത്തകരും വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകരും കണ്ടത്. ഇതിൽ  പതിയിരിക്കുന്ന അപകടങ്ങളാണ് പാർട്ടിക്കകത്തുള്ളവരേയും അനുഭാവികളേയും ആശങ്കാകുലരാക്കുന്നത്.

പാർട്ടിയിലും, ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ വർഗ്ഗ ബഹുജന സംഘടനകളിലും ചെറുപ്പം തൊട്ട് ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടു വിദ്യാർത്ഥികൾക്ക് പാർട്ടി ധാർമ്മികമായി പിന്തുണ നൽകേണ്ടതായിരുന്നു.

അതുണ്ടായില്ലായെന്നു മാത്രമല്ല മുഖ്യമന്ത്രിയടക്കം യു‌എപിഎ അറസ്റ്റിനെ ന്യായികരിച്ചെത്തിയ നേതാക്കൾ ഒരുതരം പരിഹാസത്തോടെയും പുഛത്തോടെയുമാണ് തങ്ങളുടെ പ്രതികരണം നടത്തിയത്. ''അലനും താഹയും പാർട്ടിക്കാരല്ല മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലെ''യെന്ന പരിഹാസച്ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ, പാർട്ടിയുടെ കൂടെ എക്കാലവും നിലയുറപ്പിച്ച അലൻ-താഹമാരുടെ കുടുംബങ്ങളിലും ബന്ധുക്കളിലും വലിയ മുറിപ്പാടുകളാണ് ഉണ്ടാക്കിയത്. അതുവരെ പാർട്ടിയ്ക്കെതിരെ ഒരു വാക്കുപോലും പറയാതിരുന്ന അലന്‍റെ അമ്മ സബിതാ ശേഖറടക്കമുള്ളവർ പ്രതീക്ഷയറ്റ് പ്രതികരിക്കാൻ നിർബ്ബന്ധിതരായി.

എൻഐഎ വഴി കേന്ദ്രം കേസ് ഹൈജാക്ക് ചെയ്ത സാഹചര്യത്തിൽപോലും മാവോയിസ്റ്റുകളെന്ന് ചാപ്പ കുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ നിരന്തര പ്രസ്താവനകളും കയ്യൊഴിയലുകളും കുട്ടികളുടെ ഭാവിതന്നെ അപകടത്തിലാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. എൻഐഎ-ക്ക് തങ്ങളുടെ പണി എളുപ്പമാക്കാനും കേസിന് ശക്തിപകരാൻ ഇത്തരം പ്രസ്താവനകളെ എടുത്തുപയോഗിക്കാനും സാധിക്കും. എൻഐഎ വിവിധ കേസുകൾ ചുമത്തി അറസ്റ്റുചെയ്ത പല ചെറുപ്പക്കാരും വിചാരണപോലുമില്ലാതെ അന്തമില്ലാതെ ജയിലിൽ കിടക്കുകയാണ് എന്ന യഥാർത്ഥ്യം മനസ്സിലാക്കുമ്പോഴേ ഇതിലുൾച്ചേർന്ന അപകടത്തിന്‍റെ ആഴത്തിലേക്ക് കൺതുറക്കാനാവൂ.

യുഎപിഎ അടക്കമുള്ള  കരിനിയമങ്ങളോടുള്ള തങ്ങളുടെ എതിർപ്പ് ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പാർട്ടി അലൻ - താഹ വിഷയത്തിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താൻ കഴിയാത്ത വിധം മൗനത്തിലാണ്. അഖിലേന്ത്യ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോഅംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ ബേബി തുടങ്ങിയവർ തുടക്കത്തിൽ രംഗത്തുവന്നുവെങ്കിലും ''യുഎപിഎ ചുമത്തിയത് തെറ്റാണ് എന്ന് ഇപ്പോൾ പറയില്ല'' എന്ന പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഉൾവലിഞ്ഞു.

ഇതോടെ  യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങളോട് വിരുദ്ധ നിലപാടുണ്ടായിട്ടുപോലും അത് ഉറക്കെപ്പറഞ്ഞ് രംഗത്തുവരാനുള്ള  ശേഷിയില്ലായ്മ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാർട്ടിയിലുള്ള അപ്രമാദിത്വത്തിന്‍റെ ലക്ഷണമായാണ് വായിക്കപ്പെടുന്നത്.

പാർട്ടി നിലപാടുപോലും പരിഗണിക്കാതെ, പാർട്ടിക്കതീതനായി തൻകാര്യ പോരിമയോടെ വളർന്നു നിൽക്കുന്ന പിണറായി വിജയന്‍റെ കാർക്കശ്യം നിറഞ്ഞ പെരുമാറ്റം പാർട്ടിയ്ക്കകത്തെ ജനാധിപത്യ  കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അണികൾക്കിടയിൽ സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്. നേതാക്കളായ ഏതാനും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മാത്രം മേൽക്കൈ ലഭിക്കുന്ന, ജനാധിപത്യ കീഴ്വഴക്കങ്ങളില്ലാത്ത, കൂട്ടായ നേതൃത്വത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത സംഘടനാ സംവിധാനമായി കേരളത്തിലെങ്കിലും സിപിഎം മാറിയിട്ടുണ്ട് എന്ന ധാരണ ശക്തിപ്പെടുകയാണ്. പാർട്ടിയ്ക്കകമെന്നൊ പുറമെന്നൊ വ്യത്യാസമില്ലാതെ ഇത്തരത്തിലൊരു ധാരണ ശക്തിപ്പെടുന്നത് സിപിഎമ്മിന്‍റെ പൊതുജന സമ്മതിയെ സാരമായി ബാധിക്കുമെന്നതാണ് പാർട്ടി വൃത്തങ്ങൾക്കകത്തെ പ്രധാന ചർച്ചയും വിലയിരുത്തലും. അലൻ-താഹ വിമോചനത്തിനുവേണ്ടി ശക്തിപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് പാർട്ടിക്കകത്തു നിന്നു തന്നെ ലഭിക്കുന്ന പിന്തുണ ഇതിന് തെളിവാണ്.

കോഴിക്കോട് കേന്ദ്രീകരിച്ച് 'അന്വേഷി' പ്രസിഡണ്ട് കെ. അജിതയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പ്രസ്ഥാനം നടത്തിയ രണ്ടു പ്രതിഷേധ സമരങ്ങളിലും, പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സിപിഎം അനുഭാവികളായിരുന്നു. ഇതിന്‍റെ തുടർ പ്രവർത്തനങ്ങളെ വലിയൊരളവ് മുന്നോട്ടു കൊണ്ടുപോകുന്നതും മറ്റാരുമല്ല. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ബ്രണ്ണൻ കോളേജിൽ നിന്ന് ആരംഭിച്ച് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒപ്പുശേഖരണമടക്കമുള്ള പ്രവർത്തനങ്ങൾക്കും വലിയതോതിൽ സിപിഎം, എസ്എഫ്ഐ പ്രവർത്തകരുടേയും അനുഭാവികളുടേയും അനുഭാവമുണ്ട്.

എക്കാലത്തും ഇടതുപക്ഷത്തോട് ചേർന്നുനിന്നിട്ടുള്ള സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും കവികളും കലാകാരൻമാരും  അലൻ -താഹ അറസ്റ്റിനെതിരെ ഇതിനകംതന്നെ ശക്തമായി രംഗത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഈ ചുവരെഴുത്ത് വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞതിന്‍റെ തെളിവാണ് പി. മോഹനൻ മാസ്റ്ററുടെ നിലപാട് മാറ്റം. മറ്റു നേതാക്കൾ മാവോയിസ്റ്റ് ചാപ്പ കുത്തൽ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, ''അലനും താഹയും സിപിഎമ്മു-കാരാണെന്നും ഏതെങ്കിലും നിലയിൽ മാവോയിസ്റ്റ് ഭ്രമത്തിൽ അവർ പെട്ടുപോയിട്ടുണ്ടെങ്കിൽ പോലും അത് തിരുത്തുകയാണ് വേണ്ടതെന്നും അതിനാണ് പാർട്ടി ശ്രമിക്കുക '' എന്നുമുള്ള പ്രസ്താവനയോടെ മോഹനൻ മാസ്റ്റർ രംഗത്തുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ബിജെപി ഭരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ജനാധിപത്യവും പൗരാവകാശങ്ങളും മുൻപൊരിയ്ക്കലുമില്ലാത്തവിധം രാജ്യത്തെ പൊതുജനങ്ങളുടെ ചർച്ചാ വിഷയമായിത്തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനെതിരായ പ്രതിരോധങ്ങളുടെ മുൻപന്തിയിൽ, തങ്ങൾക്ക് കാവലായി നിൽക്കുമെന്ന് ജനങ്ങൾ കരുതുന്ന ജനാധിപത്യ - മതനിരപേക്ഷ - ഇടത് പ്രസ്ഥാനങ്ങൾ കൂടുതൽ ആശയ ദൃഢതയും ജാഗ്രതയും  പാലിക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ചെറുത്തുനിൽപ്പിൽ വലിയ കാൽവെപ്പുകൾ നടത്തുമ്പോൾ പോലും, മുൻ പറഞ്ഞ ആശയ ദൃഢതയും ജാഗ്രതയും സിപിഎമ്മിന് കൈമോശം വരുമോ എന്ന സംശയവും, ചർച്ചകൾക്കും ആശയസംവാദത്തിനും സ്വയം തിരുത്തലിനും തയ്യാറാകാത്ത മേൽത്തട്ട് നേതാക്കളുടെ അധികാര പ്രയോഗവുമാണ് സിപിഎം പ്രവർത്തകരേയും അനുഭാവികളേയും അന്ത:സംഘർഷങ്ങളിലേക്കും നിരാശയിലേക്കും നയിക്കുന്നത്.

Contact the author

Recent Posts

National Desk 20 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More