യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

അമ്മാനിൽനിന്ന് ഏകദേശം 60 കിലോ മീറ്റർ  യാത്ര ചെയ്ത്  ജോർദാൻ നദിക്കരയിലെ ബാപ്റ്റിസം സൈറ്റിൽ എത്തിയപ്പോൾ മുഖ്യ ചുമതലക്കാരൻ ഓർമപ്പെടുത്തി. നിങ്ങളിപ്പോൾ ലോകത്തിലെ അതീവ സുരക്ഷ മേഖലയിലാണ്. സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും മനുഷ്യചരിത്രത്തിൻ്റെ പര്യായമായ മണ്ണ്. ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ ജൈവ വൈവിധ്യത്തിൻ്റെ ഹൃദയഭൂമിയായ ജോർദ്ദാൻ നദീതീരത്ത്  വാഹനമിറങ്ങി സായുധ സംഘത്തിൻ്റെ അകമ്പടിയോട് കൂടിയ യാത്ര... അതും യേശുദേവൻ്റെ ജ്ഞാന സ്നാന മണ്ണിലൂടെ! പച്ചപട്ടുടുത്ത മണലാരണ്യവും, കുറ്റിപ്പുല്ലുകളും നിലമിറങ്ങിയ നീലമേഘവുമെല്ലാം നിറഞ്ഞ പ്രകൃതി. അങ്ങ് ദൂരെ ഹെർമൻ കുന്നുകളിൽ നിന്നുത്ഭവിച്ച് ഗലീലിയൻ ചാവു തടാകങ്ങളെ തഴുകിയുണർത്തി ദൈവപുത്രൻ്റെ ജ്ഞാനസ്നാനത്തിൻ്റെ തിരുസ്മരണകളുമായ് ജോർദ്ദാൻ പുഴ ഒഴുകുകയാണ്. ഒരു ജനതയുടെ അതിജീവനത്തിൻ്റെ ജീവജലം സിരകളിലൂടെ ഒഴുക്കുന്ന 'നഹർ അൽ ഷരിയാത്ത്' എന്ന വിശുദ്ധ നദി. ദൈവപുത്രൻ്റെ ജ്വലിക്കുന്ന ഓർമകൾ മണ്ണിലും വിണ്ണിലും മനസ്സിലും അനുഭൂതി നിറക്കുന്ന മദ്ധ്യധരണ്യാഴിയുടെ ഹൃദയഭൂമി:...  വീരപ്രസുക്കൾക്ക് ജന്മമേകിയ സമൃദ്ധിയുടെ ജോർദാൻ നദി നയന മനോഹരിയാണ്. ശയ്യാവലംബയായിട്ടും  ദൈവത്തിൻ്റെ പൂന്തോട്ടമായ ജോർദ്ദാൻ്റെ മതനിരപേക്ഷ മണ്ണിനെയും വിണ്ണിനെയും 200 ലധികം മൈലുകൾ  തഴുകിയും തലോടിയും ചിരപുരാതന നദിയുടെ നിലയ്ക്കാത്ത പ്രവാഹം ഇന്നും അനസ്യൂതം തുടരുകയാണ്.

യേശുദേവൻ ജ്ഞാനസ്നാനം സ്വീകരിച്ച പുണ്യദേശം

വിമോചനത്തിൻ്റെ പുതിയ ആകാശം തേടിയ യാത്രയിൽ  ദൈവവും മനഷ്യനുമായ് സംവദിച്ച പവിത്ര ഭൂമിയാണിവിടം. അതെ, ജോർദ്ദാനിലെ ബാപ്റ്റിസം സൈറ്റ് അതിരുകളില്ലാത്ത ആകാശം തന്നെയാണ്. സ്നാപക യോഹന്നാനിൽ നിന്ന് യേശുദേവൻ ജ്ഞാനസ്നാനം സ്വീകരിച്ച പുണ്യദേശം. ബൈബിളിൻ്റെ തിരുശേഷിപ്പുകളോടൊപ്പം യേശുദേവൻ്റെ മാമോദീസയുടെ പരിപാവനമായ ഓർമകളുറങ്ങുന്ന ഈ മണ്ണ്  കാലദേശങ്ങൾക്കതീതമായി പുതിയ കാലത്തിന് ആത്മപ്രകാശമേകുമ്പോൾ നിറമിഴിയാൽ ഒരുവേള  അഞ്ജലി ബദ്ധരായി നിന്നുപോവും. ഗലീലിയയിൽ നിന്ന് ജോർദ്ദാൻ പുഴ കടന്നുവന്ന യേശുദേവൻ സ്നാപക യോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത് ജോർദ്ദാൻ പുഴക്കരയിലെ ഇതേ ബാപ്റ്റിസം സൈറ്റിൽ വെച്ചാണ്. ലോകത്തോട് വെളിച്ചത്തെക്കുറിച്ച് പറയാനെത്തിയ യോഹന്നാനില്‍നിന്നു ദിവ്യസ്നാനം സ്വീകരിച്ചശേഷം യേശു വെള്ളത്തിൽ  നിന്ന് കയറുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി- ''നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു!'' ചരിത്രവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന കാലത്തെ തോൽപ്പിക്കുന്ന ചർച്ചുകളും  സ്മാരകങ്ങളുമെല്ലാം ചരിത്രത്തിൻ്റെ കാവൽ മാലാഖമാരായി നിൽക്കുന്ന കാഴ്ചതന്നെയാണ് അൽ മഗധാസ് എന്ന ആരാമ ഭൂമിയെ ധന്യമാക്കുന്നത്. ഈ വിശുദ്ധ മണ്ണിൽ ഓരോ കാലടിപതിയുമ്പോഴും ഹൃദയത്തിൻ്റെ സ്പന്ദനം ബിഥോവൻ്റെ ആത്മീയസംഗീതമാവും.

ബാപ്പറ്റിസം സൈറ്റിലെ കാഴ്ചകൾ ഏറെയാണ്. കാലം മായ്ക്കാത്ത കടലെടുക്കാത്ത ആത്മീയ ചൈതന്യത്തിൻ്റെ നേർക്കാഴ്ചകൾ. ആദ്യം കാണുന്ന എലിജാ കുന്നുകൾ  ജോർദാൻ പുഴയിലെ വെള്ളം തൻ്റെ മേലങ്കികൊണ്ട് വകഞ്ഞ് മാറ്റി ജോർദ്ദാനിലെത്തി സ്വർഗത്തിലേക്ക് അശ്വരൂഡമായ സ്വർണരഥത്തിൽ യാത്രയായ പ്രവാചകനായ ഏലിയാസിൻ്റെയും സഹയാത്രികനായ എലിഷായുടേയും വിശ്വാസ ജീവിതത്തെ അടയാളപ്പെടുത്തുന്നു.  കാലത്തിൻ്റെ കരിങ്കൽ പടവുകളിൽ മായാതെ കൊത്തിവെച്ച ഓർമകുറിപ്പുപോലെ സ്നാപക യോഹന്നാൻ്റെ തിരുനാമത്തിൽ സ്ഥാപിതമായ ദേവാലയത്തിൻ്റെ തിരുശേഷിപ്പുകൾ ഇന്നും ബാപ്റ്റിസം സൈറ്റിലെ  നേർക്കാഴ്ചയാണ്. എലിയാകുന്നിൻ ചെരുവിൽ നിന്ന് ഒഴുകിവരുന്ന നിലക്കാത്ത നീരുറവ ദാഹമകറ്റിയതും ജ്ഞാനസ്നാനം ചെയ്തതും എണ്ണിയാലൊടുങ്ങാത്ത ആത്മീയ ഹൃദയങ്ങളെയാണ്.  മരക്കഷ്ണങ്ങളാൽ തീർത്ത ഒരു പള്ളിയും യേശുദേവൻ നടന്നിറങ്ങിയ കാൽവരികളുമെല്ലാം തനിമ നഷ്ടപ്പെടാത്ത ആത്മീയ അനുഭവം തന്നെയാണ്.

യോഹന്നാൻ താമസിച്ചിരുന്ന ഒരു ഗുഹ

സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും  കാലം കടലെടുക്കാതെ യേശുദേവൻ മാമോദീസക്ക് വിധേയനായ സ്നാനഭൂമി അതേ പ്രതാപ ഐശ്വര്യങ്ങളോടെ തലയുയർത്തി നിൽക്കുന്നു. പഴയകാല ബസിലിക്കയും, ചർച്ച് ഓഫ് ട്രിനിറ്റിയും, ചിരപുരാതനമായ കുഞ്ഞ് കുരിശുപള്ളിയുടെ ശേഷിപ്പുകളും വിശ്വാസത്തിൻ്റെ നിധികുംഭമായ് ഒരു ജനത ഇന്നും  മാറോട് ചേർക്കുന്നു. യോഹന്നാൻ്റെ വാസഗുഹ ഏലിയാസ് കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത്, യോഹന്നാൻ താമസിച്ചിരുന്ന ഒരു ഗുഹയുണ്ട്. യേശുദേവൻ സന്ദർശിച്ചിരുന്നതായി പറയപ്പെടുന്ന ഗുഹ  ഇന്നും വിശുദ്ധ കേന്ദ്രമായി തുടരുന്നു. യോഹന്നാൻ ചർച്ച് ജോർദാൻ നദിയുടെ കിഴക്കേകരയിലുള്ള സെന്റ് ജോൺ സ്നാപകന്റെ ഏറ്റവും ശ്രദ്ധേയമായ സ്മാരകദേവാലയമായി ഈ പള്ളി കണക്കാക്കപ്പെട്ടു. യോഹന്നാൻ വസിച്ചിരുന്ന ഗുഹക്ക്  ചുറ്റും അഞ്ചാം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ ദേവാലയം. പടിഞ്ഞാറൻ ജറുസലേമിനും ബെത്ലഹേമിനും കിഴക്ക് നെബോ പർവതത്തിനും ഇടയിലുള്ള ആദ്യകാല ക്രിസ്ത്യൻ തീർത്ഥാടന പാതയിലെ ആദ്യത്തെ ക്രിസ്തു  മഠമാണിത്. വർഷമേഘങ്ങൾ കലിതുള്ളിയിട്ടും പൈതൃകത്തിന് ഒരു പോറലുമേൽക്കാതെ നിൽക്കുന്ന ഈ ദേവാലയക്കാഴ്ചകൾ  ആശ്ചര്യപ്പെടുത്തുന്നതാണ്.

പ്രാചീന കുളം

നദിക്കരികിലുള്ള ബെഥാന്യയുടെ താഴത്തെ ഭാഗത്ത് നടത്തിയ ഖനനത്തിനിടെ ഒരു വലിയ കുളം കണ്ടെത്തി.  വലിയ കല്ലുകൊണ്ട് നിർമ്മിച്ചതും പ്ലാസ്റ്ററിട്ടതുമായ കുളം 25 മീ x 15 മീറ്റർ അനുപാതത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കുളത്തിൽനിന്ന് കണ്ടെടുത്ത നിർമ്മാണ വസ്തുക്കൾ, ബൈസന്റൈൻ കാലഘട്ടത്തിലെ എഞ്ചിനിയറിംഗിനെ സൂചിപ്പിക്കുന്നു. ഗുഹാ മതിലുകളിൽ അടയാളപ്പെടുത്തിയ ദൈവവചനങ്ങൾ ഒരുപക്ഷേ ഗുഹകൾ പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടതിന്റെ സൂചനയായിരിക്കാം. ഖനനം ചെയ്തെടുത്ത ചെറിയ  ചാപ്പലിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇതുതന്നെയാണ് ആ ചരിത്രഭൂമി എന്ന് വിളിച്ചു പറയുന്നു. ഈജിപ്തിൽ നിന്ന് ആത്മീയാന്വേഷണത്തിനെത്തി പുണ്യദേശത്ത് വസിച്ച മേരിയെന്ന പുണ്യാളയെകുറിച്ചുള്ള കഥകളും വാമൊഴിയായും വരമൊഴിയായും ഇന്നും ഈ ദേശക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. മാർപ്പാപ്പ മുതൽ ലോകത്തിലെ പ്രതാപികളായ സർവ്വരും ദൈവപുത്രൻ്റെ സ്നാനഭൂമി തേടിയെത്തിയിട്ടുണ്ട്. അവരുടെയെല്ലാം സഹയാത്രികനായത് പ്രവാചക പരമ്പരയിലെ അനന്തരാവകാശിയായ അബ്ദുള്ള രണ്ടാമൻ രാജാവ്. ഹാഷിമൈറ്റ് ഭരണത്തിന് കീഴിൽ സ്നാനഭൂമിയും സകല ചരിത്ര സ്തംഭങ്ങളും ഇന്നും സുരക്ഷിതമാണ്.

ദലൈലാമയുൾപ്പെടെയുള്ള ലോകത്തിലെ അതിപ്രഗത്ഭരെല്ലാം ചേർന്ന് ഈ  ബൈബിൾ സംസ്കൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് മതനിരപേക്ഷതയുടെ സന്ദേശം കൂടിയാണ്. ജോർദ്ദാൻ നദിക്കരയിലെ സ്നാനഭൂമിയിൽ ശാസ്ത്രീയ പര്യവേഷണങ്ങൾ ഇന്നും തുടരുകയാണ്. പൈതൃകപ്പട്ടികയിൽ സ്ഥാനം നൽകി  യുനസ്കോ 2015-ൽ കയ്യൊപ്പ് ചാർത്തിയപ്പോൾ കാലങ്ങൾക്കുശേഷം ബാപ്റ്റിസം ഭൂമി ഉയിർത്തെഴുന്നേൽപ്പിൻ്റെ  പുതുപാതയിലാണ്. പറ്റിപ്പിടിക്കുന്ന മണൽവഴികളും കുറ്റിപ്പുല്ലുകളും വകഞ്ഞുമാറ്റി രണ്ട് ചുവടുകൂടി നടന്നപ്പോൾ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായ ഒരു ഭൂപ്രദേശത്തിൻ്റെ അതിർത്തിരേഖ കാണാനിടയായി. ജോർദാൻ പുഴ രണ്ട് രാജ്യങ്ങളുടെ അതിര് പങ്കുവെക്കുന്ന കാഴ്ച. ജോർദ്ദാൻ്റെ ഭാഗമായ ഈസ്റ്റ് ബാങ്കും ഇസ്രായൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കും. ഇരു രാജ്യങ്ങളുടേയും അതിർത്തി വേർതിരിക്കുന്നത് മുള്ളുവേലികളല്ല..കൽമതിലുകളുമല്ല.  കേവലം  ഒരു ചെറിയ കയറു കഷ്ണം മാത്രം. വിശ്വാസികൾ  ഇരുകരയിൽ നിന്നും ജോർദ്ദാൻ പുഴയിലേക്ക് ഇറങ്ങും. ദിവ്യസ്നാനം ചെയ്യുന്ന വിശ്വാസികൾ പരസ്പരം നോക്കും. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയെന്ന്...അവർ പറയും. കാഴ്ചകൾ ആത്മീയമാകുമ്പോൾ നന്ദി പറയേണ്ടത് എന്നും ദൂരക്കാഴ്ച നൽകിയ ദൈവത്തോട് മാത്രം!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Kunhaniyan Sankaran Muthuvallur

Recent Posts

Web Desk 3 months ago
Travel

'അവോകിഗഹര' ; ജപ്പാനിലെ ആത്മഹത്യാ വനം

More
More
Web Desk 6 months ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 1 year ago
Travel

27 രാജ്യങ്ങള്‍ ചുറ്റാന്‍ ഈ ഒരു വിസ മതി

More
More
Web Desk 1 year ago
Travel

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മനി

More
More
Web Desk 1 year ago
Travel

'സെക്കന്‍ഡ് ഹോം വിസ'; പത്ത് കൊല്ലം വരെ ബാലിയില്‍ താമസിക്കാം!

More
More
Web Desk 1 year ago
Travel

അവധിയാഘോഷിക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നഗരം ഇതാണ്!

More
More