ഉത്തരം താങ്ങുന്നത് പല്ലിയല്ല- ടി കെ സുനില്‍കുമാര്‍

ഹൈദഗറിനെ മാറ്റി വൈറ്റ് ഹെഡിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ 

'വിതൌട്ട് ക്രൈറ്റീരിയ' (Without Criteria) എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ സ്റ്റീവന്‍ ഷാവിരോ (Steven Shaviro) തത്വചിന്താപരമായ ഒരുഫാന്റസി പങ്കുവെയ്ക്കുന്നുണ്ട്. പാശ്ചാത്യ തത്വചിന്താ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്തുനിന്നും ഹൈദഗറിനെ മാറ്റി വൈറ്റ് ഹെഡിനെ സ്ഥാപിച്ചാൽ ചിന്താചരിത്രത്തിന്റെ ഗതി എന്താകുമായിരുന്നു എന്നാണ് അദ്ദേഹം ഭാവന ചെയ്തത്. ആധുനികാനന്തര ചിന്ത എങ്ങനെയാകുമായിരുന്നു? ചിന്തയുടെ ലോകവീക്ഷണങ്ങൾ എങ്ങനെ മാറിപ്പോയേനെ?  ഇവയൊക്കെ ഷാവിരോയുടെ ഫാന്റസിയായി മാറുമ്പോൾ ആ മാറ്റം മലയാള തത്വചിന്താ വ്യവഹാരങ്ങളെ എങ്ങനെ ഗതിമാറ്റി ഒഴുക്കുമായിരുന്നു എന്ന് ഞാനും കൂടെ ചിന്തിച്ചുപോകുന്നു.

പൂർവ്വ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും 'മറുനിർമ്മിതികളും' അസാധ്യമാവുന്നു. വിഷയം, വിഷയി, പ്രതിനിധാനം തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താതുടക്കങ്ങൾ അസാധ്യമാണെന്നുതന്നെ പറയാം. അത്രമേൽ സ്വാഭാവികവും നിഷ്കളങ്കവുമായി ഈ സംവർഗങ്ങൾ നമുക്ക് അനുഭവപ്പെടുന്നത് അവയ്ക്ക് തത്വചിന്തയിൽ നാം കാണാത്ത ആഴത്തിൽ വേരോട്ടമുള്ളത് കൊണ്ടാണ്. ഈ പ്രമുഖ ചിന്താപാരമ്പര്യത്തിന് എതിരായ കലഹങ്ങൾക്കും തത്വചിന്താ പരമ്പര്യത്തോളംതന്നെ പഴക്കമുണ്ടെങ്കിലും വൈറ്റ്ഹെഡ്, ബർഗസൻ, സിമോന്തൻ, വില്യംജയിംസ്, ദെല്യൂസ്, ഗൊത്താരി (ഇവയോട് കൂട്ടിച്ചേർക്കാവുന്ന പേരുകൾ ഇനിയും അനവധിയാണ്) ഇവരുടെ ചിന്തകൾ കേരളീയ അക്കാദമിക് മേഖലയിലും ചിന്താവ്യവഹാരങ്ങളിലും കാലങ്ങളായി തമസ്കരിക്കപ്പെടുകയോ നാമമാത്രമായി മാത്രം പരാമർശ വിധേയമാകുകയോ ആയിരുന്നു. പാശ്ചാത്യ മുഖ്യധാരാ ചിന്തയുടെ കേവലമായ അപഭ്രംശം എന്നതിനപ്പുറം സർഗാത്മകതയിലേക്കുള്ള പുത്തൻ വഴിതുറക്കലായി മേൽപറഞ്ഞവരുടെ ചിന്തകളെയും സങ്കൽപനങ്ങളെയും സമീപിക്കുമ്പോൾ അത് ചിന്താവൈവിധ്യങ്ങൾക്ക് ചുവടുറപ്പിക്കാനുള്ള നിലപാട് തറകൂടി ഒരുക്കുന്നുണ്ട്.

മനുഷ്യൻ സംഭവത്തിനുള്ള ഏക കാരണമല്ല; സംഭവത്താല്‍ ബാധിതനാണ് 

പാശ്ചാത്യ പൗരസ്‌ത്യ ഭേദമന്യേ മുൻകൂറായി 'ഫലപ്രാപ്തി' ഉറപ്പുതരുന്ന ചില മാന്ത്രിക പരികല്പ്പനകൾക്കപ്പുറം ചിന്ത 'സംഭവ' (event) ത്തിൽ ഊന്നുമ്പോൾ തത്വചിന്തയുടെ ഭാഷയും മാറുന്നു. ഉദാഹരണമായി മലയാളത്തിൽ  നടക്കുന്ന 'ഏജൻസി' (agency) ചർച്ചകൾ പരിശോധിച്ചാൽ അവ കേവലം യാന്ത്രികവും മനുഷ്യകേന്ദ്രിതവുമാണെന്ന് കാണാം. സംഭവത്തിന്റെ കൃതൃത്വം മനുഷ്യനിലേക്ക് ചുരുക്കുന്നതിന് പകരം അത് പലതുകളുടെ ചേർച്ചയിൽ ആണെന്ന് വരുമ്പോൾ മനുഷ്യേതരമായ ആ വളവ് തിരിയാതെ ചിന്തക്ക് നിവൃത്തിയില്ലെന്നുവരുന്നു. 'ഏജൻസി 'Agency' എന്ന വാക്കിന് പകരം എറിൻ മാനിങ്ങിനെ (Erin Manning) പോലുള്ള ചിന്തകർ മുന്നോട്ട് വെയ്ക്കുന്ന ഫ്രഞ്ച് പദം 'agencement' എന്നതാണ്. അതിന് ഏകദേശം തുല്യമായ ഇംഗ്ലീഷ് പദമാകട്ടെ 'assemblage' ആണ്. ഇത് പദവി നിശ്ചയിക്കാത്ത പലതുകളുടെ സംഘാതമാണ്; മനുഷ്യനാകട്ടെ ആ പലതുകളിൽ ഒന്നുമാത്രവും. മനുഷ്യൻ സംഭവത്തിനകത്ത് ബാധിതനാണെന്നും സംഭവത്തിനുള്ള ഏക കാരണമല്ലെന്നും വരുമ്പോൾ മനുഷ്യന് എന്താണ് ചെയ്യാനുള്ളത്? 'സംഭവ ശ്രദ്ധയുള്ളവളായിരിക്കുക (Event care) എന്ന് ഒറ്റവാക്കിൽ പറയാം. എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയുന്നത്  പോലും സംഭവത്തിന് ശേഷമുള്ള തിരിഞ്ഞുനോട്ടത്തോടെ ആകും. സംഭവിക്കുന്നത് 'എന്താകും' എന്ന പ്രവചനങ്ങൾ പലപ്പോഴും പാളിപ്പോകാനാണ്  സാധ്യത. പലതുകളുടെ ചേർച്ചയിലാണ് 'സംഭവം' ഭവിക്കുന്നത്.  ഇവിടെ 'ചേർച്ച' (Relation) അതിപ്രധാനമാണ്. എല്ലാം പരസ്പരബന്ധിതവും ബാധിതവുമാകുമ്പോൾ 'സംഭവം' മനുഷ്യസൃഷ്ടിക്കപ്പുറം തൽക്ഷണമുള്ള കൂട്ട് രചനയാകുന്നു. പക്ഷെ സംഭവത്തിന്റെ 'ബന്ധഭൂമികയിൽ' (Relational Field) അപരങ്ങളോട് സമസൃഷ്‌ടി ഭാവനയോടെ ഇടപെടാനുള്ള സാധ്യത മനുഷ്യന് മുമ്പിൽ തുറന്നുകിടക്കുന്നുണ്ട്. അനുകൂലമായ ചില ചെരിവുകൾ സൃഷ്ടിക്കാൻ സംഭവത്തിനകത്തെ മനുഷ്യന്റെ 'ചില്ലറ' (minor) ഇടപെടലുകളിലൂടെ കഴിഞ്ഞേക്കാം. ഇവിടെ പ്രധാനം ബന്ധശക്തി (Affect) ആണ്. സ്പിനോസയെ കൂട്ട്പിടിച്ചുപറഞ്ഞാൽ 'ബാധിക്കാനും ബാധിക്കപ്പെടാനുള്ളശക്തി' യാണ് Affect. 'പ്രണയബാധ' 'രോഗബാധ' തുടങ്ങിയ വാക്കുകളിൽനിന്നും 'ബാധ' പുറത്തെടുത്താൽ നമുക്ക് അതിന്റെ ഏകദേശ പദം കിട്ടും. 'ബാധ' എന്ന വാക്ക് ഒറ്റക്കെടുത്താൽ അതിൽത്തന്നെ 'ആവേശശക്തി'യുണ്ടല്ലോ. അപ്പോൾ 'സംഭവം'  മനുഷ്യേതരമായ വളവിനൊപ്പം 'affective turn' കൂടിയാകുന്നു. Affect എന്നതിന്റെ കാതൽ അത് 'ബന്ധങ്ങൾക്ക്' നല്കുന്ന പ്രാമുഖ്യമാണ് എന്നത് വിസ്മരിച്ച് 'ഭാവശക്തി' എന്ന്  പൊതുവെ വ്യവഹരിക്കുന്ന മലയാളപദം പലപ്പോഴും വിഷയിയുടെ സവിശേഷഗുണം എന്ന നിലയ്ക്കോ, 'വികാരം' (Emotion) എന്നതിനോട് അടുത്ത് നിൽക്കുന്ന ഒന്നായോ ആണ് പ്രയോഗിച്ചു കണ്ടിട്ടുള്ളത്. ഇവിടെ ബന്ധപ്പെടുന്നവയ്ക്കപ്പുറം ബന്ധവും ഇടവേളകളും (interval) പ്രധാനമാകുന്നു. Affect നെപ്പറ്റി സർവസ്വീകാര്യമായ ഒരു സിദ്ധാന്തമുണ്ടാക്കുക  അസാധ്യമാണ്; അത് സാഹചര്യത്തിനും സംഭവത്തിനും അനുസൃതമായി അനുനിമിഷം ഉരുത്തിരിയുന്നതാണ്.

സംഭവത്തിന്റെ മറ്റൊരു സവിശേഷത 'നിർമാധ്യമത്വം'(Immediation) ആണ്. അത്മാധ്യസ്ഥത (mediation) ഇല്ലാതെ തൽക്ഷണം (Immediate) നടക്കുന്ന ഒന്നാണ്. മസുമി,ദുരന്തങ്ങളെയും അപകടങ്ങളെയും പ്രതിപാദിക്കുമ്പോൾ അതൊരിക്കലും തിരിഞ്ഞുനോക്കാനും ചിന്തിക്കാനുമുള്ള ഇടതരാറില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. സംഭവമാകുമ്പോൾ ചിന്ത, തൊട്ടറിവ് (Thinking-feeling) കൂടിയാകുന്നു. സംഭവഗതി നിയന്ത്രിക്കാനും ചരിത്രത്തിന്റെ ചാലകശക്തിയായി മാറാനും മനുഷ്യൻ അശക്തനാണ് എന്ന്  തിരിച്ചറിയുന്നതോടൊപ്പം ചിന്ത സംഭവഗതി മാറ്റിയേക്കാവുന്ന വിദ്യകളും (Technique) പ്രവർത്തനരീതികളും (Procedure) വികസിപ്പിക്കുന്നതിൽ ഊന്നേണ്ടിയിരിക്കുന്നു.

വിഷയിയിൽ നിന്ന് ലോകമോ അതോ ലോകത്തിൽനിന്ന് വിഷയിയൊ ഉരുവം കൊള്ളുന്നത് ? 

ബർഗ്സൻ (Henri Bergson) പറയുക ചലനം നിശ്ചല ബിന്ദുക്കൾ നിരന്നുനിൽക്കുമ്പോൾ ഉള്ളതല്ലെന്നാണ്. അത്, തൊട്ടുമുന്‍പുള്ളതിൽനിന്ന് പിന്നീടുള്ളതിലേക്കുള്ള കുതിപ്പാണ്. സംഭവിച്ചുകഴിഞ്ഞതിനും, സംഭവിക്കാനിരിക്കുന്നതിനും ഇടയിൽ ഇനിയും വാസ്തവികമാകാത്ത (Not Yet) ബന്ധമണ്ഡലത്തിൽ ഇടപെടുമ്പോൾ വരാനിരിക്കുന്നതിന്റെ തുമ്പ് നമുക്ക് മുൻകൂർ കിട്ടിയേക്കാം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, സംഭവിക്കാനിരിക്കുന്നതെന്നും സംഭവത്തിന് ഒത്തനടുക്കിരുന്നുകൊണ്ട് പ്രായോഗികമായി മുൻധാരണ ചെയ്യാനും അതിന്റെ ഗതിയിലിടപെടാനും കഴിയുന്നത് ഒരു രാഷ്ട്രീയ സാധ്യതകൂടിയാണ്.

'പ്രവൃത്തിയുണ്ട്, ആരില്ല' എന്ന നാരായണ ഗുരുവിന്റെ വാക്കുകൾ 'something's doing' എന്ന വില്യം ജയിംസിന്റെ (William James) പ്രയോഗത്തോട് ചേർത്തു വായിക്കാവുന്നതാണ്. തത്വചിന്താപരമായ ആലോചനകൾ സംഭവങ്ങളുടെ ഒത്തനടുക്കാണ് തുടങ്ങേണ്ടത് എന്നാണ് ദെല്യൂസിന്റെ പക്ഷം. വൈറ്റ് ഹെഡിനാകട്ടെ (Alfred North Whitehead) മൗലികമായത് പ്രവൃത്തിയും പ്രക്രിയയുമാണ്. സിമോന്തൻ (Gilbert Simondon) ചിന്തയിൽ 'വ്യക്തിപൂർവമായതിലും' (pre individual) 'വ്യക്തീകരണത്തിലുമാണ്' (individuation)  ഊന്നുന്നത്. പക്ഷെ മൌലികമാകാൻ ശ്രമിക്കുന്ന നമ്മുടെ തത്വചിന്താന്വേഷണങ്ങൾ ഇപ്പോഴും വിഷയം, വിഷയി തുടങ്ങിയ ചില സംവർഗ്ഗങ്ങളുടെ ഊരാക്കുടുക്കിലാണ്. സംഭവം അതിൽത്തന്നെ ആനന്ദനിർഭരവും (self enjoyment) അനന്തരം കൊഴിഞ്ഞുപോകുന്നതുമാകുമ്പോഴും (Perishnig) അനന്തമായ പുനഃരാവൃത്തികൾക്ക് (Objective immortality) വഴിവയ്ക്കുന്നുണ്ട്. സംഭവത്തിൽ അതിന്റെ മൂല്യവിചാരവും അന്തർലീനമായിരിക്കുന്നതുകൊണ്ടുതന്നെ ബാഹ്യമായ മൂല്യവിചാരങ്ങൾ അപ്രസക്തമാണ്. കാൻെറിയൻ (Immanuel Kant) ചിന്തയിൽ വിഷയിയിൽ നിന്ന് ഉരുവം കൊള്ളുന്ന ലോകം ആണെങ്കിൽ വൈറ്റ് ഹെഡിൽ അത് തിരിച്ച്  ലോകത്തിൽനിന്ന് ഉരുവം കൊള്ളുന്ന വിഷയി ആണ്; കടൽവെള്ളം കുറുകി ഉപ്പുണ്ടാകുംപോലെയാണത്. വിഷയിക്ക് അപ്പുറം (Subject) അത് അതിവിഷയിയാണ്‌ (Superjet).

സംഭവത്തിന് ശാരീരിക- മാനസികതലങ്ങൾ (physical-mental Pole) ഉള്ളതായി വൈറ്റ് ഹെഡ് വിഭാവനംചെയ്യുന്നു. ഭൂതം വർത്തമാനത്തിൽ സാക്ഷാൽകൃതമാകുന്നത് അതിന്റെ 'ബന്ധശക്തി' (Affect) നിമിത്തമാണെങ്കിൽ അതിൽ 'പുതുമ' ഉടലെടുക്കുന്നതാകട്ടെ മാനസികതലത്തിന്റെ പ്രവർത്തനം വഴിക്കാണ്. ബേസ്ബാൾ മാതൃകയിൽ, ഒന്നിനൊന്ന് എന്ന ക്രമത്തിൽ ഭൂതം അതുപടിവർത്തമാനമായി പരിവർത്തിച്ചു സാക്ഷാൽകൃതമാകുന്നതാണ് 'ശാരീരിക' തലമെങ്കിൽ  മാനസികതലത്തിൽ ഈ നേർവഴി വിട്ട് ബന്ധമണ്ഡലത്തിലെ സങ്കീർണതകളും അതിവ്യാപനങ്ങളും അനുരണനങ്ങളും ഇഴുകുന്നതിലൂടെ പുതുമയുടെ സാധ്യത തുറന്നിടുകയാണ് ചെയ്യുന്നത്.

ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ, സംഭവിക്കുന്നത് ഞാൻ കാരണമാണെന്ന് കരുതുന്ന മനുഷ്യൻ സ്വത്വത്തിന്റെ ഉള്ളുറപ്പിലും ശേഷിയിലും അഭിമാനം കൊള്ളുകയും അനിവാര്യമായും 'വിഷാദത്തിന്' അടിപെടുകയും ചെയ്യുന്നു. എൻേറതെന്ന് കരുതിയത് മുഴുവൻ ഒരു ബന്ധമണ്ഡലത്തിന്റെ ശക്തിയാണെന്ന് അയാൾ തിരിച്ചറിയാതെ പോകുന്നു.

വിഷയിയെ കാത്തുനില്കുന്ന അനിവാര്യ വിധിയാണ് വിഷാദം

സിമോന്തന്റെ ചിന്തയിൽ 'വ്യക്തിപൂർവമായതിനെ (Preindividual) വ്യക്തിസിദ്ധിയായി ധരിക്കുന്ന വിഷയിയെ കാത്തുനില്കുന്ന അനിവാര്യ വിധിയാണ് വിഷാദം. പൂർവവ്യക്തിയിൽനിന്നും (preindividual) ബഹുവ്യക്തിയിലേക്ക് (Trans Individual) തുറക്കൽ ആണ് വിഷാദത്തിൽനിന്നും പുറത്തേക്കുള്ളവഴി. ഇവിടെ 'ബഹുവ്യക്തി' എന്നത് ബഹളമയമായ സാമൂഹികതയ്ക്കും കേവലമായ വ്യക്തിബന്ധങ്ങൾക്കും അപ്പുറമാണ്. ചിലപ്പോൾ ഏകാന്തതയിലാകും  ഒരാൾക്ക് പലതുകളിലേക്ക് വ്യാപിപ്പിച്ചു  സ്വാതന്ത്രമാകാൻ കഴിയുക. സ്വാതന്ത്ര്യം ഓരോനിമിഷവും നാം കണ്ടെത്തേണ്ട ഒന്നുകൂടിയാണ്. മസ്സുമിയുടെ (Brian Massumi) ഭാഷയിൽ 'One doesn't act freely, One acts freedom out'.മലയാളചിന്ത പൊതുവില്‍  'വ്യക്തിയിൽ' അഭിരമിക്കുന്ന ഒന്നാകയാൽ വിഷാദഗ്രസ്ഥവും സാമ്പ്രദായിക പരിഹാരങ്ങളിൽ തളയ്ക്കപ്പെട്ടതുമാണ്. ഉള്ളടഞ്ഞചിന്ത, സ്വത്വത്തിന്റെ കുടുസ്സിൽനിന്നും  ബഹുവ്യക്തിബന്ധങ്ങളുടെ തുറവികളിലൂടെ വിമോചിതമാകാൻ പ്രാപ്തമാവുകയും അതിന് സഹായകങ്ങളായ നിയന്ത്രണങ്ങൾ (Enabling constraints) സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടേണ്ടതുമുണ്ട്. വൈറ്റ് ഹെഡ്, ദെല്യൂസ്, സിമോന്തൻ, വില്യംജയിംസ് തുടങ്ങിയർ ചിന്തയുടെ ഉത്പാദനമേഖലയിൽ ഇടപെടാനുള്ള ചില പണിയായുധങ്ങൾ നമുക്ക് നൽകുന്നുണ്ട്. മലയാളചിന്തയിൽ പണിതീർന്ന ചില ഉൽപന്നങ്ങൾക്കപ്പുറം പുതിയ പ്രക്രിയകളുടെ വിത്തുപാകാൻ ഇവയ്ക്ക് കഴിഞ്ഞേക്കും. 'പ്രക്രിയ' കളെ പാശ്ചാത്യം പൗരസ്ഥ്യം എന്നു വ്യവച്ഛേദിച്ചു മാറ്റിനിർത്താൻ കഴിയാത്തത് അത് പരിതസ്ഥിതികളെകൂടി (milieu) ഉൾച്ചേർത്ത് ഉരുത്തിരിയേണ്ട ഒന്നായതുകൊണ്ടുകൂടിയാണ്.

ശുദ്ധാനുഭവത്തിലേക്ക്..

ഇനിയും എഴുതിത്തുടങ്ങിയിട്ടില്ലാത്ത ഒരു 'ക്ലീൻസ്ലേറ്റ്' ഏതിനും ഒരു മുന്നുപാദിയായി കണക്കാക്കിയാൽ 'വിഷയിയും' 'വിഷയവുമായി' ലോകം വേർതിരിയും മുമ്പുള്ള'ശുദ്ധാനുഭവത്തിന്റെ' (Pure experience) ഒരു പ്രതലം (Plane) ഉണ്ടെന്ന്കാണാം. എല്ലാനിർമ്മിതികൾക്കും അടിസ്ഥാനമായ ശുദ്ധാനുഭവത്തെ, അവ്യക്തമായ അദ്വൈതവാദത്തെ ( Vague Monism) വിസ്മരിക്കുന്ന ചിന്തകർ വൈകിമാത്രം ഉണരുന്നവരാണ്.

മനഃശാസ്ത്രത്തിന്റെ  തുടക്കംതന്നെ തിരിഞ്ഞുനോട്ടത്തോടെയാണ്. അപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും.ലോകം വിഷയിയും വിഷയവുമായി വേർതിരിയും മുമ്പുള്ള ഘട്ടമെത്തുമ്പോൾ മനഃശാസ്‌ത്രം ഇരുട്ടിൽ തപ്പുന്നു. അനുഭവത്തിന്റെ/അനുഭവരാഹിത്യത്തിന്റെ ഈഘട്ടം ഒരുപക്ഷേ മനുഷ്യചിന്തക്ക് അപ്രാപ്യമായ ഒരുതലംകൂടിയാണ്. തത്വചിന്തയിൽ കാന്റ്, ഹുസ്സേൾ തുടങ്ങിയവർ അനുഭവത്തിന്റെ ഒരതീന്ദ്രിയ തലം തുറക്കാൻ ശ്രമിച്ചവരാണല്ലോ. ഈ അതീന്ദ്രിയ പ്രതലത്തിന്പിറകിൽ വിഷയി ഒളിച്ചിരിക്കുന്നുണ്ട്. ദക്കാർത്തിന് പറ്റിയ അപകടത്തിൽനിന്നും ഇവിടെ കാന്റ്, ഹുസ്സേൾ തുടങ്ങിയവരും മുക്തരാകുന്നില്ല. വിഷയിയിലെത്തുംവരെ മാത്രമേഉള്ളൂ, അവിടെ എത്തിയാൽ ഇവർ 'ചിന്ത' മറന്നുപോകുന്നു. സകല അനുഭവങ്ങളുടെയും കേന്ദ്രമായി വിഷയിയെ സ്ഥാപിച്ചു കൊണ്ടാടുന്നു.

ഏത് നിർമ്മിതിക്കും അപ്പുറമാണ് നിർമ്മാണപ്രക്രിയ. യാഥാർഥ്യത്തെ ആ പ്രക്രിയയിൽതന്നെ അനുഗമിക്കുകയാണ് ജയിംസിയൻചിന്തചെയ്യുന്നത്. അനുഭവത്തെ സംവേദക വസ്തുക്കളിലേക്കോ, പൂർവനിശ്ചിതങ്ങളായ  ശുദ്ധവിഷയീരൂപങ്ങൾ സാധ്യമാക്കുന്ന ഒന്നിലേക്കോ ചുരുക്കാതെ, മനശാസ്ത്രത്തിൽനിന്നും അതീന്ദ്രിയതത്വചിന്തകളിൽനിന്നും ഭിന്നമായ 'ശുദ്ധാനുഭവത്തിന്റെ' മൂന്നാംവഴി തുറന്നു എന്നതാണ് വില്യം ജയിംസിന്റെ ചിന്തയുടെ പ്രാധാന്യം. വിഷയി, വിഷയം, ബോധം തുടങ്ങിയവയെ മുൻനിർത്തി ശുദ്ധാനുഭവത്തെ അറിയുന്നതിന് പകരം ശുദ്ധാനുഭവത്തിൽ ഊന്നി വിഷയം, വിഷയി തുടങ്ങിയവ മനസിലാക്കുന്ന മറുവഴി തേടലാണ് അദ്ദേഹത്തിന്റെ ചിന്തകൾ. എന്നാൽ മലയാള മുഖ്യധാരാചിന്ത അതിന്റെ കേന്ദ്രസ്ഥാനത്ത് ഇന്നും ഇളക്കംതട്ടാതെ 'വിഷയിയെ' പ്രതിഷ്ഠിച്ചു പരിപാലിച്ചുപോരുന്നുണ്ട്. ഇവിടെ ചിന്ത, ലോകത്തിന്റെ പ്രതിഫലനവും പ്രതിനിധാനവും മാത്രമായിചുരുങ്ങുകയും 'ഉണ്മയ്ക്കും' 'ചിന്തയ്ക്കും' അന്യോന്യപൊരുത്തം കല്പിക്കുകയും ചെയ്യുന്നു. എന്നാൽ ചിന്തയുടെയും ലോകത്തിന്റെയും യുക്തി ഒന്നുതന്നെയാകുമ്പോൾ, ലോകത്തോടൊപ്പം ചിന്തിക്കുമ്പോൾ ചിന്തയുടെ നിർമാധ്യമത്വം സാധ്യമാകുന്നു.

സ്ഥാപനവൽക്കരിക്കപെട്ട മനശാസ്ത്രസങ്കല്പനങ്ങൾക്കും, അതിലൂന്നിയ തത്വചിന്തയ്ക്കും അടിയിലൂടെയുള്ള അനക്കങ്ങളിലും ഒഴുക്കുകളിലും ശ്രദ്ധയൂന്നുമ്പോൾ അത്ചി ചിന്തയുടെതന്നെ പുതിയ വഴിതുറക്കലാകുന്നു.  അത്തരം അന്വേഷണങ്ങൾ ഒരിക്കലും വിജ്ഞാനശാസ്ത്ര ദ്വന്ദങ്ങളിൽഅഭയംതേടുന്നില്ല . വിഭജിതമാകുംമുമ്പുള്ള ബന്ധങ്ങളുടെ ഒരു ശുദ്ധനിലയായി ഇതിനെ കരുതിയാൽ എന്തും  ശുദ്ധാനുഭവത്തിന്റെ പരിധിയിൽവരും .തീആളുന്നതും സൂര്യൻ ഉദിക്കുന്നതും മറ്റുംമറ്റും... ഇവിടെ അനുഭവത്തെയല്ലാതെ മറ്റൊന്നുംവസ്തുതയായിഅംഗീകരിക്കുന്നില്ല.  ജയിംസ് പറയുന്ന 'വസ്തു',  മാനസിക വസ്തുതലങ്ങൾ  ചേർന്നതാണ്. വസ്തുപ്രപഞ്ചത്തിനെതിരെ സ്ഥാപിതമായ ഒരു  മനോലോകവും അതിൽനിന്ന് ഉരുവംകൊള്ളുന്ന ചിന്തയും എന്ന ലളിത സാമാന്യയുക്തിയെ ജെയിംസ്‌ നിരാകരിക്കുന്നു. മനസ്സിനേയും വസ്തുവിനേയും പിണച്ചുനിർത്തുന്ന ഇടനിലകളും, അവ പരസ്പരം അലിഞ്ഞുചേർന്നിരിക്കുമ്പോഴും വ്യതിരിക്തമായികാണാൻ കഴിയുന്ന ചിന്താസൂഷ്മതയുമാണ് ഇവിടെയുള്ളത്. ജെയിംസ് മുന്നോട്ടുവയ്ക്കുന്ന റാഡിക്കൽ എംപിരിസിസത്തിൽ 'ബന്ധങ്ങൾ' വസ്തുക്കളെപോലെത്തന്നെ യഥാർഥവും അനുഭവവേദ്യവുമാണ്. സിമോന്തൻ 'ബന്ധങ്ങൾക്ക്' ഉണ്മയുടെ പദവികൊടുക്കുമ്പോഴും 'ഉണ്മ' യെത്തന്നെ ഒരുബന്ധസമുച്ചയമായി വിഭാവനം ചെയ്യുമ്പോഴും സാധ്യമാക്കുന്നത് പാശ്ചാത്യതത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ സത്താവാദത്തിന്റെ നിരാസമാണ്. 

ലോകത്തിലെ സകലതും നിർമ്മിതമായ ആദിമവസ്തു 'ശുദ്ധാനുഭവം' ആണ്. ശുദ്ധം എന്നാൽ ഇവിടെ അനുഭവരഹിതമായതല്ല, അനുഭവം മാത്രമാണ്. അത് അതിനുവേണ്ടിയല്ലാതെ മറ്റൊന്നിനായും നിലകൊള്ളുന്നില്ല. ഇവിടെ അനുഭവം എന്നത് ഒരു പരീക്ഷണംപോലെയാണ്. ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളമുണ്ടാകുംപോലെ ഒന്ന്. ഈ ചേർച്ചയിലാണ് അനുഭവമിരിക്കുന്നത്, പരീക്ഷണം നടത്തുന്ന മനുഷ്യൻ ഒരിക്കലും ജലമാകുന്നില്ല. എന്തിന്റെയെങ്കിലും ഒരുകൂട്ടം മറ്റൊന്നുമായി ചേരുമ്പോൾ അത് ശുദ്ധാനുഭവമാകുന്നു. ബോധം അവിടെ ഒരനിവാര്യതയല്ല. അനുഭവം ഇവിടെ വിഷയ-വിഷയികൾക്ക് ഒരുപോലെ ബാധകമാകുമ്പോഴും, അവ ഇനിയും രണ്ടായി പിളർന്നിട്ടില്ല.

ഒന്നിനെയും പ്രതിഫലിപ്പിക്കാതെ പ്രതിബിംബങ്ങൾ സാധ്യമാകുമോ? 

അന്യോന്യം പ്രതിഫലിക്കുന്ന അനവധിയായ പ്രതിബിംബങ്ങളുടെ ആകെത്തുകയായി ബെർഗ്‌സൻ തന്റെ matter and Memory യിൽപ്രപഞ്ചത്തെ വിഭാവനം ചെയ്യുന്നുണ്ട്. ശരീരവും മനസ്സും തലച്ചോറും സകലതും പ്രതിബിംബം മാത്രമാണ്. എതിന്റെ പ്രതിബിംബം എന്ന ചോദ്യം ഇവിടെ അസംഗതമാണ്, കാരണം ഇവിടെ വസ്തുവും പ്രതിബിംബം മാത്രമാകുന്നു. എങ്ങനെ ഒരു ശുദ്ധാനുഭവം, അല്ലെങ്കിൽ ഈ പ്രതിബിംബങ്ങൾ അതിൽത്തന്നെ സാധ്യമാകുന്നു? പ്രതിഫലിക്കാൻ ഇടമില്ലാതെ, പ്രതിനിധാനംചെയ്യാൻ ഒന്നുമില്ലാതെ പ്രതിബിംബങ്ങൾ സാധ്യമാകുമോ? അനുഭവത്തി അനുഭവിക്കാൻ ഒരാളും അനുഭവപ്പെടുന്ന ഒന്നും ഉണ്ടായിരിക്കേണ്ടേ? അനുഭവത്തിന് പിറകിൽ ആരും ഇല്ലാതാകുമ്പോൾ, പ്രതിബിംബങ്ങൾ ഒന്നിനെയും പ്രതിനിധാനം ചെയ്യാതിരിക്കുമ്പോൾ 'ശുദ്ധാനുഭവം' ശുദ്ധമായ അസാധ്യത മാത്രമായിതീരില്ലേ? നമ്മുടെചിന്താവഴക്കങ്ങളുംശീലങ്ങളുംഒരുവിഷയിഇല്ലാതെഅനുഭവത്തെക്കുറിച്ചുആലോചിക്കുന്നത്പോലുംഅസാധ്യമാക്കിതീർത്തിരിക്കുന്നു.ശുദ്ധാനുഭത്തെഒരുസംഭവമായിത്തന്നെനോക്കിക്കാണണം.  സംഭവം മുമ്പേ നടക്കുമ്പോഴും അത് വിഷയീ-വിഷയങ്ങളുടെ കൂടിചേർച്ചയിൽ സാധ്യമാകുന്നതാണ്, അപ്പോഴും ലോകം അവിടെ വിഭജിതമല്ല. വിഷയി വൈകിമാത്രം എത്തി എൻേറത്' എന്ന ലേബൽ പതിച്ചുകൊണ്ട് അനുഭവത്തെ സ്വന്തമാക്കുകയാണ്. വിഷയവും വിഷയിയുമായി വേർപിരിയുംമുമ്പുള്ള 'ശുദ്ധാനുഭവത്തിലും' 'സംഭവത്തിലും' തുടങ്ങുമ്പോൾ ചിന്ത പൂർവനിശ്ചിതങ്ങളായ സംവർഗങ്ങളുടെ പിടിയിൽനിന്നും കുതറിമാറി, പണികഴിഞ്ഞ വസ്തുവിനപ്പുറം    അതിന്റെ പണിപ്പുരയിലേക്കും നിർമ്മാണപ്രക്രിയയിലേക്കും പ്രവേശിക്കുന്നു. മേൽപറഞ ചിന്തകരെ ചേർത്തുനിർത്തുന്ന പൊതുഘടകം  'പ്രക്രിയ' അല്ലാതെ മറ്റൊന്നല്ല.

പരോക്ഷം (Virtual)

പലതുകൾ ചേർന്ന് ഒന്നാവുകയും ഒന്ന് പലതിൽ ഒന്നാവുകയും ചെയ്യുന്ന പ്രക്രിയാപ്രപഞ്ചമാണ് വൈറ്റ്ഹെഡ് വിഭാവനം ചെയ്യുന്നത്. അതിൽ ഓരോ വാസ്തവികവസ്തുവും (Actual Object)) ഭൂതത്തിൽനിന്ന് ഡാറ്റകൾ ഉൾച്ചേർത്ത് (Prehending) പുനരാവർത്തി (Reenactation) സാധ്യമാക്കുന്നത് സംഭവത്തിന്റെ ശാരീരികതലം ആണെന്ന് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദെല്യൂസിയൻ (Gilles Deleuze )Actual, Virtual ഇവയ്ക്ക് സമാനമായ വൈറ്റ് ഹെഡിയൻ സങ്കല്പനങ്ങളാണ് വാസ്തവികവസ്തു (Actual Object) അനശ്വരവസ്തു (Eternal Objects ) തുടങ്ങിയവ. വൈറ്റ്ഹെഡിന്റെ തന്നെ വാക്കുകളിൽ യഥാർത്ഥത്തിൽ ചുകപ്പ്നിറമായ ഒരു പൂവിന് അതുപോലെത്തന്നെ വയലറ്റോ മഞ്ഞയോ ആകാമായിരുന്നു. പക്ഷേ അനശ്വരവസ്തുവായ 'ചുകപ്പിന്' സ്വയം യാഥാർഥ്യമാകാനുള്ള കാരണശേഷിയില്ല. അനശ്വരവസ്തു അനിശ്ചിതത്വത്തിന്റെയും തീരുമാനമില്ലായ്മയുടെയും ഒരു മണ്ഡലമാണെങ്കിൽ വാസ്തവികവസ്തു അനശ്വരവസ്തുവിന്റെ തിരഞ്ഞെടുപ്പിലൂടെയും അതിനെ യാഥാർഥ്യമാക്കുന്നതിലൂടെയും 'നിശ്ചിതമാകുന്നു'.'തീരുമാനിക്കപ്പെടുന്നു'.

ഈ ലോകം തനിയാവർത്തനങ്ങളുടേയും നിശ്ചലതയുടെയും ആകാതെ എന്തുകൊണ്ട് എപ്പോഴും വ്യത്യസ്തവും പുതുമയുള്ളതുമായ ഒന്നാകുന്നു എന്നാണ് വൈറ്റ്ഹെഡും ദെല്യൂസും ഒരുപോലെ അന്വേഷിച്ചത്. സർഗാത്മകതയാണ് (creativity) ഇവിടെ ചിന്തയുടെ അടയാളവാക്യം. കാൻറിയൻ കേവല സാദ്ധ്യതകളിൽ (Possibility) നിന്ന് ഭിന്നമായി അത് യാഥാർഥ്യത്തെ അതുപടി പകർത്തുകയോ മുൻകൂർ തയ്യാർചെയ്യുകയോ ചെയ്യുന്നില്ല എന്നിടത്താണ് അത് അതീന്ദ്രിയമായ ആശയവാദത്തിൽ (Transcendental Idealism) നിന്നും വിടുതിനേടി 'അതീന്ദ്രിയ അനുഭവവാദമായി'(Transcendental Idealism) മാറുന്നത്. ദെല്യൂസിയന്‍ യാഥാർത്ഥൃം (real) എന്നത് അനുഭവവേദ്യമാകുന്നത് മാത്രമാണ്. ഒരുപക്ഷേ ദെല്യൂസിന് 'വെർച്വൽ' എന്നതിനെ ഭൂമിയിൽ തറച്ചുനിർത്താനുള്ള നാട്ടയാണ് 'ആക്ച്വൽ'. ദല്യൂസിയൻ അനുഭവവാദയുക്തിയിൽ ഫലമുള്ളതോ അതുളവാക്കുന്നതോ ആയതൊക്കെ (അനുഭവവേദ്യമാകുന്നത്) യാഥാർത്ഥമാത്രമാണ് (Real). Virtual എന്നതിന്റെ ഫലവും യാഥാർഥ്യവും അതുളവാക്കുന്ന 'മാറ്റത്തിൽ' ആണ്. ഇത് അവഗണച്ച്, ദല്യൂസിയൻ വെർച്വൽ പ്ലാറ്റോയുടെ ആശയലോകത്തിന്റെ മാതൃകയിൽ വേറിട്ടഒന്നായി മനസ്സിലാക്കിയ പല ചിന്തകർക്കും  പറ്റിയ അപകടം 'വെർച്വൽ'എന്നതിനെ 'പരലോകത്തുള്ള' ഒന്നായി തെറ്റിദ്ധരിച്ചു എന്നതാണ്. 

വാസ്‌തവികമാകുന്നതോടെ virtual തീർന്നുപോകുന്നില്ല, പക്ഷെ തിരിച്ചുപോകുന്നു. പോകാൻ മറ്റൊരു ഇടമില്ലാതെ കാലക്രമത്തിന്റെ വിടവിൽ, ഇപ്പൊക്കഴിഞ്ഞതിലും വരാനിരിക്കുന്നതിലും ഒളിച്ചിരിക്കുന്നു. പുനരാവർത്തികളാൽ  സാധ്യമാകുന്ന മാറ്റത്തിലൂടെ അത് നമുക്ക് അനുഭവവേദ്യമാകുന്നു. മാറ്റം മാത്രമാണ് സ്ഥിരമായത് എന്ന ഹെരാക്ലിറ്റസിന്റെ (Heraclitus) നിരീക്ഷണത്തിന് അടിവരയിടുന്നു. ഏതൊരു സംഭവത്തിനും മുന്നണിയും (Fore grounding) രംഗത്തവതരിക്കാത്ത പിന്നണിയുമുണ്ട് (Backgrounding). വാസ്തവികമാകാതെ പോകുന്നത് ഒഴിവാക്കപ്പെടുന്നതിലൂടെ വസ്തുവിൽ ഉൾച്ചേർക്കപെടുകയും അതിന്റെ വക്കിൽ തിളച്ചുനില്ക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ ഭൂതത്തിൽനിന്നും പ്രക്ഷേപിക്കുന്ന 'ഡാറ്റകൾ' വസ്തുവല്ല പകരം ഒരു ബന്ധമണ്ഡലമാണ് (Relational Field). ഈ ബന്ധമണ്ഡലത്തിന്റെ സങ്കീർണ്ണതകൾ വാസ്തവികമാകുന്നതോടെ പരിഹൃതമാകുകയും 'വസ്തു' ജനിക്കുകകയും  (Concrescence) അനന്തരം കൊഴിഞ്ഞുപോവുകയും (Perishing) ചെയ്യുന്നു. രൂപത്തിന്റെ ശക്തി (Force of form) ഇവിടെ രൂപം മാറികൊണ്ടിരിക്കാനുള്ളതാണ് (Form taking). വൈറ്റ്ഹെഡിന്റെ ഭാഷയിൽ 'ആയിക്കൊണ്ടിരിക്കലിന്റെ തുടർച്ചയല്ല, തുടർച്ചയായികൊണ്ടിരിക്കലാണ് ഉള്ളത്. ഉണ്മയിൽ അമിതമായി ഊന്നുന്ന ചിന്തകർ ഈ കൊഴിഞ്ഞുപോക്കിനെയും (Perishing) വാസ്തവികമാകാതെ പോകുന്നതിനെയും (Negative Prehension) അവഗണികുകയായിരുന്നു.

നിസാറിന്റെ ഉണ്മയും ദെല്യൂസിയന്‍ 'ഉണ്മ' യും 

മലയാളത്തിലെ മൗലികമായ ചിന്തയിലേക്ക് ഒരുചുവടുവെയ്പ്പ് എന്ന മുഖവുരയോടെ ഈയിടെ നിസാർഅഹമ്മദ് എഴുതിയ 'ഉണ്മയുടെ ഇടയൻ' എന്നപുസ്തകത്തിൽ ദെല്യൂസിയൻ വെർച്വലിനെ വിമർശനവിധേയമാക്കുന്ന ഒരദ്ധ്യായമുണ്ട്. ദെല്യൂസിയൻ 'വെർച്വലിനെപ്പറ്റി പറഞ്ഞുപഴകിയ ചില വിമർശനങ്ങൾ ആവർത്തിക്കുക മാത്രമാണ് ഇവിടെ നിസാർചെയ്യുന്നത്. നിസാർ 'ഭവധർമ്മകം' എന്നുവിളിക്കുന്ന ദല്യൂസിയൻ 'വെർച്വൽ 'ഉണ്മ' യോടൊന്നിച്ചുള്ളതാണ്, അതിൽനിന്നും അടർത്തിമാറ്റി മനസ്സിലാക്കാവുന്ന ഒന്നല്ല.'Actual' 'Virtual'. ഇവയെ ഒറ്റഒറ്റയായി കാണുമ്പോൾ ഏകമായ പ്രപഞ്ചത്തിന്റെ ചലനാത്മകത നഷ്ടമാകുന്നു. 'ഉണ്മയുടെ ഇടയൻ' എന്ന പുസ്തകത്തിൽ നിസാർ അഹമ്മദ് ദെലൂസിന്റെ 'ഉണ്മ' സങ്കൽപനത്തെ വിമർശിക്കുന്ന 'എന്താണ് ഉണ്മ' എന്ന അദ്ധ്യായത്തിൽ ഒരിടത്ത്പോലും ' Becoming (ആയികൊണ്ടിരിക്കൽ) എന്ന ദല്യൂസിയൻ സങ്കല്പനം പരാമർശവിഷയം പോലുമാകുന്നില്ല.

ദെല്യൂസിയൻ ചിന്തയെ വ്യത്യസ്തമാക്കുന്നത് നമ്മുടെ ചിന്താവഴക്കങ്ങൾക്ക് അപ്പുറം Actual, Virtual ഇവയെ ദ്വന്ദാത്മകമായി സമീപിക്കാതെ അവയുടെ ഇഴുകിനില്പിനെ വിഭാവനം ചെയ്യുന്നിടത്താണ്. കാലത്തെ കേവലം സ്ഥലസദൃശ്യമായി (രേഖീയമായി ) കാണുന്നതിന്റെയും അടയാളപ്പെടുത്തുന്നതിന്റെയും പ്രശ്നങ്ങൾ ബർഗസനെപോലുള്ള ചിന്തകർ ചൂണ്ടികാട്ടിയിട്ടുള്ളതാണ്. സ്ഥല-കാലങ്ങളുടെ ചേർച്ചയിൽ സാധ്യമകാവുന്ന ദെല്യൂസിയൻ ചിന്താമാതൃകകളുടെ സങ്കീർണതയും വൈവിധ്യവും ഉൾക്കൊള്ളാൻ നിസാറിന് കഴിയാതെപോകുന്നത് കാലത്തെ സ്ഥലസമാനവും രേഖീയവുമായി കാണുകയും ഉണ്മയുടെ നിശ്ചലതയിൽ ഉറച്ചുപോവുകയും ചെയ്തത്കൊണ്ടാകണം.

'Virtual നെ സംബന്ധിച്ച് ദല്യൂസ് എല്ലാറ്റിനും ബാധകമായ ഒരു സമഗ്ര മാത്രൃക മുന്നോട്ട് വെയ്ക്കുന്നില്ല, പലമാതൃകളാണ് ഉള്ളത്. ഗണിതം , ജീവശാസ്ത്രം, ഭൂമിശാസ്ത്രം, മിലിട്ടറി തുടങ്ങിയ വിവിധ വിജ്ഞാനശാഖകളിൽ നിന്നും കടംകൊണ്ട ദല്യൂസിയൻ സങ്കല്പനങ്ങളായ Rizhome, Plateue, strata , war machine തുടങ്ങിയവയൊക്കെ തനത് പ്രശ്നപരിസരങ്ങൾക്കനുരോധമായി രൂപപ്പെട്ടവയാണ്. പക്ഷെ നിസാർ ഇത്തരം സങ്കീർണതകളെ പാടെ ഉപേക്ഷിച്ച് വെർച്വൽ എന്നതിനെപറ്റി ദെല്യൂസ് ഒരുസമഗ്രസിദ്ധാന്തം ഉണ്ടാക്കിയിട്ടുണ്ട് എന്നമട്ടിലാണ് സമീപിക്കുന്നത്. ദല്യൂസ് ഒറ്റയ്ക്കും, ഗൊത്താരിയുമായി ചേർന്നും എഴുതിയ നിരവധിയായ പിൽകാല രചനകൾ തമസ്കരിച്ചാണ് ഇത്തരം ലളിതവൽക്കണത്തിലേക്ക് നിസാർ എത്തുന്നത്

''വാസ്തവികമായി പരിഗണിച്ചാൽ വ്യത്യസ്തതകളെ ഉണ്ടാക്കൽ മാത്രമേ നടക്കുന്നുള്ളൂ, അതുകൊണ്ട് ഉണ്മ ഒന്നല്ല, ഒരു ഏകത അല്ല. അതേസമയം ഉണ്മ ഏക വാചികം ആണ്. എന്തിനെയൊക്കെയാണോ 'ഉണ്മ' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവയെല്ലാം വ്യത്യസ്തവും ബഹുലവും ആണെങ്കിലും ഉണ്മ ഒരേ അർത്ഥത്തിലാണ്  അവിടെയൊക്കെ വിവക്ഷിക്കപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരേ ശബ്ദത്തിൽ ആണെങ്കിലും ഭിന്ന സംഗതികളെയാണ് ഉണ്മ കുറിക്കുന്നത്. ഈ സന്ദർഭത്തിൽ ആണ് ദല്യൂസിന്റെ ഉണ്മയെ കുറിച്ചുള്ള സങ്കല്പനത്തിലെ ദൗർബല്യം വെളിപ്പെടാവുന്നത്. ഉണ്മ എന്ന സങ്കല്പനത്തെ  ഒഴിവാക്കികൊണ്ട് പറ യാവുന്നത്, തത്വചിന്താവ്യവഹാരത്തിൽ ആ സങ്കല്പം ആർജിച്ചിട്ടുള്ള മൂല്യത്തെ അവലംബിച്ചുകൊണ്ട് പറയാൻ ശ്രമിക്കുകയാണ് ദല്യൂസ് ചെയ്തത്' (നിസാർ,ഉണ്മയുടെഇടയൻ)

എന്തിനായിരിക്കും പലതായ 'ഉണ്മകളെ' കുറിക്കാൻ ദല്യൂസ് 'ഉണ്മ' എന്ന ഏകവാചികം ഉപയോഗിച്ചത്? ദല്യൂസ് പാശ്ചാത്യ തത്വചിന്താ വ്യവഹാരത്തിൽ ആ സങ്കല്പനം ആർജിച്ച മൂല്യത്തെ അത് വഴി ഉറപ്പിക്കുകയായിയുന്നോ? ദെല്യൂസിന് 'ഉണ്മ' (Being) കേവലം മനുഷ്യകേന്ദ്രിതമല്ല എന്ന് മാത്രമല്ല ആയിക്കൊണ്ടിരിക്കൽ (Becoming) കൂടിയാണ്. ദെല്യൂസിന് ഉണ്മ ലോകത്തിൽ നിന്നും വേറിട്ട ഒന്നല്ല, ലോകത്തോടൊപ്പം ഉരുത്തിരിയുന്നതാണ്. പ്രശ്നപരിസരത്തിൽ നിന്നും ഭിന്നമായല്ല ദല്യൂസിയൻ ചിന്തയിൽ പരിഹാരങ്ങൾ ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ നിസാർ പറയുന്നത് പോലെ മുൻകൂറായതും അനുഭവപൂർവവും ആയ 'ഉണ്മ' ദെല്യൂസിൽ കാണില്ല, പകരം അത് ലോകത്തോടുള്ള നേർക്കുനേർ നില്പിൽ (Position) ആണ് ഉരുത്തിരിയുന്നത്.

ഇവിടെ ദെല്യൂസ് 'ഉണ്മ' എന്ന വാക്കുപയോഗിക്കുമ്പോൾ അതിൽ കീഴ്വഴക്കം മാത്രമല്ല വഴുതിമാറലും ഉണ്ട്. എവിടെയൊക്കെ ആ വാക്ക് ഉപയോഗിക്കുന്നോ, അവിടെയൊക്കെ ഒരു ഉദ്‌ധരണിയ്ക്കകത്ത് എന്നപോലെയാണ് അത് ഉപയോഗിക്കുന്നത്.  സങ്കല്പനങ്ങൾ 'Consitutive forms അല്ല മറിച്ച്  'Constitutive function ആണെന്ന്  വരുമ്പോൾ അവയുടെ രൂപത്തിലല്ല, വൃത്തിയിലാണ് ഊന്നേണ്ടത്. 'Does Consciousness Exist എന്ന ചോദ്യത്തിന് വില്യം ജയിംസിന്റെ സുവിധിതമായ മറുപടി അത് അറിവിലേക്ക് നയിക്കുന്ന വൃത്തിയെ അല്ലെങ്കിൽ വൃത്തികളുടെ സാകല്യത്തെ കുറിക്കുന്നുഎന്നാണ്. ജയിംസിന്റെ മറുപടി തത്വചിന്തയിലും മനശാസ്ത്രത്തിലും ബോധത്തിന്റെ 'ശ്രേഷ്ഠപദവി' ഉറപ്പിക്കുക ആയിരുന്നോ?ഉണ്മ വ്യത്യസ്തവും ബഹുലവുമാണെന്ന് പറയുമ്പോൾ ദെല്യൂസ് സാധ്യമാക്കുന്നതും മറ്റൊന്നല്ല; പാശ്ചാത്യ തത്വചിന്താവ്യവഹാരം ആർജിച്ച മൂല്യത്തിന്റെ പങ്കുപറ്റുന്നതിന്പകരം അതിൽനിന്നുള്ള വിച്ഛേദനമാണ്. 'സൂചകങ്ങളുടെ സോച്ഛാധിപത്യത്തിന്' (despotism of signifiers) എതിരായി വർത്തിക്കുന്ന ദല്യൂസിയൻ ചിന്തയെ ഭാഷാശാസ്ത്രയുക്തി ഉപയോഗിച്ചു വിശകലനവിധേയമാക്കുന്ന വിപര്യയമാണ് നിസാറിന്റെ എഴുത്തിൽ കാണാൻ കഴിയുക.

ദെല്യൂസിയൻ ചിന്തയുടെ കൂട്ടും കൂട്ടിമുട്ടലുകളും മനസ്സിലാക്കാൻ നിസാർ അഹമ്മദിനെപ്പോലുള്ള ഒരു ചിന്തകന് കഴിയാതെ പോകുന്നത് മലയാള ചിന്തയുടെ കൂടി നഷ്ടമാണ്. ഗൊത്താരിയുമായി ചേർന്നെഴുതിയവ കൂടാതെ കാൻറ്, ബർഗ്സൻ, ഫൂക്കോ, വൈറ്റ്ഹെഡ്, സിമോന്തൻ തുടങ്ങിയവരുടെ ചിന്തയുമായുള്ള ഇടപെടലുകളിലൂടെ ഉടലെടുത്തവകൂടിയാണ് ദെല്യൂസിയൻ ചിന്താലോകം. ഈ കൂട്ടുകെട്ടുകൾക്ക് പുറത്ത് ദെല്യൂസിയൻ ചിന്തയുടെ കൂട്ടുകൾ മനസ്സിലാക്കുക ബുദ്ധിമുട്ടാകും. നിസാറിന്റെ ചിന്തകൾ ആഴത്തിലുള്ള വിമർശനങ്ങൾ അർഹിക്കുന്ന ഒന്നാണെങ്കിലും ഈ ലേഖനത്തിലെ പരമാർശം നിസാറിന്റെ ദെല്യൂസ് വിമർശനത്തിന്റെ പോരായ്മകളെകുറിച്ചു സൂചിപ്പിക്കാൻ മാത്രമാണ്.  Actual, Virtual ഇവതമ്മിലുള്ള അന്തരം കേവലം  ഭാഷാപരമായ അന്വേഷണത്തിലും 'ഉണ്മ' യുടെ നിരുക്തിയിലും  ഒതുക്കുക വഴി  ഇനിയും വാസ്തവികമായിട്ടില്ലാത്ത വിർച്വൽ (Virtual)  മുന്നോട്ട്  വയ്ക്കുന്ന സാധ്യതകൾ നിസാറിന്റെ ചിന്തയ്ക്ക് അപ്രാപ്യമാകുന്നു മസുമിയുടെ വാക്കുകൾ കടമെടുത്താൽ ദെല്യൂസിയൻ ചിന്തയുടെ പെരുവിരൽ മുറിച്ച് ചിന്തയ്ക്ക് പിടുത്തം പോരെന്ന് പറയുംപോലെയാണ് നിസാറിന്റെ ദെല്യൂസ് വിമർശനം.

ഗ്രന്ഥ സൂചിക:

Massumi, Brian: Politics of affects, Polity 2015

Massimo, Brian: Couplets , Duke University Press 2021

Lapoujade David: William James, Empiricism and Pragmatism, Duke University Press 2020

Whitehead, Alfred North: Process and reality, 

നിസാർ അഹമ്മദ്: ഉണ്മയുടെ ഇടയൻ, , Insight Publica 2021

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

T K Sunil Kumar

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More