പിണറായി... സമരങ്ങള്‍ ഗുണ്ടാ പ്രവര്‍ത്തനമാണോ? - സുഫാദ് സുബൈദ

സമരങ്ങളിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും അധികാരത്തിലെത്തുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പിന്നീട് സമരങ്ങളോടും പ്രക്ഷോഭങ്ങളോടും വലിയ അലര്‍ജ്ജിയാണ്. സമരങ്ങളുടെ അപ്പോസ്തലന്മാര്‍ തങ്ങളാണ് എന്നും തങ്ങള്‍ക്ക് പുറത്ത് ആരും  പ്രക്ഷോഭകാരികളോ വിപ്ലവകാരികളോ ആകരുത് എന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പെടാത്തവരാണ് പ്രക്ഷോഭരംഗത്ത് വരുന്നത് എങ്കില്‍ അവരെ സ്വഭാഹത്യ ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ട്‌ എന്ന് കോഴിക്കോട് മാവൂര്‍ റയോണ്‍സ്, മുത്തങ്ങ, ചെങ്ങറ ഭൂസമരം എന്നിവയുടെ പശ്ചത്തലത്തില്‍ നമുക്കറിയാവുന്നതാണ്. ഭൂമിക്കായുള്ള സമരങ്ങള്‍, വികസനം എന്ന ലേബലില്‍ ഭൂമിയും വെള്ളവും പരിസ്ഥിതിയും ചൂഷണം ചെയ്യാനുള്ള നീക്കങ്ങള്‍ എന്നിവക്കെതിരെ വളര്‍ന്നുവരുന്ന സമരങ്ങളെ ഇത്തരത്തില്‍ മുദ്രകുത്തിയതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ ഖലിസ്ഥാന്‍ തീവ്രവാദികളുടെ അഴിഞാട്ടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ അനുഭവം. അതേസമയം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം എന്ന ലേബലില്‍ നടത്തുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും അതിനോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന സമീപനവും സമാന്തരമായി കാണാം. 

സോളാര്‍ വിഷയത്തില്‍ എല്‍ ഡി എഫും സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ യു ഡി എഫും സമരം ചെയ്യും. ബാബു രാജിവെയ്ക്കാന്‍, മാണി രാജിവെയ്ക്കാന്‍, ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍... അങ്ങനെയങ്ങനെ എല്‍ ഡി എഫും ജലീല്‍ രാജിവെയ്ക്കാന്‍, ഇ പി ജയരാജന്‍ രാജിവെയ്ക്കാന്‍, എം സി ജോസഫൈന്‍ രാജിവെയ്ക്കാന്‍... അങ്ങനെയങ്ങനെ യു ഡി എഫും വന്‍ പ്രക്ഷോഭങ്ങളെന്ന നാട്യേന സമരം ചെയ്യും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് അധികാരമുറപ്പിക്കാനുള്ള ചെറിയ വ്യായാമാങ്ങളാണ് അത് എന്ന് പരസ്പരം അറിയാവുന്നതുകൊണ്ട്‌ വളരെ സൌമാനസ്യത്തോടെയാണ് ഇരുമുന്നണികളും ഈ സമരങ്ങളെ നോക്കിക്കാണാറുള്ളത്. അതുകൊണ്ടുതന്നെ അധികാരത്തിലേറിയാല്‍ തങ്ങള്‍ മുന്‍പ് സമരം ചെയ്ത വിഷയങ്ങള്‍ അവര്‍ പരിഗണനയ്ക്ക് എടുക്കാറേയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്‍റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. 

കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ പൊലീസ് നടപടികള്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

1. ഈ നാട്ടില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് സമരങ്ങള്‍ ഉണ്ടാകാന്‍ പാടില്ലേ?

2. സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് അത് പറയാന്‍ പാടില്ലേ?

3. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സമരങ്ങളെ മുന്‍കാല പ്രാബല്യത്തോടെ ഗുണ്ടാ പ്രവര്‍ത്തനമായി വരവ് വെയ്ക്കുമോ?

ചോദ്യങ്ങള്‍ വളരെ ഡയറക്ടാണ്. അത് മറ്റാരോടുമല്ല, കേരളത്തിലെ ആഭ്യന്തര മന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയനോടാണ്. 'ഓപ്പറേഷന്‍ കാവല്‍' എന്ന പേരില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 18 ന് ആരംഭിച്ച പദ്ധതിയനുസരിച്ചാണത്രേ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പലരുടെയും ഫോണുകളിലേക്ക് വിളികള്‍ വരികയാണ്. മാധ്യമ പ്രവര്‍ത്തകര്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെടാത്ത സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍ തുടങ്ങിയവരില്‍ പലരെയും 'ഓപ്പറേഷന്‍ കാവല്‍' അനുസരിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിളികള്‍ എന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. സാമ്പത്തീക കുറ്റകൃത്യങ്ങള്‍, ഹവാലാ ഇടപാട്, മയക്കുമരുന്ന്, ബ്ലേഡ്, മണല്‍ മാഫിയകള്‍, കള്ളനോട്ടടിക്കാര്‍ തുടങ്ങിയവരെയാണ് കാപ്പാ നിയമം ലക്‌ഷ്യം വെയ്ണ്ക്കുന്നത് എന്ന് അതുമായി ബന്ധപ്പെട്ട രേഖകളില്‍ നന്ന് വ്യക്തമാണ്. ആ  നിയമത്തിന്റെ പരിധിയില്‍ എങ്ങിനെയാണ് രാഷ്ട്രീയ സമരങ്ങളില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്താനാവുക എന്ന് പൊലീസും അഭ്യന്തര വകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രിയും വ്യക്തമാക്കണം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയയിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുകയും പേരും ഊരും ചോദിക്കുകയും പ്ലാച്ചിമട സമരത്തില്‍ പങ്കെടുത്തിട്ടില്ലേ എന്ന്ചോദിക്കുകയും ചെയ്തതായി അദ്ദേഹം തന്നെ സമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് പരിപാടിയെങ്കില്‍ അഡ്രസ്സ് തരാന്‍ സൌകര്യമില്ല എന്ന പ്രതികരണത്തിന്, നിന്നെ വന്നു പൊക്കിക്കൊളാം എന്നായിരുന്നുവത്രേ മറുപടി. സമാനമായ മറ്റൊരു ഭീഷണിക്കോള്‍ വന്നത് എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണ്. ഇതുവരെ യാതൊരു ക്രിമിനല്‍ കേസിലും പെട്ടിട്ടില്ലാത്ത രണ്ടു പേരേ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയെന്നായിരുന്നു അറിയിപ്പ്. ഇതിങ്ങനെ അന്വേഷിച്ച് ചെന്നപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി പേരെ പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് ബന്ധപ്പെട്ടതായി അറിയുന്നു. പലരും അക്ടീവിസ്റ്റുകള്‍ പോയിട്ട് സാമൂഹ്യമാധ്യങ്ങളില്‍ പോലും സജീവമല്ല. ചിലരൊക്കെ ഏതൊക്കെയോ ജനകീയ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അത്രമാത്രം. അതുകൊണ്ടാണ് വീണ്ടും ചോദിക്കുന്നത് തൊഴിലാളി,  കര്‍ഷക, ബഹുജന സമരങ്ങളിലൂടെ ശക്തിപ്പെട്ട ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലേ എന്ന്.  ആര്‍ക്കെതിരെയും എന്തു ചെയ്യാനും, ആരെയും വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്താനും കേരളാ പോലീസിന് ആരാണധികാരം നല്‍കിയത്? ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞേ മതിയാകൂ. അതല്ല 'പൊലീസിന്‍റെ മനോവീര്യം കെട്ടുപോകും' എന്ന ആ പഴയ മറുപടി തന്നെയാണ് താങ്കളുടെ കയ്യില്‍ ഉള്ളത് എങ്കില്‍, അത് കയ്യില്‍ തന്നെ വെച്ചാല്‍ മതി. പോലീസിന് മാത്രമല്ല മനുഷ്യരായ മനുഷ്യര്‍ക്കൊക്കെ ആത്മാഭിമാനവും മനോവീര്യവും സ്വതന്ത്രമായ അഭിപ്രായങ്ങളുമുണ്ട്. അതില്ലാതാക്കണം എന്ന ലക്ഷ്യത്തോടെ പൊലീസ് പ്രവര്‍ത്തിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് നിരായുധരായ, അധികാരത്തിന്റെ പിന്‍ബലമില്ലാത്ത മനുഷ്യരുടെ മേല്‍ കടന്നുകയറാനുള്ള പൊലീസിന്‍റെ നീക്കങ്ങള്‍ അവസാനിപ്പിച്ച് പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര മന്ത്രി തയാറാകണം എന്ന് മാത്രമേ പറയാനുള്ളൂ. 

പൊലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ടവരാണ് എന്ന വളരെ അടിസ്ഥാനപരമായ ബോധ്യം ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും വകുപ്പ് മന്ത്രിക്കും ഉണ്ടായിരിക്കണം. എങ്കിലേ, സര്‍വ്വ അധികാരങ്ങളും താലത്തില്‍ വെച്ചുകിട്ടിയ പൊലീസിന് ആ ബോധ്യമുണ്ടാകൂ.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More