ശിവശങ്കറിനെ വേട്ടയാടിയ മാധ്യമങ്ങൾ ഒരുനാൾ മാപ്പ് പറയേണ്ടി വരും - അഡ്വ. ഹരീഷ് വാസുദേവന്‍

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ സര്‍ക്കാര്‍ പിൻവലിച്ചിരിക്കുകയാണ്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടതിന്‍റെ പേരിലും, ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതിൻ്റെ പേരിലുമായിരുന്നു അദ്ദേഹത്തെ സസ്പെന്‍റ് ചെയ്തിരുന്നത്. എന്നാല്‍ ശിവശങ്കര്‍ വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളും മാധ്യമങ്ങളും അദ്ദേഹത്തെ അന്യായമായി വേട്ടയാടുകയായിരുന്നുവെന്നും വിലയിരുന്ന നിരവധി ഇടതു പ്രൊഫൈലുകള്‍ ഉണ്ട്. പ്രതിപക്ഷമാകട്ടെ ശിവശങ്കറിനെ വീണ്ടും സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നതിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുമുണ്ട്.

ശിവശങ്കറിനെ അന്യായമായി മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്നും മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിലയിരുത്തുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി. ശിവശങ്കർ പുണ്യവാളനേയല്ല. എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറയുന്നു. 

ഹരീഷിന്‍റെ കുറിപ്പ്:

"ശിവശങ്കർ IAS" എന്നു തിരഞ്ഞാൽ ഇപ്പോൾ കാണാനും കേൾക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവൻ സർക്കാർ സർവീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുൻപിൽ വരുന്ന മനുഷ്യർക്കും വരാൻ കഴിയാത്ത മനുഷ്യർക്കും കഴിയാവുന്ന സഹായം ചെയ്യാൻ ശ്രമിച്ച ഒരാളുടെ കഥയല്ല, മറിച്ച് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്. കെട്ടുകഥകളേ തോൽപ്പിക്കുന്ന അതിശയകഥകൾ മെനഞ്ഞു "ഉണ്ടത്രേ" കൾ ചേർത്തു ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ച മാധ്യമങ്ങളുടെ ആകെ സംഭാവനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ കൊട്ടേഷൻ സംഘങ്ങളായി അധഃപതിച്ചതിൽ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ചവരെപ്പറ്റി ആണ് ഓർക്കുന്നത്.

ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്പ്രൊപോർഷനേറ്റായി ആണ്. മറ്റൊരാളും ജീവിതത്തിൽ ഈയളവിൽ മാധ്യമവേട്ട സഹിച്ചു കാണില്ല. തെരഞ്ഞെടുപ്പായിരുന്നു എല്ലാവരുടെയും കാരണം, അത് കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസിൽ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ചു. കേസുകൾ മാറ്റി.

സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി നിയമിച്ചു എന്ന ആക്ഷേപത്തിലാണ് അന്വേഷണവിധേയമായ ആദ്യ സസ്‌പെൻഷൻ. കുറ്റപത്രത്തിനു ശിവശങ്കർ അക്കമിട്ടു മറുപടി നൽകി. രണ്ടുവശവും പരിശോധിച്ചു അതിലെ സത്യാവസ്ഥ പുറത്തു വന്നോ? ഇല്ല, അന്വേഷണം പോലും പൂർത്തിയാക്കിയിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്നു എന്ന കാരണത്തിലാണ് രണ്ടാമത്തെ സസ്‌പെൻഷൻ. അതിനും ശിവശങ്കർ മറുപടി നൽകി. അത് പരിഗണിച്ചു അന്തിമതീരുമാനം വന്നിട്ടില്ല.

ഒരു വർഷത്തിലധികം IAS കാരെ സസ്‌പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാരിന്റെ അനുവാദം വേണം, എഴുതിനോക്കി, കിട്ടിയില്ല. സസ്‌പെൻഷൻ കാലാവധി തീർന്നു, അതുകൊണ്ട് തിരിച്ചെടുക്കാതെ നിവർത്തിയില്ല, സംസ്ഥാന സർക്കാർ ഇന്ന് ശിവശങ്കർ IAS നെ തിരിച്ചെടുത്തു. 

"ശിവശങ്കർ പുണ്യവാളൻ ആണോ, നിങ്ങളും എതിർത്തിട്ടില്ലേ" എന്നു ചോദിച്ചിരുന്നു ചിലർ. പുണ്യവാളനേയല്ല, എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. ചില സെക്രട്ടേറിയേറ്റ്  ഉദ്യോഗസ്ഥരെ പോലെ ഫയലിൽ അടയിരിക്കാത്തത് കൊണ്ട്, തെറ്റുകൾ പറ്റിയിട്ടുണ്ട്. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ED യുടെയും കസ്റ്റംസിന്റെയും കേസുകൾ കേസിന്റെ വഴിക്ക് നടക്കട്ടെ, അതിന്മേൽ ഇപ്പോഴൊന്നും പറയുന്നില്ല.

സ്പ്രിംഗ്‌ളർ വിഷയത്തിൽ അടക്കം ചിലതിൽ അതിശക്തമായി ഞാൻ ഈ ഉദ്യോഗസ്ഥനെ എതിർത്തിട്ടുണ്ട്, അത് നിലപാടുകളുടെ പേരിൽ. ഇനിയും എതിർക്കും. പക്ഷെ, ചെയ്യാത്ത തെറ്റിനുള്ള വ്യക്തിഹത്യയിലൂടെ അല്ല. കൊട്ടേഷൻ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങൾ ഒത്താശ പാടി. പറ്റാവുന്നത്ര ശക്തമായി ഞാൻ പ്രതിഷേധിച്ചു. അത് ശിവശങ്കറിന് വേണ്ടിയല്ല, എനിക്കും ഇവിടെ ജീവിക്കുന്ന മറ്റു പൗരന്മാർക്കും വേണ്ടി. അതിന്റെ പേരിൽ എനിക്ക് പോകുന്ന ചില ചാനലുകളുടെ സ്‌പേസ് പോട്ടെ എന്നുവെച്ചു.

നുണകൾ നിറച്ച വാർത്തകളാൽ ഇയാളെ വേട്ടയാടിയ മാധ്യമങ്ങൾ ഒരുനാൾ മാപ്പ് പറയേണ്ടി വരും, മാനനഷ്ടത്തിന് കേസ് നടത്താൻ ഇങ്ങേര് തീരുമാനിച്ചാൽ മാധ്യമങ്ങൾ നഷ്ടപരിഹാരം നൽകേണ്ടി വരും. ഏത് മാർക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശരി, ശിവശങ്കർ IAS ന്റെ ജീവിതത്തോട് മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കിൽ നാളെ അതിനു വില കൊടുത്തില്ലെങ്കിൽ, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളിൽ മാത്രം വായിക്കാനുള്ള വാക്കുകളാകും. തലയുയർത്തിപ്പിടിച്ചു പറയും, ഈ കല്ലെറിഞ്ഞവരുടെ കൂട്ടത്തിൽ ഞാനുണ്ടായിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More