അവള്‍ പോരാളി; നിലപാടിലും അതിജീവനത്തിലും - ക്രിസ്റ്റിന കുരിശിങ്കല്‍

വേട്ടക്കാരനൊപ്പം നിന്ന് ഇരയെ വീണ്ടും ആക്രമിക്കുന്നവരുടെ മുന്‍പിലേക്ക് തന്‍റെ സ്വത്വം വെളിപ്പെടുത്തി അവള്‍ രംഗത്തെത്തിയിരിക്കുന്നു. അവളുടെ ജീവിതത്തിലെ അഞ്ച് വര്‍ഷങ്ങള്‍ അത്ര നിസാരമായിരുന്നില്ല. എങ്കിലും സമൂഹം കല്‍പ്പിച്ചു നല്‍കിയ സാമൂഹിക ഭ്രഷ്ടില്‍ അവള്‍ തള്ളി നീക്കിയത് ഒരു നീണ്ടകാലയളവാണ്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ ശാരീരികമായി മാത്രമല്ല മാനസികമായും തകര്‍ന്നുപോകുന്നുണ്ട്. ശരീരത്തിലെ മുറിവുകളെക്കാള്‍ അവളെ തകര്‍ത്ത് കളയുന്നത് മാനസികമായി ഏല്‍പ്പിക്കുന്ന മുറിവുകളാണെന്ന് പലപ്പോഴും സമൂഹം തിരിച്ചറിയുന്നില്ല. ഇരയാക്കപ്പെടുന്ന ഓരോ സ്ത്രീയെയും കാത്തിരിക്കുന്നത് ഇരയാക്കപ്പെടുമ്പോള്‍ അനുഭവിച്ച വേദനയുടെ തുടര്‍ച്ച തന്നെയാണ്. സ്ത്രീക്ക് മാത്രം കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന പവിത്ര കന്യകാ പദവിയുടെ നഷ്ടം. അവളെ ജീവിക്കാന്‍ കൊള്ളരുതാത്തവളായി മാറ്റുകയാണ്. സമൂഹത്തിന്റെ ഈ മനോഭാവം ഇങ്ങനെത്തന്നെ തുടരുന്നിടത്തോളം ഇരകള്‍ ഇരുട്ടറകളിലേക്ക് തള്ളിനീക്കപ്പെടുകയും പ്രതികള്‍ പ്രമുഖര്‍ക്കൊപ്പം വേദികള്‍ പങ്കിടുകയും ചെയ്യും.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലോ സാഹചര്യത്തെളിവുകളാലോ പ്രതിയെ പിടികൂടിയാലും നമ്മുടെ മുന്‍പില്‍ എത്രയോ ഗോവിന്ദച്ചാമിമാര്‍ നിയമത്തിന്‍റെ ആനുകൂല്യം പറ്റി ജയിലറകളില്‍ സുന്ദരന്മാരായി ജീവിക്കും. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞത് പ്രതിക്കും അവകാശങ്ങള്‍ ഉണ്ടെന്നാണ്. അതെ, ഈ അവകാശത്തെക്കുറിച്ച് സമൂഹത്തിന് ബോധ്യം ഉണ്ടായിരുന്നെങ്കില്‍ നടിക്ക് അഞ്ച് വര്‍ഷം തന്‍റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരേണ്ടിവരില്ലായിരുന്നു. കുറ്റാരോപിതരായ വ്യക്തികള്‍ തങ്ങള്‍ക്ക് വേണ്ടി പണമെറിഞ്ഞ് സ്വയം പ്രമോഷന്‍ നടത്തിയാണ് മികച്ചൊരു ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തന്‍റെ കരിയറിലെ മികച്ച കുറെ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അവള്‍ക്ക് ഒതുങ്ങികൂടേണ്ടിവന്നു. എല്ലാവരുടെയും കല്ലേറുകള്‍ കൊണ്ട് അവള്‍ മറഞ്ഞിരുന്നു. എന്നാല്‍ ഇര എപ്പോഴും നിശബ്ദയായിരിക്കണം എന്ന സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടിനെ വലിച്ചെറിഞ്ഞുകൊണ്ട് ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ അവള്‍ ഇന്ന് തയ്യാറായിരിക്കുന്നു. കേരളത്തില്‍ എത്രയോ സംഭവ ബഹുലമായ പീഡനക്കേസുകള്‍ നമുക്ക് പരിചിതമായി ഉണ്ട്. എല്ലാ ഇരകള്‍ക്കും സമൂഹവും ഒരു പേര് നല്‍കും. വാളയാര്‍ പെണ്‍കുട്ടി, ഡല്‍ഹി പെണ്‍കുട്ടി, സൂര്യനെല്ലി പെണ്‍കുട്ടി, കൊട്ടിയൂര്‍ പെണ്‍കുട്ടി..  അങ്ങനെ അങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റുകള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് അവള്‍. 

പെണ്ണിനെ ഒരു ലൈംഗീക വസ്തുവായി മാത്രം കാണുന്ന സമൂഹത്തിന് അവളിലെ വ്യക്തിത്വത്തെയോ, സ്വപനത്തെയോ കാണാനോ മനസിലാക്കാനോ സാധിച്ചെന്ന് വരില്ല. പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് ദിവസത്തെ ഹാഷ് ടാഗായി മാത്രം മാറുന്ന പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. കാമഭ്രാന്തന്മാര്‍ വലിച്ചുകീറുന്നത് പെണ്ണുടലിനെ മാത്രമല്ല, അവളുടെ സ്വപ്നനങ്ങളെയും കുടുംബത്തിന്‍റെ പ്രതീക്ഷയേയുമാണ്. വലിച്ചുകീറിയ ഉടലില്‍ ജീവന്‍റെ തുടിപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ അവള്‍ അനുഭവിക്കേണ്ടിവരുന്ന വേദന അത്ര നിസാരമായിരിക്കില്ല.  ചുറ്റുമുള്ളവരുടെ അടക്കം പറച്ചിലുകള്‍ക്കും കളിയാക്കലുകള്‍ക്കും അനുകമ്പയില്ലാത്ത സഹതാപ പ്രകടനങ്ങള്‍ക്കും മറുപടി പറയാനാകാതെ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികള്‍ നമുക്ക് പുതിയ ഒരനുഭവമല്ല. പെണ്ണ് വെറുമൊരു ഉടല്‍ മാത്രമായി പോകുന്നതാണ് ഇതിനെല്ലാം കാരണം.

ചില പ്രധാന പീഡനക്കേസുകള്‍ - ഒരു ഓര്‍മ്മപ്പെടുത്തല്‍  

ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്. ലോകത്തിന് മുന്‍പില്‍ ഇന്ത്യക്ക് തലക്കുനിക്കേണ്ടി വന്ന ചില കേസകള്‍ കൂടി നാം ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. 1976ല്‍ അരുണാ ഷാന്‍ ബാഗ് എന്ന സ്ത്രീയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകന്‍ ലൈംഗീകമായി ഉപയോഗിക്കുകയും ചങ്ങലയില്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നോക്കുകയും ചെയ്തു. ഈ ആക്രമണത്തെ തുടര്‍ന്ന് കോമയിലായ അരുണ 2015 ലാണ് മരണപ്പെടുന്നത്. തന്‍റെ നല്ല പ്രായം മുഴുവന്‍ ഒരു ബെഡില്‍ കിടന്ന് തീര്‍ക്കേണ്ടി വന്നുവെന്നത് എത്ര വേദനിപ്പിക്കുന്ന ഒരോര്‍മ്മയാണ്.

1986-ല്‍ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തിലെ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജും വെടിവെപ്പും ഉണ്ടാവുകയും അന്ന് രാത്രി പൊലീസ് ഒരു സംഘമായി വന്ന് ആ പ്രദേശത്തെ നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്നത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. കൊൽക്കത്തയിൽ ധനഞ്ജയ് ചാറ്റർജി എന്നയാള്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അയാള്‍ക്ക് പിന്നീട് തൂക്ക് കയര്‍ ലഭിച്ചു.  ആ പെണ്‍കുട്ടിക്കും അത്തരമൊരു ജീവിതം തന്നെയാണ് ലഭിച്ചത്. അവള്‍ ജീവഛവമായിജീവിച്ചു,  വിവാഹവാഗ്ദാനം നല്‍കിയാണ് സുര്യനെല്ലി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കേസില്‍ പ്രതികളായ 42 പേരിൽ 37 പേർ, 40 ദിവസത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2001-ല്‍ മഞ്ചേരിയിൽ സ്‌കൂള്‍ വിട്ടുവരുന്ന വഴി പതിമൂന്ന് വയസുകാരിയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തി. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. 2009-ല്‍ പൂനയിലെ ഒരു ഐടി കമ്പനിയിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ലാണ് വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ വെച്ച് ഗോവിന്ദച്ചാമി എന്നയാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊല്ലുന്നതും. ജയിലില്‍ വളരെ സുഖമായി ഈ പ്രതി ഇപ്പോഴും ജീവിക്കുന്നുണ്ട്. 2012 ലാണ് ഡല്‍ഹിയിലെ ബസില്‍ വെച്ച് ഒരു പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്. തുടര്‍കഥപോലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുമ്പോഴും സദാചാര വാദികളുടെ ആദ്യത്തെ ചോദ്യം പെണ്‍കുട്ടിയുടെ രാത്രിയിലെ യാത്രയെക്കുറിച്ചാണ് . ഇതില്‍ ഈ പെണ്‍കുട്ടിയെ ഏറ്റവും വൈകൃതമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയായിരുന്നു എന്ന് ആരും വിസ്മരിക്കരുത്. നിയമ വിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ ക്രൂരപീഡനത്തിന് ഇരയാക്കിയത് 2016-ലാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കന്യാസ്ത്രിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതും ഈ അടുത്ത കാലത്താണ്. 2019-ല്‍ 27-കാരിയായ വെറ്റിറിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ ഹൈദരാബാദിന് സമീപം ഒരു ഫ്ലൈ ഓവറിനടിയിൽ നിന്ന് കണ്ടെത്തി. 2019-ല്‍  ബലാത്സംഗത്തിനിരയായ ഉന്നാവോയിലെ മറ്റൊരു പെൺകുട്ടിയെ പ്രതികളടങ്ങിയ സംഘം തീകൊളുത്തി കൊന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടാറാണ് പതിവ്. 

പെണ്‍കുട്ടികള്‍ക്ക് വീട്ടുജോലികള്‍ അറിഞ്ഞിരിക്കണം, കാലിന്‍റെ മുകളില്‍ കാല് കയറ്റിവെയ്ക്കരുത്, സന്ധ്യാസമയത്ത് യാത്രകള്‍ ചെയ്യരുത്... ഇങ്ങനെ ഒരു കൂട്ടം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കുടുംബത്തിലുള്ളവര്‍ക്കും സമൂഹത്തിനും കാമവെറിയില്‍ പെണ്ണിനെ കേറിപ്പിടിക്കുന്ന  പുരുഷന്‍മാരോട് ഒന്നും പറയാനില്ല. ഈ സദാചാരവാദികളോടാണ് താനാണ് ആക്രമിക്കപ്പെട്ട നടിയെന്നും തന്‍റെ ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി എന്നും തുറന്നു പറഞ്ഞുകൊണ്ട് അവള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില വാക്കുകള്‍ക്ക് അതികഠിനമായ പ്രഹരശേഷിയാണ്. അതെ  'അവള്‍' പോരാളിയാണ് നിലപാടിലും അതിജീവനത്തിലും. നഷ്ടപ്പെട്ട തന്‍റെ ഇടം അവള്‍ തിരികെ സ്വന്തമാക്കുന്ന നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Views

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

More
More
Views

നടിമാര്‍ മിണ്ടിത്തുടങ്ങുമ്പോള്‍ വീണുടയുന്നത് ആരുടെ പടം?- മൃദുല ഹേമലത

More
More
Views

ഗായകന്‍ യേശുദാസ് @ 82; പാട്ടുകാലത്തിലെ അദ്വിതീയന്‍- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P P Shanavas 1 week ago
Views

പട്ടണത്തെ മണ്ണടരുകള്‍ പറയുന്നത്- പി പി ഷാനവാസ്

More
More
Sufad Subaida 1 week ago
Views

പിണറായി... സമരങ്ങള്‍ ഗുണ്ടാ പ്രവര്‍ത്തനമാണോ? - സുഫാദ് സുബൈദ

More
More
K K Kochu 1 week ago
Views

കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റെയിലിനെ എതിര്‍ക്കുന്നത് ചരിത്രമറിയാതെ- കെ കെ കൊച്ച്

More
More