സിപിഎം വിമര്‍ശനം, ദളിത്‌ ജീവിതം: കെ കെ കൊച്ചും ഡോ. ആസാദും നേര്‍ക്കുനേര്‍

ഡോ. ആസാദ് മലയാറ്റിലിന്നൊരു നീണ്ടെഴുത്ത്

ആസാദ് സി.പി.എമ്മിനെ അസാധ്യമായ വര്‍ഗ്ഗസമരത്തിലേക്ക് നയിക്കുന്നു- കെ കെ കൊച്ച്

വ്യക്തിപരമായ വിദ്വേഷംകൊണ്ടല്ല; മറിച്ച് സാമൂഹ്യ-രാഷ്ട്രീയാവബോധത്തില്‍ ഇതര രാഷ്ട്രീയനിരീക്ഷകരേക്കാള്‍ താങ്കള്‍ മികവ് പുലര്‍ത്തുന്നതിനാല് ഈ നീണ്ടെഴുത്ത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം- അതെത്ര ദുര്‍ബലമാണെങ്കിലും നിലനില്ക്കുന്നത് നയത്തിന്‍റെയും പരിപാടിയുടെയും അടിത്തറയിലാണ്. ഇപ്രകാരമുള്ള നയവും പരിപാടിയുള്ളതും അതിന്‍റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം ഉം അത് നയിക്കുന്ന ഗവണ്‍മെന്‍റും. ഇക്കാര്യങ്ങള്‍ തിരിച്ചറിയാതെ, ഹിന്ദുത്വത്തിന്‍റെ ഒസ്യത്തായ പ്രമാണവാദത്തിലൂടെ, സി.പി.എമ്മിന്‍റെ ചിപുരാതന നയപരിപാടികള്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ താങ്കളുടെ വാക്കുകള്‍ കോണ്‍ഗ്രസിന്‍റെയോ ബി.ജെ.പിയുടെയോ രക്ഷാകവചങ്ങളായി മാറുകയാണ് സാര്‍വ്വദേശീയവും ദേശീയവും കേരളീയവുമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പുതിയൊരു ബദല്‍ അനിവാര്യമാക്കിയിരിക്കേ, വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെതിരെ ഇപ്രകാരമൊരു രാഷ്ട്രീയ സങ്കല്‍പ്പനം രൂപംകൊണ്ടതിനാലാണ് റഷ്യയിലും ചൈനയിലും ഇന്‍ഡ്യയിലുമടക്കം മാറ്റങ്ങള്‍ നടന്നത്. താങ്കള്‍ സി.പി.എമ്മിനെ അസാധ്യമായ വര്‍ഗ്ഗസമരത്തിലേക്കും വിപ്ലവത്തിലേക്കും നയിക്കാന്‍ പഴയ കാലത്തെ പടക്കുറുപ്പന്മാരെപ്പോലെ പടനയിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഈ ദൗത്യം മുഖ്യകടമയാക്കിയിരിക്കുന്ന ആസാദിന് ഞങ്ങളെ (ദലിതരെ) ക്കുറിച്ചെന്തറിയാം?

എന്‍റെയും നിങ്ങളുടെയും അച്ഛന്മാരോ മുത്തച്ഛന്മാരോ കോണ്‍ഗ്രസ്സുകാരോ കമ്മ്യൂണിസ്റ്റുകാരോ ആയിരുന്നപ്പോഴാണ് പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നത്. ഇക്കാലത്ത് നായര്‍ക്കും ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ലഭിച്ചമാതിരി ഭൂമി ദലിതര്‍ക്കും നല്‍കണമെന്ന് മുന്‍ ചൊന്നവരാരെങ്കിലും വാദിച്ചിരുന്നുവോ? ഇല്ലെന്നുള്ളതല്ലേ വസ്തുത? ഇതിനര്‍ത്ഥം ഭൂപരിഷ്കരണം നടപ്പാക്കിയവരെപ്പോലെ ഇപ്പോള്‍ പഴി പറയുന്നവരും കുറ്റക്കാരാണെന്നാണ്. എന്‍റെ സമുദായത്തെക്കുറിച്ചു പറഞ്ഞാല്‍, ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍, എന്തുകൊണ്ടാണ് ദലിതര്‍ക്ക് കുടികിടപ്പ് (10, 5, 3 സെന്‍റുകള്‍) നല്‍കിയതെന്ന് ഗീത, കെ.ആര്‍ ഗൗരിയമ്മയോട് ചോദിക്കുന്നുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാനാരുമില്ലെന്നായിരുന്നു മറുപടി. അന്ന്, പി.കെ. ചാത്തന്‍മാസ്റ്റര്‍, പി.കെ. കുഞ്ഞച്ചന്‍, എം.കെ. കൃഷ്ണന്‍ എന്നിവര്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സമുന്നത നേതാക്കളായിരുന്നു. അവരാരും സ്വന്തം ജീവിതത്തിലേക്കും സമുദായത്തിലേക്കും നോക്കിയില്ലെന്നുള്ളതല്ലേ വസ്തുത?

പിന്നീട് സംഭവിച്ചതെന്താണ്? കോളനിവാസികളടക്കമുള്ള ഇരകള്‍ തെരുവിലിറങ്ങി. 'നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍; നേടാനുള്ളത് പുതിയൊരു ലോകം' എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. (ആസാദും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്) മുന്‍ചൊന്ന മുദ്രാവാക്യത്തിന്‍റെ ലഹരിയില്‍; ദാരിദ്ര്യം, ഭൂമിയില്ലായ്മ, തൊഴിലില്ലായ്മ, സ്ത്രീകളുടെ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസമില്ലായ്മ;- ഇതിനെല്ലാം കാരണമായ വ്യക്തിയുടെയും സമുദായത്തിന്‍റെയും സ്വകാര്യസ്വത്തവകാശം ദലിതര്‍ മറക്കുകയായിരുന്നു. ഈ മറവി കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, ആസാദിനെപ്പോലുള്ള സാംസ്കാരിക നായകന്മാരും ഉദാരമാനവികതാവാദികളും സൃഷ്ടിച്ചതാണ്. വിശദീകരിക്കാം; തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയും, അതില്‍ അംഗങ്ങളായിരുന്ന അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, ജോണ്‍ ജോസഫ്, പാമ്പാടി എന്നീ ദലിത് പ്രതിനിധികള്‍ വാദിച്ചത്. കഠിനാധ്വാനം ആവശ്യമുള്ള ഹീന ജോലികളായിരുന്നില്ല, മറിച്ച് ഭൂവുടമസ്ഥതയടക്കമുള്ള സ്വത്തുടമസ്ഥതയും വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലികളുമാണ്. ഇക്കാലത്ത് ക്രിസ്ത്യന്‍ മിഷണറിമാരും, വാര്‍ഡ് ആന്‍റ് കോണര്‍ മുതല്‍ പി.കെ ബാലകൃഷ്ണന്‍ വരെയുള്ളവര്‍ എഴുതിയതുപോലെ ദലിതര്‍ ആജീവനാന്ത അടിമകളായിരുന്നില്ല. അവരിലൊരു വിഭാഗം മുന്‍കാലങ്ങളില്‍ ഈഴവരേയും ക്രിസ്ത്യാനികളേയും മറ്റൊരുവിധത്തില്‍ നായന്മാരെപ്പോലെയും അടിമത്തം പേറിയിരുന്നുവെന്നത് വസ്തുതയാണ്. അതേസമയം ദലിതരിലൊരു വിഭാഗം ഭൂവുടമസ്ഥരുമായിരുന്നു. റോബിന്‍ ചൂണ്ടിക്കാട്ടുന്നത്. 1891-ലെ സെന്‍സസ്സില്‍ തിരുവിതാംകൂറിലെ ഈഴവരുടെ ഭൂവുടമസ്ഥത 4 ശതമാനമായിരുന്നെങ്കില്‍ പുലയരുടേത് 3 ശതമാനമായിരുന്നെന്നാണ്. ഈ സ്വത്തുടമസ്ഥതയെ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനമായിരുന്നു നവോത്ഥാനം.

എന്നാല്‍, ദലിതരുടെ നവോത്ഥാനപാരമ്പര്യത്തെ അദൃശ്യമായി, നമ്പൂതിരിയും നായരും ഈഴവനും, ക്രിസ്ത്യാനിയും മുസ്ലീമും ഗാന്ധിയന്‍ രാമരാജ്യത്തിനും സോഷ്യലിസത്തിനും വേണ്ടി സമരം ചെയ്തപ്പോള്‍, എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും, കത്തോലിക്കാസഭയും, എം.ഇ.എസ്സും ആദ്യം എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളും പിന്നീട് സ്വാശ്രയകോളേജുകളും പടുത്തുയര്‍ത്തി. ഈ സ്ഥാപനങ്ങളിലേക്ക് ഓരോ വര്‍ഷവും ഒഴുകിയെത്തുന്നത് 17,000 കോടി രൂപയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ആസാദും, കെ. സച്ചിദാനന്ദനും, വിപ്ലവ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പോളിറ്റും ബ്യൂറോ മെമ്പര്‍ പി.ജെ. ജെയിംസും ജോലി ചെയ്തിരുന്നപ്പോള്‍ കൂടെ ഒരു ദലിതനില്ലാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി രേഖകളില്ല. ആസാദടക്കം മുന്‍ചൊന്നവരാരും 1957-ലെ വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് അറിഞ്ഞതേയില്ല. കഥ തുടരുകയാണ്. മുകളില്‍ കൊടുത്ത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ ലോകമെമ്പാടും തൊഴിലെടുക്കുന്നവരും സംരംഭകരുമായി മാറുകയായിരുന്നു. ഈ എന്‍.ആര്‍.ഐക്കാര്‍ ചൊരിഞ്ഞ പണം സിമന്‍റ്-ഇരുമ്പ്-ഇഷ്ടിക കടക്കാരനും വ്യാപാരികള്‍ക്കും മാധ്യമ-സിനിമാ പ്രവര്‍ത്തകര്‍ക്കും ലഭിച്ചപ്പോള്‍ ദലിതര്‍ക്ക് ലഭിച്ചത് പൊരിവെയിലത്തുള്ള നിര്‍മ്മാണ തൊഴില്‍ മാത്രമായിരുന്നു. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞത് സംവരണത്തിലൂടെ ചെറുകിട സ്വത്തുടമസ്ഥരായ, ഉദ്യോഗസ്ഥന്മാരായ ദലിതരാണ്. അവര്‍, ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് സ്വന്തം ചരിത്രാനുഭവങ്ങളേയും, ആശയലോകത്തേയും വീണ്ടെടുത്തത്. ഫലമോ, ദലിതരുടെ ജീവിതാവസ്ഥ തിരിച്ചറിയപ്പെട്ടതിന്‍റെ ഫലമായുള്ള ആശയ-പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം നേര്‍ക്കാഴ്ചകളില്ലാതെ ദലിതരെ കൂട്ടിക്കെട്ടിയുള്ള സി.പി.എമ്മിന്‍റെ വര്‍ഗ്ഗസമരമാണ് ആസാദ് വിഭാവനം ചെയ്യുന്നത്. എഫ്.ബിയിലൂടെ വഴിഞ്ഞൊഴുകുന്ന അദ്ദേഹത്തിന്‍റെ ഉദാരമാനവികതാവാദം അസഹ്യമായതിനാലാണ് ഇപ്രകാരം എഴുതേണ്ടിവന്നത്. അവസാനമായി കമ്മ്യൂണിസ്റ്റ് സാര്‍വ്വദേശീയഗാനത്തിലെ ഒരു വരി ചൂണ്ടിക്കാട്ടുന്നു, "വേണ്ട, വേണ്ട മുകളില്‍ നിന്നിറങ്ങി വന്ന രക്ഷകര്‍".

XXXXX XXXXX XXXX XXXXX 

കെ കെ കൊച്ചിന് ഡോ. ആസാദിന്‍റെ മറുപടി 

വര്‍ഗസമരത്തെ സിപിഎം തള്ളിപ്പറഞ്ഞത് ഞാന്‍ അറിഞ്ഞില്ല- ഡോ. ആസാദ്

കെ കെ കൊച്ച് എഴുതിയത് വായിച്ചു. അത് എനിക്കുള്ള വിമര്‍ശനമായല്ല ചില കാര്യങ്ങളുടെ വെളിപ്പെടുത്തലായാണ് തോന്നിയത്. സംവാദ സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് കൊച്ച് എഴുതുന്നത്. ആദരണീയമാണ് ആ രീതി.

'നയത്തിലും പരിപാടിയിലും ഊന്നി നിലപാടുകള്‍ സ്വീകരിക്കുന്ന സി പി എമ്മിനെയും സംസ്ഥാന സര്‍ക്കാറിനെ'യും ഞാന്‍ തിരിച്ചറിയുന്നില്ല എന്നാണ് ആദ്യ വിയോജിപ്പ്.  ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം സി പി എം അതിന്റെ പരിപാടിക്ക് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത് എന്നുതന്നെയാണ്. കോര്‍പറേറ്റ് വികസന തീവ്രവാദത്തോട് കേരളത്തിലെ സി പി എമ്മും കേരളത്തിനു പുറത്തെ സി പി എമ്മും വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ഏകീകൃതമായ ഒരു പരിപാടിയോ നയമോ ഇല്ലാത്തതിനാലാണ്. അല്ലെങ്കില്‍ അതു ലംഘിക്കുന്നതുകൊണ്ടാണ്. അതിനാല്‍ പരിപാടിക്ക് അനുസരിച്ചു നിലപാടെടുക്കുന്ന പാര്‍ട്ടിയെന്നും ഭരണമെന്നുമുള്ള വിശേഷണങ്ങള്‍ തീരെ യോജിക്കുന്നില്ല. ഏറെ ഉദാഹരണങ്ങള്‍ നിരത്തി ഇതു വിശദീകരിക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ മറ്റൊരു കുറിപ്പില്‍ അതു ചെയ്യാം.

അതേ ഖണ്ഡികയില്‍ എന്റെ വിമര്‍ശം ഹിന്ദുത്വത്തിന്റെ ഒസ്യത്തായ പ്രമാണവാദത്തിലൂടെ സി പി എമ്മിന്റെ ചിരപുരാതനമായ നയപരിപാടികള്‍ക്കുവേണ്ടിയുള്ള വാദമാണെന്നും കൊച്ച് പറയുന്നു. അതു മനസ്സിലായില്ല. പാര്‍ട്ടിയുടെ നയപരിപാടികളിലൂന്നണം എന്നു പറയുന്നത് പ്രമാണവാദമാണോ? എങ്കില്‍ മുകളില്‍ കൊച്ച് എഴുതിയത് അതല്ലേ? സിപിഎം നിലപാടെടുക്കുന്നത് നയത്തിനും പരിപാടിക്കും അനുസരിച്ചാണെന്ന് കൊച്ച് അവകാശപ്പെടുമ്പോള്‍ അത് പ്രമാണവാദമല്ല. അതു ഖണ്ഡിക്കുന്ന ഞാന്‍ പ്രമാണവാദിയാകും! മാത്രമല്ല മുകളില്‍ പാര്‍ട്ടിക്കു നല്‍കിയ മികവ് താഴെ തള്ളിക്കളയുകയുമാണ് അദ്ദേഹം. സി പി എമ്മിന്റെ നയപരിപാടികള്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ അത് കോണ്‍ഗ്രസ്സിനെയും ബി ജെ പിയെയും സഹായിക്കുന്നുവത്രെ. അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. സിപിഎമ്മിന്റെ ചിരപുരാതന നയപരിപാടികള്‍ എന്നതുകൊണ്ട് കൊച്ച് എന്താണ് അര്‍ത്ഥമാക്കിയത്? എക്കാലത്തേക്കും നിലനില്‍ക്കുന്നത് എന്നുതന്നെയല്ലേ? അതോ ഉപേക്ഷിച്ചത് എന്നോ?

ഞാന്‍ സി പി എമ്മിനെ അസാദ്ധ്യമായ വര്‍ഗസമരത്തിലേക്കും വിപ്ലവത്തിലേക്കും നയിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മറ്റൊരു കുറ്റാരോപം. വര്‍ഗസമരത്തെയും വിപ്ലവത്തെയും അസാദ്ധ്യമെന്ന് സി പി എം തള്ളിപ്പറഞ്ഞിട്ടുണ്ടോ? ആ പരിപാടി ഞാന്‍ വായിച്ചില്ല. ജി പി രാമചന്ദ്രനെപ്പോലെയുള്ള സഖാക്കള്‍ താഴെ കൈയടിച്ചു പിന്തുണയ്ക്കുന്നതു കണ്ടു. അപ്പോള്‍ അവരൊക്കെ അങ്ങനെയാണ് കരുതുന്നത്! എന്നാല്‍ ഞാനറിയുന്ന സി പി എം, ഇപ്പോഴും എനിക്കു പ്രതീക്ഷയുള്ള സി പി എം കൊച്ചിനെപ്പോലെ വര്‍ഗസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

ആസാദിന് ദളിതരെക്കുറിച്ച് എന്തറിയാം എന്ന ചോദ്യം പ്രസക്തമാണ്. ഞാന്‍ സമ്മതിക്കുന്നു. എനിക്ക് വളരെ കുറച്ചേ അറിയൂ. അതാകട്ടെ കൊച്ചിനെപ്പോലെയുള്ള പലരും പങ്കുവെച്ച അറിവാണ്. അനുഭവ തീഷ്ണതയില്ല. ഭൂപരിഷ്കരണത്തെക്കുറിച്ചു താങ്കള്‍ പറയുന്നത് മനസ്സിലാവുന്നു. ഇപ്പോഴും ആയിരക്കണക്കിനു കോളനികളില്‍ കഴിയുന്നവര്‍ക്ക് ഭൂമിയിലും പൊതുവിഭവങ്ങളിലും അവകാശം നല്‍കുക എന്നത് വികസനത്തിന്റെ ആദ്യപടിയാണെന്ന് ഞാന്‍ കരുതുന്നു. കൊച്ച് വാഴ്ത്തുന്ന സര്‍ക്കാര്‍ അക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടെന്താണ്? കൊച്ച് ഉന്നയിക്കുന്നതുപോലെ വളരെ വൈകിയാണ് ഞാന്‍ ഈ ധാരണകളിലേക്ക് എത്തുന്നത്. അതിനൊരു കാരണം അത്രയും കാലം ഞാന്‍ സി പി എം ആയിരുന്നു എന്നതുകൂടിയാണ്. 

ദളിതരെ കൂട്ടിക്കെട്ടിയുള്ള സി പി എമ്മിന്റെ വര്‍ഗസമരമാണ് ഞാന്‍ വിഭാവന ചെയ്യുന്നത് എന്ന വിമര്‍ശം ശരിയല്ല. ദളിത് ജീവിതംതന്നെ വര്‍ഗസമരമാണ് എന്ന കാഴ്ച്ചയിലേക്കാണ് ഞാന്‍ മാറിയത്. സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ ചാലകശക്തി അവരാണെന്ന് തിരിച്ചറിയണമെന്ന് സി പി എമ്മിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടാവും. അത്രയേയുള്ളു. ഇപ്പോഴാവട്ടെ സ്ഥിതി വളരെ ഗുരുതരമാണ്. പരിമിതമായ ജനാധിപത്യംപോലും കൈമോശംവരുന്ന കാലത്ത് സോഷ്യലിസത്തെപ്പറ്റിയല്ല പരിമിത ജനാധിപത്യം പുനസ്ഥാപിക്കുന്നതിനെ പറ്റിയാണ് നാം ആദ്യം ആലോചിക്കേണ്ടതെന്ന് ഞാന്‍ കരുതുന്നു.

കെ കെ കൊച്ച് എനിക്കുള്ള വിമര്‍ശനം എന്ന മട്ടില്‍ ഇടതുപക്ഷ പ്രതിസന്ധികള്‍ അവതരിപ്പിച്ചു. നന്നായി. സന്തോഷവും നന്ദിയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More