കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഭീഷണിക്കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന് അനൂപും മൂന്നാം പ്രതി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുന്നത്.